യഥാര്‍ഥത്തില്‍ സ്ത്രീയോട് ആരാണ് നീതി പുലര്‍ത്തിയത്? സാമൂഹിക മാറ്റങ്ങളും വിപ്ലവങ്ങളും ഒരുപാട് കടന്നുപോയി. അവയുടെ ഒച്ചപ്പാടുകള്‍ അടങ്ങിയതിനു ശേഷം സ്ത്രീക്കെന്ത് സംഭവിച്ചു? ഒരു കാര്യം ഉറപ്പാണ്.
യഥാര്‍ഥത്തില്‍ സ്ത്രീയോട് ആരാണ് നീതി പുലര്‍ത്തിയത്? സാമൂഹിക മാറ്റങ്ങളും വിപ്ലവങ്ങളും ഒരുപാട് കടന്നുപോയി. അവയുടെ ഒച്ചപ്പാടുകള്‍ അടങ്ങിയതിനു ശേഷം സ്ത്രീക്കെന്ത് സംഭവിച്ചു? ഒരു കാര്യം ഉറപ്പാണ്. അവളുടെ രോദനങ്ങള്‍ ഇന്നും കേള്‍ക്കുന്നുണ്ട്. വിമോചനത്തെ കുറിച്ച് സ്വപ്‌നം നല്‍കി അവരെ നയിച്ചവരെല്ലാം കൂടുതല്‍ കടുത്ത ചങ്ങലകളാണ് തീര്‍ത്തത്. സ്വയം മുന്നോട്ടു പോയപ്പോഴും അവളെത്തിയതും സമ്മര്‍ദങ്ങളില്‍ തന്നെ.
പക്ഷേ, ചില തിരിച്ചറിവുകള്‍ സ്ത്രീ സമൂഹത്തിന് ഇന്നുണ്ട്. ധര്‍മബദ്ധവും സദാചാരനിഷ്ഠവുമായ സാമൂഹികക്രമത്തിലേ സ്ത്രീക്ക് സ്ത്രീയായി തുടരാനാവൂ എന്ന യാഥാര്‍ഥ്യബോധത്തിലേക്ക് സമൂഹം തന്നെ എത്തിക്കഴിഞ്ഞിരിക്കുന്നു. നാനാതരം വളര്‍ച്ചകളും വികാസങ്ങളും സമൂഹത്തിന്റെ ഈ ധര്‍മബോധത്തെ ത്വരിപ്പിക്കുകയാണ് വേണ്ടത്.
ആരാമം എന്നും സ്ത്രീയുടെ കൂട്ടുകാരിയായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അവളുടെ തോളുരുമ്മിയും സഹവസിച്ചും ശരിയുടെ ഈ വഴിയെ കുറിച്ചാണ് ആരാമം അവളോട് സംസാരിച്ചത്. അവളോട് മാത്രമല്ല, കുടുംബത്തോടും സമൂഹത്തോടും ആരാമം അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. അതൊരു വലിയ ദൗത്യമായിരുന്നു. വനിതാ മാസികകളുടെ എണ്ണക്കുറവ് നികത്താനല്ല ആരാമം ശ്രമിച്ചത്. കച്ചവട താല്‍പര്യങ്ങള്‍ക്കു വേണ്ടി അത് മൂല്യങ്ങളെ വിപണിയില്‍ വിറ്റഴിക്കാന്‍ ശ്രമിച്ചതുമില്ല. അങ്ങാടിയിലെ സ്വീകാര്യതക്കു വേണ്ടി ആരാമം കൊഞ്ചിക്കുഴഞ്ഞില്ല, മാദക നൃത്തം ചവിട്ടിയില്ല.
ആരാമത്തിനിപ്പോള്‍ പ്രായം മുപ്പത്തിയഞ്ച്. ആയുസ്സിന്റെ ഇക്കാലമത്രയും സാര്‍ഥകമായിരുന്നുവെന്നു തന്നെയാണ് ആരാമം സ്വയം വിലയിരുത്തുന്നത്. എല്ലാം ശരിയായിരുന്നു എന്നല്ല, തെറ്റുകള്‍ തിരുത്തിയും മെച്ചപ്പെടുത്തിയും മുന്നോട്ട് സഞ്ചരിച്ചു. കൂടുതല്‍ പക്വതയോടെ നിയോഗം നിര്‍വഹിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും അതിനുണ്ട്. കഴിഞ്ഞ തലമുറയോട് മാത്രമല്ല, ഇന്നത്തെ കാലത്തോടും മാത്രമല്ല, വരും തലമുറയോടും ആരാമത്തിന് ബാധ്യതയുണ്ട്. അവര്‍ക്കും ആരാമത്തിനുള്ള അവകാശമുണ്ട്.
നോക്കൂ, സ്ത്രീസമൂഹത്തെ എവിടേക്കാണ് ആരാമം കൊണ്ടുപോയത്. അവരെ ലോകത്തിന്റെ വിശാലതയിലേക്ക് കണ്ണയക്കാന്‍ പഠിപ്പിച്ചു. വിമോചന പോരാട്ടങ്ങളിലെ സ്ത്രീസാന്നിധ്യത്തെ കുറിച്ച് മലയാളിയോട് സംസാരിച്ചു. വീട്ടമ്മ എന്നതോടൊപ്പം സാമൂഹിക പുനര്‍നിര്‍മാണ പ്രക്രിയയിലെ പങ്കാളിത്തത്തെ കുറിച്ച് ബോധവതിയാക്കി.
പ്രപഞ്ചസ്രഷ്ടാവ് മനുഷ്യര്‍ക്കാകെയായി നല്‍കിയ ജീവിത മാര്‍ഗമാണ് ശരി, അതാണ് അനശ്വര വിജയത്തിന്റെ യഥാര്‍ഥ വഴി എന്ന കലര്‍പ്പില്ലാത്ത ദൃഢവിശ്വാസം ആരാമത്തിനുണ്ട്. പ്രവാചകന്മാരായിരുന്നു മനുഷ്യസമൂഹത്തെ ആ മാര്‍ഗം പഠിപ്പിച്ചത്. അവര്‍ക്കു ശേഷം മനുഷ്യസമൂഹത്തിന് തന്നെ അതിന്റെ ഉത്തരവാദിത്തം നല്‍കി. സ്ത്രീകള്‍ക്കും അതില്‍ വലിയ പങ്കുണ്ട്. ആ ദൗത്യത്തെ സംബന്ധിച്ചും ആ വഴിയെ സംബന്ധിച്ചും സ്ത്രീകളെ അറിയിക്കാനും പഠിപ്പിക്കാനുമുള്ള ശ്രമമാണ് ഇക്കാലമത്രയും ആരാമം നിര്‍വഹിച്ചത്. കാരണം അവരുടെ ശരികള്‍ യുഗാന്തരങ്ങളുടെ ശരികളായി മാറും.
പക്ഷേ, ആരാമത്തെ അറിയാത്ത കുടുംബങ്ങള്‍ ഇനിയും കേരളത്തിലുണ്ട്. കേരളത്തിന് പുറത്തുമുണ്ട് മലയാളി കുടുംബങ്ങള്‍ ഏറെ. എല്ലായിടത്തും ആരാമത്തിനെത്തണം. അവരോട് സംവദിക്കണം. അവരോട് കൂട്ടുചേരണം. ഒരു വീട്ടില്‍ ആരാമമെത്തുക എന്നാല്‍ നന്മയുടെ വെളിച്ചമെത്തുന്നു എന്നാണ്, തിന്മയുടെ ഘനാന്ധകാരം നീങ്ങുന്നു എന്നാണ്. ആരാമം നന്മ പുലര്‍ച്ചക്ക് കരുത്താകും, കരുത്താകണം. അതിനാല്‍ ആരാമത്തിന്റെ പ്രചാരകരാവുക എന്നാല്‍ പുണ്യം തന്നെയാണ്. മെയ് 1 മുതല്‍ 7 വരെയുള്ള പ്രചാരണ കാമ്പയിന്‍ കാലയളവില്‍ പരമാവധി കൈകളില്‍ ആരാമമെത്തിക്കുക. അതിനാല്‍ സഹോദരികള്‍ സജീവമായി തന്നെ കര്‍മ രംഗത്തിറങ്ങുക. നമുക്ക് പരിചയമുള്ള വീടുകളില്‍ ഒന്ന്, വായനശാലകളില്‍ ഓരോന്ന് വീതം, ഓഫീസുകളിലും സ്റ്റാഫ് റൂമുകളിലും ഒന്നുണ്ടാകുന്നത് അവരുടെ ഇടവേളകളെ സമ്പന്നമാക്കും. ആരാമം കാമ്പസുകളുടെ ഫ്രീടൈമുകളെ സജീവമാക്കും. നിങ്ങളുടെ കൂട്ടുകാര്‍ക്കുള്ള തുടര്‍ച്ചയുള്ള സമ്മാനവുമാക്കാം ആരാമത്തെ. തെരുവിലും വേണം ആരാമത്തിന്റെ സാന്നിധ്യം. നാഥന്‍ തുണക്കട്ടെ.