വേനലവധി തുടങ്ങി. സ്കൂള്‍ മുറികളില്‍നിന്നും പാഠപുസ്തകങ്ങളില്‍നിന്നും കുട്ടികള്‍ക്ക് ചെറിയൊരു മോചനം. ഈ രണ്ടു മാസത്തെ ഒഴിവുകാലം ശരിക്കും ആഘോഷിക്കാറാണ് പതിവ്. പാടത്തും പറമ്പത്തും കൂട്ടുകാരുമൊത്ത് കളിച്ചു തിമിര്‍ക്കും. മീന മാസത്തെ ചൂടൊന്നും അവര്‍ക്ക് പ്രശ്നമേയല്ല. മാങ്ങയും പേരക്കയും ചാമ്പക്കയും അവര്‍ക്ക് സ്വന്തം. അണ്ണാനെ പോലെ ഓടിക്കയറാന്‍ സമര്‍ഥരായിരിക്കും. കളിക്കിടയില്‍ വിണ് പരിക്കേല്‍ക്കുക സ്വാഭാവികവും.
എന്നാല്‍ രക്ഷിതാക്കള്‍ അറിയാതെ പുഴയിലും തോട്ടിലും കായലിലും പോകുന്ന കാലം കൂടിയാണ് മധ്യവേനലവധി. വെള്ളത്തിനോട് കുട്ടികള്‍ക്ക് വല്ലാത്തൊരു അഭിനിവേശമാണ്. വെള്ളം കണ്ടാല്‍ അറിയാതെ ചാടിപ്പോകും. നീരൊഴുക്കോ ആഴമോ മറ്റു ഭവിഷ്യത്തുകളോ ഒന്നും ഓര്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യില്ല. മുങ്ങിമരണങ്ങള്‍ അധികവും അവധിക്കാലങ്ങളിലാണ് സംഭവിക്കാറ്. ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വീടുകളില്‍ പോകുമ്പോഴാണധികവും. കുട്ടിയെ കാണാതാവുമ്പോഴാണ് അന്വേഷിച്ചിറങ്ങുക. അപ്പോഴേക്കും ഒരിക്കലും തിരിച്ചുവരാത്ത ലോകത്തില്‍ എത്തിയിട്ടുണ്ടാകും. അവര്ക്കൊരുക്കിവെച്ച ഉടുപ്പുകള്‍, കളിപ്പാട്ടങ്ങള്‍, ഭക്ഷണങ്ങള്‍ എല്ലാം കാണുമ്പോള്‍ കരളലിഞ്ഞുപോകും.
വാഹനാപകടം കഴിഞ്ഞാല്‍ കൂടുതലുണ്ടാകുന്ന മരണം മുങ്ങിമരണമാണ്. മുത്തം നല്കി കൈ വീശി ചെറുചിരിയോടെ പോകുന്ന പൊന്നോമനകളെ കണ്മുന്നില്നിന്ന് മായുന്നതുവരെ നോക്കി യാത്രയയക്കുമ്പോള്‍ ചേതനയറ്റ, മരവിച്ച മൃതശരീരമായി വരുന്ന ദുര്‍നിമിഷത്തെ പറ്റി ഓര്‍ത്തുനോക്കൂ. അത്തരമൊരു ദുരന്തം വരാതിരിക്കാന്‍ നാം ആവുന്നത്ര മുന്‍കരുതലെടുക്കുക.
* മുതിര്‍ന്നവര്‍ ഇല്ലാതെ ഒരു കാരണവശാലും വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുക.
* ആണ്-പെണ് വ്യത്യാസമില്ലാതെ കുട്ടികളെ നീന്താന്‍ പഠിപ്പിക്കുക.
* അവധിക്ക് ബന്ധുവീടുകളില്‍ പോകുന്ന കുട്ടികളോട് മുതിര്‍ന്നവരില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തില്‍ മീന്‍ പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ, കളിക്കാനോ പോകരുതെന്ന് പ്രത്യേകം നിര്‍ദേശിക്കുക. വിരുന്നു പോകുന്ന വീടുകളിലെ മുതിര്‍ന്നവരെയും ഇക്കാര്യം ഓര്‍മിപ്പിക്കുന്നത് നല്ലതാണ്.
* വെള്ളത്തില്‍ വെച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരം, മസ്സില് കയറുന്നത്, ചില ഹൃദ്രോഗങ്ങള്‍) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക. കൂട്ടുകാരോടും ബന്ധുക്കളോടും അത് പറയുകയും ചെയ്യുക.
* വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാല്‍ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതണമെന്ന കാര്യം ടൂറിന് പോകുന്ന ആളുകളെ ബോധ്യപ്പെടുത്തുക. ലൈഫ് ബോയ കിട്ടാനില്ലാത്തവര്‍ വാഹനത്തിന്റെ വീര്‍പ്പിച്ച ട്യൂബില്‍ ഒരു നീണ്ട പ്ലാസ്റ്റിക് കയര്‍ കെട്ടിയാല്‍ പോലും അത്യാവശ്യ സാഹചര്യത്തില്‍ ഏറെ ഉപകാരപ്രദമായിരിക്കും.
* ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തു ചാടരുതെന്ന് ബോധവല്‍ക്കരിക്കുക. കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്ത് വലിച്ചു കയറ്റുന്നത് മാത്രമാണ് സുരക്ഷിത മാര്‍ഗം.
* വെള്ളത്തില്‍ യാത്രക്കോ കുളിക്കാനോ കളിക്കാനോ പോകുന്ന സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളത്തില്‍നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുക.
* വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം ചിലപ്പോള്‍ കാണുന്നതിനേക്കാള്‍ കൂടുതലായിരിക്കാം. ചെളിയില്‍ പൂണ്ടു പോകാം, തല പാറയിലോ മരക്കൊമ്പിലോ അടിക്കാം. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് ശരിയായ രീതി.
* ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തതുകൊണ്ടു മാത്രം കുട്ടികള്‍ സുരക്ഷിതരല്ല. ബാലന്‍സ് തെറ്റി വീണാല്‍ ഒരടി വെള്ളത്തില്‍ പോലും മുങ്ങിമരണം സംഭവിക്കാം.
* സമയം ഇരുട്ടിയതിനു ശേഷം ഒരു കാരണവശാലും കുട്ടികളെ പുറത്തു വിടരുത്. ആ സമയത്ത് വെള്ളത്തില്‍ ഇറങ്ങരുത്
* തിരക്കില്ലാത്ത ബീച്ചിലോ, ആളുകള്‍ അധികം പോകാത്ത പുഴയിലോ മറ്റോ പോയി ചാടാന്‍ ശ്രമിക്കരുത്.
* സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ വെള്ളത്തില്‍ ഇറങ്ങരുത്.