പരീക്ഷകളെക്കുറിച്ച് വിദ്യാര്‍ഥികളേക്കാള്‍ ഉത്കണ്ഠ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ്. അതിന്റെ കാരണം പുതിയ തലമുറയില്‍പെട്ട വിദ്യാര്‍ഥികള്‍ക്കറിയാം എന്നതാണ് രസകരമായ വസ്തുത. മാതാപിതാക്കളെയും അധ്യാപകരെയും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അവര്‍ പഠിച്ചിരിക്കുന്നു.
കുഞ്ഞുങ്ങളോട് കാര്‍ക്കശ്യം പുലര്‍ത്താതെ, അവഗണിക്കാതെ, ചുറ്റും വട്ടമിട്ടു പറക്കാതെ, അവരുടെ രഹസ്യങ്ങള്‍ ചൂഴ്‌ന്നെടുക്കാന്‍ ഹീനമാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ കൂട്ടുകാരെ പോലെ കണ്ട്, കൂടെ നിര്‍ത്തി, സഹാനുഭൂതിയോടെ പെരുമാറി കൈപ്പിടിച്ചുയര്‍ത്തുകയാണ് വേണ്ടത്.
മത്സരാധിഷ്ഠിത ലോകത്ത് മക്കളുടെ കരിയറിന്റെ പ്രാധാന്യം ഏവരേക്കാളും മാതാപിതാക്കള്‍ക്ക് ഉത്കണ്ഠയുണ്ടാക്കാറുണ്ട്. പ്രത്യേകിച്ചും 'പെര്‍ഫക്ഷനിസ്റ്റ്' സ്വഭാവക്കാരായ മാതാപിതാക്കള്‍ സമ്മര്‍ദം താങ്ങാന്‍ കഴിയാതെ അതെല്ലാം മക്കളിലേക്ക് ആഴത്തില്‍ പകര്‍ന്ന് അവരുടെ ജീവിതം തന്നെ ദുര്‍ഘടമാക്കുന്നു. അധ്യാപകര്‍ക്കാണെങ്കില്‍ സ്‌കൂളിന്റെ വിജയശതമാനം ഉയര്‍ത്തലും തന്റെ തന്നെ യശസ്സുയര്‍ത്തലുമാണ് ലക്ഷ്യം.
യഥാര്‍ഥത്തില്‍ വിജയം എന്ന ഡിമാന്റ് ആരുടേതാണ്? ആര്‍ക്കാണ് വിജയം വേണ്ടത്? വിജയത്തില്‍ അഭിമാനം നേടേണ്ടത് ആരുടെ ആവശ്യമാണ്? നമ്മള്‍ രക്ഷിതാക്കളും അധ്യാപകരും ഉത്കണ്ഠകാണിച്ചാല്‍ കുഞ്ഞുങ്ങളുടെ തലച്ചോറില്‍ പഠനഭാഗങ്ങള്‍ ഓര്‍മയില്‍ എത്രനേരം തങ്ങിനില്‍ക്കും? ഓരോ വിദ്യാര്‍ഥിയും വിഷയങ്ങള്‍ മനസ്സിലാക്കുന്നത് ഒരുപോലെയാവില്ല. ഓരോ വിദ്യാര്‍ഥിയുടെയും പഠനസമയവും ഏകാഗ്രതയും വ്യത്യസ്തവുമാണ്. ആസ്വദിച്ച്, ഇഷ്ടത്തോടെ, സാഹചര്യങ്ങളെ അനുകൂലമാക്കിനിര്‍ത്തി പഠിക്കുമ്പോഴുള്ള ഓര്‍മശക്തി ഇത്തരം സാഹചര്യത്തിന്റെ അഭാവത്തില്‍ ഉണ്ടാവണമെന്നില്ല.
വൈകാരിക പിന്തുണ നല്‍കലാണ് മറ്റൊരു പ്രധാന കാര്യം. പഠിക്കാനുള്ള ഉത്സാഹം കുറയുക, നിരാശ, പാഠഭാഗങ്ങള്‍ ഓര്‍മയില്‍ നില്‍ക്കാതെ വരിക, ഉറക്കം കൂടുക, ഉറക്കം കുറയുക എന്നിവയെല്ലാം ഉത്കണ്ഠ കൂടിയവരില്‍ പരീക്ഷാകാലങ്ങളില്‍ കണ്ടുവരുന്ന പ്രശ്‌നങ്ങളാണ്. ഇത് പ്രതിരോധശേഷി കുറയാന്‍ കാരണമാകും. ഇക്കാരണത്താല്‍ വയറിളക്കം, പനി, ജലദോഷം, അലര്‍ജി, ഛര്‍ദ്ദി, ശ്വാസം മുട്ടല്‍ എന്നീ രോഗങ്ങള്‍ പ്രത്യക്ഷപ്പെടാം. കൂടാതെ മടി, അലസത, വഴക്കിടാനുള്ള വ്യഗ്രത, ആക്രമണ വാസന എന്നിവയും കാണാറുണ്ട്. പരീക്ഷപ്പേടി വര്‍ധിച്ച് കുട്ടികളില്‍ കാണപ്പെടുന്ന ഇത്തരം ശാരീരിക-മാനസിക പ്രശ്‌നങ്ങളെ കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരാവേണ്ടതാണ്. ഇത്തരം വേളകളില്‍ മാര്‍ക്കിലല്ല, മനസ്സിലാക്കി പഠിക്കുന്നതിലാണ് കാര്യമെന്നു പറഞ്ഞ് സഹാനുഭൂതിയോടെ കുഞ്ഞുങ്ങളോടൊപ്പം നില്‍ക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. അവരെ കുറ്റപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം.
കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യമിതാണ്. പഠിച്ച കാര്യങ്ങള്‍ തലച്ചോറില്‍ അതേപടി നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് ഓര്‍മശക്തിയെ പുതുക്കാനും മറന്നുപോയവ വീണ്ടും ഓര്‍ത്തു പഠിക്കാനും നിങ്ങളെ സഹായിക്കുന്നു. അന്തിമമായി പരീക്ഷക്കു മുമ്പായി ഒരു തവണ കൂടി ഓര്‍മ പുതുക്കുന്നത് നല്ലതാണ്. പരീക്ഷയെ ധൈര്യമായി നേരിടാനും ഉന്നത വിജയം നേടാനും നിങ്ങള്‍ക്കു കഴിയും. എന്തെങ്കിലും ബുദ്ധിമുട്ടുള്ള ചോദ്യം കണ്ടിട്ട് ഭയക്കേണ്ട ആവശ്യമില്ല. എളുപ്പമുള്ള ചോദ്യത്തിന് ആദ്യം ഉത്തരമെഴുതുക. ബുദ്ധിമുട്ടുള്ളവക്കായി അവസാനം സമയം കണ്ടെത്തിയാല്‍ മതി.
പതിവായി ജഗന്നിയന്താവിനെ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ഥിക്കുക. ഉറച്ച വിശ്വാസം നിലനിര്‍ത്തണം. ശാന്തമായി എഴുതുക. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ നിങ്ങള്‍ക്ക് വിജയിക്കാം.
*******************************************************************
- കുഞ്ഞുങ്ങള്‍ നമ്മുടേതാണ്. അവരുടെ പഠനരീതിയും പരീക്ഷാപ്പേടിയും നിസ്സംഗതയും അവരറിയാതെ തന്നെ നിരീക്ഷിച്ച് അവര്‍ക്കനുസരിച്ചുള്ള ടൈംടേബിള്‍ ഉണ്ടാക്കണം.
- പഠിക്കാനനുകൂലമായ മാനസിക പിന്തുണയും സഹായവും ഉറപ്പാക്കണം.
- പാഠഭാഗങ്ങള്‍ മാതാപിതാക്കളും വായിക്കാറുണ്ട് എന്ന യാഥാര്‍ഥ്യബോധം കുട്ടികളില്‍ ഉണ്ടാക്കണം. ഇതിലൂടെ കുഞ്ഞുങ്ങളുടെ മനസ്സില്‍ രക്ഷിതാവിന് പലവിധ സ്വാധീനവും ചെലുത്താന്‍ കഴിയും.
- ഓര്‍മശക്തി, ആരോഗ്യം, ഉത്സാഹം ഇവ നിലനിര്‍ത്തുന്നതിനാവശ്യമായ ഭക്ഷണം സ്‌നേഹത്തോടെ നല്‍കുക.
- പഠനത്തോടൊപ്പം വിശ്രമം, വ്യായാമം, വിനോദം എന്നിവക്ക് സമയം കണ്ടെത്തുന്നതിന് പ്രാപ്തരാക്കുക.
- ആവശ്യമായ ഉറക്കം കിട്ടുന്നുവെന്ന് ഉറപ്പു വരുത്തുക.
- ഉറക്കത്തിന് കുറഞ്ഞത് 7-8 മണിക്കൂര്‍ കണ്ടെത്തണം. ഉറക്കം കുറവെങ്കില്‍ ഓര്‍മശക്തിയെ കാര്യമായി ബാധിക്കും.
*******************************************************************
കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ടൈംടേബിളനുസരിച്ച് വേണം പഠനം ക്രമീകരിക്കാന്‍.
- എത്രയും നേരത്തേ ആരംഭിക്കുന്നുവോ അത്രയും നന്ന്.
- ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം ആദ്യം പഠിക്കുക.
- ഒരു വിഷയം തന്നെ തുടര്‍ച്ചയായി ഒരു ദിവസം പഠിക്കണമെന്നില്ല, പല വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നത് മുഷിപ്പ് ഒഴിവാക്കും.
- ഇടക്ക് ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നതും ചായയോ കാപ്പിയോ കുടിക്കുന്നതും മുറിക്കുള്ളിലൂടെ കൈവീശി നടക്കുന്നതും ഉന്മേഷം വര്‍ധിപ്പിക്കും.