റമദാന്‍ അവസാന പത്തിലെ ഒരു സുദിനത്തില്‍ രോഗബാധിതയായ ഒരു സഹോദരിയെ സന്ദര്‍ശിക്കാനായി വീട്ടില്‍നിന്ന് യാത്ര തിരിച്ചു.
റമദാന്‍ അവസാന പത്തിലെ ഒരു സുദിനത്തില്‍ രോഗബാധിതയായ ഒരു സഹോദരിയെ സന്ദര്‍ശിക്കാനായി വീട്ടില്‍നിന്ന് യാത്ര തിരിച്ചു. അവരുടെ വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ കാര്യമായ പണിത്തിരക്ക് കാരണം അധിക സംസാരത്തിനു നില്‍ക്കാതെ വാതില്‍ തുറന്നു തന്ന് അമ്മായി അമ്മയുടെ റൂമിലേക്ക് ചൂണ്ടിക്കാണിച്ചുകെണ്ട് വീട്ടുടമസ്ഥ അടുകളയിലേക്ക് പോയി. സിനിമ, സീരിയലുകള്‍ കാണുന്നതിനിടയില്‍ സന്ദര്‍ശകര്‍ വന്നാലുണ്ടാകുന്ന നീരസം പോലെ. രോഗിയോടൊപ്പം അല്‍പനേരം സംസാരിച്ച് ഞാന്‍ വളരെ പെട്ടെന്നു തന്നെ മടങ്ങി. യാത്ര പറയാനായി അടുക്കളയിലേക്കൊന്നെത്തി നോക്കിയപ്പോള്‍ ഒരു ഭാഗത്ത് എണ്ണയില്‍ പൊരിയാനായി കാത്തുകിടക്കുന്ന നാലഞ്ചിനം പലഹാരങ്ങള്‍. മറ്റൊരു ഭാഗത്ത് പത്തിരി, നൂലപ്പം, വെള്ളപ്പം തുടങ്ങിയ നാലഞ്ച് ഇനങ്ങള്‍ വേറെയും. ബിരിയാണി ചെമ്പ് ഒരടുപ്പിലും ചിക്കന്‍ ഫ്രൈ, ഫിഷ് ഫ്രൈ, കരിമീന്‍ പെള്ളിച്ചത്, ചെമ്മീന്‍ കുത്തി പൊരിച്ചത്, കാട പൊരി. മട്ടന്‍ കറി, ചിക്കന്‍ കറി വിവിധ തരം കറികള്‍ പാത്രങ്ങളില്‍ നിരന്നിരിക്കുന്നു. ആകെക്കൂടെ ഒരു ഭക്ഷ്യമേള. ആ മേളക്കരികില്‍ പണിയെടുത്ത് തളര്‍ന്ന അവശരായ യുവതികളായ മരുമക്കളും വീട്ടമ്മയും. അല്‍പം വ്യത്യാസമുണ്ടെങ്കിലും പല മുസ്‌ലിം വീടുകളിലും നോമ്പുതുറ ഇതുതന്നെ അല്ലേ, സാമൂഹിക നോമ്പുതുറകളും ഇതില്‍നിന്നൊഴിവല്ല.
ഒരു നോമ്പുതുറയില്‍ പങ്കെടുത്ത വേളയില്‍ അതില്‍ സന്നിഹിതയായിരുന്ന ഒരു ഹിന്ദു സഹോദരി രാത്രിയില്‍ ഇത്രയധികം ഭക്ഷണവിഭവങ്ങള്‍ കഴിക്കാമെങ്കില്‍ പകല്‍ എത്ര പട്ടിണികിടന്നാലെന്താ എന്ന് ചോദിച്ചത് എന്റെ മനസ്സിലേക്ക് കടന്നുവന്നു. റമദാന്‍ മാസത്തില്‍ ഹോട്ടലുകളുടെ മുന്നില്‍ വിവിധയിനം പലഹാരങ്ങള്‍ നിരത്തിവെക്കുന്നത് റമദാനിന്റെ ചിഹ്നമായ അമ്പിളിക്കലയോടൊപ്പം പ്രത്യക്ഷപ്പെടുന്നതും സ്‌പെഷ്യല്‍ വിഭവങ്ങള്‍ റമദാന്‍ മുഴുവനും ദിനപത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും റമദാനിന്റെ ചൈതന്യത്തിന് നിരക്കുന്നതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. റമദാന്‍ മാസത്തില്‍ പകല്‍ മുഴുവന്‍ ഭക്ഷണം ഒഴിവാക്കുന്നതുകൊണ്ട് ഭക്ഷണ ചെലവ് പകുതിയായി കുറയേണ്ടതായിരുന്നു. എന്നാല്‍ മറ്റു മാസങ്ങളെ അപേക്ഷിച്ച് ഭക്ഷണ ചെലവ് ഇരട്ടിയാകുന്നതാണ് നാം കാണുന്നത്. ഭക്ഷണം തീരെ മോശമാക്കണം എന്നല്ല ഈ പറഞ്ഞതിന്റെ അര്‍ഥം. അത്യാവശ്യ വിഭവങ്ങളാവാം. നോമ്പിന്റെ ചൈതന്യം നിലനിര്‍ത്തുന്ന വിധത്തിലുള്ള ഭക്ഷണക്രമം സ്വീകരിക്കേണ്ടതുണ്ട് എന്നാണ് പറഞ്ഞുവരുന്നത്.
റമദാന്‍ മാസത്തില്‍ രാപ്പകല്‍ ഭേദമില്ലാതെ അടുക്കളയില്‍ നല്ലൊരു സമയം ചെലവഴിക്കേണ്ട അവസ്ഥയാണ് ഇന്ന് നമ്മുടെ സഹോദരിമാര്‍ക്കുള്ളത്. ഇതുമൂലം നിര്‍ബന്ധ നമസ്‌കാരങ്ങളിലും ഖുര്‍ആന്‍ പാരായണത്തിലും മറ്റു ഇബാദത്തുകളിലും പ്രാര്‍ഥനകളിളും വേണ്ടത്ര സമയം ചെലവഴിക്കാനോ ശ്രദ്ധ പുലര്‍ത്താനോ പറ്റാത്ത അവസ്ഥ പല സഹോദരിമാര്‍ക്കുമുണ്ട്. നോമ്പിന്റെ ക്ഷീണത്തോടൊപ്പം വിശ്രമമില്ലാത്ത അടുക്കളപ്പണി കൂടിയാകുമ്പോള്‍ രാത്രി നമസ്‌കാരങ്ങളിലും ഖുര്‍ആന്‍ പാരായണ സമയത്തും അവര്‍ അറിയാതെ അവരുടെ കണ്ണുകള്‍ അടഞ്ഞുപോകുന്നു.
റമദാന്‍ മാസത്തില്‍ ഭക്ഷണക്രമം ലഘൂകരിക്കുകയും പുരുഷന്മാര്‍ അടുക്കളയില്‍ സ്ത്രീകളെ സഹായിക്കാന്‍ തയാറാവുകയും ചെയ്താല്‍ അവര്‍ക്ക് ഈ അവസ്ഥയില്‍നിന്ന് മോചനം നേടാനാകും. ഇതിലൊന്നും പുരുഷന്മാക്ക് യാതൊരു പങ്കും വഹിക്കേണ്ടതില്ലന്നാണ് പലരുടെയും മനോഭാവം. ഭക്ഷണ വിഭവങ്ങളില്‍ കണിശത പുലര്‍ത്തുന്ന ഭര്‍ത്താവ് പകല്‍ മുഴുവന്‍ വീട്ടില്‍ കിടന്നുറങ്ങിയാലും ഭാര്യക്ക് ഒരു ചെറിയ കൈത്താങ്ങ് നല്‍കാന്‍ തയാറല്ല. സൃഷ്ടികളില്‍ ഏറ്റവും ഉത്തമനായ, പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിരതനായ നബി(സ) പോലും വീട്ടുജോലികളില്‍ പത്‌നിമാരെ സഹായിക്കാറുണ്ടായിരുന്നു.
റമദാന്‍ ദിനരാത്രങ്ങളെ ശരിയാംവണ്ണം ഉപയോഗപ്പെടുത്താന്‍ കുടുംബത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടത് കുടുംബനാഥനാണ്. നമ്മുടെ സഹോദരിമാരില്‍ പലര്‍ക്കും റമദാന്‍ ദിനരാത്രങ്ങളെ പുണ്യങ്ങള്‍ വാരിക്കൂട്ടാനുള്ള സുവര്‍ണാവസരമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല.
ജീവിതത്തില്‍ സംഭവിച്ച തെറ്റുകുറ്റങ്ങള്‍ക്ക് പശ്ചാത്തപിക്കാനും ദൗര്‍ബല്യം ബാധിച്ച ഈമാനിനെയും തഖ്‌വയെയും പരിപോഷിപ്പിക്കാനും തുരുമ്പ് ബാധിച്ച ഹൃദയങ്ങളെ ഖുര്‍ആന്‍ സൂക്തങ്ങള്‍ കൊണ്ട് തിളക്കമാര്‍ന്നതാക്കാനും പറ്റിയ ഈ അസുലഭ സന്ദര്‍ഭം ടെലിവിഷനു മുന്നിലും മറ്റു അനാവശ്യ കാര്യങ്ങളിലും സംസാരങ്ങളിലുമായി നഷ്ടപ്പെടുത്തുന്നത് എത്രമാത്രം ഖേദകരമാണ്. വിശിഷ്യാ ഏറ്റവും മഹത്വമേറിയ റമദാനിന്റെ അവസാന പത്ത് ദിനങ്ങളിലാണ് വസ്ത്രങ്ങള്‍ക്കും മറ്റു പര്‍ച്ചേയ്‌സുകള്‍ക്കുമായി നമ്മുടെ സഹോദരിമാര്‍ മാര്‍ക്കറ്റുകളില്‍ ചുറ്റിക്കറങ്ങുന്നത്. വിലമതിക്കാനാവാത്ത പുണ്യദിനങ്ങളും രാത്രികളുമാണ് ഇതിലൂടെ അവര്‍ നഷ്ടപ്പെടുത്തുന്നത്. അതിനാല്‍ ഈ വിഷയത്തില്‍ ഒരു പുനര്‍വിചിന്തനം അനിവാര്യമാണ്. ഒരു റമദാന്‍ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിയാതിരുന്നാല്‍ ഇനി മറ്റൊരു റമദാന്‍ ജീവിതത്തില്‍ ഉണ്ടാകുമെന്നതിന് എന്താണ് ഉറപ്പ്?
അതിനാല്‍ ആസന്നമായ റമദാനിനെ നമുക്കും നമ്മുടെ കുടുംബത്തിനും വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു ആസൂത്രണം നടത്തിയേ മതിയാവൂ. 'ശഅ്ബാനില്‍ നീ ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിയേണമേ, റമദാനിലേക്ക് നീ ഞങ്ങളെ എത്തിക്കേണമേ' എന്ന പ്രാര്‍ഥന ഉരുവിട്ട് റമദാനിനെ സീകരിക്കാന്‍ തയാറടുക്കേണ്ട സമയമാണിത്. റമദാനിന്റെ ആദ്യരാവില്‍ അല്ലാഹു സത്യവിശ്വാസികളെ കടാക്ഷിക്കുമെന്നും ആ കടാക്ഷം ലഭിച്ചവര്‍ പിന്നീട് ശിക്ഷിക്കപ്പെടുകയില്ലന്നും നബി(സ) പറഞ്ഞത് ഉള്‍ക്കൊണ്ട് റമദാനിന്റെ ആദ്യദിനം മുതല്‍തന്നെ സ്വര്‍ഗലബ്ധിക്കും നരകമുക്തിക്കും വേണ്ടിയുള്ള പ്രാര്‍ഥനകളിലും പ്രര്‍ത്തനങ്ങളിലും നാം നിരതരാവണം. അതില്‍ പ്രധാനമായത് നമ്മുടെ നോമ്പും നമസ്‌കാരവും ആണ്.
ഈമാനോടും പ്രതിഫലേഛയോടും കൂടി റമദാന്‍ നോമ്പ് അനുഷ്ഠിച്ചവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബി(സ) അരുളി. ഈമാനോടും പ്രതിഫലേഛയോടും കൂടി റമദാനില്‍ നമസ്‌കരിച്ചവന്റെയും മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നും നബി(സ) പറഞ്ഞു.
നബി(സ) റമദാന്‍ മാസത്തില്‍ മാത്രമല്ല രാത്രി നമസ്‌കരിച്ചിരുന്നത.് എല്ലാ രാവുകളിലും അദ്ദേഹം പതിവായി നമസ്‌കരിച്ചിരുന്നു. മാത്രമല്ല കുടുംബത്തെ കൂടി അദ്ദേഹം കൂടെ കൂട്ടിയിരുന്നു. 'അലി(റ)യുടെയും ഫാത്വിമ(റ)യുടെയും വാതിലില്‍ മുട്ടി' നിങ്ങള്‍ രണ്ടു പേരും എഴുന്നേറ്റ് നമസ്‌കരിക്കുന്നില്ലേ എന്ന് ഉണര്‍ത്താറുണ്ടായിരുവെന്നും ചരിത്രത്തില്‍ കാണാം. രാത്രി എഴുന്നേല്‍ക്കുകയും ഇണയെ വിളിച്ചുണര്‍ത്തുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യുന്ന സ്ത്രീപുരുഷന്മാരെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു എന്ന തിരുവചനം കൂടി ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അതിനാല്‍ റമദാനില്‍ നാം ശീലമാക്കുന്ന ഈ രാത്രി നമസ്‌കാരം (തറാവീഹ്) കുറഞ്ഞ രീതിയിലെങ്കിലും തുടര്‍ ജീവിതത്തില്‍ നിര്‍വഹിക്കേ പ്രബല സുന്നത്താണ്. പ്രതിസന്ധിഘട്ടത്തിലും പരീക്ഷണങ്ങളിലും പതറാതെ മുന്നോട്ട് ഗമിക്കാന്‍ ഇതു നമുക്ക് ശക്തിയേകും.
അതുപോലെതന്നെ ഖുര്‍ആന്‍ അവതീര്‍ണ മാസമായ റമദാനില്‍ ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും വേണ്ടി സമയത്തില്‍ നല്ലൊരു പങ്ക് നീക്കിവെക്കണം. ഖുര്‍ആനും നോമ്പും അന്ത്യദിനത്തില്‍ നിങ്ങള്‍ക്ക് ശിപാര്‍ശക്കാരായി വരുമെന്ന് നബി(സ) പറഞ്ഞത് ഓര്‍ക്കേണ്ടതാണ്. ഫര്‍ള് നമസ്‌കാരങ്ങള്‍ കൂടുതല്‍ കൃത്യനിഷ്ഠയോടും ഭയഭക്തിയോടും കൂടി നിര്‍വഹിക്കാന്‍ റമദാനില്‍ നാം പരിശീലിക്കേണ്ടതുണ്ട്. ഫര്‍ള് നമസ്‌കാരങ്ങളിലുള്ള ജാഗ്രതയേക്കാള്‍ തറാവീഹ് നമസ്‌കാരത്തോട് ജാഗ്രത കാണിക്കുന്ന അമിതാവേശം ശരിയല്ല. കാരണം ഫര്‍ള് നമസ്‌കാരം നിര്‍ബന്ധവും തറാവീഹ് നമസ്‌കാരം ഐഛികവുമാണ്. സൗകര്യപ്പെടുന്ന സ്ത്രീകള്‍ പള്ളികളില്‍ നടക്കുന്ന ജുമുഅ, ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതും പള്ളികളില്‍ സമയം ചെലവഴിക്കുന്നതും നല്ലതാണ്.
ആയിരം മാസത്തേക്കാള്‍ ഉത്തമമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ലൈലത്തുല്‍ ഖദ്ര്‍ ഈ പുണ്യമാസത്തിലാണ്. റമദാന്‍ മാസത്തിലെ അവസാന പത്തിലെ ഒറ്റ രാത്രികളില്‍ അത് പ്രതീക്ഷിക്കുക എന്ന പ്രവാചകവചനത്തിന്റെ അടിസ്ഥാനത്തില്‍ റമദാനിന്റെ അവസാനത്തെ പത്ത്, പ്രത്യേകിച്ച് ഒറ്റ രാവുകള്‍ നാം പരമാധി ഇബാദത്തുകള്‍ കൊണ്ടും പ്രാര്‍ഥനകള്‍ കൊണ്ടും ധന്യമാക്കേണ്ടതാണ്. നബി(സ) റമദാനിലെ അവസാന പത്തിനെ സ്വീകരിക്കാന്‍ അരയും തലയും മുറുക്കി തയാറെടുത്തിരുന്നുവെന്നും കുടുംബാംഗങ്ങളെ കൂടി അതിനു പ്രേരിപ്പിച്ചിരുന്നു എന്നും ഹദീസുകളില്‍നിന്ന് വ്യക്തമാണ്.
പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു മാസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന റമദാനിലെ ദിനരാത്രങ്ങള്‍ പ്രാര്‍ഥനകള്‍ കൊണ്ടും സല്‍ക്കര്‍മങ്ങള്‍ കൊണ്ടും ദാനധര്‍മങ്ങള്‍ കൊണ്ടും നാം ധന്യമാക്കേണ്ടതാണ്. റമദാന്റെ ആദ്യത്തെ പത്തില്‍ അല്ലാഹുവോട് അവന്റെ കാരുണ്യത്തിനും രണ്ടാമത്തെ പത്തില്‍ പാപമോചനത്തിനും മൂന്നാമത്തെ പത്തില്‍ നരകമുക്തിക്കും സ്വര്‍ഗലബ്ധിക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ നബി (സ) പഠിപ്പിച്ചിട്ടുണ്ട്.
റമദാന്‍ ഒരു സത്യവിശ്വാസിയുടെ ജീവിതത്തിലെ പരിശീലന ഘട്ടമാണ്. ഈ മാസത്തില്‍ നേടിയെടുത്ത ദൈവ ഭക്തിയും ആത്മസംസ്‌കരണവും തുടര്‍ന്നുള്ള ജീവിതത്തില്‍ ശക്തിയും ഊര്‍ജവും പകരുന്നതായിരിക്കണം. റമദാന്‍ അവസാനിക്കുന്നതോടു കൂടി റമദാനില്‍ നേടിയതെല്ലാം പാഴാക്കിക്കളയുന്ന ഹതഭാഗ്യരില്‍ നാം ഉള്‍പ്പെടരുത്. ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞതുപോലെ നാം റമദാനില്‍ മാത്രം പുണ്യകര്‍മങ്ങള്‍ ചെയ്യുന്നവരാകരുത്, പടച്ചവനു വേണ്ടി എന്നും പുണ്യകര്‍മങ്ങള്‍ ചെയ്യുന്നവരാവുക.