സ്വൗം, സ്വിയാം എന്നീ അറബി പദങ്ങള്‍ക്ക് സംയമനം, പിടിച്ചുനിര്‍ത്തല്‍, വേണ്ടെന്നു വെക്കല്‍
സ്വൗം, സ്വിയാം എന്നീ അറബി പദങ്ങള്‍ക്ക് സംയമനം, പിടിച്ചുനിര്‍ത്തല്‍, വേണ്ടെന്നു വെക്കല്‍ എന്നൊക്കെയാണ് സാരം. മര്‍യമി(അ)ന്റെ ഒരു പ്രസ്താവന ഖുര്‍ആനില്‍ വന്നത് ഇപ്രകാരം വായിക്കാം:
''ഞാന്‍ പരമകാരുണികനു വേണ്ടി 'സ്വൗം' നേര്‍ന്നിരിക്കുന്നു' (സൂറ മര്‍യം: 26). ഇവിടെ ആ പദം മര്‍യം(അ) ഉപയോഗിച്ചത് 'മൗനം' എന്നതിന് പകരമായിട്ടാണ് - അഥവാ സംസാരം 'വേണ്ടെന്നു വെച്ചിരിക്കുന്നു' വെന്ന് അര്‍ഥം.
റമദാന്‍ മാസം പൂര്‍ണമായും നോമ്പ് അനുഷ്ഠിക്കല്‍ ആണും പെണ്ണുമായ എല്ലാ വിശ്വാസികള്‍ക്കും- മതവിധി പ്രകാരം നിര്‍ബന്ധം (വാജിബ്) ആണ്. അഥവാ പകല്‍ മുഴുവന്‍ ഭക്ഷണം, പാനീയം, ലൈംഗികഭോഗം എന്നിവ ഉപേക്ഷിക്കണം. സംസാരം നിയന്ത്രിക്കണം. കളവ്, പരദൂഷണം, ഏഷണി എന്നിവ പാടില്ല. തെറ്റായ രീതിയിലുള്ള എല്ലാ കര്‍മപരിപാടികളും ഉപേക്ഷിക്കണം. ദുന്‍യവിയായ കാര്യങ്ങള്‍ പരമാവധി ലഘൂകരിക്കണം. വികാരത്തിലും വിചാരത്തിലും ചിന്തയിലും കര്‍മങ്ങളിലും വാക്കിലും അനുഷ്ഠാനത്തിലും പാരത്രിക കാര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കണം; അതാകുന്നു 'സ്വൗം' അഥവാ നോമ്പ്.
റമദാനിലെ നോമ്പ് റമദാനില്‍ തന്നെ അനുഷ്ഠിക്കണം. അകാരണമായി നോമ്പ് ഉപേക്ഷിക്കുന്നത് അപരിഹാര്യമായ തെറ്റാണ്. മുഹമ്മദ് നബി(സ) യില്‍നിന്ന് അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'അല്ലാഹു അനുവദിച്ച ഇളവിന്റെ അടിസ്ഥാനത്തിലല്ലാതെ ആരെങ്കിലും റമദാനില്‍ ഒരു ദിവസത്തെ നോമ്പ് ഉപേക്ഷിക്കുന്ന പക്ഷം, ഒരു കൊല്ലം മുഴുവന്‍ നോമ്പെടുത്താലും അതിന് പകരമാവുകയില്ല' (അബൂദാവൂദ്, ഇബ്‌നുമാജ, തിര്‍മിദി).
വയോവൃദ്ധന്‍, മാറാരോഗികള്‍, ഉപജീവനത്തിന് കഠിനവും ക്ലേശകരവുമായ ജോലികളില്‍ നിരന്തരം ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് റമദാനിലെ നോമ്പ് ഉപേക്ഷിക്കാന്‍ അനുവാദമുണ്ട്. അത്തരക്കാര്‍ നോമ്പിന് പകരം 'ഫിദ്‌യ' നല്‍കണം. ദരിദ്രന് ഭക്ഷണം ആണ് ഫിദ്‌യയായി നല്‍കേണ്ടത്.
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: 'പ്രായം കൂടിയവന്‍ നോമ്പ് ഉപേക്ഷിക്കുന്നതിനു പകരമായി ഓരോ ദിവസത്തിനകം ഒരു സാധുവിന് ഭക്ഷണം നല്‍കിയിരിക്കണം. പിന്നീടവര്‍ക്ക് നോമ്പനുഷ്ഠിക്കാന്‍ ബാധ്യതയില്ല' (ഇമാം ഹാകിം, ദാറഖുത്‌നി).
ഭക്ഷണത്തിന്റെ അളവിനെ കുറിച്ച് ഒരു സ്വാഅ്, അര സ്വാഅ്, ഒരു മുദ്ദ് എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. ഒരു സ്വാഅ് ഇന്നത്തെ അളവില്‍ രണ്ട് കിലോ ആകുന്നു. മുദ്ദ് അതിന്റെ 1/4 അഥവാ കാല്‍ കിലോ ആയിരിക്കും. 4 മുദ്ദ് ചേര്‍ന്നതാണല്ലോ ഒരു സ്വാഅ്. ഈ അളവുകളെല്ലാം ഓരോ കാലത്തെ ജീവിതനിലവാരം മുന്‍നിര്‍ത്തി നിര്‍ണയിക്കപ്പെട്ടതാണെന്ന് വിലയിരുത്താവുന്നതാണ്. ഈ കാലത്ത് ഒരു നോമ്പിന് പകരം ഒരു ദരിദ്രന് ഒരു ദിവസത്തെ ഭക്ഷണം നല്‍കലാണ് ഉത്തമമെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നു.
ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും
ഇരുവിഭാഗക്കാര്‍ക്കും നോമ്പിന്റെ വിഷയത്തില്‍ ഇളവുകള്‍ ഇസ്‌ലാമിക നിയമം അനുവദിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് സ്വന്തം ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്. മുലയൂട്ടുന്ന സ്ത്രീകളോടുള്ള നിലപാടും ഇതേ പ്രകാരം തന്നെയാണ്. ഇരുകൂട്ടരും നോമ്പിന് പകരമായി ഫിദ്‌യ നല്‍കിയാല്‍ മതിയാവും. ഫിദ്‌യയോടൊപ്പം ആരോഗ്യം വീണ്ടെടുക്കുന്ന അടുത്ത സന്ദര്‍ഭത്തില്‍ നോമ്പ് കൂടി അനുഷ്ഠിക്കുകയാണെങ്കില്‍ അതാണ് ഏറ്റവും ഉത്തമമായ, കൂടുതല്‍ സൂക്ഷ്മമായ നടപടി.
നോമ്പ് ഒഴിവാക്കുന്ന യാത്രക്കാര്‍ ഫിദ്‌യ നല്‍കേണ്ടതില്ല. പകരം നോമ്പ് അനുഷ്ഠിച്ചാല്‍ മതി. രോഗശമനം പ്രതീക്ഷിക്കുന്ന രോഗികളും ഫിദ്‌യ നല്‍കേണ്ടതില്ല, പകരം നോമ്പനുഷ്ഠിച്ചാല്‍ മതി. ഇനി ഒരാള്‍ ഉടനെ ഫിദ്‌യ നല്‍കുകയും പിന്നീട് സൗകര്യപ്പെടുന്ന ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ നോമ്പ് പകരം അനുഷ്ഠിക്കുകയുമാണെങ്കില്‍ അതായിരിക്കും ഏറ്റവും ഉത്തമവും കൂടുതല്‍ സൂക്ഷ്മവുമായ നടപടിക്രമം.
റജബ്, ശഅ്ബാന്‍ മാസങ്ങളെ റമദാനിന്റെ മുന്നൊരുക്ക മാസങ്ങളായി നാം കാണണം. റജബില്‍ പുണ്യമാസമെന്ന നിലക്ക് സുന്നത്ത് നോമ്പുകള്‍ അധികരിപ്പിക്കുന്നത് പ്രതിഫലാര്‍ഹമാണ്. എന്നാല്‍ റജബ് 27-ന്റെ പ്രത്യേക നോമ്പ് സുന്നത്തില്‍ സ്ഥിരപ്പെട്ടതല്ല.
ശഅ്ബാന്‍ മാസത്തിലും മുഹമ്മദ് നബി(സ) ധാരാളമായി സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിച്ചിരുന്നു.
കഴിഞ്ഞ റമദാനിലെ കടമുള്ള നോമ്പുകള്‍ വീട്ടിത്തീര്‍ത്തും സുന്നത്ത് നോമ്പുകള്‍ അധികരിപ്പിച്ചും റജബ്-ശഅ്ബാന്‍ മാസങ്ങളെ റമദാനിന്റെ മുന്നൊരുക്ക മാസങ്ങളാക്കി മാറ്റിത്തീര്‍ക്കാന്‍ നാം ജാഗ്രത പാലിക്കേണ്ടതാണ്.