നമ്മുടെ കുഞ്ഞുങ്ങള്‍ ഇന്ന് മൂന്ന് ലോകങ്ങളിലാണ് ജീവിക്കുന്നത്; അവന്റെ സ്വകാര്യ ലോകത്തും ഭാവനാലോകത്തും യഥാര്‍ഥ ലോകത്തും. കുട്ടി മാതാപിതാക്കളില്‍നിന്ന് ധാരണകള്‍ രൂപപ്പെടുത്തുമ്പോള്‍ ഈ മൂന്ന് ലോകങ്ങളില്‍ വൈരുധ്യങ്ങളും വൈവിധ്യങ്ങളും സംഭവിക്കാനിടയുണ്ട്. നാം ജീവിക്കുന്ന ഇക്കാലത്ത് ഇതിന് പ്രത്യേക പ്രസക്തിയുണ്ട്. മുമ്പ് കുട്ടികള്‍ ജീവിച്ചിരുന്നത് അവരുടെ സ്വകാര്യ ലോകത്തും യഥാര്‍ഥ ലോകത്തും മാത്രമായിരിക്കാം. എന്നാല്‍, ഇന്ന് സ്ഥിതി അങ്ങനെയല്ല. ഇന്ന് അവന്റെ സ്വകാര്യ ലോകം യഥാര്‍ഥ ലോകത്ത്‌നിന്നും ഭാവനാ ലോകത്ത് നിന്നും വ്യത്യസ്തമത്രെ. ശിശുവിനെ ശിക്ഷണം നല്‍കി വളര്‍ത്തുന്നവര്‍ അവന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അവന്റെ പക്വതക്കും വികാസത്തിനുമനുസരിച്ചു വേണം അവനോട് പെരുമാറേണ്ടത്. ഭാവനാ ലോകത്തിലേക്കുള്ള അവന്റെ പ്രവേശനത്തിന് ക്രമവും ചിട്ടയും പാലിക്കണം. അല്ലാത്തപക്ഷം കുട്ടി നിങ്ങള്‍ക്ക് നഷ്ടപ്പെടുകയായിരിക്കും ഫലം. അല്ലെങ്കില്‍ അവനെ ഒരു മനോരോഗിയാക്കി അത് മാറ്റും. കാരണം, ശിശുവിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ അവഗണിക്കുകയും ലക്കും ലഗാനുമില്ലാതെ അവനെ വളര്‍ത്തുകയും ചെയ്യുമ്പോള്‍ അവന്റെ മനഃശാന്തിയെ അത് ശിഥിലമാക്കും. അവന്റെ ആത്മവിശ്വാസത്തെ ദുര്‍ബലമാക്കും. അവന്റെ സ്വാസ്ഥ്യം കെടുത്തും. കൂടാതെ മാതാപിതാക്കളുടെ മൂല്യങ്ങള്‍ക്കെതിര് നില്‍ക്കാന്‍ അവന്‍ ഒരുമ്പെടും. ഭയവും കള്ളംപറയാനുള്ള പ്രേരണയും കൂടും. അങ്ങനെ അവന്റെ ഭാവി തകര്‍ക്കാന്‍ മാതാപിതാക്കളുടെ ഈ പെരുമാറ്റം തന്നെ വഴിവെക്കും.
ആറ് ഘട്ടങ്ങള്‍
ശിശുവിന്റെ വളര്‍ച്ചയെ ആറ് ഘട്ടങ്ങളായി തരംതിരിക്കാം. ജനനം മുതല്‍ രണ്ട് വയസ്സുവരെയാണ് ഒന്നാമത്തെ ഘട്ടം. ഇതിനെ സംരക്ഷണഘട്ടം എന്ന് വിളിക്കാം. പരിപാലനവും വാത്സല്യവുമാണ് ഈ ഘട്ടത്തില്‍ അവന് ആവശ്യം. അവന്റെ ഉറക്കം, വസ്ത്രങ്ങള്‍, ശുചിത്വം, കളി, ആഹാരം എന്നിവക്കൊക്കെ കൃത്യമായൊരു വ്യവസ്ഥ ഈ ഘട്ടത്തില്‍ അവന് ലഭ്യമാക്കേണ്ടതുണ്ട്. അതോടൊപ്പം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന സാങ്കല്‍പിക ലോകത്തുനിന്ന് ഈ ഘട്ടത്തില്‍ അവനെ അകറ്റിനിര്‍ത്തേണ്ടതും ആവശ്യമാണ്.
രണ്ട് വയസ്സ് മുതല്‍ നാല് വയസ്സ് വരെയുള്ളതാണ് രണ്ടാമത്തെ ഘട്ടം. കണ്ടെത്തലിന്റെ ഘട്ടമാണിത്. ഈ ഘട്ടത്തില്‍ 'ചോയ്‌സുകള്‍'ക്ക് അവന് പരിശീലനം നല്‍കണം. ഭക്ഷണം, വസ്ത്രം, കളിക്കോപ്പുകള്‍, മറ്റുള്ളവരുമായുള്ള ഇടപഴകലുകള്‍ എന്നിവ സ്വയം മനസ്സിലാക്കി തെരഞ്ഞെടുക്കാന്‍ ഈ ഘട്ടത്തില്‍ അവനെ പരിശീലിപ്പിക്കണം. സംസാരം പരിശീലിപ്പിക്കേണ്ടതും ഈ ഘട്ടത്തില്‍ തന്നെ. പുതിയ വാക്കുകളും അറിവുകളും നേടിയെടുക്കാനും വികാര പ്രകടനത്തിനും അവന് അവസരം നല്‍കണം. തന്റെ ചുറ്റുമുള്ള വസ്തുക്കള്‍ മനസ്സിലാക്കാനും പ്രകൃതിയെ പരിചയപ്പെടാനും അവനെ സഹായിക്കണം.
നാല് മുതല്‍ ഏഴ് വയസ്സുവരെയുള്ളതാണ് ശിശുവിന്റെ വളര്‍ച്ചയുടെ മൂന്നാം ഘട്ടം. പെരുമാറ്റ മര്യാദകള്‍ പഠിച്ചറിയേണ്ട ഘട്ടമാണിത്. അവനില്‍ മൂല്യങ്ങളും സല്‍സ്വഭാവങ്ങളും വളര്‍ത്താന്‍ ഈ ഘട്ടത്തില്‍ മാതാപിതാക്കള്‍ സവിശേഷം ശ്രദ്ധിക്കണം. ഗുണപാഠ കഥകള്‍ പറഞ്ഞുകൊടുത്തും മാതൃക വ്യക്തിത്വങ്ങളിലേക്ക് വെളിച്ചം പകര്‍ന്നു വളരാന്‍ മാതാപിതാക്കള്‍ അവനെ സഹായിക്കണം. അനുകരണ ഭ്രമവും കളികളില്‍ താല്‍പര്യവും ജനിക്കുന്ന ഘട്ടമാണിത്. അതിനാല്‍, മാതാപിതാക്കള്‍ അനുകരണീയമാതൃകകളായി അവന്റെ മുന്നിലുണ്ടായിരിക്കണം. മാനസികവും കായികവുമായ ആരോഗ്യത്തിന് പര്യാപ്തമായ കളികളിലേക്കായിരിക്കണം അവന്റെ ശ്രദ്ധ തിരിക്കേണ്ടത്. ഈ ഘട്ടത്തില്‍ ഭാവനാ ലോകത്തിലേക്കുള്ള കവാടം അവന്റെ മുന്നില്‍ തുറന്നിടുന്നതിന് വിരോധമില്ല. പക്ഷേ, അതിന് സമയക്ലിപ്തിയും ഉള്ളടക്കത്തെക്കുറിച്ച ജാഗ്രതയും കരുതലും വേണമെന്ന് മാത്രം.
ഏഴ് മുതല്‍ പത്ത് വയസ്സ് വരെയുള്ളതാണ് നാലാം ഘട്ടം. ഇതിനെ ഉത്തരവാദിത്വ ഘട്ടം എന്ന് പറയാവുന്നതാണ്. ഈ ഘട്ടത്തില്‍ കുട്ടികള്‍ക്ക് വ്യക്തമായ നിയമങ്ങള്‍ ആവശ്യമാണ്. ആ നിയമങ്ങളുടെ വൃത്തത്തിനകത്തായിരിക്കണം അവര്‍. സ്‌നേഹത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി ആ നിയമങ്ങള്‍ക്ക് അവരെ വിധേയമാക്കേണ്ടതുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും ഭാഗഭാക്കാകാന്‍ അവരെ ഈ ഘട്ടത്തില്‍ പ്രോത്സാഹിപ്പിക്കണം. അവരുടെ സിദ്ധികളും കഴിവുകളും വളര്‍ത്തിയെടുക്കണം. അവയുടെ പ്രയോഗവല്‍ക്കരണത്തിന് അവസരം സൃഷ്ടിക്കണം.
പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ളതാണ് അഞ്ചാമത്തെ ഘട്ടം. അവബോധത്തിന്റെയും ചര്‍ച്ചയുടെയും ഘട്ടമാണിത്. കുട്ടിയുടെ ചിന്താശേഷി വളരുന്നത് ഈ ഘട്ടത്തിലാണ്. അതിനാല്‍ ആശയ വിനിമയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. തന്റെ ചുറ്റുമുള്ള പ്രപഞ്ചത്തെയും പ്രപഞ്ച സ്രഷ്ടാവിനെയും കുറിച്ചൊക്കെ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്ന ഈ ഘട്ടത്തില്‍ തൃപ്തികരമായ ഉത്തരങ്ങളിലൂടെ അവന്റെ വിശ്വാസത്തിന് ഭദ്രത നല്‍കേണ്ടതുണ്ട്.
പന്ത്രണ്ട് മുതല്‍ പതിനെട്ടു വരെയുള്ള ആറാമത്തെ ഘട്ടത്തെ വ്യക്തിത്വ വികാസ ഘട്ടം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. കുട്ടികളില്‍ ആത്മവിശ്വാസവും ഒപ്പം സ്വന്തം മതത്തിന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാഷയുടെയും ചരിത്രത്തിന്റെയും കാര്യത്തിലെല്ലാമുള്ള അവന്റെ ഉത്തമവിശ്വാസവും ഊനം തട്ടാതെ സുസ്ഥിരവും സുഭദ്രവുമായി നിലനിര്‍ത്തേണ്ട ഘട്ടമാണിത്. ഈ ഘട്ടത്തില്‍ ബഹുമാനത്തോടും മതിപ്പോടും കൂടിയായിരിക്കണം അവനോട് പെരുമാറേണ്ടത്.
ശൈശവ വളര്‍ച്ചയുടെ ദശാ സ്വഭാവത്തെ കുറിച്ചുള്ള സംക്ഷിപ്ത വിവരണമാണിത്. മാതാപിതാക്കള്‍ ഇത് ശരിയായി ഗ്രഹിച്ച് കുട്ടിയോട് പെരുമാറുകയാണെങ്കില്‍ അവന്റെ ആരോഗ്യകരമായ വളര്‍ച്ചക്ക് അത് പര്യാപ്തമായി ഭവിക്കും. ഭാവനാലോകം വലിയ തോതില്‍ അവനെ ബാധിക്കാതെ തന്നെ മൂന്ന് ലോകവുമായും കുട്ടി ഭംഗിയായി സംവേദനം നടത്തും. കുട്ടിയുടെ മനസ്സില്‍ മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടത് ക്രമാനുഗതമായിട്ടായിരിക്കണം. ഖുര്‍ആനിലെ ലുഖ്മാന്‍ അധ്യായത്തില്‍ അതിന്റെ മികച്ച മാതൃക കാണാം. മഹാനായ ലുഖ്മാന്‍ തന്റെ മകനില്‍ മൂല്യങ്ങള്‍ നട്ടുവളര്‍ത്തിയത് എങ്ങനെയായിരുന്നുവെന്ന് ആ അധ്യായം പാരായണം ചെയ്താല്‍ മനസ്സിലാക്കാവുന്നതാണ്. ആ വിഷയത്തില്‍ അദ്ദേഹം ഒരു ക്രമം പാലിച്ചതായി ഖുര്‍ആന്റെ വിവരണത്തില്‍ കാണാവുന്നതാണ്. ആദര്‍ശ വിശ്വാസങ്ങളുടെ മൂല്യങ്ങള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. പിന്നീടാണ് പെരുമാറ്റ മര്യാദകളുടെ പാഠങ്ങള്‍ ലുഖ്മാന്‍ പറഞ്ഞുകൊടുക്കുന്നത്. അതിന് ശേഷം സല്‍സ്വഭാവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞുകൊടുക്കുന്നു. തുടര്‍ന്ന് ഉത്തരവാദിത്വങ്ങളും അന്യരോടുള്ള സഹവര്‍ത്തന തത്ത്വങ്ങളും വിവരിക്കുന്നു. അവസാനം പ്രായോഗിക ജീവിതത്തിന്റെ പാഠങ്ങള്‍ അനുസ്മരിക്കുന്നു. നമ്മുടെ കുട്ടികളില്‍ മൂല്യങ്ങള്‍ വളര്‍ത്തുമ്പോള്‍ ഇതുപോലുള്ളൊരു ക്രമം നാമും പാലിക്കാന്‍ ശ്രമിക്കണം.
വിവ: ഷഹ്‌നാസ് ബീഗം