മാതൃകാ പുരുഷന്‍

സഈദ് മുത്തനൂര്‍
മാര്ച്ച് 2019

ഉസാമത്തുബ്‌നു സൈദ് വിവരിക്കുന്നു: ഞങ്ങള്‍ നബിതിരുമേനി(സ)യോടൊത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ നബിയുടെ ഒരു പുത്രന്‍ മരണവെപ്രാളത്തിലാണെന്ന വിവരവുമായി ഒരാള്‍ ഓടിവന്നു. മകളാണ് അയാളെ പറഞ്ഞു വിട്ടത്.
തിരുമേനി (സ) അയാളോട് നീ ചെന്ന് എന്റെ മകളോട്, അല്ലാഹു സൂക്ഷിക്കാനേല്‍പിച്ചത് അവന്‍ തിരിച്ചെടുക്കുമെന്നറിയിക്കുക. അവന്‍ തിരിച്ചെടുക്കുന്നത് അവന്റേതാണ്. അവന്‍ നല്‍കിയത് അവന്റേതാണ്. നബിതിരുമേനി ഇത്രകൂടി പറഞ്ഞു: 'അല്ലാഹുവിന്റെ അടുക്കല്‍ ഓരോന്നിനും ഓരോ സമയമുണ്ട്; ക്ഷമിക്കുക, അല്ലാഹുവിന്റെ പ്രതിഫലത്തെ ആശിക്കുക.'
അയാള്‍ തിരിച്ച് ചെന്ന് ഈ വിവരങ്ങളത്രയും നല്‍കി. എന്നാല്‍ നബി പുത്രി വീണ്ടും അയാളെ നബിയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. 'താങ്കള്‍ നിര്‍ബന്ധമായും എത്തണമെന്ന് അവര്‍ ശപഥം ചെയ്ത് പറഞ്ഞിരിക്കുന്നു' വന്നയാള്‍ ഒറ്റശ്വാസത്തില്‍ നബി(സ)യെ അറിയിച്ചു.
ഉടനെ തന്നെ തിരുമേനി(സ) എഴുന്നേറ്റു. കൂടെ സഅ്ദുബ്‌നു ഉബാദഃ, മുആദുബ്‌നു ജബല്‍, ഉബയ്യുബ്‌നു കഅ്ബ്, സൈദുബ്‌നു സാബിത്ത് തുടങ്ങി ഏതാനും അനുചരന്മാരുമുണ്ട്. ഉസാമത്തുബ്‌നു സൈദ് പറയുന്നു: ''ഞാനും ആ സംഘത്തോടൊപ്പം ചേര്‍ന്നു. അവിടെ എത്തിയപ്പോള്‍ കുട്ടിയെ എടുത്ത് നബിയുടെ അടുക്കല്‍ കൊണ്ടുവന്നു. കുട്ടിക്ക് ശ്വാസമുണ്ട്. എന്നാല്‍ പ്രയാസത്തിലാണ്. ചെറിയ ഞരക്കം കേള്‍ക്കുന്നുണ്ട്. പ്രവാചകന്റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ഇറ്റിറ്റു വീണു.''
അപ്പോള്‍ സഅ്ദ് ചോദിച്ചു: ''റസൂലേ ഇതെന്താ കരയുകയോ?'' 
''സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ലക്ഷണമാണ് കണ്ണുനീര്‍'' - തിരുമേനി പ്രതികരിച്ചു.

**  **  **
ഇബ്‌നു മസ്ഊദ് (റ) ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: 'തീര്‍ച്ചയായും മുആദുബ്‌നു ജബല്‍ (റ) അല്ലാഹുവിന്ന് കീഴ്‌പ്പെട്ട് ജീവിക്കുന്ന നേര്‍വഴിയില്‍ നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.'
ഇതുകേട്ട് ഫുര്‍ഹുബ്‌നു നൗഫല്‍ അശ്ജഈ അത്ഭുതത്തോടെ ചോദിച്ചു: അബൂ അബ്ദുര്‍റഹ്മാന്‍! താങ്കള്‍ക്ക് തെറ്റു പറ്റിയോ? ഇന്ന ഇബ്‌റാഹീമ കാന ഉമ്മതന്‍..... (ഇബ്‌റാഹീം ഒരു പൂര്‍ണസമുദായമായിരുന്നു അല്ലാഹുവോട് വണക്കമുള്ളവനും ഏകാഗ്രചിത്തനും. അദ്ദേഹം ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നില്ല - അന്നഹ്ല്‍ 120) എന്ന ഖുര്‍ആന്‍ സൂക്തം ഇബ്‌റാഹീം നബിയെ കുറിച്ച് അവതരിപ്പിച്ചതല്ലേ?!
ഇബ്‌നു മസ്ഊദ് അപ്പോഴും ആവര്‍ത്തിച്ചു: 'മുആദുബ്‌നു ജബല്‍ അല്ലാഹുവിന് കീഴ്‌പ്പെട്ട് നേര്‍വഴിയില്‍ ചലിക്കുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം മുശ്‌രിക്കുകളില്‍ പെട്ടവനായിരുന്നില്ല.'
അപ്പോള്‍ ഞാന്‍ മനസ്സിലാക്കി, അദ്ദേഹം മുആദ്(റ) നെക്കുറിച്ച് ഉദ്ദേശ്യപൂര്‍വം തന്നെയാണ് ഈ സൂക്തം ഉരുവിടുന്നതെന്ന്. അതോടെ ഞാന്‍ മൗനം പാലിച്ചു.
പിന്നീട് അദ്ദേഹം ചോദിച്ചു: 'ഉമ്മത്ത് എന്നാല്‍ എന്താണെന്നറിയാമോ? ഖാനിത് കൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്നറിയാമോ?'
അല്ലാഹുവിനറിയാം, എനിക്കറിയില്ല- ഞാന്‍ പറഞ്ഞു. ആളുകള്‍ക്ക് നന്മ കാംക്ഷിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നാണ് ഉമ്മത്ത് കൊണ്ട് ഉദ്ദേശ്യം. 'ഖാനിത്' എന്നാല്‍ 'അല്ലാഹുവിനെയും അവന്റെ ദൂതനെയും അംഗീകരിച്ചും അനുസരിച്ചും പ്രവര്‍ത്തിക്കുന്നവന്‍' എന്നാണര്‍ഥം.
അപ്പോള്‍ മുആദ് (റ) ആളുകള്‍ക്ക് നല്ലത് പഠിപ്പിക്കുകയും അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും നിര്‍ദേശാനുസരണം ജീവിക്കുകയും ചെയ്ത മാതൃകാപുരുഷനായിരുന്നു എന്ന് പഠിപ്പിക്കുകയായിരുന്നു ഇബ്‌നു മസ്ഊദ് (റ).
**  **  ** 
മുആദുബ്‌നു ജബല്‍ ഒരിക്കല്‍ തന്റെ കൂട്ടുകാരോട് പറയുകയുണ്ടായി: നബിതിരുമേനി(സ)യുടെ ഇടവേളകളില്‍ തന്റെ അവസാനത്തെ കൂടിക്കാഴ്ചയില്‍ അദ്ദേഹം അരുള്‍ ചെയ്തതെന്തെന്നല്ലേ?
ഏതു കര്‍മമാണ് ഏറ്റവും ഉത്തമമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നബി(സ) അരുള്‍ ചെയ്തു: 'അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കെ നിന്റെ മരണം സംഭവിക്കുക!'.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media