മുഹമ്മദ് നബിയുടെ ദാമ്പത്യ ജീവിതത്തിലേക്കും ആദര്‍ശ സാക്ഷ്യത്തിലേക്കും കടന്നുവന്ന പ്രഥമ വനിതയാണ് ഖദീജ. ശില്പചാരുതയില് പടുത്തുയര്‍ത്തിയ രമ്യഹര്മ്യങ്ങളില്ലാതെ ഖദീജ വിശ്വാസികളുടെ മാനസകൊട്ടാരത്തില്‍ ഒളിമങ്ങാതെ ജീവിക്കുന്നു. ആകാശത്തിനു കീഴെ, ഭൂമിക്കു മീതെ ഉത്തമ വനിതകളെന്ന് പ്രവാചകന് വിശേഷിപ്പിച്ച വിശ്വനാരീത്രയങ്ങളിലൊന്നായി ഖദീജ മാറുന്നു.
ദാരിദ്ര്യത്തിന്റെ അല്ലലും അലട്ടലുമില്ലാതെ സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ച ഖദീജ മക്കയിലെ വര്‍ത്തക പ്രമാണിമാരില്‍ പ്രമുഖയായിരുന്നു. മഹതിയുടെ പ്രഥമ ദാമ്പത്യം വൈധവ്യത്തിലേക്ക് കാലിടറിയത് ഒരു ദൈവനിയോഗം തന്നെ. മക്കയുടെ നാലതിര്‍ത്തികളില്‍ മാത്രം സുപരിചിതയാകുമായിരുന്ന ഖദീജയുടെ ഭൂലോക പ്രശസ്തിയിലേക്കുള്ള വഴി തുറക്കലായിരുന്നു പ്രവാചകനോടൊത്തുള്ള ദാമ്പത്യം. മരുപ്പറമ്പിന്റെ മണല്‍ക്കാടുകളിലൂടെ വരിവരിയായി നീങ്ങിയ ഒട്ടകക്കൂട്ടങ്ങള്‍ കച്ചവടച്ചരക്ക് ചുമന്ന്, സിറിയയിലേക്ക് തലങ്ങും വിലങ്ങും സഞ്ചരിച്ചു. ദീനാര്‍ ദിര്‍ഹമുകളുടെ നിധി ശേഖരങ്ങള്‍ ഖജനാവില്‍ കുമിഞ്ഞുകൂടി. അപ്പോഴും ഹൃദയത്തില്‍ അഹങ്കാരം ലവലേശം തീണ്ടിയില്ല. മക്കയിലെ നാരികളുടെ വഴിവിട്ട ജാഹിലീ ജീവിതത്തിലേക്ക് വഴുതി വീണില്ല. അറേബ്യന്‍ അരാജകത്വത്തിന്റെ കൂരിരുട്ടിലും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ 'ത്വാഹിറ' -പരിശുദ്ധ എന്ന അപര നാമത്തില്‍ അവര്‍ ജീവിച്ചു. മക്കയിലെ പ്രമാണിമാര്‍ പലരും ഖദീജയില്‍ കണ്ണു വെച്ചെങ്കിലും ഖദീജയുടെ വിശുദ്ധമായ കണ്ണ് പരിശുദ്ധിയുടെ പത്തരമാറ്റ് തങ്കത്തിളക്കമുള്ള അല്‍ അമീനെന്ന ഓമനപ്പേരിട്ടു നാടുമുഴുവന്‍ വിളിച്ച മുഹമ്മദ് നബിയില്‍ തന്നെ പതിച്ചു. ഉത്തമകളായ മഹതികള്‍ ഉത്തമരായ വിശുദ്ധന്മാര്ക്കെ ചേരുകയുള്ളൂ. മുഹമ്മദ് -ഖദീജ ദാമ്പത്യം മക്കയുടെ മരുഭൂമിയില്‍ സ്നേഹാനുരാഗത്തിന്റെ പരിമളം വിതറിയ മലര്‍വനി തന്നെ വിരിയിച്ചു.
പുഷ്കലമായ ദാമ്പത്യം നുകര്‍ന്നപ്പോഴും മലീമസമായ ഒരു സമൂഹത്തിന്റെ ജീവിതം അവരെ അസ്വസ്ഥപ്പെടുത്താതിരുന്നില്ല. അതിനാല്‍ മുഹമ്മദ് മണ്ണിനപ്പുറമുള്ള ഒരു വിണ്ണിന്റെ വെളിച്ചത്തിനായി പ്രകാശ പര്‍വതത്തിലെ ഹിറയെന്ന വിളക്കുമാടത്തില്‍ ധ്യാനനിമഗ്നനായി. ഖദീജയാകട്ടെ അമ്പത്തഞ്ചിന്റെ നിറവിലും കശേരുക്കള് തെറ്റാത്ത നട്ടെല്ല് നിവര്‍ത്തി തേയ്മാനം സംഭവിക്കാത്ത പാദമൂന്നി പ്രണയാര്‍ദ്ര നിര്‍മല ഹൃദയവുമായി മലകയറി. ഒരു പ്രാവശ്യമോ ഒരു ദിവസമോ അല്ല, പല ദിവസങ്ങളില്‍ പല പല പ്രാവശ്യം. ദൈവനാമത്തില്‍ വായനക്ക് പ്രാരംഭം കുറിക്കാന്‍ ഉദ്ഘോഷിച്ച ജിബ്രീല്‍ മാലാഖ വഹ്യിന്റെ മന്ത്രത്തോടൊപ്പം പ്രാണ പ്രേയസിക്കുള്ള ഒരു സന്തോഷ വാര്‍ത്തയും പകര്‍ന്നു. മുഹമ്മദ് നബി മലകയറി ഇരുന്നപ്പോള്‍ ഹറമിന്റെ ചാരത്തുനിന്ന് ദീര്‍ഘദൂരം നടന്ന് ദുര്‍ഘടമായ മലഞ്ചെരിവു താണ്ടി പല പ്രാവശ്യം കയറിയ ഖദീജ, പ്രവാചകരേ, താങ്കള്‍ക്ക് കൂട്ടിനുണ്ടാകുമെന്ന ആകാശ ലോകത്തിന്റെ വാഗ്ദാനം.
സമ്പത്തിന്റെ കനകക്കൂമ്പാരത്തില്നിന്ന് ഖദീജയുടെ യാത്ര അല്ലാഹു വാഗ്ദാനം ചെയ്ത മരതക കൊട്ടാരത്തിലേക്കായി. ഖാഫില കൂട്ടങ്ങള്‍ സ്വപ്നം കണ്ട ഖദീജയുടെ നേത്രം പ്രബോധക സംഘങ്ങളെ കിനാവ് കണ്ടു. കച്ചവടലാഭം കൊതിച്ച ഹൃദയം ആദര്‍ശ സംസ്ഥാപനത്തിന്റെ സുദിനങ്ങളെ സ്വപ്നം കണ്ടു. അതിരില്ലാത്ത മരുഭൂമിയിലെവിടെയോ ഒരു മരുപ്പച്ചയുടെ സാന്നിധ്യം പ്രതീക്ഷ പകര്‍ന്നു. ശുഭപ്രതീക്ഷയുടെ വിളിയാളം പൂമുഖ വാതില്ക്കല് നിലക്കാത്ത ശബ്ദമായി. 'സമ്മിലൂനി... സമ്മിലൂനി... ഖദീജാ.. ഖദീജാ.. പുതപ്പിക്കൂ... എന്നെ പുതപ്പിക്കൂ ഖദീജാ...!!' പനി പിടിച്ച് വിറക്കുന്ന ശരീരവുമായി മുഹമ്മദ് നബി വാതില്ക്കല് നില്ക്കുന്നു. ദാമ്പത്യത്തിന്റെ സ്നേഹപ്പുതപ്പ് കൊണ്ട് ഖദീജ നബിയെ മൂടി. ആദര്‍ശമാര്‍ഗത്തില്‍ ത്യാഗനിര്‍ഭരമായ ജീവിതത്തിലേക്കുള്ള പൊന്നാട സ്വീകരിച്ച പ്രവാചകന്റെ മംഗള പ്രവേശം!! ഒപ്പം ഖദീജയുടെ സമാശ്വാസത്തിന്റെ വചനം. അല്ലാഹുവാണ, അല്ലാഹു താങ്കളെ കൈയൊഴിയുകയില്ല. താങ്കള്‍ അനാഥയുടെ സംരക്ഷകന്‍... അശരണരുടെ അത്താണി... അഗതിക്കു അന്നം നല്കി ജനസമൂഹങ്ങളുടെ ഭാരങ്ങള്‍ സ്വന്തം നെഞ്ചില്‍ സ്വീകരിക്കുന്നവന്. പ്രവാചകത്വ ഭാരം സ്വീകരിച്ച ആദര്ശഭാരത്തെ ഖദീജയും നെഞ്ചോട് ചേര്‍ത്തുവെച്ചു. പ്രതിസന്ധികളുടെ അഗ്നിപരീക്ഷണങ്ങളിലും ഖദീജ പ്രവാചക കുസുമത്തെ വെള്ളമൊഴിച്ചു നനച്ചു വളര്‍ത്തി.
മുഹമ്മദ് നബി ആദര്‍ശ പ്രബോധനം മക്കയില്‍ മുഴക്കി. നാട്ടുകാര്‍ മുഹമ്മദിനെ തള്ളിപ്പറഞ്ഞു. പ്രമാണിമാര്‍ ബഹിഷ്കരിച്ചു. താന്തോന്നികള്‍ ഭ്രാന്തനെന്ന് വിളിച്ചു. ആദര്‍ശം ചെവികളില്‍നിന്ന് ചെവികളിലേക്ക്, പിന്നെ ഹൃദയങ്ങളിലേക്ക് നേരിയ കിരണങ്ങളായി പ്രവേശിച്ചുകൊണ്ടിരുന്നു. എങ്ങും മുഹമ്മദിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനം. വധിക്കുമെന്ന ആക്രോശം. താങ്ങും തണലുമായി നിന്ന അബൂത്വാലിബ് മോനേ മുഹമ്മദേ താങ്ങാവുന്നതിലപ്പുറമാണ് ഞാന്‍ നിന്നെ സഹിക്കുന്നത് എന്ന പരിഭവം. പക്ഷേ, ഖദീജയില്‍ ഒട്ടും മുറുമുറുപ്പില്ല. പരാതിയും പരിഭവവുമില്ല. ബഹിഷ്കരണത്തിന്റെ നാളുകള്‍ വന്നു. കഴിക്കാന്‍ ഭക്ഷണം മാത്രമല്ല, കുടിക്കാന്‍ വെള്ളവുമില്ല. സ്വര്‍ണകരണ്ടിയുമായി ജനിച്ച ഖദീജയുടെ വായില്‍ പച്ചിലകള്‍! പ്രവാചക ദര്‍ശനത്തിന്റെ വടവൃക്ഷച്ചുവട്ടില് സ്നേഹപ്പുതപ്പുമായി ഖദീജ ജീവിതാന്ത്യം വരെ നിലയുറപ്പിച്ചു. മക്കയിലെ കുബേരയായ പെണ്ണ് ദൈവിക ദര്‍ശനത്തിന്റെ സമര്‍പ്പണ പാതയില്‍ അന്നവും വെള്ളവും കിട്ടാതെ പട്ടിണി കിടന്ന് ഇഹലോകവാസം വെടിഞ്ഞു. അല്ലാഹു വാഗ്ദാനം ചെയ്ത മരതക കൊട്ടാരത്തിലേക്ക്. പ്രവാചകന്റെ കണ്ണു നിറഞ്ഞു. കവിളിണകള്‍ നനഞ്ഞു. അബൂത്വാലിബെന്ന താങ്ങ് മാത്രമല്ല, ഖദീജയെന്ന തണുപ്പും നഷ്ടമായി. ആ വേര്‍പാട് ഒരു കാലമഖിലം ദുഃഖിച്ചു.
മുഹമ്മദ് നബി(സ) ഖദീജയോടൊത്തുള്ള ദാമ്പത്യജീവിതത്തില്‍ മറ്റേതൊരു സ്ത്രീക്കും പത്നീപദം നല്‍കിയിട്ടില്ല (ബുഖാരി). ആദര്‍ശ പ്രചാരണാര്‍ഥവും വിധവകളുടെ സംരക്ഷണാര്‍ഥവും യുവതികളും സുന്ദരികളുമായ പല ഭാര്യമാരും ഖദീജയുടെ വിയോഗത്തിനു ശേഷം കടന്നുവന്നു. എന്നിട്ടും ഓര്‍മയിലെ ഒളിമങ്ങാത്ത നിലാമഴയായിരുന്നു ഖദീജ. നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലെ നിത്യ പൗര്‍ണമിയുടെ ഓര്‍മയായിരുന്നു പ്രവാചകന്റെ മനസ്സു നിറയെ. പ്രവാചക ജീവിതത്തിലേക്ക് കടന്നുവന്ന ആഇശ(റ) ഖദീജയോടുള്ള നബിയുടെ സ്നേഹത്തിന്റെ അഗാധതലങ്ങളെ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചക പത്നിമാരില്‍ ഖദീജയോടല്ലാതെ മറ്റൊരാളോടും എനിക്ക് ഈര്‍ഷ്യ തോന്നിയിട്ടില്ല എന്ന് ആഇശതന്നെ വ്യക്തമാക്കിയിട്ടുണ്ട് (മുസ്ലിം).
പ്രവാചക ഭവനത്തിനു മുന്നില്‍ ഖദീജയുടേത് പോലുള്ള ശബ്ദം. ആഇശ വാതില്‍ തുറന്നു. ഖദീജയുടെ സഹോദരി ഹാല ബിന്ത് ഖുവൈലിദ്. പതിഞ്ഞ സ്വരത്തില്‍ ആഇശയോട് പ്രവേശനാനുമതി തേടി. അത് ഖദീജയുടെ പ്രവേശനാനുമതി പോലെ നബിക്ക് അനുഭവപ്പെട്ടു. മനസ്സില്‍ ഖദീജയെ സംബന്ധിച്ച ഒരായിരം ഓര്‍മകള്‍ മിന്നിമറഞ്ഞു. മുഖം സന്തോഷം കൊണ്ട് താമരപ്പൂ പോലെ വിടര്‍ന്നു. ആ കമലദളത്തില്‍ അല്പം കണ്ണീര് പൊടിഞ്ഞു. ഖുവൈലിദിന്റെ മകള്‍ ഹാലയോ എന്ന് നബി സന്തോഷാശ്രു പൊഴിച്ചു ചോദിച്ചു. ആഇശയുടെ മനസ്സില്‍ ഈര്‍ഷ്യ മുളപൊട്ടി. കാലയവനികക്കുള്ളില്‍ മറഞ്ഞ കടവായ്കള്‍ ചുവന്ന ഖുറൈശീ വൃദ്ധയെ ആണോ ഇപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കുന്നത്? ആഇശ പ്രതികരിച്ചു. ചുവന്ന പ്രവാചക വദനം ചെമ്പനനീര്‍ പുഷ്പം പോലെ തുടുത്തു. 'ഇല്ല ആഇശാ, ഇല്ല. ഖദീജക്കു പകരം വെക്കാന്‍ മറ്റൊരു ഭാര്യയെയും അല്ലാഹു എനിക്ക് നല്‍കിയിട്ടില്ല. ആഇശാ, ഓര്‍ക്കണം മക്കാ നിവാസികള്‍ എന്നെ കളവാക്കിയപ്പോള്‍ എന്നെ സത്യപ്പെടുത്തിയത് ഖദീജയാണ്. മക്കയിലെ പ്രമാണിമാര്‍ എന്നെ ബഹിഷ്കരിച്ചപ്പോള്‍ കൈയും മെയ്യും മറന്ന് പിന്തുണച്ചതും ഖദീജയാണ്. നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും എന്നെ ഉപരോധിച്ചപ്പോഴും സമ്പത്ത് മുഴുവനും ചൊരിഞ്ഞുതന്ന് ആദര്‍ശത്തെ നട്ടുവളര്‍ത്തിയതും എന്റെ ഖദീജയാണ്. ഖദീജയുടെ സമ്പത്ത് ഇസ്ലാമിന് ഉപകാരപ്പെട്ടതുപോലെ മറ്റൊരാളുടെ സമ്പത്തും ഇസ്ലാമിന് അത്രയും ഉപകാരപ്പെട്ടിട്ടില്ല ആഇശാ..'' കവിളിണകളിലൂടെ ചാലിട്ടൊഴുകിയ കണ്ണീര്‍ക്കണങ്ങള്‍ വാചാലമായി. അവസാനം പറഞ്ഞു: എനിക്കെന്റെ ജീവന്റെ ജീവനായ ഫാത്വിമയുള്പ്പെടെയുള്ള ആണ്-പെണ് മക്കളെ പ്രസവിച്ചുതന്നതും ആ ഖദീജയാണ്. പകരം വെക്കാനില്ല ആ ഖദീജക്കു പകരം ഉലകില് ഒരു നാരിയും.
പ്രവാചകനോടൊപ്പം ത്യാഗത്തിന്റെ വെണ്ണക്കല്ലില്‍ അനശ്വര ചരിത്രം വിരിയിച്ച മാണിക്യ മലരാണ് ഖദീജ ബീവി. കുത്തഴിഞ്ഞ പ്രണയത്തിന്റെ കണ്ണിമവെട്ടി ദാമ്പത്യത്തിന്റെ ആത്മരാഗം മറന്നുപോയ നൈരാശ്യത്തിന്റെ ആഴക്കടലില്‍ മുങ്ങിത്തകര്‍ന്ന വെറും കടലാസു തോണിയല്ല മുഹമ്മദ് നബി-ഖദീജാ ദാമ്പത്യം. സ്നേഹപ്പുതപ്പില്‍ ദാമ്പത്യം തളിരിടുകയും ആദര്‍ശ സംസ്ഥാപനത്തില്‍ സമര്‍പ്പണത്തിന്റെ പാദമുദ്ര പതിപ്പിക്കുകയും ചെയ്ത ഖദീജക്കു പകരം വെക്കാന്‍ വിശ്വലോകത്തിലുമില്ല ഒരു നായികയും. ശിഅ്ബ് അബീത്വാലിബിലെ കറുത്ത പാറക്കെട്ടില്‍ അന്നവും വെള്ളവും കിട്ടാതെ ഇഹലോക വാസം വെടിഞ്ഞ ഖദീജക്ക് മരതക കൊട്ടാരമല്ലാതെ പിന്നെ എന്താണ് അല്ലാഹു പകരമായിട്ട് നല്‍കുക?