ആച്ചുട്ടിത്താളം-20
ഭക്ഷണം കഴിച്ച് മുറ്റത്തിറങ്ങി ചെടികള്‍ക്കിടയിലൂടെ നടന്നു. അബ്ബ ചാരു കസേരയില്‍ തന്നെയാണ്. മുഖത്തു പതിവു പുഞ്ചിരി. കണ്ണടച്ചു കിടക്കുന്ന രൂപത്തെ വെറുതെ നോക്കി നിന്നു. മുഖത്തെ വെള്ളിക്കാടിന് തെളിച്ചം കൂടിയിട്ടുണ്ടോ? പതിവില്ലാത്ത ഒരു ക്ഷീണമുണ്ട് മുഖത്ത് എന്നു തോന്നി. കണ്‍പോളകള്‍ക്ക് ഒരു തടിപ്പ്. അസ്വസ്ഥത കൂടുന്നതറിഞ്ഞു.
'ഒരു വിടവാങ്ങല്‍ എല്ലാറ്റിനുമുണ്ട്.'
അമ്പരന്നു. ആ ചുണ്ടുകള്‍ ചലിച്ചുവോ? എപ്പോള്‍? ഒന്നും മിണ്ടിയില്ല. എന്നോട് തന്നെയാണ്.
'മരുന്നുകള്‍ അവധി നീട്ടിക്കൊണ്ടുപോകാന്‍ ഉപകരിക്കും. തീരം അടുത്തെത്തിയ സന്തോഷവാന് നീട്ടലിന്റെ ആവശ്യമില്ലല്ലോ.'
കണ്ണുകള്‍ തുറന്നിട്ടില്ല. ജീവിതത്തോട് സ്‌നേഹത്തോടെയല്ലാതെ സമീപിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. കൈകാലുകള്‍ തളര്‍ന്ന് നിരങ്ങിനീങ്ങുമ്പോഴും ആ ജീവിതത്തെ സ്‌നേഹിക്കണമെന്ന് പഠിപ്പിച്ച ആളാണ്. ഇപ്പൊ എന്തുപറ്റി?
'ജീവിക്കണംന്ന് പിടഞ്ഞാഗ്രഹിക്കുമ്പൊ വിട്ട് പോണവര്ണ്ടല്ലോ. അപ്പൊപിന്നെ കിട്ടിയവര്‍ നീട്ടിക്കൊണ്ടു പോകന്നെയല്ലെ വേണ്ടേ?'
'സ്‌നേഹിക്കണ്ടാ എന്നല്ല കുട്ടീ...പുല്ലിനും പുഴുവിനും സകല ജീവിതത്തിനും ഒരവസാനമുണ്ടെന്ന് പറയേയിരുന്നു.'
'ആബിദ കൊറച്ചീസായി ഇങ്ങനെ വിളിക്കാന്‍ തൊടങ്ങീട്ട്. ഓള്‍ക്ക് ഒറ്റക്ക് മടുത്തിട്ടുണ്ടാവും.' നെഞ്ചിലൊരാളല്‍. തണല്‍മരങ്ങളേ നിങ്ങളുടെ ഇലകള്‍ കൊഴിഞ്ഞുവീണാല്‍ പിന്നെയെവിടെയൊരു തണുപ്പ്? ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു. അടുക്കളയുടെ മൂലയില്‍നിന്ന് സെന്തിലെണീറ്റു. കലങ്ങിയ കണ്ണുകള്‍ അവന്‍ ചിമ്മിക്കളഞ്ഞു. എല്ലാം കേട്ടിട്ടുണ്ടാവും. ആബിമ്മ പോയപ്പോള്‍ തേങ്ങിത്തളര്‍ന്ന അവനെ ആശ്വസിപ്പിക്കാനാണ് ഏറെ പണിപ്പെട്ടത്. ഇനിയിപ്പൊ അബ്ബ എന്ന തണല്‍കൂടി നഷ്ടപ്പെടുന്നത് അവന് ചിന്തിക്കാന്‍ പോലും പറ്റ്ണുണ്ടാവില്ല.
സുബ്ഹ് നിസ്‌കാരത്തിന് പള്ളിയില്‍ പോകുന്നത് ഇത്തിരി നേരത്തേയായിരുന്നു. നടവഴി കടന്ന് റോഡിലെത്തിയപ്പോള്‍ ഒരു ഞരക്കം. വഴിയരികില്‍ കിടന്ന് പനിച്ചു ഞരങ്ങുന്നു ഒരു പയ്യന്‍. ആ ചുട്ടുപൊള്ളുന്ന പനിച്ചൂടിന് അബ്ബ മരുന്നായി. ആബിമ്മ കൂട്ടായി. പനി മാറി കുളിച്ചു നില്‍ക്കുമ്പോള്‍ കറുകറുത്ത അവന്റെ മുഖം തിളങ്ങി. ആബിമ്മ അവന്റെ നെറ്റിയില്‍, എന്നോ ഒരുക്കൂട്ടി, ഒരു തൊട്ടിലിന്റെ താരാട്ടിനും പകര്‍ന്നുകൊടുക്കാനാവാതെ പൊടി മൂടിപ്പോയ സ്‌നേഹമുത്തം കഴുകിത്തുടച്ച് വെച്ച് കൊടുത്തു. സെന്തിലെന്ന പത്തു വയസ്സുകാരന്‍ അതിന്റെ ചൂട് താങ്ങാനാവാതെ പിടഞ്ഞു. പിന്നെ അമ്മയെന്ന അവനോര്‍മയില്ലാത്ത സ്‌നേഹതീരത്തിന്റെ കുളിര്‍മയില്‍ ചാഞ്ഞുറങ്ങി.
പട്ടിണി കിടക്കാന്‍ സെന്തിലിനെത്രയുമാകും. അവന്റെ ശരീരം അതിനു പാകമാണ്. സ്‌നേഹമില്ലാതെ അവനിനി ഒരടിയും മുന്നോട്ടു പോകാനാവില്ല. ജനിച്ച നാടിന്റെയും വീടെന്നു പറയുന്ന നാല് മുളന്തൂണിന്റെയും ഓര്‍മ വല്ലതും അവനിലിപ്പോള്‍ അവശേഷിക്കുന്നുണ്ടാവുമോ? ഓര്‍മവെക്കും മുമ്പേ അച്ഛനുമമ്മയും പോയ അവനും മുരുകനും തമ്മില്‍ സാമ്യങ്ങളേറെയെന്നു തോന്നി. പിന്നെ ആരായിരിക്കും പത്തു വയസ്സിന്റെ നിഷ്‌കളങ്കതയെ വീട്ടുപണിയുടെ പ്‌രാക്കുകളിലേക്ക് വലിച്ചെറിഞ്ഞത്? ഏതു തമ്പുരാക്കന്മാരുടെ കോട്ടയില്‍നിന്നാവും അവന്‍ ജീവനും കൊണ്ടോടിയിട്ടുണ്ടാവുക? പിടിച്ച കൈയിന്റെ ബലം അവനെ നിവര്‍ന്നു നിര്‍ത്തി. സ്‌നേഹത്തിന്റെ തൈലമവന്റെ മുറിവുണക്കി. ഇനിയവന് വീണ്ടുമാ മുറിവുകള്‍ സഹിക്കാനാവില്ല.
അവന്റെ പുറത്ത് വെറുതെ തടവി. അവന്‍ തേങ്ങിയില്ല. ഒരു തേങ്ങല്‍ എന്റെ നെഞ്ചില്‍ കുറുകുന്നുണ്ടെന്നു തോന്നി. ഉച്ചക്ക് പള്ളിയില്‍ പോകുന്ന വെള്ളരൂപത്തെ പിന്നില്‍ നിന്ന് ശ്രദ്ധിച്ചു. നടത്തത്തിന് ഒരു ഉലച്ചില്‍ പോലെ. വളഞ്ഞ കാലുള്ള നീളന്‍ കുട ഊന്നിനു വേണ്ടിയാണെന്ന് ബോധ്യപ്പെട്ടു. മനസ്സില്‍ പ്രാര്‍ഥന നിറഞ്ഞു. 'പടച്ചോനേ...... കാക്കണേ....'
'മോനൂ അബ്ബ ഇന്ന് എന്താ കഴിച്ചെ?'
'കഞ്ഞി കുടിച്ചു ഇത്താത്താ. കൊറച്ചെ കുടിച്ചുള്ളൂ.'
സെന്തിലിന്റെ മുഖത്ത് ആധി. ചിന്തകളുടെ ലോകത്ത് രണ്ടു പേരും നഷ്ടമുഖങ്ങളായി.
കാളിംഗ് ബെല്ലിന്റെ ശബ്ദത്തിനപ്പുറത്ത് ചിരിക്കുന്ന വെള്ളിമുഖം. പിറകില്‍ ഇക്ക.
'പള്ളീന്ന് കിട്ടീതാ'
അബ്ബ ഇക്കയെ ചൂണ്ടി. ഇക്കയുടെ മുഖത്തും ഉണ്ട് ഉത്കണ്ഠ. സാവകാശമാകാം എന്ന് കണ്ണടച്ചു.
ചോറുണ്ട് പതിവു സംസാരത്തിനിരിക്കെ ഇക്ക തൊണ്ടയനക്കി:
'ഞാന്‍ സുല്‍ഫിക്കറിന് വിളിച്ചിരുന്നു. ഒന്ന് പോകാം.'
ഇക്കയും ഡോക്ടറും ഒന്നിച്ച് പഠിച്ചതാണ്. രണ്ടുപേരും അബ്ബയുടെ ശിഷ്യര്‍. ഒളിച്ചു കളിക്കുന്ന കുഞ്ഞ് കണ്ടുപിടിക്കപ്പെട്ട ഭാവം അബ്ബയുടെ മുഖത്ത്. പോരുന്നില്ല എന്ന വാശി കണ്ടില്ല. ബനിയനുമേല്‍ അബ്ബ കുപ്പായമെടുത്തിടെ ഇക്ക ചോദിച്ചു.
'നീ വരുന്നോ?'
ഉവ്വെന്നു തലയാട്ടി. രണ്ടു പേരുടെയും പിറകിലായി ഒന്നും മിണ്ടാതെ നടന്നു.
ഡോക്ടറുടെ വീടിന്റെ ഒതുക്കു കയറവെ വേച്ചുപോയ അദ്ദേഹത്തെ ഇക്ക താങ്ങി. ഡോക്ടറുടെ റൂമിലെത്തിയപ്പോഴേക്കും ആ ചിരി അദ്ദേഹം വീണ്ടെടുത്തു.
രക്തത്തിന്റെയും മൂത്രത്തിന്റെയും വിശദമായ പരിശോധനക്ക് ഡോക്ടര്‍ കുറിച്ചു. റിസള്‍ട്ട് ആകുമ്പോള്‍ നാളെ ഞാന്‍ വിളിക്കാം എന്ന വാക്കില്‍ ഒതുക്കിറങ്ങി.
തിരിച്ച് വീട്ടിലെത്തുമ്പോള്‍ അബ്ബ കിതക്കുന്നുണ്ടായിരുന്നു. അല്‍പം കിടക്കട്ടേയെന്ന് അദ്ദേഹം കിടക്കയിലേക്ക് ചാഞ്ഞു.
ഇക്ക പുസ്തകത്തിലേക്ക് തലപൂഴ്ത്തിയപ്പോള്‍ സെന്തിലിനൊപ്പം തൊടിയിലെ തണലിലേക്കിറങ്ങി. ഈ വീട്ടില്‍ വെച്ചാണ് ഇക്ക പെണ്ണുകാണാന്‍ വന്നത്. ട്രെയ്‌നിംഗ് കോഴ്‌സ് കഴിഞ്ഞതിന്റെ പിറ്റേന്ന് അബ്ബ വിളിപ്പിച്ചു. സബൂട്ടിനീം കൂട്ടി വീട്ടിലേക്കു വാ എന്നു പറഞ്ഞ് ധൃതിയിലൊരു നടത്തം. വീട്ടിലേക്കു കയറുമ്പോള്‍ ചായകുടിച്ചിരിക്കുന്ന ആളെ കണ്ടു. ചിലപ്പോഴൊക്കെ അബ്ബയുടെ കൂടെ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. വൈകുന്നേരം കിളിപ്പാത്രത്തില്‍ വെള്ളമൊഴിക്കാന്‍ സെന്തിലിന്റെയും സബൂട്ടിയുടെയും കൂടെ തൊടിയിലിറങ്ങി.
പൂത്തു നില്‍ക്കുന്ന മരുതു മരത്തിനടുത്തു നിന്ന് അദ്ദേഹത്തിന്റെ സാന്നിധ്യം തന്ന് അവര്‍ രണ്ടു പേരും അടുത്ത കിളിപ്പാത്രം ലക്ഷ്യമിട്ടു.
'ഞാന്‍ തന്നെ കെട്ടാന്‍ പോകാണ്. താനെന്തു പറയ്ണു?'
ചോദ്യത്തില്‍ അമ്പരന്ന് വാ പൊളിച്ചു നിന്നു.
'കാര്യായിട്ടാണെടോ. ആകെയുള്ളത് ഇത്തിരി സ്‌നേഹാണ്. അത് തരാം. സമ്മതാണെങ്കി ആലോചിച്ച് പറഞ്ഞോളൂ.'
വന്ന വഴിയെ തിരികെ പോയി അദ്ദേഹം.
സബൂട്ടിയുടെ തലക്കൊരു കൊട്ട് കൊടുത്തു.
'ജെ ന്താടാ ന്നെ ഒറ്റക്കാക്കി പോന്നത്'
സെന്തിലിന്റെ ചെവിക്ക് ഒരു പിച്ചും കൊടുത്തു.
'അന്നോടും കൂടിയാണ്.' അവര്‍ രണ്ടുപേരും കുലുങ്ങിച്ചിരിച്ചു.
'അബ്ബ പറഞ്ഞിട്ടാ'
'ഓ അത് ശരി. അപ്പൊ എല്ലാരും അറിഞ്ഞിട്ടുള്ള കളിയാണ്.'
വീട്ടിലെത്തുമ്പോള്‍ അദ്ദേഹം പോയിരിക്കുന്നു. അബ്ബയുടെ മുഖത്ത് ചിരി.
'ഒരു സ്റ്റൈലന്‍ പരിപാടി ല്ലെ?' ഒന്നും മിണ്ടിയില്ല. ആകെ ഒരു ചമ്മല്‍. തല താഴ്ത്തിയിരുന്നു.
'മോളേ നല്ല പയ്യനാണവന്‍. സ്‌നേഹള്ളോന്‍. ജീവിക്കാനുള്ള വരുമാനണ്ട്. ഉമ്മയും ബാപ്പയും ബന്ധുക്കളും ണ്ട്.'
കണ്ണു നിറഞ്ഞ് സമ്മതം മൂളി. അദ്ദേഹവും ഏതോ ഓര്‍മയില്‍ കണ്ണു നിറച്ചു. ആബിമ്മയുടെ നെയ്യപ്പപാത്രം മനസ്സില്‍ തട്ടി ചിതറിത്തെറിച്ചു. നാലുപാടും പരന്നു കിടക്കുന്ന ചുവന്ന നെയ്യപ്പങ്ങള്‍....ഒരു നെടുവീര്‍പ്പോടെ എഴുന്നേറ്റു.
'വീട്ടില്‍ പറയണം. ഞാന്‍ തന്നെ പറഞ്ഞോളാം.'
അബ്ബയുടെ നെടുവീര്‍പ്പില്‍ സ്‌നേഹമറിഞ്ഞു പിറ്റേന്ന് രാവിലെ എന്നെയും കൂട്ടി വീട്ടിലേക്കു പുറപ്പെടുമ്പോള്‍ സെന്തിലും സബൂട്ടിയും ഒപ്പംകൂടി. ഇല്ലെങ്കില്‍ തിരിച്ചുവരുമ്പോള്‍ അബ്ബ ഒറ്റക്കാകുമല്ലോ. മൂന്നു പേരും ആദ്യമായിട്ടാണ് വീട്ടിലേക്ക്. യാത്രയില്‍ മനസ്സ് ആച്ചുട്ടിയിലേക്കു പാഞ്ഞു. കാച്ചിത്തുണിയും പുള്ളിക്കുപ്പായവുമിട്ട് പുതുപെണ്ണായി ചമഞ്ഞ ആച്ചുട്ടി. ആച്ചുട്ടിയുണ്ടെങ്കില്‍ ഇപ്പോള്‍ എത്ര സന്തോഷമായേനെ. ന്റെ കുട്ടിന്റെ കല്യാണത്തിന് ആച്ചുട്ടിക്ക് ഈ കളറുള്ള തട്ടം മേങ്ങണം. പറിച്ചുകൂട്ടിയ തെച്ചിപ്പഴത്തിന്റെ ചോപ്പ് നോക്കി ആച്ചുട്ടി ചിരിക്കുന്നത് ഓര്‍ത്തു. ആബിമ്മ മോളേ എന്ന് പറഞ്ഞ് പുറത്തുഴിഞ്ഞു. ആകെക്കൂടി സങ്കടംവന്ന് പൊതിഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. അടുത്തിരിക്കുന്ന സബൂട്ടി വെപ്രാളപ്പെട്ടു.
''ഇന്തേ ഇത്താത്ത?'
'ഒന്നുല്ല സബൂട്ടീ'
'പിന്നെ, ഇത്താത്താക്ക് ആളെ ഇഷ്ടായിട്ടില്ലേ?'
അവന്‍ കൈകളില്‍ മുറുകെ പിടിച്ചു.
'ഇത്താത്താ.... ആളുകള്‍ കാണും കണ്ണ് തുടക്ക്'
കണ്ണുകള്‍ തുടച്ച് അവന്റെ നേരെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അവന്റെ കണ്ണും ചുവന്നിരിക്കുന്നു.
'എടാ..... എനിക്കിഷ്ടാണ് അതല്ല ഞാനെന്തോ ഓര്‍ത്തതാ....'
അവന്‍ കൈകളില്‍ പതുക്കെ തടവി. ഞാനവന്റെ മുഖത്തേക്ക് നോക്കി പതുക്കെ കണ്ണടച്ചു. അവന്‍ ചിരിച്ചു. ഞാനും.
വീട്ടിലെത്തിയപ്പോള്‍ ഉമ്മ ബേജാറായി.
'പടച്ചോനെ....ഓല്ക്ക് എത്താ കൊട്ക്കാ...?'
ചായയും നടുതലക്കിഴങ്ങിന്റെ പുഴുക്കും ചമ്മന്തിയും വെച്ചു കൊടുക്കേ ഉമ്മയുടെ ഹൃദയം നുറുങ്ങുന്നത് അറിഞ്ഞു. പക്ഷേ, മൂന്നു പേരും വയറു നിറയെ കഴിച്ചു.
'ചോറിന് നില്‍ക്ക്ണില്ല.' അത് ഞാന്‍ സമ്മതിച്ചില്ല. നിര്‍ബന്ധിച്ചു. ഉമ്മയുടെ പുള്ളിച്ചിക്കോഴീനീം കൊണ്ട് അനിയന്‍ ചെറ്യമൊല്ലാക്കാന്റെ അടുത്ത്ക്ക് പാഞ്ഞു. അബ്ബ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ ഉമ്മ കണ്ണു നിറച്ചു നിന്നു.
'ഓളൊര് കരക്ക് എത്തീട്ട് ഇഞ്ചെ കണ്ണ് അടഞ്ഞാ മതീന്നാ എപ്പളും ള്ള തേട്ടം.'
യാത്രയാക്കാന്‍ കൂടെ ചെല്ലുമ്പോള്‍ സബൂട്ടിയുടെ മുഖം മാറ്ണത് ശ്രദ്ധിച്ചു.
'ഇത്താത്ത എന്നാ വരാ?'
'ഇന്റെ പഠനം തീര്‍ന്നിലെ സബൂട്ടീ....ഞ്ഞ് എപ്പളും അവിടെ വന്ന് നില്‍ക്കാന്‍ പറ്റ്വോ?'
അവനൊന്നും മിണ്ടിയില്ല.
'ഇടക്ക് അബ്ബയുടെ കൂടെ നില്‍ക്ക് ട്ടൊ.'
അവന്‍ തലയാട്ടി. അവര്‍ ബസ് കയറുന്നതും നോക്കി നിന്നു. എന്തോ നഷ്ടപ്പെടുന്ന പോലെ. നെഞ്ചിലൊരു കനം. തിരിഞ്ഞു നടന്നു. റബ്ബര്‍ തോട്ടത്തില്‍ കാറ്റിനനക്കമില്ല. ആകാശം നരച്ചുതന്നെ കിടന്നു.