കേരളത്തില്‍ പുരുഷ വോട്ടര്‍മാരെ അപേക്ഷിച്ച് സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍, അതുകൊണ്ടുതന്നെ നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകളുടെ വോട്ട് അമൂല്യം തന്നെ. ഈയൊരു കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണ് സ്ത്രീ- പുരുഷ ഭേദമന്യെ ഒരു സര്‍വേ നടത്താന്‍ തുനിയുന്നത്.
1996-ല്‍ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളൊക്കെ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രിയെന്ന ആശയത്തിന് പച്ചക്കൊടി കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്‍.ഡി.എഫ്, മാഡം സുശീലാ ഗോപാലനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിച്ചുകൊണ്ട് വോട്ട് തേടി. പിന്നാക്ക സമുദായാംഗമെന്ന പരിഗണനയും (ഈഴവ) മാഡം സുശീലാ ഗോപാലനുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍, എല്‍.ഡി.എഫ് വിജയിക്കുകയും മാഡം സുശീലാ ഗോപാലനോട് മുഖ്യമന്ത്രി പദമേറാന്‍ ഒരുങ്ങിയിരിക്കാനും സൂചനയുണ്ടായതായി മാഡം സുശീലാ ഗോപാലന്‍ എന്നോട് ഫോണില്‍ പറയുകയുണ്ടായി. മാഡം സുശീലാ ഗോപാലന്‍, തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ താമസിക്കുമ്പോള്‍ അവിടേക്കാണ് ഞാന്‍ ഫോണ്‍ ചെയ്തത്, മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്ന വിവരം പ്രഖ്യാപിച്ചാല്‍ എനിക്ക് ഇന്റര്‍വ്യൂ നല്‍കണമെന്ന് മാഡം സുശീലാഗോപാലനോട് ചോദിച്ചത്. രാത്രി ഏഴരക്ക് ഞാന്‍ അപ്പോയ്ന്റ്‌മെന്റ് ഫിക്‌സ് ചെയ്യുകയും ചെയ്തു.
എ.കെ.ജി സെന്ററിലേക്ക് പോകുംമുമ്പ് വൈകിട്ടുള്ള തിരുവനന്തപുരം ദൂരദര്‍ശന്റെ മലയാളം വാര്‍ത്ത കേട്ടിട്ട്, എന്താണ് ലെയ്റ്റസ്റ്റ് പുരോഗതി എന്നൊന്ന് നോക്കാം എന്ന് വിചാരിച്ച് തിരുവനന്തപുരത്തുള്ള എന്റെ ബന്ധുവിന്റെ വീട്ടിലെ ടി.വി കാണാന്‍ കയറി (ഞാന്‍ താമസിച്ച ഹോട്ടലില്‍ ടി.വി റൂമിലുണ്ടായിരുന്നില്ല എന്നതുകൊണ്ട് ടി.വി കേള്‍ക്കാനായി മാത്രം ബന്ധുവീട്ടില്‍ ചെന്നു).
ചിലരൊക്കെ പ്രതീക്ഷിച്ചതു പോലെ നായനാര്‍ ഗ്രൂപ്പ് പിടിമുറുക്കുകയും മുഖ്യമന്ത്രി പദത്തിന് സഖാവ് മിസ്റ്റര്‍ ഇ.കെ നായനാര്‍ക്ക് നറുക്ക് വീഴുകയും ചെയ്തുവെന്ന ദൂരദര്‍ശന്‍ വാര്‍ത്തയാണ് ഞാന്‍ കേട്ടത്. കേരളത്തിലെ പ്രഥമ വനിതാ മുഖ്യമന്ത്രിയാകാന്‍ പോകുന്ന വ്യക്തിയെ (മാഡം സുശീലാ ഗോപാലനെ) ഫോണില്‍ വിളിച്ച് ഞാന്‍ അഭിമുഖ സംഭാഷണത്തിന് അനുവാദം തേടിയിരുന്നുവെങ്കിലും മിസ്റ്റര്‍ ഇ.കെ നായനാര്‍ക്ക് നറുക്ക് വീണതുകൊണ്ട് പിന്നീട് മാഡം സുശീലാ ഗോപാലനെ ഇന്റര്‍വ്യൂ ചെയ്യേണ്ടതില്ലല്ലോ. താന്‍ തന്നെ മുഖ്യമന്ത്രി പദത്തിന് തെരഞ്ഞെടുക്കുമെന്ന വിശ്വാസം മാഡം സുശീലാഗോപാലനുണ്ടായിരുന്നതായി ഫോണ്‍ സംഭാഷണത്തിലൂടെ എനിക്ക് ബോധ്യമായിരുന്നു. ആ അവസരം നഷ്ടപ്പെട്ടതിന്റെ മനഃപ്രയാസത്തിലുള്ള മാഡത്തിനെ കാണാതെ ഞാന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് മടങ്ങുകയും ചെയ്തു.
പ്രചാരണത്തിലുടനീളം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കൊട്ടിഘോഷിക്കപ്പെട്ട മാഡത്തിന് അങ്ങനെ ആ അവസരം നഷ്ടപ്പെട്ടു. ഇങ്ങനെയൊരനുഭവം ഉണ്ടായതുകൊണ്ടുതന്നെ പിന്നീടുള്ള വര്‍ഷങ്ങളില്‍ നൂറുകണക്കിന് വ്യക്തികളെ ഇന്റര്‍വ്യൂ ചെയ്ത് ഒരു വനിതാ മുഖ്യമന്ത്രി അനിവാര്യമോ? എങ്കില്‍ അവര്‍ എവ്വിധം ഗുണങ്ങളുള്ളവരായിരിക്കണം എന്നൊക്കെ ഞാന്‍ ചോദ്യാവലിയിലൂടെ അന്വേഷിച്ചു.
എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് കേരളത്തിന്റെ ബഹുഭൂരിപക്ഷത്തിന്റെയും പ്രത്യേകിച്ച്, യുവാക്കളുടെയും യുവതികളുടെയും ആഗ്രഹമായിരുന്നു, വിവരവും വിദ്യാഭ്യാസവുമുള്ള, സ്വഭാവ മഹിമയുള്ള ഒരു വനിതാമുഖ്യമന്ത്രി പദം ഞങ്ങള്‍ കാണുന്നത് മുകുന്ദപുരം എം.പിയായിരുന്ന മാഡം പ്രൊഫസര്‍ സാവിത്രീ ലക്ഷ്മണനിലാണ് എന്നുള്ള ഏറ്റു പറച്ചിലാണ്.
അസാധാരണ വ്യക്തി പ്രഭാവം, മികച്ച വാഗ്മി, സര്‍വോപരി സല്‍ഗുണ സമ്പന്ന- ഈ ഗുണങ്ങള്‍ പ്രൊഫസര്‍ സാവിത്രി ലക്ഷ്മണനിലുണ്ട്. കേരളത്തെ നയിക്കാന്‍ എന്തുകൊണ്ടും അര്‍ഹ. യുവതീയുവാക്കളുടെ ഈ സ്വപ്‌നം രണ്ടായിരത്താറില്‍ സാക്ഷാല്‍ക്കരിക്കുമോ? കാത്തിരുന്ന് കാണുക.
ആരാമം മാസികയുടെ ആദ്യ സഹ-പത്രാധിപയാണ് ലേഖിക