സമയം രാത്രി 8മണി.
ക്ലിനിക്കിലെ പതിവ് തിരക്കുകള്‍ കഴിഞ്ഞപ്പോഴാണ് പരിചിതനായ അധ്യാപകന്‍ വിളിച്ചത്.
'അത്യാവശ്യമായി ഇപ്പോള്‍ ഒന്ന് കാണണം.'
ശരി, വന്നോളൂ എന്ന് പറഞ്ഞു ഫോണ്‍ വെച്ചു.
20 മിനിട്ടിനകം അവര്‍ എത്തി.
കോളേജ് ഹോസ്റ്റല്‍ മുറിയിലെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്നാണ് റാഷിദയെ ഇവിടെ എത്തിക്കുന്നത്.
വിഷാദ ഭാവത്തില്‍ കരഞ്ഞു കലങ്ങിയ റാഷിദയോട് വീട്ടുവിശേഷങ്ങളും മറ്റും തിരക്കി.
പതിയെപ്പതിയെ അവള്‍ മുഖം ഉയര്‍ത്തി കഥകള്‍ പറഞ്ഞു തുടങ്ങി. ബിരുദം ഒന്നാം സെമസ്റ്റര്‍ മുതല്‍ ഏറെ ഇഷ്ടപ്പെട്ടാണ് കാമ്പസില്‍ റാഷിദ എത്തുന്നത്. ഇടതൂര്‍ന്ന മരങ്ങള്‍ നിറഞ്ഞ, പതിറ്റാണ്ടുകള്‍ പഴക്കം ചെന്ന പ്രസിദ്ധമായ കലാലയം. അവളോടൊപ്പം പ്ലസ്ടു പഠിച്ച പ്രിയപ്പെട്ട രണ്ടു പേര്‍ മാറിപ്പോയെങ്കിലും അമീന ഷെറിന്‍ മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റില്‍ പഠിക്കുന്നുണ്ട്. അവള്‍ ഹോസ്റ്റലിലല്ല. തൊട്ടടുത്ത കട്ടിലിലെ ഗായത്രിയാണ് ഹോസ്റ്റലിലെ അടുത്ത കൂട്ടുകാരി. ജീവിതത്തില്‍ ആദ്യമായിരുന്നു ഹോസ്റ്റല്‍ എന്നതിനാല്‍ അല്‍പം ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും പിന്നീട് പുതിയ കൂട്ടുകാരികളും സാഹചര്യങ്ങളുമായി പെരുത്തപ്പെട്ടു.
ഓണാഘോഷത്തോടനുബന്ധിച്ച് ഏറെ പണിപ്പെട്ട് റാഷിദയും സാരി ഉടുത്താണ് കാമ്പസിലേക്ക് പുറപ്പെട്ടത്.
അല്‍പം വൈകിയതിനാല്‍ പതിവിന് വിപരീതമായി ഒറ്റക്കാണ് ഇന്ന് കാമ്പസിലേക്കുള്ള നടത്തം.
ആളൊഴിഞ്ഞ വരാന്തയില്‍ ഫൈനല്‍ സെമസ്റ്ററിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ റാഷിദയെ തടഞ്ഞുനിര്‍ത്തി.
ഒരാള്‍ ചോദിച്ചു: 'എങ്ങോട്ടാടീ ഇത്ര തിരക്കിട്ട്?'
റാഷിദ ഒന്ന് നടുങ്ങിയെങ്കിലും ഭയത്തോടെ ചിരിക്കാന്‍ ശ്രമിച്ചു മുമ്പോട്ട് പോകാന്‍ ഒരുങ്ങിയപ്പോള്‍ 'ഇന്ന് നീ പോവണ്ട, നിന്റെ ഓണാഘോഷം ഇവിടെയാണ്' എന്ന് മറ്റൊരുവള്‍.
അടുത്ത ആള്‍: 'പൂക്കളം വരക്കണം, സദ്യ ഒരുക്കണം, എല്ലാം കഴിഞ്ഞ് പോയാല്‍ മതി.'
ഇതോടെ റാഷിദയുടെ കൈ കാല്‍ വിറച്ച് മുഖം വിളറി വിയര്‍ത്തു.
അവരോട് ഇടറിയ സ്വരത്തില്‍ അവള്‍ കേണപേക്ഷിച്ചു: 'ക്ലാസ്സ് തുടങ്ങാറായി ഞാന്‍ പൊയ്‌ക്കോട്ടേ'.
പക്ഷേ, അവര്‍ക്ക് കൂടുതല്‍ ആവേശമായി.
അവളോട് അവരില്‍ ഒരാള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു തുടങ്ങി. അത് മറ്റുള്ളവരും ഏറ്റുപിടിച്ചു.
സെറ്റ് സാരിയില്‍ അവളെ കാണാന്‍ വേറെ ഭംഗിയുണ്ടെന്നും നിനക്ക് ഇന്ന് ഞങ്ങളുടെ മുറിയില്‍ ഉറങ്ങാമെന്നും പറഞ്ഞു. ഇതോടെ റാഷിദ കരയാന്‍ തുടങ്ങി. കൂട്ടത്തില്‍ ഒരാള്‍ അവളെ സമാധാനിപ്പിച്ചു പറഞ്ഞു: 'മോള്‍ ഇവിടെനിന്ന് ഇങ്ങനെ കരയേണ്ട, ഞങ്ങളുടെ മുറിയിലേക്ക് വാ'. അവര്‍ റാഷിദയെ മുറിക്കകത്തേക്ക് കൊണ്ടുപോയി. അവിടുന്നങ്ങോട്ട് ദയാരഹിതമായ ശാരീരിക പരിശോധനകള്‍ ആരംഭിച്ചു. എല്ലാം കഴിഞ്ഞ് അവളെ മുറിക്ക് പുറത്താക്കി ആര്‍ത്ത് ഒച്ചയുണ്ടാക്കി അവളെ പരിഹസിച്ച് പാട്ടുകള്‍ പാടി കാമ്പസിലേക്ക് പോയി.
റാഷിദ അവളുടെ മുറിയുടെ പൂട്ടു തുറന്നു. കട്ടിലില്‍ കമിഴ്ന്നടിച്ച് കിടന്നു.
ഉച്ചവരെ ക്ലാസ്സില്‍ കയറിയിട്ടില്ലെന്നും ഉച്ചക്ക് ശേഷമുള്ള ഓണാഘോഷ പരിപാടി ആയിട്ടും റാഷിദ വന്നിട്ടില്ലായെന്നും ക്ലാസ്സിലെ കൂട്ടുകാരികള്‍ പറഞ്ഞതറിഞ്ഞാണ് അമീന, ഗായത്രിയെയും കൂട്ടി ഹോസ്റ്റല്‍ മുറിയില്‍ ചെന്ന് നോക്കിയത്. പക്ഷേ, അവളെ അവിടെ കണ്ടില്ല.
ബാത്‌റൂമിലും പരിസരങ്ങളിലും അവര്‍ തെരഞ്ഞു. പിന്നീട് ഹോസ്റ്റലിന്റെ ടെറസ്സില്‍ പോയി നോക്കി.
ഒരു മൂലയില്‍ താഴേക്ക് നോക്കി നില്‍ക്കുന്ന റാഷിദ! രണ്ട് പേരും പിറകിലൂടെ ചെന്ന് പതിയെ റാഷിദയുടെ കൈകള്‍ പിടിച്ചു. ഇരുവരെയും കെട്ടിപ്പിടിച്ച് അവള്‍ ആര്‍ത്തു കരഞ്ഞു. നിങ്ങളെന്തിനാ ഇങ്ങോട്ട് വന്നത്? കരഞ്ഞ് തളര്‍ന്ന് റാഷിദ തറയില്‍ ഇരുന്നു. അവരും കൂടെ ഇരുന്നു. കുറേ കഴിഞ്ഞ് താഴെ റൂമില്‍ വന്നു. മുഖം കഴുകി. അവര്‍ അവളെക്കൂട്ടി പുറത്തേക്ക് ഇറങ്ങി. അന്നത്തെ ദിവസം അങ്ങനെ അവസാനിച്ചു. എങ്കിലും അവിടംകൊണ്ട് തീര്‍ന്നില്ല സീനിയര്‍ സംഘത്തിന്റെ വിളയാട്ടം; പിന്നീട് ആരംഭിക്കുകയായിരുന്നു.
ചില ദിവസങ്ങളില്‍ വഴിയില്‍ വെച്ച് അംഗവിക്ഷേപങ്ങളിലൂടെ അവളോട് ലൈംഗിക ചുവയില്‍ പെരുമാറും. ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയക്കും.
തല മുതല്‍ കാല്‍ വരെ തുറിച്ചു നോക്കും. അംഗലാവണ്യങ്ങളെ കുറിച്ച് വട്ടത്തില്‍നിന്ന് വര്‍ണിക്കും.
'ഇപ്പോള്‍ നീ ഇങ്ങനെയാണെങ്കില്‍ രണ്ട് സെമസ്റ്റര്‍ കൂടി കഴിയുമ്പോള്‍ നീ പാകമാവും അല്ലേ?'
ഇത്യാദി ലൈംഗിക ചുവയുള്ള വാക്കുകള്‍കൊണ്ട് അവളെ മുറിപ്പെടുത്തും. ഇതോടെ റാഷിദ തളര്‍ന്നു. മറ്റാരോടും ഇത് തുറന്ന് പറയാനാവാതെ വിഷമിച്ചു.
മറ്റു പല കുട്ടികള്‍ക്കും ഇതേ അവസ്ഥകള്‍ ഉണ്ടാവാറുണ്ടെങ്കിലും അവര്‍ക്കതിനെ പലവിധേന മറികടക്കാന്‍ കഴിയാറുണ്ട്. അതിനിടയില്‍ ഇതുപോലെ ചില 'റാഷിദമാരും' ഉണ്ട്.
ആരോടും പറയാനാവാതെ, ഹോസ്റ്റല്‍ മുറിയില്‍ തലയിണയില്‍ മുഖമമര്‍ത്തി പല രാവുകള്‍ കരഞ്ഞ് ഉറങ്ങി. കൂട്ടുകാരികളില്‍ ചിലരോട് പറഞ്ഞെങ്കിലും 'ഇതെല്ലാം സാധാരണയാണെ'ന്ന് മറുപടി. ഹോസ്റ്റല്‍ മെന്ററിനോട് പരാതിപ്പെട്ടപ്പോള്‍ അവരും അതിനെ നിസ്സാരവല്‍ക്കരിച്ചു: ''അതൊക്കെ നിങ്ങളുടെ പ്രായത്തിലെ കുട്ടികളുടെ കളിയല്ലേ? അതിനെ അങ്ങനെ കണ്ടാല്‍ പോരേ?''
വളരെ വ്യത്യസ്തമായ കുടുംബ അന്തരീക്ഷത്തില്‍നിന്ന് വന്ന അവള്‍ക്ക് ഇത് ഉള്‍ക്കൊള്ളാനായില്ല. ഹൈസ്‌കൂള്‍ ക്ലാസ്സുവരെ ഗള്‍ഫിലായിരുന്ന റാഷിദക്ക് ഈ അനുഭവങ്ങള്‍ സമ്മാനിച്ചത് കടുത്ത ആഘാതമായിരുന്നു.
മറ്റ് കുട്ടികളില്‍ പലരും വീട്ടില്‍ പോയിരുന്ന ഞായറാഴ്ച ദിവസം റാഷിദ സങ്കടം സഹിക്കവയ്യാതെ കൂട്ടുകാരിയുടെ കൈവശം ബാക്കിയുണ്ടായിരുന്ന പാരസെറ്റമോള്‍ ടാബ്ലറ്റുകള്‍ എടുത്തു കഴിച്ചു. കൈത്തണ്ടയില്‍ ബ്ലേഡുകൊണ്ട് സാരമല്ലാത്ത മുറിവും വരുത്തി.
അല്‍പം കഴിഞ്ഞാണ് മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ വാങ്ങാന്‍ അവിടെ വന്ന അടുത്ത റൂമിലെ കൂട്ടുകാരി ഇത് കണ്ടത്. കൂട്ടുകാരികളും വാര്‍ഡനും ചേര്‍ന്ന് കാഷ്വാലിറ്റിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി, ശ്രദ്ധിക്കണമെന്നും സൈക്കോളജിക്കല്‍ കണ്‍സല്‍ട്ടേഷന്‍ വേണമെന്നും നിര്‍ദേശിച്ച് വിട്ടയച്ചു.
റാഷിദ ഏതാനും നാളത്തെ മാനസിക സമ്മര്‍ദത്തില്‍നിന്ന് ക്ലിനിക്കല്‍ ഡിപ്രഷനിലേക്ക് എത്തിച്ചേര്‍ന്നിരുന്നു.
'എന്നെ ആര്‍ക്കും മനസ്സിലാവുന്നില്ലല്ലോ' എന്ന് പരിതപിച്ചു.
ശരീരത്തെയും സൗന്ദര്യത്തെയും അപരാധമായും കുറവായും അവള്‍ക്ക് തോന്നിത്തുടങ്ങി.
പതിയെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. പഠനത്തില്‍ ശ്രദ്ധ കുറഞ്ഞു. സമൂഹവുമായുള്ള സമ്പര്‍ക്കവും ഇല്ലാതായി. റാഷിദ അവളുടെ മാനസികാവസ്ഥ വീട്ടില്‍ അറിയാതിരിക്കാന്‍ ആഴ്ചകളുടെ അവസാനത്തെ ദിവസങ്ങളില്‍ പലപ്പോഴും വീട്ടില്‍ പോവാതെയായി. വീട്ടുകാരെ അഭിമുഖീകരിക്കുന്നതോര്‍ത്ത് ഭയപ്പെട്ടു. ഇത്തരം ചെറുതും വലുതുമായ നിരവധി ബുള്ളിയിംഗുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കാമ്പസുകളില്‍ നിന്നും ഹോസ്റ്റലുകളില്‍ നിന്നും ക്ലിനിക്കുകളില്‍ എത്തുന്നത്.
പോണ്‍ വീഡിയോകളുടെ അനുകരണങ്ങളെ സ്‌കിറ്റായി അവതരിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ജൂനിയര്‍ കുട്ടികള്‍!
പെര്‍വര്‍ട്ടായ സീനിയര്‍ പെണ്‍കുട്ടികളുടെ ലൈംഗികവും അല്ലാത്തതുമായ ഫ്രസ്‌ട്രേഷനുകളെ അവര്‍ പ്രയോഗിക്കുന്നത് പ്രതികരിക്കാന്‍ പോലും ശേഷിയില്ലാത്ത ഇത്തരം ജൂനിയര്‍മാരിലാണ്. ചിലപ്പോള്‍ കുട്ടികളുടെ ജീവന്‍ തന്നെ ബലി കൊടുക്കേണ്ടി വന്ന സംഭവങ്ങള്‍ നമുക്കറിയാം. ആത്മവിശ്വാസം നഷ്ടപ്പെട്ട് മുമ്പോട്ടുള്ള പഠനം വഴിമുട്ടുന്നതു മുതല്‍ പിന്നീട് ദാമ്പത്യ ജീവിതത്തെ പോലും സാരമായി ബാധിക്കുന്നതായി കണ്ടിട്ടുണ്ട്.
പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ്സ്
ഡിസോഡര്‍ അഥവാ PTSD
ചെറുപ്പകാലത്ത് ഉണ്ടായ ശാരീരികമോ മാനസികമോ ആയ ആഘാതങ്ങള്‍ പിന്നീടുള്ള അവരുടെ ജീവിതത്തെ തന്നെ തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് PTSD.
പീര്‍ പ്രഷര്‍ (സമപ്രായക്കാരില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ /പീഡകള്‍): ഫ്രോയിഡിന്റെ നിരീക്ഷണം ഇപ്രകാരമാണ്. കൗമാരകാലത്ത് 'സൂപ്പര്‍ ഈഗോ'യുടെ രൂപപ്പെടലിലൂടെ സാമൂഹിക നിയമങ്ങള്‍ ഉള്‍ക്കൊള്ളല്‍ - തിരസ്‌കരിക്കല്‍ എന്ന ആശയം രൂപപ്പെടുന്നു. ഇത് കുട്ടികള്‍ക്കിടയില്‍ 'ഇന്‍ ഗ്രൂപ്പ്', 'ഔട്ട് ഗ്രൂപ്പ്' ഡൈനാമിക്‌സ് സൃഷ്ടിക്കുന്നു (Group Dianamics). ആല്‍ബര്‍ട്ട് ബന്ദുരയുടെ സോഷ്യല്‍ ലേണിങ് സിദ്ധാന്തമനുസരിച്ച്, ഇത്തരം പീഡനമുറകള്‍ മറ്റുള്ളവരെ 'മോഡല്‍' ചെയ്ത് പെരുമാറുന്നു. അവരുടെ സീനിയേഴ്‌സ് ചെയ്തിട്ടുള്ളതോ കേട്ട് പരിചിതമായ മാര്‍ഗങ്ങളോ സിനിമ, സോഷ്യല്‍ മീഡിയ സ്വാധീനത്തിലുള്ളതോ ആയ റാഗിംഗ് രീതികള്‍ പരീക്ഷിക്കുന്നു. ഈയിടെ കാണുന്ന രീതി സോഷ്യല്‍ മീഡിയയിലെ 'ബോള്‍ഡ്' പെണ്‍കുട്ടികളെ അനുകരിച്ചുകൊണ്ടുള്ള ശാരീരികമോ മാനസികമോ ആയ പീഡകള്‍, പ്രത്യേകിച്ച് ലൈംഗിക ടീസിങ്ങുകള്‍, ഇരകള്‍ക്ക് ഇത് 'പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍' (PTSD) ഉണ്ടാക്കാം. റാഷിദയെ പോലെ ആത്മവിശ്വാസം നഷ്ടപ്പെടുകയും തുടര്‍ന്ന് വിഷാദത്തിലേക്ക് വരെ ചെന്നെത്തുകയും ചെയ്യാം.
യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സൂചിപ്പിക്കുന്നത്, പെണ്‍കുട്ടികളില്‍ 20% ബുള്ളിയിംഗ് അനുഭവിക്കുന്നവര്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നുണ്ട് എന്നാണ്.
ലൈംഗികമായ പീഡിപ്പിക്കല്‍, 'ബോഡി ഷെയ്മിംഗ് (രൂപ ഭംഗിയെ പരിഹസിക്കല്‍) 'സെക്്ഷ്വല്‍ ഹാരാസ്‌മെന്റ്' (ലൈംഗിക പീഡ) എന്നിവ 'ഇന്റര്‍ണലൈസ്ഡ് ഷെയ്മിംഗ് (സ്വന്തം ശരീരത്തെ 'എന്തോ മോശമായത്') എന്ന ചിന്ത അവരില്‍ ഉടലെടുക്കാന്‍ കാരണമാകുന്നു. ശരീരത്തെക്കുറിച്ച ആത്മ വിശ്വാസം നഷ്ടപ്പെടുന്നു. ഇത് പിന്നീട് വിവാഹ വൈമുഖ്യത്തിനുവരെ കാരണമാവുന്നു.
സിമോണ്‍ ഡി ബൊവോയെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത് 'becoming the other' (മറ്റൊരാളായി മാറല്‍) പെണ്‍കുട്ടിക്കിടയില്‍ അധികാര ബോധം സൃഷ്ടിക്കപ്പെടുന്നു. മുതിര്‍ന്ന പെണ്‍കുട്ടികള്‍ അവര്‍ക്കിടയില്‍ 'ബ്യൂട്ടി സ്റ്റാന്‍ഡേര്‍ഡ്‌സ്' നിര്‍മിക്കുന്നു. ആ നിലവാര സൃഷ്ടിയില്‍നിന്ന് 'കുറഞ്ഞ'വരെ പീഡിപ്പിക്കുന്നു. ഇത് വയസ്സ്, കാസ്റ്റ്, ക്ലാസ്സ്, ശരീര ഘടന എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് അവര്‍ നിജപ്പെടുത്തുന്നത്.
ഇന്ത്യയില്‍, നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (NCPCR)ന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്‌കൂളുകളില്‍ 30% പെണ്‍കുട്ടികള്‍ ലൈംഗിക ബുള്ളിയിംഗ് അനുഭവിക്കുന്നു എന്നാണ്. സോഷ്യല്‍ മീഡിയയുടെ പ്രതികൂല സ്വാധീനം ഇതില്‍ പ്രധാനമാണെന്ന് ഈ പഠനം അടിവരയിടുന്നു. 'സൈബര്‍ ബുള്ളിയിങ്' പീഡന രീതി ഏത് സമയത്തും സാധ്യമാണ് എന്നതാണ് മറ്റൊരു വെല്ലുവിളി.
ചരിത്രപരമായി പരിശോധിച്ചാല്‍ ഇത് കാലഘട്ടങ്ങളിലൂടെ പരിണമിച്ചു വരുന്നതായും കാണാനാവും. പുരാതന കാലത്ത് ഗ്രീക്ക്-റോമന്‍ സമൂഹങ്ങളില്‍ മുതിര്‍ന്നവര്‍ കുട്ടികളെ 'ശാരീരികവും-മാനസികവുമായ പരിശീലനം എന്ന വിവക്ഷയില്‍ ആയിരുന്നെങ്കിലും കൂടുതലും പെണ്‍കുട്ടികള്‍ക്ക് ലിംഗഭേദപരമായ ചില പരിശീലനങ്ങള്‍ പീഡനമായി അനുഭവപ്പെട്ടതായി പറയുന്നുണ്ട്.
പ്ലാറ്റോയുടെ 'റിപ്പബ്ലിക്'ലെ സൂചനകളില്‍ മധ്യകാലത്ത് യൂറോപ്പിലെ 'വിച്ച് ഹണ്ട്‌സ്'ല്‍, പെണ്‍കുട്ടികളെ 'ശാരീരികമായി വ്യത്യസ്തരെന്ന് ആരോപിച്ച് പീഡിപ്പിച്ചിരുന്നുവെന്നും, ഇത് സാമൂഹിക നിയന്ത്രണത്തിന്റെ (social control) ഭാഗമായി കരുതിപ്പോന്നുവെന്നും മനസ്സിലാക്കാം.
19-ാം നൂറ്റാണ്ടില്‍, വിക്ടോറിയന്‍ ഘട്ടത്തില്‍ 'പ്യൂരിറ്റി' സംസ്‌കാരം പെണ്‍കുട്ടികളെ 'മോറല്‍ ഗാര്‍ഡിയന്‍സ്'ന്റെ ഭാഗമാക്കി ഉന്നതര്‍ക്കും വിശുദ്ധര്‍ക്കും പെണ്‍കുട്ടികള്‍ വിധേയമാവുന്നത് ആത്മീയ വിശുദ്ധിയായി ചിത്രീകരിച്ചത് പീഡനങ്ങള്‍ വര്‍ധിപ്പിച്ചു.
ഏറ്റവും അടുത്ത കാലത്ത് UNICEF, പാന്‍ഡമിക് കാലത്ത് ഓണ്‍ലൈന്‍ ബുള്ളിയിങ് 40% വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റാഷിദയില്‍നിന്ന് മനസ്സിലാക്കേണ്ടത് ഇത് കേവലം വ്യക്തിഗത പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണ് എന്നതാണ്. മനശ്ശാസ്ത്രജ്ഞര്‍
കൗണ്‍സലിംഗിലൂടെയും കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (CBT) വൈകാരിക ശാക്തീകരണം, self motivation തുടങ്ങിയവയിലൂടെയും ഇരകളെ ശക്തിപ്പെടുത്തിയെടുക്കാനാവും. ഇത്തരക്കാര്‍ക്ക് സമയോചിതമായി മാനസിക പിന്തുണ ഉറപ്പുവരുത്താനുള്ള സാമാന്യ അവബോധം സമൂഹത്തിനും വേണം. ഇരകള്‍ അവരുടെ പ്രയാസങ്ങള്‍ പങ്കുവെക്കുമ്പോള്‍ സാമാന്യവല്‍ക്കരിക്കാനും, താരതമ്യം ചെയ്ത് അവര്‍ കടന്നുപോവുന്നത് നിസ്സാരവത്കരിക്കുന്നതും ഏറെ വിഷമം സൃഷ്ടിക്കും. ഓരോ വ്യക്തിയും ഒരേ ആഘാതത്തെ വ്യത്യസ്ത കാഠിന്യങ്ങളിലാണ് അനുഭവിക്കുന്നത്. അവരെ അനുഭാവ പൂര്‍വം കേള്‍ക്കുക എന്നതാണ് പ്രാഥമികമായും വേണ്ടത്.
സ്‌കൂള്‍, കോളേജ് തലത്തില്‍ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടാം, വൈകാരിക ക്ഷമത കൂടെയുള്ളവര്‍ക്ക് ഇത്തരം ഘട്ടത്തില്‍ എങ്ങനെ കൂട്ടാവാം എന്നീ പരിശീലനം നല്‍കല്‍ അത്യാവശ്യമാണ്.
വ്യക്തിയെ പൂര്‍ണമായോ ഭാഗികമായോ തകര്‍ത്തു കളഞ്ഞേക്കാവുന്ന കൗമാര കാല പീഡകളെക്കുറിച്ച അവബോധവും ജാഗ്രതയും ജീവനുതന്നെ തുണയായേക്കാം.