സാമൂഹിക മാധ്യമങ്ങളുടെ ശക്തിയെയും സ്വാധീനത്തെയും കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ അരങ്ങേറിക്കൊണ്ടേയിരിക്കുന്നു.
സാമൂഹിക മാധ്യമങ്ങളുടെ ശക്തിയെയും സ്വാധീനത്തെയും കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ അരങ്ങേറിക്കൊണ്ടേയിരിക്കുന്നു. ബുദ്ധിപൂര്‍വം ഉപയോഗിച്ചാല്‍ പാര്‍ട്ടികളെ സര്‍ക്കാരുകളാക്കി മാറ്റാനും സൈബര്‍ വേട്ടക്കാരെ സഹായിക്കാനും ഇന്റര്‍നെറ്റിന്റെ കാണാക്കെണികളില്‍ പിഞ്ചുകുഞ്ഞുങ്ങളെ പോലും കുടുക്കാനും നിരപരാധികളായ ആളുകളെ തല്ലിക്കൊല്ലാന്‍ ജനങ്ങളെ ഇളക്കിവിടാനും പോലും ഈ മാധ്യമത്തിന് കഴിവുണ്ട് എന്നതില്‍ വലിയ സംശയമില്ല. എങ്കിലും ഇത്തരം തെറ്റായ ഉപയോഗങ്ങള്‍ക്കപ്പുറം ചില നല്ല കാര്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന കാര്യം പലപ്പോഴും പ്രതീക്ഷക്ക് വകനല്‍കുന്നു.
ഇതിനൊരു മികച്ച ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷം റമദാനില്‍ 12 സ്ത്രീകളുടെ നേതൃത്വത്തില്‍ അപരിചിതര്‍ക്കു വേണ്ടി ഇന്ത്യയുടെ പല ഭാഗങ്ങളിലെ വീടുകളില്‍ അരങ്ങേറിയ നോമ്പുതുറകള്‍. റമദാനിന്റെ തുടക്കത്തിലെ ദിവസങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട ഈ സംഗമങ്ങളില്‍ ഏകദേശം 70-ഓളം ആളുകള്‍ പങ്കെടുത്തു.
അപ്രതീക്ഷിതമായാണ് ഇത്തരമൊരു ആശയം ഉടലെടുത്തത്. ജീവിതത്തിലിതുവരെ ഒരു ഇഫ്ത്വാര്‍ സംഗമത്തില്‍ പങ്കെടുത്തിട്ടില്ലാത്തവര്‍ ആരൊക്കെയാണെന്ന നിഷ്‌കളങ്കമായ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍നിന്നായിരുന്നു തുടക്കം. പോസ്റ്റിന് കിട്ടിയ വ്യാപകവും അപ്രതീക്ഷിതവുമായ പ്രതികരണം പല മുസ്‌ലിം സ്ത്രീകളെയും ചിന്തിപ്പിച്ചു. ഞങ്ങളില്‍ പലരും കാലങ്ങളായി സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കും വേണ്ടി ഇഫ്ത്വാര്‍ വിരുന്നുകള്‍ നടത്തിവരുന്നവരായിരുന്നു. എന്നാല്‍ ഇത് അതില്‍നിന്ന് വ്യത്യസ്തമായിരുന്നു. കാരണം പ്രതികരിച്ചവരില്‍ മിക്കവരും തീര്‍ത്തും അപരിചിതരായവരായിരുന്നു.
വിരുന്നുകളില്‍ പങ്കെടുത്ത അതിഥികള്‍ മാത്രമല്ല, അത് സംഘടിപ്പിച്ച 12 ആതിഥേയര്‍ക്കും പരസ്പരം മുന്‍പരിചയമുണ്ടായിരുന്നില്ല. സമുദായമൈത്രി ലക്ഷ്യം വെച്ചു കൊണ്ട് സംഘടിപ്പിച്ച ഈ പരിപാടി പൂര്‍ണമായും വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നീ മാധ്യമങ്ങളിലൂടെയാണ് ആസൂത്രണം ചെയ്യപ്പെട്ടത്. കലുഷിതമായ ഈ കാലഘട്ടത്തില്‍ പരസ്പരം അടുത്തുവരാന്‍ അത്യാവശ്യ നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യകത മനസ്സിലാക്കിയതുകൊണ്ടാണ് സാഹിത്യകാരികളും പൈലറ്റുകളും ബ്ലോഗ് എഴുത്തുകാരും ബൈക്കെറുകളും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഭക്ഷണ-സാങ്കേതിക രംഗത്തെ വ്യവസായികളുമടങ്ങുന്ന കൂട്ടത്തിന് ഇതിനു വേണ്ടി ഇത്രയേറെ ഉത്സാഹത്തോടെ ഒത്തുചേരാന്‍ സാധിച്ചത്.
സി.എസ്.ഡി.എസിന്റെ അടുത്ത കാലത്തിറങ്ങിയ ഒരു പഠനത്തില്‍ 33 ശതമാനം ഹിന്ദുക്കള്‍ക്കും മുസ്‌ലിംകളായ ഉറ്റസുഹൃത്തുക്കളില്ലെന്ന് പ്രതിപാദിക്കുന്നുണ്ട്. ഹിന്ദു സമുദായത്തിലെ നല്ലൊരു വിഭാഗം ജനങ്ങളും ഇതുവരെ ഒരു ഇഫ്ത്വാറില്‍ പങ്കെടുക്കുകയോ മുസ്‌ലിംകളുടെ സംസ്‌കാരത്തെയും ഭക്ഷണശീലങ്ങളെയും കുറിച്ച് മനസ്സിലാക്കുകയോ ചെയ്തിട്ടില്ല എന്നല്ലേ അതിനര്‍ഥം? കുപ്രചാരകര്‍ക്ക് രണ്ട് സമുദായങ്ങള്‍ക്കുമിടയില്‍ ഇത്ര എളുപ്പത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നതിന് ഇതൊരു കാരണമല്ലേ? ഞങ്ങള്‍ക്ക് അവരെ അടുപ്പിക്കാന്‍ സാധിക്കുമോ?
''ആളുകള്‍ ഞങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും കുറഞ്ഞത് തെറ്റിദ്ധാരണകള്‍ വെച്ചു പുലര്‍ത്താതിരിക്കുകയും ചെയ്യേണ്ടത് നമ്മള്‍ ജീവിക്കുന്ന കാലത്തിന്റെ ഒരു വലിയ ആവശ്യമാണ്. ഗുര്‍ഗാവില്‍ ഒരു മുസ്‌ലിമിന് താമസിക്കാന്‍ യോഗ്യമായ ഒരു വീട് വാടകക്ക് കിട്ടാന്‍ എത്ര ബുദ്ധിമുട്ടാണെന്ന് ഞാന്‍ സ്വയം അനുഭവിച്ചറിഞ്ഞ ഒരു കാര്യമാണ്. ഭൂരിപക്ഷം ആളുകള്‍ക്കും ഞങ്ങളെക്കുറിച്ച്- നമ്മള്‍ കഴിക്കുന്നതിനെക്കുറിച്ച്, ജീവിക്കുന്നതിനെക്കുറിച്ച്, ചിന്തിക്കുന്നതിനെക്കുറിച്ച് പോലും- അങ്ങേയറ്റം തെറ്റായ ധാരണകളുള്ളതാണ് ഇതിന്റെ കാരണം. അതുകൊണ്ടാണ് പല തലങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമായി വരുന്നത്,'' ആതിഥേയരിലൊരാളായ റുക്‌സാര്‍ സലീം പറയുന്നു.
വീടിനു വേണ്ടിയുള്ള ഈ അന്വേഷണത്തിനിടയില്‍ തന്നെയാണ് റുക്‌സാര്‍ ഗുര്‍ഗാവിലെ തന്റെ വീടിന്റെ വാതിലുകള്‍ അപരിചിതര്‍ക്കു വേണ്ടി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. റൊട്ടി മുറിക്കുന്നതിനോടൊപ്പം പല തെറ്റിദ്ധാരണകളും വേരോടെ വെട്ടിമാറ്റപ്പെട്ട രാത്രിയായിരുന്നു അത്. സസ്യാഹാരം വിളമ്പിയതു കണ്ട് അത്ഭുതപ്പെട്ട പല അതിഥികളും ഈ സ്‌നേഹം തങ്ങളെ വല്ലാതെ സ്പര്‍ശിച്ചുവെന്ന് പിന്നീട് അഭിപ്രായപ്പെടുകയുണ്ടായി.
ഗുര്‍ഗാവില്‍ സംഭവിച്ചതിനെക്കുറിച്ചുള്ള കഥകള്‍ കൂടുതല്‍ ആളുകള്‍ അറിഞ്ഞതോടെ ഗുവാഹത്തി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍നിന്നുള്ള സ്ത്രീകളും ഈ നിശ്ശബ്ദ വിപ്ലവത്തില്‍ പങ്കെടുക്കാന്‍ ഉത്സാഹത്തോടെ മുന്നോട്ടു വന്നു. ഗരാരയണിഞ്ഞ ദല്‍ഹിയിലെ സ്ത്രീകള്‍ ഇഫ്ത്വാറിന് ബിരിയാണി വിളമ്പിയപ്പോള്‍ മനോഹരമായ സാരികളും തട്ടങ്ങളുമണിഞ്ഞ ഹൈദരാബാദി വനിതകള്‍ ഹലീമിന്റെ പാത്രങ്ങള്‍ നിരത്തി. പിന്നീട് ഭോപാല്‍, പൂനെ, ഡെറാഡൂണ്‍, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലും സമാനമായ ഇഫ്ത്വാറുകള്‍ സംഘടിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു. റമദാന്‍ എന്താണെന്നും എന്തിനാണെന്നും വിവരിക്കുന്ന ചെറിയ ഒരു ആമുഖ പ്രസംഗത്തോടെയാണ് ഓരോ ഇഫ്ത്വാറും ആരംഭിച്ചത്. നോമ്പുകാലം ആത്മപരിശോധനയുടെയും പ്രാര്‍ഥനയുടെയും ആരാധനയുടെയും സമയമാണെന്ന് ആതിഥേയര്‍ അതിഥികള്‍ക്ക് വിവരിച്ചുകൊടുത്തു.
സഹവാസികളെ സേവിക്കുകയെന്നതും ആരാധനയുടെ ഭാഗമാണ്. ദല്‍ഹിയില്‍ ഇഫ്ത്വാര്‍ സംഘടിപ്പിച്ച ചരിത്രകാരിയായ റാണ സഫ്‌വി പറയുന്നു: ''തമ്മില്‍ ഇത്രയേറെ തെറ്റിദ്ധാരണകളുള്ള സാഹചര്യത്തില്‍ സ്‌നേഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആതിഥേയ മര്യാദക്ക് പ്രസിദ്ധനായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പ്രവാചകന്റെ മാതൃക പിന്തുടരുക മാത്രമാണ് ഞങ്ങള്‍ ഇവിടെ ചെയ്യുന്നത്.''
ഇഫ്ത്വാറുകളില്‍ പങ്കെടുത്ത പലരും വികാരനിര്‍ഭരരായിട്ടാണ് അതിനെക്കുറിച്ച് പിന്നീട് പ്രതികരിച്ചത്. വലതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരി സരിന്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞതിങ്ങനെ: ''ഈദിനു കിട്ടുന്ന അവധിക്ക് യാത്ര പോവുന്നതിനു പകരം എന്തുകൊണ്ട് ഒരു മുസ്‌ലിം സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചുകൂടാ?'' ഈ കൂടിച്ചേരലുകള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അഭിപ്രായപ്പെട്ട സരിന്‍ 'ഇത്രയധികം വിദ്യാസമ്പന്നരും സ്വന്തം കാഴ്ചപ്പാടുകള്‍ ഇത്രയും സ്പഷ്ടമായി പ്രകടിപ്പിക്കാന്‍ കഴിവുള്ളവരുമായ മുസ്‌ലിം സ്ത്രീകളെ കണ്ടത്' തന്നെ അതിശയപ്പെടുത്തിയെന്നും കൂട്ടിച്ചേര്‍ക്കുന്നു. 'എന്റെ കണ്‍മുന്നില്‍ തന്നെ ഇവര്‍ എങ്ങനെ ഒളിച്ചിരുന്നു?' എന്നാണ് സരിന്‍ അത്ഭുതപ്പെടുന്നത്.
ഇനി വരുന്ന റമദാനില്‍ മുസ്‌ലിം സ്ത്രീകളോടൊപ്പം വിരുന്നുകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സരിനടക്കം പലരും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2017 ജൂണില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നടന്ന റാലിയില്‍ പങ്കെടുക്കാനും ഇക്കൂട്ടത്തില്‍നിന്ന് പലരും പിന്നീട് മുന്നോട്ടുവന്നു. ഭക്ഷണം പങ്കുവെക്കുന്നത് സംസ്‌കാരങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ മാത്രമല്ല, ഏറെ പ്രസക്തമായ ഒരു ചര്‍ച്ചക്ക് വഴിതുറക്കാനും ഉപകരിക്കുമെന്ന് മറ്റൊരു ആതിഥേയനായിരുന്ന പ്രഗത്ഭ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു.
ഗുവാഹത്തിയില്‍ നടന്ന വിരുന്നില്‍ സ്ത്രീകളെ ഒരുമിച്ചുകൊണ്ടുവരുന്നതില്‍ മുഖ്യ പങ്കു വഹിച്ച തെരേസ റഹ്മാന്‍ ബന്ധങ്ങള്‍ വളര്‍ത്താനും മുസ്‌ലിം സ്ത്രീകളെയും അവരുടെ വീടുകളെയും സംസ്‌കാരങ്ങളെയും കുറിച്ചുള്ള മിഥ്യാധാരണകള്‍ തകര്‍ത്തെറിയാനും ഇത്തരം സംരംഭങ്ങള്‍ അത്യാവശ്യമാണെന്ന് പറയുന്നു.
മുംബൈയില്‍ വിരുന്നൊരുക്കിയ ഡോക്ടര്‍ ഫാറൂഖ് വാരിസ് പറയുന്നു: ''ഹിന്ദുക്കളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വിവിധ വേദികള്‍ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ ഹൃദയങ്ങളും വാതിലുകളും അവര്‍ക്കു വേണ്ടി തുറന്നുകൊടുക്കുന്നതിലൂടെ അവരുമായി സംഭാഷണം ആരംഭിക്കാന്‍ കഴിയണം. അഞ്ജാതമായതിനെക്കുറിച്ചുള്ള ഭയമാണ് പലപ്പോഴും മുന്‍വിധികള്‍ സൃഷ്ടിക്കുന്നത്. ഇത് തകര്‍ത്തെറിയാനും ഒരുമിച്ചുള്ള സമാധാനപൂര്‍വമായ ജീവിതം സാധ്യമാക്കാനുമുള്ള ഞങ്ങള്‍ സ്ത്രീകളുടെ ചെറിയൊരു ശ്രമമാണിത്.''
''ഇസ്‌ലാമോഫോബിയയുടെ രൂപങ്ങളെയും അത് സൃഷ്ടിക്കപ്പെടുന്ന രീതികളെയും കുറിച്ച് ഫലപ്രദമായ സംഭാഷണങ്ങള്‍ നടത്താന്‍ ഇത്തരം വേദികള്‍ ഉപയോഗപ്പെടുത്തണം'' - പറയുന്നത് ഹൈദരാബാദ് നിവാസിയും സംഘാടകരിലൊരാളുമായ ആസിയ ഷെര്‍വാനിയാണ്. നല്ലൊരു തുടക്കം ലഭിച്ചെങ്കിലും ഭാവിയില്‍ ഇതു വെറും സൂചകസംഗമങ്ങളോ 'പാര്‍ട്ടികളോ' മാത്രമായി മാറാതിരിക്കാന്‍ ശ്രദ്ധ വേണമെന്ന് അവര്‍ ഓര്‍മപ്പെടുത്തുന്നു.
''ഇത്തരം കൂട്ടായ്മകള്‍ വരും വര്‍ഷങ്ങളില്‍ തുടരുന്നതിനൊപ്പം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നമുക്ക് എന്തൊക്കെ സാധിക്കാം എന്നതിനെക്കുറിച്ച് ക്രിയാത്മകമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കപ്പെടുകയും വേണം. ദലിതുകളെയും ഭിന്നലിംഗക്കാരെയും പോലുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെയും കൂടി ക്ഷണിച്ചുകൊണ്ട് ഇതിനെ കുറേക്കൂടി വ്യാപിപ്പിക്കേണ്ടതുണ്ട്. വളരെ ശ്രദ്ധേയമായ ഒരു തുടക്കമാണ് നമുക്ക് ലഭിച്ചത്. ഇനി വരുന്ന വര്‍ഷങ്ങളില്‍ ഇതിന് കൂടുതല്‍ വ്യാപ്തിയും പരപ്പും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' - അവര്‍ പറയുന്നു.
ഹെല്‍തിലീശ്യസ് കിച്ചണ്‍ എന്ന സ്ഥാപനത്തിലെ മുഖ്യ പാചകവിദഗ്ധയായ ഗുഞ്ജന്‍ ഹസന്‍ പ്രക്ഷോഭങ്ങള്‍ കാരണം ഡാര്‍ജിലിങിലെ ബോര്‍ഡിലിംഗ് സ്‌കൂളില്‍ കുടുങ്ങിപ്പോയ മകനെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ക്കിടയിലാണ് രാവിലെ മുതല്‍ അധ്വാനിച്ച് അതിഥികള്‍ക്കുള്ള ഭക്ഷണം തയാറാക്കിയത്. ഇതു പോലെയുള്ള നിരവധി ഉദാഹരണങ്ങള്‍ ഈ സംരംഭത്തോട് പങ്കെടുത്തവര്‍ പുലര്‍ത്തിയ ആത്മാര്‍ഥതയും താല്‍പര്യവും വെളിവാക്കുന്നു. രാഷ്ട്രീയപ്രേരിതവും മനഃപൂര്‍വവുമായ പ്രവര്‍ത്തനങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട പ്രതികൂലാന്തരീക്ഷത്തിന്റെ പ്രഭാവം ഒരളവുവരെയെങ്കിലും തടയാന്‍ ഇത്തരം മാതൃകകള്‍ക്ക് സാധിച്ചേക്കാം.
സമൂഹത്തിന്റെ ചെറിയ ചെറിയ വൃത്തങ്ങളില്‍ അരങ്ങേറുന്ന ഇത്തരം പരിപാടികള്‍ ഇനിയുമുണ്ടാകട്ടെ എന്നാണ് ഞങ്ങളുടെ പ്രാര്‍ഥന. തെറ്റായ പ്രചാരണങ്ങളോ മുന്‍വിധികളോ കാരണം ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായേക്കാവുന്ന ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ അതുമൂലം ഞങ്ങള്‍ക്ക് സാധിക്കുമായിരിക്കാം.
വിവ: സയാന്‍ ആസിഫ്