കുടുംബത്തിന്റെ സംഗീതം എന്നൊരു സങ്കല്‍പമുണ്ട്. അഛന്‍, അമ്മ, സഹോദരി, സഹോദരന്‍ ഇവരെല്ലാം അടങ്ങുന്നതാണ് കുടുംബം. ഭാരതീയ സാഹചര്യത്തില്‍ മുത്തഛനും മുത്തശ്ശിയും കൂടി ഉള്‍പ്പെടുന്നതാണ് ഉദാത്ത കുടുംബം. എനിക്ക് ജീവിതത്തിന്റെ ഈ ഘട്ടത്തില്‍, സപ്തതിയോടടുക്കുമ്പോള്‍ പിറകോട്ട് തിരിഞ്ഞുനോക്കാന്‍ തോന്നിപ്പോകുന്നു.
ഈവിധ സൗഭാഗ്യങ്ങളുടെ ഏഴയലത്തുകൂടി പോകാന്‍ ബാല്യം എനിക്കവസരം നല്‍കിയില്ല. ഞാന്‍ ജനിച്ച് മൂന്നുമാസം പിന്നിട്ടതേയുള്ളൂ, അഛന്‍ ആകസ്മികമായി മരണപ്പെട്ടു. ഏഴ് മക്കളും അമ്മയും അടങ്ങുന്ന കുടുംബം. തീരാദുഃഖത്തിന്റെ ആഴക്കയത്തില്‍ അകപ്പെട്ടു. എന്റെ ഒരു പെങ്ങള്‍ പുഷ്പവതി പ്രൈമറി ക്ലാസില്‍ പോകുന്നത് മുടങ്ങി. ഉല്ലാസപ്പൂത്തിരിയുടെ നക്ഷത്രശോഭ വിതറി രാവിലെ ക്ലാസില്‍ എത്തുമായിരുന്ന കുഞ്ഞിന് എന്തുപറ്റിക്കാണും? ഇതറിയാന്‍ അവരുടെ ഒരു ടീച്ചര്‍ വീട്ടിലെത്തി. വീട്ടിലെ രംഗം കണ്ട് അവരുടെ കരളലിഞ്ഞു.
അവര്‍ പല വഴികള്‍ ആലോചിച്ചു. ഒടുവില്‍ അമ്മയോട് (കണ്ടമ്പലത്ത് അമ്മു) പറഞ്ഞു: 'വെസ്റ്റ്ഹില്ലില്‍ അനാഥ മന്ദിരമുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അവിടെ കഴിയാം. കുട്ടികള്‍ക്ക് പഠിക്കുകയും ചെയ്യാം.' ആ വാക്ക് അമൃതായി. ഞങ്ങള്‍ എല്ലാവരും അനാഥ മന്ദിരത്തിന്റെ ശീതളഛായയിലെത്തി. കെ.എന്‍ കുറുപ്പ്, എ.വി കുട്ടിമാളു അമ്മ എന്നീ ദീനബന്ധുക്കള്‍ നടത്തുന്ന സ്ഥാപനം ഞങ്ങളുടെയും സമാന സാഹചര്യങ്ങളില്‍ പെട്ട മറ്റനേകം ആളുകളുടെയും കുടുംബവീടായി മാറി.
ഞങ്ങള്‍ ഏഴ് മക്കളില്‍ അഞ്ച് ആണ്‍കുട്ടികള്‍, രണ്ട് പെണ്‍കുട്ടികള്‍ (വിശാലാക്ഷി, പുഷ്പവതി). ഞാന്‍ ഏറ്റവുമൊടുവിലത്തെ മകന്‍. അഞ്ച് വയസ്സായവര്‍ പഠിക്കാന്‍ വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ പോകണം. താമസം, പഠനം, എല്ലാം അവിടെത്തന്നെ. ഞാന്‍ അഞ്ചു വയസ്സുവരെ വെസ്റ്റ് ഹില്ലിലെ ശിശുമന്ദിരത്തില്‍. അമ്മ അവിടെത്തന്നെയുള്ള അവശമന്ദിരത്തില്‍. ഇതായിരുന്നു അവസ്ഥ. എന്റെ സമപ്രായത്തിലുള്ള കുറേ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവിടെയുണ്ടായിരുന്നു. സ്‌നേഹവ്യഹ്രതിയുടെ നിമിഷത്തില്‍ വെളിച്ചം പകര്‍ന്ന സ്ഥാപനം ജീവിതത്തിലെ പ്രകാശഗോപുരമായി.
അഞ്ചു വയസ്സായപ്പോള്‍ ഞാന്‍ വെള്ളിമാട്കുന്ന് ബാലമന്ദിരത്തിലെത്തി. അന്നവിടെ ചേച്ചി പുഷ്പവതി പഠിക്കുന്നുണ്ട്. ഞാനറിയുമ്പോള്‍ അവര്‍ ഹൈസ്‌കൂളില്‍ എത്തിയിരുന്നു. ബാലമന്ദിരത്തില്‍ താമസിച്ച് ദേവഗിരി ഹൈസ്‌കൂളില്‍ പഠിക്കുന്നു. പുറത്തുപോയി പഠിക്കുന്ന കുട്ടികളെ ഇളയവര്‍ വളരെ വിസ്മയത്തോടെ നോക്കിനില്‍ക്കും. മാറോട് ചേര്‍ത്ത് കുറേ പുസ്തകങ്ങള്‍ വെച്ചിട്ടുണ്ടാകും. അതൊരു വിസ്മയക്കാഴ്ചയാണ്. പോകുമ്പോള്‍ വഴിയില്‍ വെച്ച് എന്നെ അടുത്ത് വിളിച്ച് സ്‌നേഹചുംബനം നല്‍കും. 'മോനേ നിനക്കും ഇതുപോലെ പുറത്തുപോയി പഠിക്കാനാകും. വിഷമിക്കരുത്. ചേച്ചി നിനക്ക് സമ്മാനം തരും.' ഇങ്ങനെ പറയുമ്പോള്‍ ഉത്സാഹം തോന്നിയിരുന്നു. ചെറിയ പെന്‍സില്‍, വീണുകിട്ടിയ മാങ്ങ ഇങ്ങനെ ചില സമ്മാനങ്ങള്‍ തിരികെ വരുമ്പോള്‍ നല്‍കും. ഞാനതിന് പതിവായി കാത്തുനില്‍ക്കും.
ബാലമന്ദിരത്തില്‍ നൃത്തം, സംഗീതം ഇവ പഠിപ്പിച്ചിരുന്നു. ചേച്ചി അതിലൊക്കെ പങ്കെടുത്ത് പല സമ്മാനങ്ങളും നേടിയിരുന്നു. അതെല്ലാം ഞാന്‍ സന്തോഷത്തോടെ കണ്ടുനില്‍ക്കും. അവരുടെ കൂടെ പഠിച്ച കുറേ ചേച്ചിമാരുണ്ട്. അവര്‍ക്കും ഞാന്‍ അനുജനായിരുന്നു. സരസ, രാധ, സ്വയംപ്രഭ, കാര്‍ത്ത്യായനി, മീനു, സിന്ധ്യ, പ്രേമ, അംബിക... അങ്ങനെ കുറേപേര്‍.
പഠിത്തത്തിന്റെ കാര്യത്തില്‍ പുഷ്‌പേടത്തി എനിക്കൊരു റോള്‍മോഡല്‍ ആയിരുന്നു. പുറത്തുപോയി ഹൈസ്‌കൂളില്‍ പഠിക്കുന്നവര്‍ കേമന്മാരും കേമികളുമാണെന്ന ധാരണ മനസ്സില്‍ അന്ന് പതിഞ്ഞു. ചേച്ചി പത്താംതരം പാസ്സായി. ബാലമന്ദിരത്തിലെ കാലം പൂര്‍ത്തിയായി. കുറച്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു വിവാഹാലോചന വന്നു. ബാലമന്ദിരത്തില്‍ തന്നെ പഠിച്ച ഒരു പൂര്‍വവിദ്യാര്‍ഥി. എന്‍. കണ്ണനായിരുന്നു പ്രതിശ്രുത വരന്‍. അദ്ദേഹത്തിന് ആരുമില്ല. നന്നെ ചെറുപ്പത്തില്‍ ഏതോ നാട്ടുകാരന്‍ അനാഥമന്ദിരത്തില്‍ കൊണ്ടുവന്നാക്കിയതാണ്. അവിടെ നിന്ന് പഠിച്ചു. പോളി ടെക്‌നിക്കില്‍നിന്ന് ഒരു സാങ്കേതി കകോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെറിയൊരു ജോലിയുണ്ട്. എക്‌സ്‌റേ അറ്റന്‍ഡര്‍.
'ആരുമില്ലാത്തവന് വല്ലവരും പെണ്ണു കൊടുക്കുമോ? നമ്മുടെ മോള്‍ക്ക് വീടും ബന്ധുക്കളും വേണ്ടേ?' ഈ ചോദ്യം അമ്മയും ചോദിച്ചു.
'നമുക്ക് ആരാണ് ഇല്ലാത്തത്.! എന്നിട്ട് ആപത്ത് വന്നപ്പോള്‍ ആരാണുണ്ടായത്.' ജ്യേഷ്ഠന്റെ ഈ ചോദ്യത്തോടെ ആ ആശങ്കയുടെ മുനയൊടിഞ്ഞു. ഒരു ബന്ധുവുമില്ലാത്ത ഒരാള്‍ക്കാണ് എന്റെ ചേച്ചിയെ വിവാഹം കഴിച്ചുകൊടുത്തത്. എന്നാല്‍ ആ ദാമ്പത്യം വളരെ സഫലവും സാര്‍ഥകവുമായി മാറി. മെഡിക്കല്‍ കോളേജ് കാമ്പസില്‍ ദീര്‍ഘകാലം അവര്‍ താമസിച്ചു. പിന്നീട് ലോണ്‍ വാങ്ങി ഒരു വീടുവെച്ചു. മൂന്ന് മക്കള്‍ക്കും കോളേജ് വിദ്യാഭ്യാസം നല്‍കി. ആ കുടുംബം ഒരുവിധം കരപറ്റിയത് കാണാന്‍ ഞങ്ങള്‍ സഹോദരങ്ങള്‍ക്കും അമ്മക്കും സൗഭാഗ്യമുണ്ടായി.
അവര്‍ക്കൊരു കുഞ്ഞ് പിറന്നപ്പോള്‍ വീട്ടില്‍ ഉത്സവമായിരുന്നു. ഗുരുവായൂരില്‍ വെച്ച് മകളുടെ ചോറൂണ് ചടങ്ങ് നടത്തി. ഇളയ അനുജന്‍ എന്ന നിലയില്‍ എന്നെയാണ് അതിന് തെരഞ്ഞെടുത്തത്. സനാഥത്വത്തിന്റെ വെളിച്ചം ആ കുടുംബത്തിന് ലഭിക്കുകയായിരുന്നു.
സഹോദരങ്ങള്‍ക്ക് കൊച്ചു ജോലികളും വരുമാനവുമായപ്പോള്‍ ഞാന്‍ തുടര്‍ന്നു പഠിച്ചു. കോളേജ്, യൂനിവേഴ്‌സിറ്റി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് യൂനിവേഴ്‌സിറ്റി ഹിന്ദി പ്രഫസറായി. രാഷ്ട്രപതിയില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചു. ഇതെല്ലാം ചേച്ചിക്ക് നല്‍കിയ സന്തോഷത്തിന്റെ മാറ്റ് ഞാന്‍ മനസ്സിലാക്കി.
പുഷ്‌പേടത്തിയും കണ്ണേട്ടനും അവര്‍ക്ക് പരിചിതരായവരോട് എന്നെക്കുറിച്ച് വളരെ മതിപ്പോടെ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നു. ഞാന്‍ വിവാഹിതനായപ്പോള്‍ ചേച്ചി വധുവിന്റെ കഴുത്തില്‍ മംഗല്യസൂത്രത്തിന്റെ കൊളുത്തിട്ട് കെട്ടുന്ന രംഗം എന്റെ മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല.
വീടും കുടുംബവുമായി ഞങ്ങള്‍ സഹോദരങ്ങള്‍ ഒരുമിച്ചു കഴിഞ്ഞിരുന്നില്ല. എന്നാല്‍ സാഹോദര്യത്തിന്റെ കണ്ണികള്‍ക്ക് ഉറപ്പേകാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു. അമ്മയുടെ ഷഷ്ടിപൂര്‍ത്തി വെസ്റ്റ്ഹില്‍ അനാഥമന്ദിരത്തില്‍ സദ്യ നല്‍കിക്കൊണ്ടാണ് ഞങ്ങളുടെ കുടുംബം ആഘോഷിച്ചത്. അന്ന് ഞാന്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മുതിര്‍ന്ന സഹോദരങ്ങള്‍ കാണിച്ചുതന്ന മാതൃക എനിക്ക് വലിയ പ്രചോദനമേകിയിട്ടുണ്ട്.
അനാഥ മന്ദിരത്തിലും കുഷ്ഠരോഗാശുപത്രിയിലും സദ്യയും മധുരപലഹാരങ്ങളും നല്‍കിയാണ് പുഷ്‌പേടത്തിയുടെ കുടുംബം ജീവിതത്തിലെ സ്മരണീയ ദിനങ്ങള്‍ ആചരിക്കുന്നത്. മന്ദിരത്തിലെ പൂര്‍വ അന്തേവാസികളെ സ്വന്തം സഹോദരീസഹോദരന്മാരെ പോലെ സ്വീകരിക്കുന്നതിലും സല്‍ക്കരിക്കുന്നതിലും ഈ കുടുംബം എന്നും ഉദാരത കാണിച്ചുവന്നു.
2009-ല്‍ പെങ്ങള്‍ പുഷ്പവതി അന്തരിച്ചു. കുറച്ചുകാലം അവര്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍, നാളെ രാവിലെ വന്നു കാണുന്നതാകും സൗകര്യമെന്ന് ജ്യേഷ്ഠന്‍ പറഞ്ഞിരുന്നു. എന്നാല്‍ രാവിലെയാകാന്‍ കാക്കാതെ പെങ്ങള്‍ ഞങ്ങളെ വിട്ടുപോയി. അവരുടെ ഭൗതിക ശരീരം വീട്ടില്‍ കിടത്തിയപ്പോള്‍ വളരെ വികാരസാന്ദ്രമായ ഒരു രംഗമുണ്ടായി. അവരേക്കാള്‍ മുതിര്‍ന്ന സഹോദരി വിശാലേടത്തി ഇങ്ങനെ പറഞ്ഞു:
'ഞങ്ങള്‍ നിന്നേക്കാള്‍ പ്രായംകൊണ്ട് മൂത്തവര്‍ ജീവിച്ചിരിക്കെ നിനക്കിങ്ങനെ സംഭവിച്ചല്ലോ കുട്ടീ. ഈ ദുഃഖവും കൂടി ഞങ്ങള്‍ സഹിക്കേണ്ടിവന്നല്ലോ...'
ജീവിതത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ദുഃഖദുരിതങ്ങള്‍ ക്രമേണ അകലുകയും വളരെ ഭദ്രമായ ഒരു കുടുംബ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്തത് ചേച്ചിയുടെ ഒരു സൗഭാഗ്യം തന്നെയാണ്. ദൈവാനുഗ്രഹം അവര്‍ക്ക് നന്നായി ലഭിച്ചിട്ടുണ്ട്. എനിക്ക് ബാല്യത്തില്‍ ലഭിച്ച ചേച്ചിയുടെ സ്‌നേഹത്തലോടലിന്റെ മാധുര്യവും സ്‌നിഗ്ധതയും ഞാനിപ്പോഴും അനുഭവിക്കുന്നുണ്ട്.