ശിക്ഷയിലൂടെയല്ല ശിക്ഷണം
കെ.ടി സൈദലവി വിളയൂര്‍
മാര്ച്ച് 2019
മക്കളുടെ കാര്യത്തില്‍ നാമെല്ലാവരും എപ്പോഴും അസ്വസ്ഥരാണ്. ദിവസത്തിന്റെ സിംഹഭാഗവും അവരെക്കുറിച്ചാണ് നമ്മുടെ ചിന്തയും ശ്രദ്ധയും
മക്കളുടെ കാര്യത്തില്‍ നാമെല്ലാവരും എപ്പോഴും അസ്വസ്ഥരാണ്. ദിവസത്തിന്റെ സിംഹഭാഗവും അവരെക്കുറിച്ചാണ് നമ്മുടെ ചിന്തയും ശ്രദ്ധയും. ഒരുതരം ആധിയാണ്. ആവശ്യത്തേക്കാള്‍ അനാവശ്യമായാണ് നാം മക്കളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നത്. അവരുടെ പഠനം, ഭക്ഷണം, ഭാവിജീവിതം തുടങ്ങി എല്ലാ കാര്യത്തിലും നാം വെറുതെ ചിന്തിച്ച് വ്യാകുലപ്പെടുന്നു. ഒരു ദിവസം അല്‍പം ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു പോയാല്‍ എന്റെ കുട്ടിക്ക് ഇതെന്തു പറ്റിയെന്ന ആവലാതി. പരീക്ഷയില്‍ അല്‍പം മാര്‍ക്ക് കുറവു വന്നാല്‍ പിന്നെ പറയേണ്ടതില്ല. കിട്ടാവുന്ന മരുന്നുകളൊക്കെ വാങ്ങി കഴിപ്പിക്കും. കൊണ്ടുപോകാവുന്ന സൈക്യാട്രിസ്റ്റുകളുടെയടുക്കലെല്ലാം കൊണ്ടുപോവും. എന്തെങ്കിലും ഒരു പനിയോ ചുമയോ വന്നാലോ ലോകത്തുള്ള മുഴുവന്‍ ടെസ്റ്റുകളും ചെക്കപ്പുകളും ചെയ്താലേ പിന്നെ സമാധാനമുണ്ടാവൂ. ഇങ്ങനെയൊക്കെ മക്കളുടെ കാര്യത്തില്‍ ശ്രദ്ധ കാണിക്കുമ്പോഴും അനിവാര്യമായ ശിക്ഷണം നല്‍കുന്നതില്‍ രക്ഷിതാക്കള്‍ അമാന്തം കാണിക്കുകയോ പിറകോട്ടു പോവുകയോ ചെയ്യുന്നു.
ഓരോ പ്രായത്തിനും ബുദ്ധിവികാസത്തിനും അനുസരിച്ച് കുട്ടിക്കാവശ്യമായ കാര്യങ്ങള്‍ യഥാവിധി പകര്‍ന്നു നല്‍കുന്നതാണ് ശിക്ഷണം. അത് ഒരിക്കലും ബലപ്രയോഗത്തിലൂടെയോ ദേഷ്യപ്പെട്ട് കൊണ്ടോ ആകരുത്. ഒന്നും അടിച്ചേല്‍പ്പിക്കപ്പെടുന്ന അവസ്ഥയും അരുത്. കുട്ടിയെ ഓരോന്നും കൃത്യമായി ബോധ്യപ്പെടുത്തുകയും അവ അനുവര്‍ത്തിക്കാനുള്ള ഏതെങ്കിലും രൂപത്തിലുള്ള പ്രേരണ ചെലുത്തുകയുമാണ് ആവശ്യം. ഉദാഹരണത്തിന് പ്രാഥമിക കാര്യങ്ങള്‍ സ്വയം നിര്‍വഹിക്കാവുന്ന പ്രായമെത്തുമ്പോള്‍ അതിനുള്ള പ്രേരണയും പിന്തുണയും നല്‍കി പരിശീലിപ്പിക്കണം. കൃത്യമായും വൃത്തിയായും അത് നിര്‍വഹിക്കുന്നുണ്ടോയെന്ന ശ്രദ്ധയും കൂടെ വേണം. പോരായ്മകളും വീഴ്ചകളും കണ്ടാല്‍ പരിഹരിക്കാന്‍ സഹായിക്കണം.
കുട്ടികള്‍ക്ക് പ്രായത്തിനും പക്വതക്കുമനുസരിച്ച് വീട്ടുജോലികളില്‍ പ്രാവീണ്യമുണ്ടാക്കിക്കൊടുക്കുക. ചെറിയ ചെറിയ കാര്യങ്ങളില്‍നിന്ന് തുടങ്ങി ഓരോന്നായി പരിശീലിപ്പിക്കണം. ഓരോന്നും ചെയ്യുമ്പോള്‍ ആവശ്യമായ പ്രോത്സാഹനവും പുകഴ്ത്തലുമൊക്കെ ആവശ്യമായി വരും. പൂന്തോട്ടം ഉണ്ടാക്കുകയും പരിചരിക്കുകയും ചെയ്യുക, പാത്രങ്ങള്‍ കഴുകുക, അടിച്ചുവാരുക, തറ തുടച്ചു വൃത്തിയാക്കുക, സാധനങ്ങളും പുസ്തകങ്ങളുമൊക്കെ വൃത്തിയായും ഭംഗിയായും അടുക്കിവെക്കുക തുടങ്ങിയവയൊക്കെ ഒരു ഉത്തരവാദിത്തമായി അവരില്‍ വളര്‍ത്തിക്കൊണ്ടു വരണം. കഴിയുന്ന ജോലികളിലൊക്കെ അവരെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പങ്കാളികളാക്കണം. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് യോജിച്ച ജോലികള്‍ നല്‍കി സഹകരിപ്പിക്കണം. ഇത് ഭാവിയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാനുമുള്ള കരുത്തും പരിചയവും അവര്‍ക്ക് നല്‍കുമെന്നതില്‍ സംശയമില്ല.
ആരാധനാ കാര്യങ്ങളിലും പ്രായഘട്ടങ്ങള്‍ക്കനുസരിച്ച് പരിശീലനം നല്‍കുകയും താല്‍പര്യം വളര്‍ത്തുകയും വേണം. ഏഴ് വയസ്സായാല്‍ നമസ്‌കാരത്തിന് കല്‍പിക്കാം. രക്ഷിതാക്കള്‍ കൂടെ നിര്‍ത്തി നമസ്‌കരിപ്പിക്കാം. ആവശ്യമായ നിര്‍ദേശങ്ങളോടെ അതൊരു ശീലമാക്കാം. അങ്ങനെ വരുമ്പോള്‍ ഓരോ സമയമാകുമ്പോഴും കുട്ടികള്‍ തന്നെ നമസ്‌കാരത്തിന്റെ കാര്യം ഉണര്‍ത്തുകയും താല്‍പര്യത്തോടെ നിര്‍വഹിക്കാന്‍ മുന്നോട്ട് വരികയും ചെയ്യും. തെറ്റുകള്‍ ധാരാളമുണ്ടാവാം. എല്ലാം സ്‌നേഹത്തോടെ മാത്രം ഉണര്‍ത്തി പരിഹരിക്കുക. പത്ത് വയസ്സായാല്‍ നമസ്‌കരിച്ചില്ലെങ്കില്‍ അടിക്കണമെന്നാണല്ലോ കല്‍പന. എന്നാല്‍ ഇങ്ങനെ ഏഴു വയസ്സ് മുതല്‍ നമസ്‌കാരം ശീലിച്ചു വന്ന ഒരു കുട്ടിയെ പിന്നെ അതിന്റെ പേരില്‍ ശിക്ഷിക്കേണ്ട അവസ്ഥ വരികയില്ല.
നിലത്തു വെച്ചാല്‍ ഉറുമ്പരിക്കും, തലയില്‍ വെച്ചാല്‍ പേനരിക്കും എന്ന തരത്തില്‍ അമിത ലാളനയോടെ വളര്‍ത്തുന്നതും വേണ്ടതിനും വേണ്ടാത്തതിനും അടിക്കടി ശിക്ഷാമുറകള്‍ സ്വീകരിക്കുന്നതും ശരിയായ ശിക്ഷണമല്ല. രണ്ടും മക്കളെ നശിപ്പിക്കാനേ ഉപകരിക്കൂ. മക്കളെ വരച്ച വരയില്‍ നിര്‍ത്തണമെന്ന ദുശ്ശാഠ്യം ഒട്ടും ശരിയല്ല. ബഹുമാനത്തില്‍ നിന്നും സ്‌നേഹത്തില്‍നിന്നുമാണ് അനുസരണാ മനോഭാവം ഉണ്ടാകേണ്ടത്. സദാ വടിയെടുത്ത് കണ്ണുരുട്ടി ഭയപ്പെടുത്തി നടക്കുന്ന രക്ഷിതാക്കളുണ്ട്. അവരെ ഏതെങ്കിലും മക്കള്‍ സ്‌നേഹിക്കുമോ എന്ന് കണ്ടറിയണം. ഭീതി കൊണ്ട് മാത്രമായിരിക്കും മക്കള്‍ അവരെ അനുസരിക്കുക. ശിക്ഷിച്ച് കാര്യം നേടുന്നുവെങ്കില്‍ തന്നെ അത് ശാശ്വതവുമല്ല. ഭയപ്പാട് മാറിയാല്‍ കാര്യങ്ങള്‍ തലതിരിയും.
ചില അനിവാര്യ ഘട്ടത്തില്‍ അവസാനത്തെ അടവ് മാത്രമായി വടി പ്രയോഗിക്കാം. വടി പ്രയോഗിക്കുമ്പോള്‍ തന്നെ ആവശ്യമായ അവസരത്തില്‍ കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയാവണം. ചിലരുണ്ട് തങ്ങളുടെ ദേഷ്യം മുഴുവന്‍ മക്കളില്‍ തീര്‍ക്കുന്നവര്‍. അത്തരക്കാര്‍ അനിയന്ത്രിതമായാണ് മക്കളെ ശിക്ഷിക്കുന്നത്. വടിയെന്നില്ല, കിട്ടിയതെന്തുകൊണ്ടും മുന്‍പിന്‍ നോക്കാതെ ശിക്ഷിക്കും. ഒരുതരം പ്രാകൃത സമീപനം. ഇങ്ങനെ ശിക്ഷിക്കുന്നത് ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് കോട്ടം മാത്രമാണുണ്ടാക്കുകയെന്ന് രക്ഷിതാക്കള്‍ ഓര്‍ക്കുന്നത് നന്ന്. മക്കളുടെ ഭാവി ശോഭനമാകണമെന്ന് ആഗ്രഹിക്കുന്നവര്‍ വടിയുമായി പിന്നാലെ നടക്കുകയല്ല, അതിനാവശ്യമായ കാര്യങ്ങള്‍ അവരില്‍ ഊട്ടിയുറപ്പിക്കാന്‍ ബുദ്ധിപൂര്‍വം ശ്രമിക്കുകയാണ് വേണ്ടത്.
മക്കള്‍ക്ക് സ്‌നേഹവും സ്വാതന്ത്ര്യവും ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കൂട്ടിലകപ്പെട്ട പക്ഷിയെപ്പോലെ സദാ വീടിനുള്ളില്‍ നിയന്ത്രിച്ചു നിര്‍ത്തുന്നവരുണ്ട്. പുറത്തിറങ്ങിയാല്‍ മക്കള്‍ വഴിതെറ്റുമെന്ന അമിത ഉത്കണ്ഠയും അജ്ഞതയുമാണ് ഇതിനു പിന്നില്‍. മക്കളെ സ്വയം നാശത്തിലേക്ക് തള്ളുകയാണിവര്‍. മാത്രമല്ല, അവരുടെ കഴിവുകളെയാണ് ഇവര്‍ തളര്‍ത്തുന്നത്. ചിന്തകളെയും ആരോഗ്യത്തെയും നശിപ്പിച്ചു കളയുന്നു. വീഡിയോ ഗെയ്മുകളിലും ടി.വിയിലും മാത്രം കുത്തിയിരുന്ന് സമയം കൊല്ലുന്ന കുട്ടികള്‍ക്ക് ആരോഗ്യ-മാനസിക വളര്‍ച്ച കുറയും. സദാ ചടഞ്ഞിരുന്ന് പഠിക്കുന്നത് ഉന്മേഷം കെടുത്തി മുരടിപ്പുണ്ടാക്കും. കുട്ടികള്‍ പുറത്തിറങ്ങി കളിക്കണം. മണ്ണിനെയും മരങ്ങളെയും പൂക്കളെയും അടുത്തറിയണം. അല്‍പമൊക്കെ വീഴുകയും നോവുകയും വേണം. മഴ നനയണം. വെയില്‍ കൊള്ളണം. മറ്റു കുട്ടികളോട് ഇടപഴകണം. എങ്കിലേ പ്രതിരോധ ശേഷി നേടാനും പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും മറികടക്കാനുള്ള ത്രാണിയുമുണ്ടാവൂ. എല്ലാറ്റിലുമുപരി മനുഷ്യത്വവും സ്‌നേഹവുമുണ്ടാവൂ. അമിതമാവുമ്പോഴും കാര്യം വിട്ട് കളിക്കുമ്പോഴുമേ കളി ഒരു പ്രശ്‌നമാകുന്നുള്ളൂ. കളിക്കുന്ന നേരത്ത് കളിക്കണം. പഠനനേരത്ത് പഠനവും. രണ്ടും കുട്ടികളുടെ വളര്‍ച്ചക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
'സ്‌നേഹം കൊണ്ടാണ് ഭരിക്കേണ്ടത്; ഭയം കൊണ്ടല്ല' എന്നാണ് ആപ്തവാക്യം. സ്‌നേഹമാണ് മക്കള്‍ക്ക് ലഭിക്കേണ്ടത്. അകമഴിഞ്ഞുള്ള സ്‌നേഹം. സ്‌നേഹമെന്നത് കുറേ കാശ് മുടക്കി എന്തെങ്കിലുമൊക്കെ വാങ്ങി നല്‍കലല്ല. മാനസിക പിന്തുണയും അടുപ്പവുമാണ്. പറഞ്ഞതൊക്കെ വാങ്ങിക്കൊടുക്കുമ്പോഴുണ്ടാകുന്ന സ്‌നേഹമല്ല കുട്ടികളില്‍നിന്ന് തിരിച്ചു ലഭിക്കേണ്ടത്. അത്തരം സ്‌നേഹം കൃത്രിമത്വം നിറഞ്ഞതായിരിക്കും. മാത്രമല്ല ഒന്നും ലഭിക്കാതാവുമ്പോള്‍ അത് നിലച്ചുപോവുകയും ചെയ്യും. ജീവിതസാഹചര്യങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താന്‍ രക്ഷിതാക്കള്‍ക്കാവണം. പണം എവിടെ നിന്ന് എങ്ങനെ വരുന്നുവെന്നും അതിന്റെ മൂല്യമെന്തെന്നും ബോധ്യപ്പെടുത്തണം. മനസ്സറിഞ്ഞ് സ്‌നേഹിക്കുമ്പോള്‍ മക്കളിലേക്ക് നാം ഒരു പാലം പണിയുകയാണ്. ഇങ്ങനെയുള്ള സ്‌നേഹം വളരുമ്പോള്‍ വാശിയും കുശുമ്പുമില്ലാതെ പറഞ്ഞതനുസരിക്കുന്ന നല്ല മക്കള്‍ വളര്‍ന്നുവരും. ശിക്ഷയിലൂടെ വാശിയും വൈരാഗ്യവും മാത്രമാണ് വളരുക. മാനസിക അകല്‍ച്ചക്ക് നിമിത്തമാകുന്ന ശിക്ഷകള്‍ ഒഴിവാക്കിയേ തീരൂ. പേടിപ്പിച്ചും പീഡിപ്പിച്ചുമുള്ള ശിക്ഷണത്തിന്റെയൊക്കെ കാലം കഴിഞ്ഞെന്ന് ഇനിയെങ്കിലും രക്ഷിതാക്കള്‍ തിരിച്ചറിയുക.
ഇതര ജീവികളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന് നീണ്ട കുട്ടിക്കാലം നല്‍കിയത് പരിശീലനത്തിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഈ കാലഘട്ടം ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഈ കാലഘട്ടമാണ് ഒരാളുടെ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാനം. ഈ കാലത്ത് ആവശ്യമായ നന്മകള്‍ പകര്‍ന്നുനല്‍കുകയും പരിശീലിപ്പിക്കുകയും ചെയ്താല്‍ വിജയം സുനിശ്ചിതം. അല്ലാത്തവര്‍ക്ക് പരാജയസാധ്യതയാണ് കൂടുതല്‍. ഈ ഘട്ടത്തില്‍ രക്ഷിതാക്കള്‍ക്കു പ്രത്യേകിച്ച് മാതാവിന് വലിയ ഉത്തരവാദിത്തമാണ് നിര്‍വഹിക്കാനുള്ളത്. ഗര്‍ഭധാരണം മുതല്‍തന്നെ കുട്ടികളുടെ സാംസ്‌കാരിക പുരോഗതിയില്‍ മാതാവ് ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഉമ്മ ഒരു യഥാര്‍ഥ റോള്‍ മോഡലായി മാറുമ്പോഴേ മക്കള്‍ നന്മയിലേക്ക് വഴിനടക്കൂ. അങ്ങനെ വരുമ്പോള്‍ ഉമ്മ തന്റെ നടത്തം, ഇരുത്തം, തീറ്റ, കുടി, ഉറക്കം, സ്വഭാവം, സംസാരം, പെരുമാറ്റം തുടങ്ങി ഓരോ ചലന-നിശ്ചലനങ്ങളിലും മാതൃകയാവണം. വീടകങ്ങളിലെ ജീവിതശീലങ്ങളാണ് അതിലെ കുട്ടികള്‍ സ്വാംശീകരിച്ചെടുക്കുന്നത്.
കുശവന്റെ കൈയിലെ കളിമണ്ണ് പോലെയാണ് മാതാപിതാക്കളുടെ അടുത്ത് കുട്ടികള്‍. കുശവന്‍ കളിമണ്ണിനെ കലാപരമായി, തന്മയത്വത്തോടെ കൈകാര്യം ചെയ്ത് സുന്ദര ശില്‍പങ്ങളും പാത്രങ്ങളുമൊക്കെയുണ്ടാക്കുന്നതുപോലെ മാതാപിതാക്കള്‍ മക്കളെ ശ്രദ്ധയോടെ പരിപാലിച്ച് വളര്‍ത്തണം. കുട്ടിക്കാലത്ത് ലഭിക്കുന്ന അനുഭവങ്ങളാണ് ശീലങ്ങളായി ജീവിതാവസാനം വരെ നിലനില്‍ക്കുന്നത്. 'ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം/കാരസ്‌കരത്തിന്‍ കുരു പാലിലിട്ടാല്‍ കലാന്തരേ കയ്പ്പ് ശമിപ്പതുണ്ടോ' എന്നാണല്ലോ കവി വചനം. 'എല്ലാ കുഞ്ഞും ജനിച്ചു വീഴുന്നത് ശുദ്ധ പ്രകൃതിയോടെയാണ്. പിന്നെ അവനെ ജൂതനും ക്രിസ്ത്യാനിയും തീയാരാധകനുമൊക്കെയാക്കുന്നത് അവന്റെ മാതാപിതാക്കളാണ്' എന്ന് തിരുനബി (സ) പറഞ്ഞിട്ടുണ്ട്.