ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി കൗണ്‍സലര്‍ ക്ലാസ്സെടുക്കുകയാണ്. നിങ്ങളുടെ ജീവിതത്തിലെ നെഗറ്റിവിറ്റിയെ പോസിറ്റീവ് ആക്കിയതിന് ഉദാഹരണങ്ങള്‍ പറയാമോ എന്ന ചോദ്യത്തിന് മിടുക്കിയായ ഒരു പെണ്‍കുട്ടി എഴുന്നേറ്റുനിന്ന് പറഞ്ഞു. ''എനിക്ക് ഉയരം കുറവാണ്. ഇതിന്റെ പേരില്‍ എന്നെ പലയിടത്ത് നിന്നും പലതും പറഞ്ഞ് പരിഹസിച്ചിട്ടുണ്ട്. എന്നാല്‍, എനിക്ക് അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ല. എന്റെ മാതാപിതാക്കള്‍ കൂടെ നില്‍ക്കുന്നതുകൊണ്ട് ആ പരിഹാസങ്ങള്‍ എന്നെ തളര്‍ത്തിയിട്ടില്ല. നിറഞ്ഞ കണ്ണുകളോടെയാണെങ്കിലും ഉറച്ച ശബ്ദത്തോടെ ആ വാക്കുകള്‍ പറഞ്ഞ് തീരും മുമ്പ് അവിടെയുള്ളവരെല്ലാം പുഞ്ചിരിയോടെ കൈയടിച്ചു.
അവളെ അഭിനന്ദങ്ങള്‍കൊണ്ട് മൂടിയ കൗണ്‍സലറും വളരെ കൃത്യമായി ഒരു ആശയം കുട്ടികള്‍ക്കെത്തിക്കാന്‍ പറ്റിയ സന്തോഷത്തിലായിരുന്നു. നിറവും തടിയും കൂടിയതും കുറഞ്ഞതും ശരീര വൈകല്യങ്ങളും ജീവിത ചുറ്റുപാടുകളും ഒക്കെ കാരണം പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നവരും സ്വയം വെറുക്കുന്നവരും ഇന്നും കുറവല്ല. നമ്മള്‍ എങ്ങനെയാണോ അങ്ങനെ സ്വയം അംഗീകരിക്കാന്‍ പഠിച്ചാല്‍ അതിനെതിരെയുള്ള പരിഹാസങ്ങളെയും വിമര്‍ശനങ്ങളെയും പ്രതിരോധിച്ച് തളരാതിരിക്കാം. ഇതിനെ self acceptance എന്നാണ് പറയുന്നത്. സെല്‍ഫ് ലവിന്റെ ഒരു പ്രധാന ഭാഗമാണ് ഇത്.
ജീവിതത്തില്‍ പോസിറ്റിവിറ്റി കൊണ്ടുവരാനുള്ള ഒരു മികച്ച മാര്‍ഗമാണ് സെല്‍ഫ് ലവ്. എന്നാല്‍, നവ ലിബറല്‍ കാലഘട്ടത്തില്‍ ആവര്‍ത്തിച്ച് കേട്ടുകൊണ്ടിരിക്കുന്നതും ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതുമായ ഒരു പദം കൂടിയാണിത്.
നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക, ഇഷ്ടമുള്ളത് ധരിക്കുക, ഇഷ്ടമുള്ള യാത്രകള്‍ ചെയ്യുക, ഇഷ്ടമുള്ള ജീവിതരീതികള്‍ സ്വീകരിക്കുക തുടങ്ങി സ്വന്തത്തിന്റെ ആഗ്രഹങ്ങളില്‍ അഭിരമിക്കുകയും, എല്ലാ കാര്യങ്ങള്‍ക്കും സ്വന്തത്തിന് മുന്‍ഗണന നല്‍കുകയുമാണ് സെല്‍ഫ് ലവ് എന്നാണ് ഒരു വിഭാഗം തെറ്റിദ്ധരിച്ചിട്ടുള്ളത്. അതേസമയം സ്വന്തം ആഗ്രഹങ്ങളെ മതിമറന്ന് പിന്‍പറ്റുന്നത് ദേഹേച്ഛയാണെന്നും ദേഹേച്ഛ നാശത്തിലേക്കാണ് എന്നുമാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. ''ദൈവദര്‍ശനമില്ലാത്ത ദേഹേച്ഛകളെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്?'' (28:50).
''അല്ലാഹുവില്‍നിന്ന് ഞാന്‍ കൊണ്ടുവന്നതിനോട് തന്റെ ആഗ്രഹം ചേരുന്നത് വരെ നിങ്ങളില്‍നിന്ന് ഒരാളും വിശ്വാസികളാവുകയില്ല'' (നബിവചനം). മാത്രമല്ല, ''തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നത് തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസിയായിത്തീരുകയില്ല'' എന്ന പ്രവാചക അധ്യാപനം സ്വന്തത്തിന്റെ ഇഷ്ടങ്ങളാണ് ഏറ്റവും വലുത് എന്ന വാദത്തെ അംഗീകരിക്കുന്നില്ല.
എന്നാല്‍, സ്വന്തത്തെ പരിഗണിക്കണമെന്നും ഏറ്റവുമാദ്യം നന്മ കാംക്ഷിക്കേണ്ടത് സ്വന്തത്തിനാണെന്നും ഉണര്‍ത്തുന്ന ആയത്തുകള്‍ ഖുര്‍ആനിലുണ്ട്.
'വിശ്വസിച്ചവരേ, നിങ്ങളെയും കുടുംബാംഗങ്ങളെയും നാരകാഗ്‌നിയില്‍നിന്ന് രക്ഷിക്കുവിന്‍' (66:6). 'നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പിക്കുകയും സ്വന്തത്തെ മറന്നു പോവുകയുമാണോ?' (2:44)
ഇപ്രകാരം സ്വയം വിചാരണ ചെയ്ത് സ്വന്തത്തെ പോഷിപ്പിക്കുന്ന സ്‌നേഹത്തെയാണ് ഇസ്ലാം സ്വന്തത്തിന് വേണ്ടി പരിചയപ്പെടുത്തുന്നത്.
ഒരു കുട്ടിയുടെ വളര്‍ച്ചയ്ക്കും നന്മക്കും വേണ്ടിയുള്ള ആവശ്യങ്ങളെ പരിഗണിച്ച് കാര്യങ്ങള്‍ ചെയ്തുകൊടുക്കുമ്പോള്‍ ഒരാള്‍ നല്ല രക്ഷിതാവാവുന്നതു പോലെ സ്വന്തത്തിന്റെ വളര്‍ച്ചയും പോഷണവും (nourishment) ആഗ്രഹിക്കുകയും അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യലാണ് യഥാര്‍ഥ സെല്‍ഫ് ലവ്.
ഒരാളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും വളര്‍ച്ചയെ പിന്തുണക്കലാണത്. self acceptance കൂടാതെ ഇതിന് വേറെയും തലങ്ങളുണ്ട്.
νself awareness: സ്വന്തത്തെക്കുറിച്ച് ശരിയായി അറിയുക.
അറിയാത്ത ഒന്നിനെ സ്‌നേഹിക്കാനാവില്ലല്ലോ. സ്വന്തത്തിന്റെ കഴിവുകളും കഴിവുകേടുകളും മൂല്യങ്ങളും വ്യക്തിത്വവും നിര്‍വികാരമായി മനസ്സിലാക്കാന്‍ സാധിക്കണം. കഴിവുകളെ പോഷിപ്പിക്കാനും പിഴവുകള്‍ തിരുത്താനും തയ്യാറാവണം.
മറ്റുള്ളവരുടെ കുറവുകളിലേക്ക് നോക്കുന്നതിനും ചുറ്റുമുള്ളവരോട് മല്‍സരിക്കുന്നതിനും പകരം സ്വന്തത്തെ മനസ്സിലാക്കുകയും ഓരോ ദിവസവും ഞാന്‍ ഇത്തിരി കൂടി പ്രൊഡക്ടീവ് ആവട്ടെ എന്ന ചിന്തയില്‍ സ്വന്തത്തോട് ആരോഗ്യകരമായി മല്‍സരിക്കുകയും ചെയ്യുമ്പോള്‍ മനസ്സിനെ ബാധിക്കുന്ന അസൂയ, അഹങ്കാരം, പൊങ്ങച്ചം തുടങ്ങിയ രോഗങ്ങള്‍ കുറയും.
ν self compassion: വേദനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും പരാജയങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ നമ്മുടെ ഒരു സുഹൃത്തിന് നല്‍കുന്ന പരിഗണനകള്‍ അത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന സ്വന്തത്തിന് വേണ്ടിയും നല്‍കുക.
സ്വന്തത്തെ സമാധാനിപ്പിക്കുകയും നല്ല വാക്കുകള്‍ പറയുകയും ചെയ്യുക. മനുഷ്യന്‍ ദുര്‍ബലനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന് സ്രഷ്ടാവ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ (4:28).
ν self care: ആവശ്യമായ ഉറക്കം, പോഷകാഹാരം, വ്യായാമം തുടങ്ങി ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. ഇടപാടുകളിലും ഇടപഴകലുകളിലും ആവശ്യമായ അതിര്‍ത്തികള്‍ നിശ്ചയിക്കുക. അനാവശ്യമായ മല്‍സരങ്ങളില്‍ നിന്നും ഏറ്റെടുക്കലുകളില്‍ നിന്നും മാറിനില്‍ക്കുക.
തന്റെ ഭര്‍ത്താവ് രാത്രി മുഴുവന്‍ നമസ്‌കാരവും പകല്‍ നോമ്പുമാണ് എന്ന പരാതിയുമായി ഒരു സഹാബി വനിത പ്രവാചകന്റെയടുത്ത് വന്നപ്പോള്‍ അവരുടെ ഭര്‍ത്താവിനെ വിളിച്ച് നബി (സ) ഉപദേശിക്കുന്നുണ്ട്:
അങ്ങനെ ചെയ്യരുത്! ചിലപ്പോള്‍ നോമ്പ് അനുഷ്ഠിക്കുക, മറ്റ് സമയങ്ങളില്‍ അത് (നോമ്പ്) ഉപേക്ഷിക്കുക; രാത്രിയില്‍ നമസ്‌കാരത്തിനായി എഴുന്നേറ്റ് രാത്രി ഉറങ്ങുക. നിങ്ങളുടെ ശരീരത്തിന് നിങ്ങളുടെ മേല്‍ അവകാശമുണ്ട്, നിങ്ങളുടെ കണ്ണുകള്‍ക്ക് നിങ്ങളുടെ മേല്‍ അവകാശമുണ്ട്, നിങ്ങളുടെ ഭാര്യക്ക് നിങ്ങളുടെ മേല്‍ അവകാശമുണ്ട്.'
νpersonal growth: മനുഷ്യരാരും പൂര്‍ണരാവുന്നില്ല. പുതിയ കഴിവുകളും അറിവുകളും നേടിയെടുക്കുക. അവയെ മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുക. ഇതൊരു ആജീവനാന്ത യാത്രയാണ്. ഒരാളുടെ ഏറ്റവും മികച്ച പതിപ്പാകാന്‍ ഈ യാത്ര സഹായിക്കും.
നബി (സ) പറഞ്ഞിരിക്കുന്നു: 'ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും ദൈവത്തിന് പ്രിയപ്പെട്ടവനുമാണ്. ശക്തനാവുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് എല്ലാ അര്‍ഥത്തിലും ശക്തനാവുകയാണ്. ധീരനും പല വ്യക്തിഗുണങ്ങളുമുള്ളവരായ ഉമറി(റ)ന്റെ ഇസ്ലാമാശ്ലേഷം നബി (സ) ഏറെ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത ചരിത്രം നമുക്കറിയാവുന്നതാണല്ലോ.
ദൈനംദിന തിരക്കുകള്‍ക്കിടയില്‍ ആഗ്രഹങ്ങളെ എത്തിപ്പിടിക്കാനും ആവുന്നതെല്ലാം സമ്പാദിച്ചുവെക്കാനും കൂടുതല്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ ഒരു വ്യക്തിയെന്ന നിലയില്‍ സ്വന്തത്തെ പലരും മറന്ന് പോവാറുണ്ട്. മാനുഷികമായ കഴിവുകളും മൂല്യങ്ങളും വിലമതിക്കാനാവാത്തതാണ്. സ്വന്തത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് ഉപകാരപ്പെടും വിധം അതിനെ പരിപാലിക്കേണ്ടതുണ്ട്. അതിനാവശ്യമായ ഇന്ധനമാണ് സെല്‍ഫ് ലവ്. ഇന്ധനം നിറക്കാതെ സ്വയം പ്രകാശിക്കാനോ മറ്റുള്ളവര്‍ക്ക് പ്രകാശം ചൊരിയാനോ സാധ്യമല്ല.