വൈക്കം മുഹമ്മദ് ബഷീര്‍ ലോകത്തിനു സമ്മാനിച്ച മതസൗഹാര്‍ദ ഭാവത്തിന് വലിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇതര മതസ്ഥരോട് ഇഴുകിച്ചേരാന്‍ ഇത്രമാത്രം അഭിനിവേശം കാണിച്ച മറ്റൊരു സാഹിത്യകാരനുണ്ടോ എന്നു സംശയം! ഭൂരിപക്ഷ ജനസഞ്ചയത്തില്‍നിന്ന് അടര്‍ന്നു പോവാന്‍ വെമ്പിയ ന്യൂനപക്ഷ വിഭാഗങ്ങളെ ശക്തമായ ഭാഷകൊണ്ട് പിടിച്ചുനിര്‍ത്താനുള്ള അതിതീവ്രശ്രമം ബഷീറെന്ന സാഹിത്യകാരനില്‍നിന്നുണ്ടായി. അക്ഷര വൈരികളായിരുന്ന മതപൗരോഹിത്യത്തിന്റെ കാല്‍ക്കീഴില്‍ അമര്‍ന്ന ഒരു സമൂഹത്തില്‍നിന്ന് പൊതു സാംസ്‌കാരിക മണ്ഡലത്തിലേക്ക് ഇറങ്ങിവരാന്‍ കാണിച്ച ധൈര്യത്തിന്റെയും ചങ്കൂറ്റത്തിന്റെയും ബോധപൂര്‍വമായ പ്രതിഫലനമായിരുന്നു അത്. ജാതികളും ഉപജാതികളും ഭിന്ന മതവിഭാഗങ്ങളും കൂടിച്ചേര്‍ന്ന് ഒരു പൗരസമൂഹ(ഇശ്ശഹ ടീരശല്യേ)മായി കേരളീയത രൂപം മാറുന്ന സവിശേഷ ചരിത്ര സാഹചര്യത്തിന്റെ നടുവിലിരുന്നാണ് ബഷീര്‍ മിക്ക കൃതികളുമെഴുതിയത്. ഈ വിമോചകന്‍ പ്രത്യാശിക്കുന്നു: ''കുറേക്കാലം കഴിയുമ്പോള്‍ പേരു കൊണ്ട് ജാതി മനസ്സിലാക്കാന്‍ കഴിയാത്ത ഒരു കാലം വരും. ഉടുപുടവകള്‍ ഒന്നായിക്കഴിഞ്ഞു. വരട്ടെ മോഹന കാലഘട്ടം'' (നേരും നുണയും).
രൂപത്തിലും ഭാവത്തിലും വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ നമുക്കു മുന്നില്‍ അവതരിച്ചവയുടെ ഉടയാടകളഴിച്ചാല്‍ ഒരാളിലേക്കെത്തുന്ന മാസ്മരികതയാണ് ബഷീറിയന്‍ സാഹിത്യങ്ങള്‍. ഗ്രന്ഥകാരന്‍, തന്റെ വിശ്വവിശാല വീക്ഷണ കോണിലൂടെ നോക്കിക്കണ്ട മാനവിക മൂല്യങ്ങളെ ഏറ്റുപാടുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. കഥയും കര്‍ത്താവും ഒന്നാവുകയും ഞാന്‍ തന്നെയാണ് എന്റെ ഭാഷ എന്ന് പ്രഖ്യാപിക്കുകയായിരുന്നു ബഷീര്‍.
ഒറ്റക്കണ്ണന്‍ പോക്കര്‍, തൊരപ്പന്‍ അവറാന്‍, മണ്ടന്‍ മുത്തപ്പ, മുഴയന്‍ നാണു, എട്ടുകാലി മമ്മൂഞ്ഞ്, ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശു തോമ, കറുമ്പന്‍, ചേന്നന്‍ തുടങ്ങിയ വിചിത്രമായ നാട്ടുപേരുകള്‍, കഥാപാത്രങ്ങള്‍ക്ക് നല്‍കുകയും സ്വയം 'ബഷീര്‍ ദ പുലയന്‍' എന്ന ബിരുദം സ്വീകരിക്കുകയും ചെയ്ത വൈക്കം മുഹമ്മദ് ബഷീര്‍, ജയ, അമ്മിണി, കൗസല്യ തുടങ്ങിയ ഹിന്ദുപ്പേരുകള്‍ മുസ്‌ലിം ആടുകള്‍ക്കിടുകയും മുസ്‌ലിം ആടുകള്‍ക്ക് ഹിന്ദുപ്പേരിടുന്നത് ഒരു വിപ്ലവം തന്നെയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മലയാളത്തിന്റെ കോമിക് ജീനിയസ്സാണ്.
ഇനി ജനിക്കുന്ന കുഞ്ഞിന് മുസ്‌ലിം പേരിടണമെന്ന് പറയുന്ന മതനിരപേക്ഷകനായ പോക്കിരി നമ്പൂതിരിയും പുന്നാരിച്ചു വളര്‍ത്തിയ പൂച്ചക്കുട്ടിക്കു ഇസ്‌ലാം പേരു തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ഖദീജാ ബീവിയും പ്രതിനിധാനം ചെയ്യുന്നത് രണ്ട് രാഷ്ട്രീയ പരിസരങ്ങളാണ്.
സുന്ദരമായ നാമത്തിനു വേണ്ടി ഗവേഷണം നടത്തുന്നുണ്ട്, ബഷീര്‍. 'നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഒരു മതത്തിലും വളര്‍ത്തേണ്ട. അവരങ്ങനെ നിര്‍മതരായി വളരട്ടെ...!' എന്നു പറയുന്ന മിശ്രവിവാഹിതരായ സാറാമ്മയും കേശവന്‍ നായരും സ്വന്തം കുഞ്ഞിന് ഗദ്യകവിത, ചെറുകഥ എന്നിങ്ങനെ 'പൂര്‍ണ' മതേതര പേരുകള്‍ വിളിച്ചുനോക്കി. അതിനൊന്നും ഭംഗി പോരെന്നു കണ്ട് 'ആകാശ മിഠായി' എന്നവര്‍ ഉറപ്പിച്ചു. തീവ്രമായ സാമൂഹിക വിമര്‍ശനത്തിന്റെ മാറ്റൊലികളാണ് ഈ വരികള്‍.
ബഷീര്‍ 'ആഢ്യനാ'ണോ എന്ന അര്‍ഥത്തില്‍ എന്ത് മുസല്‍മാനാണ് എന്ന് ചോദിച്ച ആത്തോലിനോട് മൂന്ന് മുസ്‌ലിം വിഭാഗങ്ങളെ പരിചയപ്പെടുത്തുന്നു. മല മുസല്‍മാന്‍ (വേട്ടയാടല്‍), കര മുസല്‍മാന്‍ (കൃഷി), കടല്‍ മുസല്‍മാന്‍ (മത്സ്യബന്ധനം). കടുത്ത ജാതിബോധത്തെ രൂക്ഷമായി പരിഹസിക്കുകയാണ് ബഷീര്‍.
ഭാവിയില്‍ കേരളത്തില്‍ നാലു സമുദായങ്ങളെ ഉണ്ടാവുകയുള്ളൂവെന്നും ബഷീര്‍ പറയുന്നു. ക്രിസ്ത്യാനികളും മുസല്‍മാന്മാരും ഹിന്ദുക്കളില്‍ നായരെയും ഈഴവനെയും വേര്‍തിരിക്കാന്‍ എ. ബാലകൃഷ്ണ മന്നാ, സി. കേശവ ശങ്കാ എന്ന് വിളിച്ചാല്‍ മതി. നായര്‍, നമ്പൂതിരി, മാരാര്‍, പിഷാരടി, പണിക്കര്‍, വാര്യര്‍, നമ്പ്യാര്‍, പിള്ള, തീയ്യര്‍, ഈഴവന്‍, തണ്ടാന്‍, പുലയര്‍, കുറവന്‍, പറയന്‍, ഗണകന്‍, ചോകോര്‍, പൊതുവാള്‍ തുടങ്ങിയ ജാതിവാലുകള്‍ അറുത്തുമാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കുറച്ചുകൂടി കടന്ന്, ഈ ജാതിപ്പേരുകള്‍ മുസ്‌ലിംകളോട് കൂട്ടിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്നു. വക്കം അബ്ദുല്‍ഖാദര്‍ തണ്ടാന്‍, അബ്ദുല്‍ അസീസ് നമ്പ്യാര്‍, മജീദ് മരക്കാര്‍ പിഷാരടി, അബ്ദുല്ല ഗണകന്‍, കുഞ്ഞു മുസ്‌ലിയാര്‍ ഭട്ടതിരിപ്പാട്, ആയിശത്തങ്കച്ചി, ലൈല ചോത്തി, നബീസാ വാരസ്യാര്‍, സൈനബാ അന്തര്‍ജനം എന്നുകൂടി വിളിക്കുന്നു. സമത്വസുന്ദരമായ ഭാവി സംജാതമാവണമെന്ന് സ്വപ്‌നം കാണുന്നു.
പാകിസ്താനിലേക്കു മുസ്‌ലിംകള്‍ പോവണമെന്ന് നിയമം വന്നാല്‍ സ്വീകരിക്കാന്‍ മൂന്നു പേരുകള്‍ ബഷീര്‍, കണ്ടെത്തി വെച്ചിട്ടുണ്ട്. വൈക്കം മമ്മദ് ഭട്ടാചാര്യന്‍, വൈ.യം.ബി നമ്പൂതിരിപ്പാട്, വൈ.മു.ബ പണിക്കര്‍ എന്നിവയാണവ.
വ്യത്യസ്ത പാരമ്പര്യ ധാരകളെ പരസ്പരം സ്വാംശീകരിക്കുകയും സമാനതകളില്‍ പങ്കുപറ്റുന്ന ഒരു കൂട്ടായ്മ സൃഷ്ടിക്കപ്പെടുകയും ചെയ്യണമെന്ന് നര്‍മം കലര്‍ന്ന വാക്കുകളില്‍ ആഹ്വാനം ചെയ്യുകയാണീ കഥാകാരന്‍. ഭാഷയെയും സാംസ്‌കാരിക സ്വഭാവത്തെയും തിരുത്തുന്ന പണി കഥാസന്ദര്‍ഭമായും പ്രമേയമായും മാറുന്ന അവസ്ഥ ബഷീറില്‍ മാത്രമേ നിലനിന്നിട്ടുള്ളൂ. ഇത്തരം തിരുത്തലുകളുടെ ചരിത്രദൗത്യം മറ്റൊരു സാഹിത്യകാരനിലും കാണുന്നില്ല. താന്‍ വിനീതനായ ചരിത്രകാരനാണെന്ന് ബഷീര്‍ ഇടക്കിടെ ഓര്‍മപ്പെടുത്തുന്നുമുണ്ടല്ലോ.
ശ്രീനാരായണ പ്രസ്ഥാനം, അയ്യങ്കാളി പ്രസ്ഥാനം, ദേശീയ സമരം, നവോത്ഥാന സംരംഭങ്ങള്‍ മുതലായ സാമൂഹിക ചലനങ്ങളിലൂടെയും ജനാധിപത്യം, സോഷ്യലിസം, കമ്യൂണിസം മുതലായ ആശയഗതികളിലൂടെയും പ്രാദേശികവും സാമുദായികവുമായ വിശ്വാസാചാരങ്ങളും ഭക്ഷണ-ഭാഷണ രീതികളും പരസ്പര ഇടകലര്‍ന്ന് നിരപ്പാവാന്‍ തുടങ്ങിയ കാലഘട്ടത്തിലേക്കാണ് മതേതരത്വത്തിന്റെയും പുരോഗമനത്തിന്റെയും പുത്തനാശയങ്ങളുമായി ബഷീറും സമകാലികരും ഇടിച്ചുകയറുന്നത്. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും സിഖുകാരനും യഹൂദനും പാര്‍സിയും ഒക്കെ തുല്യമാവുകയും മനുഷ്യസമുദായത്തിന്റെ ആരോഗ്യസുന്ദരമായ പുരോഗതി മാത്രം ലക്ഷ്യം വെക്കുന്ന കലാകാരന്മാരായിത്തീരുകയും ചെയ്യുന്നു അവര്‍.
വെളിച്ചത്തിന്റെ വെളിച്ചത്തെപ്പറ്റി പറയുമ്പോഴും 'കാന്തീനെ തൊട്ട' കഥ പറയുമ്പോഴും ബഷീറിന്റെ പുരോന്മുഖമായ മനസ്സാണ് വെളിപ്പെടുന്നത്. സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ഗാന്ധിയെ തൊടുന്നതിലൂടെ ദേശീയ സ്വാതന്ത്ര്യത്തെപ്പറ്റി അത്രയൊന്നും ബോധമില്ലാതിരുന്ന ഒരു ജനവിഭാഗത്തെ ഉദ്ബുദ്ധരാക്കാനുള്ള ശ്രമമാണ് ബഷീര്‍ നടത്തുന്നത്. എല്ലാ ജാതിയില്‍പെട്ട സ്ത്രീകളുടെയും മുലകുടിച്ചു എന്ന് പലതവണ പ്രഖ്യാപിച്ചുകൊണ്ട് തന്റെ മജ്ജയിലൂര്‍ന്ന് നില്‍ക്കുന്ന മതേതര ഭാവത്തെ ലോകത്തിന് വെളിവാക്കുകയാണ് ബഷീര്‍. അല്ലാഹുവും ഈശ്വരനും രണ്ടല്ലാത്തതുപോലെത്തന്നെ 'അനല്‍ ഹഖും' 'അഹം ബ്രഹ്മാസ്മി'യും ബഷീറിനു ഒന്നു തന്നെ. 'വീട്ടിലേക്കു വന്ന ഹിന്ദു സന്യാസിയെ കണ്ടപ്പോള്‍ ഹെഡാ.... ഇതു ഞാനാണല്ലോ എന്നെനിക്കു തോന്നിയതായി' ബഷീര്‍ ഓര്‍മിക്കുന്നു. അദ്ദേഹം പറയുന്നു: 'ഒരു ഹിന്ദു സന്യാസിയുടെ കൂടെ ഭാരതത്തിലുള്ള എല്ലാ ദേവാലയങ്ങളും സന്ദര്‍ശിച്ചു. ഞങ്ങള്‍ എല്ലാ പുണ്യ നദികളിലും മുങ്ങിക്കുളിച്ചു. മരുഭൂമികള്‍, ഗുഹകള്‍, കടലോരങ്ങള്‍, ഇടിഞ്ഞു തകര്‍ന്ന നഗരാവശിഷ്ടങ്ങള്‍... എവിടെ എല്ലാമാണ് ഞങ്ങള്‍ കഴിച്ചുകൂട്ടിയത്' (ഓര്‍മയുടെ അറകള്‍).
ബഷീറിന്റെ ഓരോ രചനയും മനുഷ്യ ബന്ധങ്ങളെ സങ്കുചിത ഇടങ്ങളില്‍ തളച്ചിടുന്ന ആശയാദര്‍ശങ്ങളെ ഉന്നം വെക്കുന്നുണ്ട്, ക്രൂരമായ പരിഹാസത്തിന് വിധേയമാക്കുകയും ചെയ്യുന്നു. 'ആനമക്കാറിന്റെ കൊമ്പനാന കൊന്നതു കാഫ്‌രീങ്ങളെയായതുകൊണ്ട് നല്ല അസ്സലുള്ള ആനേര്‍ന്നു' എന്നു ന്യായമായും വിശ്വസിക്കുന്ന കുഞ്ഞുതാച്ചുമ്മ എടുത്തു പറയാവുന്ന ഒരുദാഹരണം മാത്രം. സമൂഹത്തില്‍ അധീശാധികാരം പുലര്‍ത്തിയ പ്രത്യയശാസ്ത്രങ്ങളിലുള്‍ക്കൊണ്ട ജാതികള്‍, മതങ്ങള്‍ തുടങ്ങിയവയെ അപ്രസക്തമാക്കുന്ന തീവ്ര മാനുഷിക വികാരങ്ങളുടെ അതിര്‍ത്തിയെ കൂടി നിര്‍ണയിക്കുന്നുണ്ട് ബഷീറിന്റെ 'മതിലുകള്‍' എന്ന കൃതി.
ബഷീറിയന്‍ സാഹിത്യങ്ങള്‍ ജാതിരഹിതമായ ഒരു സമൂഹത്തെ സ്വപ്‌നം കാണുന്നുണ്ട്. സ്ത്രീധനം കൊടുക്കാനില്ലാത്തവര്‍ സ്ത്രീധനം ഇല്ലാതെ വിവാഹം ചെയ്യാന്‍ തയാറുള്ള ഇതര സമുദായക്കാരെ, അതേ- നായര്‍ ക്രിസ്ത്യാനിയെയും ക്രിസ്ത്യാനി നായരെയും മുസല്‍മാനെയും മുസല്‍മാന്‍ നായരെയും നമ്പൂതിരിയെയും ഈഴവനെയും വിവാഹം ചെയ്യാന്‍ തയാറാവണം. മറ്റൊരു സന്ദര്‍ഭത്തില്‍ പറയുന്നു: ഒരു ചിന്ത കശ്മലയെ കൂടി വേളി കഴിക്കാന്‍ ഉദ്ദേശ്യമുണ്ട്. ഏതു ജാതിക്കാരുമാവാം. മുസ്‌ലിം പെണ്ണോ, ബ്രാഹ്മണ മങ്കയോ, നായര്‍ച്ചി സുന്ദരിയോ, ക്രിസ്തീയ, യഹൂദ, സിക്ക്, ജൈന, ബുദ്ധ ഫാര്‍സി, മാദകത്തിടമ്പുകള്‍. തീയ്യ, ഈഴവ, മുക്കുവ, വെളുത്തേട, ക്ഷുരക, പുലയ, പറയ, ഉള്ളാട... ഇങ്ങനെയുള്ള സര്‍വമാന മോഹിനികള്‍ക്കും അപേക്ഷിക്കാം. ഞാനും നിങ്ങളും മനുഷ്യന്റെ കുഞ്ഞാണ് എന്ന അടിസ്ഥാന ബോധത്തില്‍ നിന്നുകൊണ്ട് ഭാവനയുടെ കാല്‍പ്പനിക ലോകത്ത് നിലയുറപ്പിച്ച് മാലോകരെ പരിഹസിക്കുകയാണ് ബഷീര്‍ ചിരിയുടെ മാലപ്പടക്കത്തില്‍നിന്ന് പൊട്ടിക്കരച്ചിലിന്റെ വക്കോളമെത്താന്‍ മാത്രം രൂക്ഷതയേറിയതാണോ പരിഹാസങ്ങള്‍!
ജാതി-മത-സാമുദായിക സീമകളെ ലംഘിച്ചുകൊണ്ട് ബഷീര്‍ നടത്തുന്ന മതാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളി അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കാണാം. എട്ടൊമ്പത് കൊല്ലക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ജനവിഭാഗങ്ങളോടൊപ്പം കഴിഞ്ഞു വന്ന അനുഭവ കഥകളാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലധികവും. 'ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, സിക്കുകാര്‍, അനേകായിരം അനേകായിരം പേര്‍ അനേകായിരം വേദനാ കരങ്ങളായ ഘട്ടങ്ങളില്‍ എന്നെ സഹായിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ജനവിഭാഗങ്ങളുടെ സഹായ സഹകരണം കൊണ്ടാണ് സഞ്ചാര കാലത്തെ ദിന രാത്രങ്ങളത്രയും കഴിച്ചുകൂട്ടിയതെന്ന് ബഷീര്‍ സ്മരിക്കുന്നു. അനുഭവക്കഥകളക്കമിട്ടു നിരത്തി ഇതര സമുദായക്കാരോട്, നന്ദിയോടെ ഹൃദയബന്ധം ചേര്‍ക്കുന്നതിന്റെ ന്യായം വീണ്ടും വീണ്ടും പറഞ്ഞു ഉറപ്പിക്കുന്നുണ്ട് അദ്ദേഹം. മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതിയിലേക്ക് പണം സംഭാവന ചെയ്ത ഉടനെ, ദല്‍ഹിയിലെ കൊടും തണുപ്പില്‍ വിശപ്പിന്റെ രൂക്ഷതയില്‍ യാചിക്കേണ്ടി വന്നപ്പോള്‍ വെള്ളി നാണയം തന്നു സഹായിച്ച ഹൈന്ദവ മജിസ്‌ട്രേറ്റിനെ ഓര്‍മിക്കുന്നതും അതുകൊണ്ടാണ്.
ഹൈന്ദവ സുഹൃത്തുക്കളുടെ പേരുകള്‍ മാത്രം പ്രത്യേകം ലിസ്റ്റിട്ട് (രണ്ടു പേജോളം) തന്റെ സാഹിതീയ നിധിശേഖരത്തിന്റെ ഭാഗമാക്കാന്‍ ഈ മനുഷ്യന്‍ സാഹസം കാണിച്ചതെന്തിനായിരിക്കും? തന്റെ ഇതര മതസ്ഥരോടുള്ള വിശാല സൗഹാര്‍ദ സമീപനം വായനക്കാരറിയണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നിരിക്കണം. കൂടാതെ ഖുര്‍ആന്‍ സൂക്തങ്ങളും നബി വചനങ്ങളും ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരിച്ച്, തന്റെ ഇതര മതസ്ഥരോടുള്ള സൗഹാര്‍ദാഹ്വാനത്തിന് പ്രാമാണികത്വം ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്. ജീവിതത്തിന്റെ അനിവാര്യ ഘട്ടങ്ങളിലെല്ലാം എന്തിനും ഏതിനും കൂടെ നിന്ന ആത്മസുഹൃത്തുക്കളടക്കമുള്ള കൂട്ടുകെട്ട് ഇതര മതസ്ഥരോടായിരിക്കെ, സുന്ദരമായ മതസൗഹാര്‍ദ സ്വപ്‌നത്തെ അവതരിപ്പിക്കാന്‍ മറ്റാരെയാണ് നമുക്ക് മുന്‍നിരയില്‍ പ്രതിഷ്ഠിക്കാനുള്ളത്? വിഷമ ഘട്ടങ്ങളില്‍ കൊണ്ടും കൊടുത്തും ഏകോദര സഹോദരങ്ങളായി കഴിഞ്ഞ നല്ല ഓര്‍മകള്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഈടുറ്റ ഏടുകളായിരിക്കും. ഹൈന്ദവ സുഹൃത്തിന്റെ വിവാഹത്തിന് മുസ്‌ലിം പൂജാരിയായി നിന്ന കഥ രസകരമായി അവതരിപ്പിക്കുന്നുണ്ട് ബഷീര്‍.
ദേശീയ സ്വാതന്ത്ര്യ സമരത്തിനും തൊട്ടുതീണ്ടിക്കൂടാത്തവന്റെ വൈക്കം സത്യാഗ്രഹത്തിനും കൊടിപിടിക്കാന്‍ മുന്നിട്ടിറങ്ങിയ ഈ മഹാരഥന് മനുഷ്യരാശിയോട് ഒരുപദേശമേയുള്ളൂ; മണ്ടക്കഴുതകളേ, തമ്മിലടിച്ച് തലകീറാതെ ഈ ഭൂഗോളത്തെ സുന്ദര സുരഭില മലര്‍വാടിയാക്കിത്തീര്‍ക്കുക എന്നതാണത്.