പി.എ സമീന
(അസി. എക്‌സി. എഞ്ചിനീയര്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്)
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി ഇപ്പോള്‍ എറണാകുളത്തു ജോലി ചെയ്യുന്നു. കളമശ്ശേരി, ചാലക്കുടി, അങ്കമാലി, ഷൊര്‍ണൂര്‍, ആലുവ, മലപ്പുറം, ഇടുക്കി, എറണാകുളം എന്നിങ്ങനെയാണ് ജോലിയുടെ നാള്‍വഴികള്‍.
ഇണയും മൂന്ന് മക്കളും ഒരു പേരക്കുട്ടിയും കൂടെയുണ്ട്. ജോലിയും വീടും കുടുംബവും കൂട്ടുകാരും സാമൂഹിക- സാംസ്‌കാരിക- സംഘടനാ പ്രവര്‍ത്തനങ്ങളും സന്ദര്‍ഭത്തിന്റെ മുന്‍ഗണയനുസരിച്ചു എന്റെ ജീവിതത്തെ വരച്ചുകൊണ്ടിരിക്കുന്നു.
സുബ്ഹിക്ക് മുമ്പേ ഉണര്‍ന്ന് പ്രാര്‍ഥന കഴിഞ്ഞ് കുറച്ചുനേരം സിറ്റപ്പും സ്‌ട്രെച്ചിങ്ങുമായി ശരീരം ശ്രദ്ധിക്കും. അല്‍പനേരം ആത്മാവിന്റെ വിശപ്പ് കെടുത്താന്‍ ഖുര്‍ആന്‍ നോക്കും. ശേഷം ഈ ലോകത്തെന്ത് സംഭവിച്ചു എന്ന് സോഷ്യല്‍ മീഡിയയില്‍ പരതും. പണ്ടൊക്കെ റേഡിയോ ഓണ്‍ ചെയ്തുവെച്ചായിരുന്നു അടുക്കളയിലെ കലാപരിപാടികള്‍. ഇപ്പോള്‍ യൂട്യൂബില്‍ സെലക്ട് ചെയ്തു ബുദ്ധിയുടെ വിശപ്പ് കെടുത്തുന്ന എന്തെങ്കിലും കേള്‍ക്കും. സമയമുണ്ടെങ്കില്‍ മുറ്റത്ത് ചെടികളോടൊപ്പം കുറച്ചു നേരം. പിന്നെ ഓഫീസിലേക്കുള്ള യാത്രയില്‍ മെട്രോയില്‍ നിന്നോ ഇരുന്നോ വാട്‌സ്ആപ്പ് വഴി സുഹൃദ് ബന്ധങ്ങളും സംഘടനാ ബന്ധങ്ങളും ഊട്ടിയുറപ്പിക്കും. അപൂര്‍വമായി ഇന്‍സ്റ്റയിലും കേറിയിറങ്ങും. ജോലിയില്‍ കാത്തിരിക്കുന്ന പുതിയ വെല്ലുവിളികളോട് പോരാടിയ ഉന്മേഷത്തോടെ തിരിച്ചു വീട്ടില്‍ വന്ന് കുടുംബത്തോടൊപ്പം സന്തോഷം പങ്കിട്ടു സാധാരണ ഗതിയില്‍ പത്തരയോടെ ഉറക്കം.
Wings സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് എന്ന നിലയിലും എറണാകുളം ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനായും തനിമ ജില്ല സമിതി സാഹിത്യ സെക്രട്ടറി എന്ന നിലയിലും വൈകുന്നേരങ്ങളില്‍ കേറി വരുന്ന ഓണ്‍ലൈന്‍ യോഗങ്ങള്‍ വീട്ടു ജോലികള്‍ ക്രമീകരിച്ചു പങ്കെടുക്കും. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം തായിക്കാട്ടുകര ഹല്‍ഖ നാസിമത്ത് എന്ന നിലയില്‍ കൂട്ടുകാരികളോടൊപ്പം അല്‍പം സാമൂഹ്യ പ്രവര്‍ത്തനം, ക്ലാസ്സുകള്‍...
റെസിഡന്റ്സ് അസോസിയേഷന്‍ വനിതാ വിങ്ങില്‍ കൂട്ട് കൂടുമ്പോള്‍ കിട്ടുന്ന നാട്ടുകാരുടെ സൗഹൃദം എല്ലാം പ്രൊഫഷണല്‍ ലൈഫിന്റെ സ്ട്രെസ് കുറക്കുന്നതോടൊപ്പം വീട്ടിലെ പിടിപ്പത് ജോലികളില്‍ നിന്നും വേറിട്ട ഒരു വ്യക്തിജീവിതം ആസ്വദിക്കാന്‍ സഹായിക്കുന്നു. ചിലപ്പോഴൊക്കെ വായിച്ചും സന്തോഷിക്കും. വീട്ടുജോലിക്കിടയില്‍ യൂ ട്യൂബ് ക്ലാസ്സുകളും ഓണ്‍ലൈന്‍ മീറ്റിങ്ങും മള്‍ട്ടി ടാസ്‌കിന്റെ ഭാഗമായി കൊണ്ടുനടക്കുന്നു.
കുട്ടികളോടൊത്ത് വാരാന്തങ്ങളില്‍ ബന്ധു ഗൃഹ സന്ദര്‍ശനം സന്ദര്‍ഭം പോലെ നടക്കും. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവധി ദിവസം വീട്ടു ജോലിക്ക് മാത്രം മാറ്റിവെക്കാതെ വിവാഹങ്ങള്‍, രോഗ സന്ദര്‍ശനം, ബന്ധു ഗൃഹ സന്ദര്‍ശനം, ഹല്‍ഖാ യോഗം അങ്ങനെ സമയം പകുത്തു നല്‍കി അര്‍ഥപൂര്‍ണമാക്കാന്‍ കഴിയാറുണ്ട്.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും, ചിലപ്പോള്‍ ഒന്നില്‍ കൂടുതലും കുടുംബത്തോടൊപ്പം പുതിയ കാഴ്ചകളും പുതിയ അനുഭവങ്ങളും തേടിയുള്ള സുന്ദരമായ യാത്രകളിലൂടെ തിരക്ക് പിടിച്ച ജീവിതത്തെ പുതുക്കിയെടുക്കുന്നുണ്ട്.
ജോലികളൊന്നും ഇല്ലായിരുന്നെങ്കില്‍ ഈ ജീവിതം വെറുതെ ആയിപ്പോയേനെ എന്ന് തോന്നാറുണ്ട്. ജീവിതത്തിന്റെ സുന്ദരമായ ഓരോ സീനിനും സൂപ്പര്‍ സംവിധായകനായ റബ്ബിനോട് നന്ദി പറയാതെ വയ്യ.
സമീറ എ.ടി
(രാഷ്ട്രീയ/സാമൂഹിക പ്രവര്‍ത്തക)
കണ്ണൂര്‍ ജില്ലയിലെ വളപട്ടണം സ്വദേശിയാണ്. കോളേജ് പഠനത്തിനിടയിലായിരുന്നു കല്യാണം. കല്യാണ ശേഷം ഭര്‍ത്താവിനൊപ്പം തളിപ്പറമ്പില്‍ താമസിക്കുമ്പോഴാണ് സാമൂഹിക സേവന രംഗത്ത് സജീവമാകുന്നത്. 1990 കാലഘട്ടത്തില്‍ മുസ് ലിം സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങുന്നത് സജീവമല്ലാതിരുന്ന സമയം, പ്രത്യേകിച്ച് പൊതുക്ലാസുകളും പ്രഭാഷണങ്ങളുമായി സജീവമാകാന്‍ സാധിച്ചിരുന്നു. കുട്ടികള്‍ ആറ് പേരും ചെറിയ പ്രായത്തിലായിരുന്ന ആ കാലഘട്ടത്തില്‍ ഭര്‍ത്താവിന്റെയും നാട്ടുകാരുടെയും പ്രത്യേക പിന്തുണയുണ്ടായിരുന്നു. പിന്നീടങ്ങോട്ട് സംഘടനാ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം, സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുമ്പോഴും പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍, തണല്‍ സേവന വിംഗ് വളണ്ടിയര്‍ തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നു. 2010-ല്‍ ആദ്യമായി ഇലക്ഷനില്‍ മത്സരിച്ചെങ്കിലും ചെറിയ വോട്ടിന് പരാജയപ്പെട്ടു. എന്നാല്‍, 2015-ല്‍ വീണ്ടും മത്സരരംഗത്ത് ഇറങ്ങി വിജയിച്ചു. വളപട്ടണം നാലാം വാര്‍ഡ് മെമ്പറായി ഉത്തരവാദിത്വം ഏറ്റെടുത്തു. 2020-ല്‍ വീണ്ടും മറ്റൊരു വാര്‍ഡില്‍ മത്സരിക്കുകയും മെമ്പര്‍ സ്ഥാനത്തോടൊപ്പം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലയിലും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. ഈ കാലയളവിലൊക്കെ വാര്‍ഡിലെ ക്ഷേമ പ്രവര്‍ത്തനങ്ങളോടൊപ്പം പഞ്ചായത്ത് ഫണ്ടുകള്‍ വാങ്ങിക്കൊടുക്കല്‍ മാത്രമല്ല ഒരു മെമ്പറുടെ ഉത്തരവാദിത്വം എന്ന് തിരിച്ചറിഞ്ഞതുകൊണ്ട് തന്നെ പലപ്പോഴും വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളെ കൂട്ടി ഉല്ലാസ യാത്രകള്‍ നടത്താനും ഒരു നാടിന്റെ ചരിത്രം പുതുതലമുറക്ക് പകര്‍ന്ന് കൊടുക്കാനുതകുന്ന ചരിത്ര പൈതൃക യാത്രകള്‍ കുട്ടികളെയും യുവതികളെയും കൂട്ടി നടത്താനും ശ്രദ്ധിച്ചു. അതോടൊപ്പം വാര്‍ഡിലെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കുമായി ഒത്തൊരുമിക്കാനും സന്തോഷിക്കാനും ഉതകുന്ന കുടുംബസംഗമങ്ങളും ഉല്ലാസയാത്രകളും സംഘടിപ്പിച്ചു. പ്രപഞ്ച സ്രഷ്ടാവിന്റെ ദൃഷ്ടാന്തങ്ങള്‍ കണ്ടറിയാന്‍ യാത്രകള്‍ ഏറെ ഉപകരിക്കുമെന്ന ബോധ്യമുള്ളതുകൊണ്ട് യാത്രകള്‍ എന്റെ ഹോബി കൂടിയാണ്. അതേപോലെ പച്ചക്കറി കൃഷി, കോഴിവളര്‍ത്തല്‍ എന്നിവയും ഏറെ ഇഷ്ടമുള്ളതുകൊണ്ട് അതിനും സമയം കണ്ടെത്താറുണ്ട്. എന്റെ വളര്‍ച്ചക്ക് വായന പ്രധാന ഘടകം തന്നെയാണ്. പൊതുസ്റ്റേജുകളിലും വേദികളിലും പ്രഭാഷണങ്ങള്‍ നടത്തുന്നതിനും ആളുകളോട് സംവദിക്കുന്നതിനും വായന എനിക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വായനക്ക് കൃത്യമായ സമയം കണ്ടെത്താറുണ്ട്. ഇതിന്റെയിടയില്‍ പലപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും കൗണ്‍സലിംഗിനും സമയം കണ്ടെത്താറുണ്ട്. ദുരന്തമേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഐ.ആര്‍.ഡബ്ലിയു വിംഗിലും മെമ്പറാണ്. 2018-ലെ പ്രളയത്തിലും വയനാട്ടിലെ ചൂരല്‍മല ദുരന്തമേഖലയിലെ പ്രവര്‍ത്തനത്തിലും സേവനം അനുഷ്ഠിക്കാന്‍ സാധിച്ചിട്ടുണ്ട്. കൃത്യമായ ട്രെയ്നിംഗ് കിട്ടിയതുകൊണ്ട് തന്നെ ദുരന്തമേഖലയില്‍ സേവനം അനുഷ്ഠിക്കുന്നത് ഏറെ ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. 6 മക്കളും 14 പേര മക്കളുമൊക്കെയായി വലിയ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തമുള്ളയാള്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതില്‍ തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷവും സംതൃപ്തിയുമുണ്ട്.
താഹിറ കൗസര്‍ കുറ്റിക്കാട്ടൂര്‍
(സംരംഭക)
ഒരു സാധാരണ കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. ആട്, പശു, കോഴി, പൂച്ച, കൃഷി തുടങ്ങിയവയെ പരിപാലിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്ന ഉമ്മയോടൊപ്പം ചേര്‍ന്ന് വളര്‍ത്തു ജീവികളോട് ഇണങ്ങിയാണ് ബാല്യ- കൗമാരങ്ങള്‍ പിന്നിട്ടത്. ഏറ്റവും ഇഷ്ടപ്പെട്ടതായിരുന്നു കോഴി വളര്‍ത്തല്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായപ്പോള്‍ ഭര്‍തൃമാതാവും സമാന തത്പരയായതിനാല്‍ ചെറിയ തോതില്‍ കൃഷിയും കോഴികളും ഞങ്ങളുടെ വീട്ടില്‍ സമൃദ്ധമായുണ്ടായി. വിവിധയിനം മുളകളുടെ വന്‍ശേഖരം പലയിടങ്ങളില്‍നിന്നും വിരുന്ന് പോകുമ്പോള്‍ സ്വരൂപിച്ച് നട്ടുപിടിപ്പിക്കുന്നതും ഇഷ്ടവിനോദമായിരുന്നു.
എന്റെ അഭിരുചികള്‍ തിരിച്ചറിഞ്ഞ ഭര്‍ത്താവാണ് ഒരിക്കല്‍ വിവാഹ വാര്‍ഷികത്തിന് വേറിട്ട സമ്മാനമായി പ്രത്യുല്‍പാദനപരമായ കോഴിക്കൂട് വാങ്ങിത്തന്നത്. എന്റെ മുമ്പില്‍ സ്വര്‍ണത്തേക്കാള്‍ വിലമതിപ്പുണ്ടായിരുന്നു അതിന്. അതെന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. കൂടുതല്‍ കോഴികളെ വളര്‍ത്തുന്നതിനെക്കുറിച്ചും ശാസ്ത്രീയമായി അവയെ പരിചരിക്കുന്നതിനെക്കുറിച്ചും പഠിക്കാന്‍ അവസരം ലഭിച്ചത് നന്നായി ഉപയോഗപ്പെടുത്തി.
ഇപ്പോള്‍ കോഴിയും മുട്ടയും വിറ്റ് നല്ലൊരു സമ്പാദ്യം സ്വന്തമായുണ്ട്.
വാഴ, കൂവ, മഞ്ഞള്‍, ചേമ്പ്, ചേന തുടങ്ങിയവയെല്ലാം സ്വന്തമായി കൃഷി ചെയ്തതാണ് വീട്ടിലുപയോഗിക്കുന്നത്. ആവശ്യം കഴിഞ്ഞുള്ളവ വില്‍ക്കുകയാണ് പതിവ്. കൃഷിക്ക് ആവശ്യമുള്ള വളവും വാങ്ങേണ്ടിവരാറില്ല.
ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടാക്കി വ്യവസ്ഥാപിതമായി സമയം ക്രമീകരിച്ചും, ഭര്‍ത്താവിനെയും മക്കളെയും പേരക്കുട്ടികളെയും പങ്കാളികളാക്കി രസകരമായാണ് മുന്നോട്ടു നീങ്ങുന്നത്. ആഴ്ചയിലെ ഖുര്‍ആന്‍ പഠന ക്ലാസുകള്‍, സൗഹൃദ കൂട്ടായ്മകള്‍ കുടുംബത്തിലെ വിവാഹങ്ങള്‍, സന്ദര്‍ശനങ്ങള്‍ തുടങ്ങിയവക്കൊന്നും തടസ്സമാകാത്ത രീതിയില്‍ മുന്‍കൂട്ടി സമയം ക്രമീകരിക്കും. വളരെ നേരത്തെ എഴുന്നേല്‍ക്കും. അലസമായിരിക്കുന്ന രീതിയേയില്ല. അടുക്കളയില്‍ യന്ത്രസഹായം വന്ന സാഹചര്യത്തില്‍ ബാക്കി വരുന്ന സമയം ഫലപ്രദമായി ഉപയോഗിച്ചാല്‍ മടുപ്പില്ലാത്ത ജീവിതവും നല്ല സാമ്പത്തിക സുസ്ഥിതിയും കൈവരിക്കാനാവും. പുതുതലമുറയിലെ കുട്ടികള്‍ പോലും സോഷ്യല്‍ മീഡിയയുടെ അടിമകളായി മാറുന്ന കാലത്ത് എന്റെ പേരക്കുട്ടികള്‍ കൃഷിയുടെ ബാലപാഠങ്ങളും കോഴിക്കുഞ്ഞുങ്ങളുടെ വളര്‍ച്ചയും ആസ്വാദനത്തോടെ അനുഭവിക്കുന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഞങ്ങള്‍ക്ക് വഴികാട്ടി ആകുന്നതിന് മാത്രമേ ഞങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുള്ളൂ.
ദിവസങ്ങളോളം ജോലി ആവശ്യാര്‍ഥം വീട്ടിലില്ലാത്ത ഭര്‍ത്താവിന്റെ അഭാവം, രാവിലെ ജോലിക്കു പോകുന്ന മക്കളും മരുമക്കളും. ആളൊഴിഞ്ഞ വീട്ടില്‍ മാനസികമായ എല്ലാ അലച്ചിലുകള്‍ക്കും പ്രയാസങ്ങള്‍ക്കും വലിയൊരു ഒറ്റമൂലിയാണ് എന്റെ ഈ സംരംഭം.
ലുലു അഹ്‌സന
(ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍)
ഏതൊരു പെണ്‍കുട്ടിയേയും പോലെ കല്യാണവും വീടുംസ്വപ്നം കണ്ടു വളര്‍ന്ന ഒരാളായിരുന്നു ഞാന്‍. നന്നായി പഠിച്ചു. എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ നന്നായി പെര്‍ഫോം ചെയ്തു. എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷം കല്യാണം കഴിഞ്ഞു. എങ്ങനെയോ കോഴ്‌സ് കംപ്ലീറ്റ് ചെയ്തു. അന്ന് പഠനത്തിനോ ജോലിക്കോ പ്രാധാന്യം കൊടുത്തില്ല. ഭര്‍ത്താവിന്റെ കൂടെ ഖത്തറില്‍ വന്നു താമസമായി.
മക്കള്‍ നാല് പേരായപ്പോഴാണ് ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചത്. ഒഴിവുസമയങ്ങളില്‍ വായിക്കുകയും പഠിക്കുകയും ചെയ്യും. എന്റെ ഇഷ്ട ഹോബിയായ ഫോട്ടോഗ്രാഫിക്കും സമയം കണ്ടെത്തി. എന്നിട്ടും ഒട്ടും പ്രൊഡക്ടീവ് അല്ല എന്ന ചിന്തയില്‍ നിന്നാണ് ജോലിക്ക് വേണ്ടി ശ്രമിക്കുന്നത്. ആദ്യ ജോലിക്ക് അപേക്ഷിച്ച അന്നു തന്നെ ഇന്റര്‍വ്യൂ കാള്‍ കിട്ടി, ജോലിയില്‍ പ്രവേശിച്ചു. പക്ഷേ, പിന്നീട് മനസ്സിലായി എഞ്ചിനീയറിംഗ് പഠിച്ച എനിക്ക് അതേ ജോലി ലഭിക്കാനുള്ള അവസരങ്ങള്‍ എന്റെ 10 വര്‍ഷത്തെ കരിയര്‍ ബ്രേക്ക് ഇല്ലാതാക്കി എന്ന്. ഒപ്പം ഞാന്‍ ചെയ്ത മറ്റു കാര്യങ്ങള്‍ക്കുണ്ടായ തടസ്സങ്ങള്‍, കുടുംബത്തിലും ചുറ്റുമുണ്ടായ അസ്വാരസ്യങ്ങള്‍... പിന്നെ ഒട്ടും അമാന്തിച്ചില്ല, ജോലി രാജിവെച്ചു, പിലാനിയില്‍ മാസ്റ്റേഴ്‌സിനു ചേര്‍ന്നു. കൊറോണ കാലമായതിനാല്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു പഠനം. ആ സമയവും മറ്റു പല പാര്‍ട്ട് ടൈം ജോലിയും തുടര്‍ന്നു, ഹമദ്, ഫിഫ അറബ് കപ്പ്, ഫിഫ വേള്‍ഡ് കപ്പ്, ooredoo തുടങ്ങി പല മേഖലകളിലും ജോലി ചെയ്യാന്‍ അവസരം ലഭിച്ചു.
ആയിടക്കാണ് എന്റെസുഹൃത്ത്, ശില്‍കഅവളുടെ കുഞ്ഞിന്റെ ന്യൂബോണ്‍ ഫോട്ടോഷൂട്ട് എടുത്ത് തരുമോ എന്ന് ചോദിച്ചത്. കുഞ്ഞുങ്ങളെ ഇഷ്ടമുള്ള ഞാന്‍ ഫോട്ടോഗ്രാഫര്‍ എന്നതോടൊപ്പം എന്റെ കലാപരമായ ഐഡിയകളും കൂട്ടി കുഞ്ഞിന്റെ സുന്ദരമായ ചിത്രങ്ങള്‍ എടുത്തു. ആ ഷൂട്ട് എല്ലാവരും ഏറ്റെടുത്തതോടെ എനിക്ക് ഒരുപാട് ഫോട്ടോഷൂട്ട് അവസരങ്ങള്‍ ഉണ്ടായി.രണ്ടര വര്‍ഷംകൊണ്ട് മൂന്നൂറില്‍പരം കുഞ്ഞു മക്കളെ ഫോട്ടോ ഷൂട്ട് ചെയ്തു. ഒപ്പം ജോലിയിലും മാറ്റങ്ങളുണ്ടായി. ഇന്നും ഒരു വരുമാനമെന്നതിലുപരി കുഞ്ഞു മക്കളുമായി ചെലവഴിക്കാനുള്ള നല്ല അവസരമായി ഞാനതിനെ കാണുന്നു.
ജീവിതാനുഭവങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കുറിച്ചിടാറുണ്ട്. അതില്‍നിന്ന് ഒരുപാട് സൗഹൃദങ്ങളുണ്ടാക്കാനും കൂടുതല്‍ ആളുകളെ കുറിച്ച് അറിയാനും അവസരമൊരുങ്ങുന്നു. ജീവിതത്തില്‍ ഒരു ദിവസവും ഒരേപോലെയാവരുത് എന്നൊരു മനോഭാവം ഞാന്‍ ജീവിതത്തില്‍ പാലിക്കാറുണ്ട്.എന്‍ഗേജ് ആവുന്നതാണ് സമാധാനം എന്നതാണ് പരിഹാരം. ചില സമയങ്ങളില്‍ കുഞ്ഞു മക്കളാവുമ്പോള്‍ ജോലിക്ക് പോകാതിരിക്കുന്നതാണ് നല്ലതെങ്കിലും മക്കള്‍ സ്‌കൂളും മറ്റുമായി തിരക്കാവുമ്പോള്‍ പ്രഫഷണല്‍ ഡിഗ്രിയും മാസ്റ്റേഴ്‌സും ഒക്കെയുള്ളവര്‍ വീട്ടില്‍ വെറുതെ ഇരിക്കുന്നത് മനസ്സില്‍ പ്രയാസമുണ്ടാക്കും.
ഒരു പെണ്ണ് തന്റെ ചുറ്റുമുള്ള അവസ്ഥയെ കുറച്ചു കൂടി നല്ലൊരു അവസ്ഥയിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അതിനു ഒരുപാട് പേരുടെ സഹായം ആവശ്യമാണ്. അവളുടെ കുടുംബം, സമൂഹം... ഇതെല്ലാം എപ്പോഴും അനുകൂലമാവണമെന്നില്ല. പക്ഷേ, ആഴത്തില്‍ ആഗ്രഹിക്കുകയും അതിനു വേണ്ടി പണിയെടുക്കുകയും ചെയ്യുന്നത് അവളുടെ വിജയത്തിലേക്കുള്ള വഴി തെളിയിക്കും. ഒപ്പം നിരന്തര പ്രാര്‍ഥനയും മനസ്സിലെ നന്മയും അവള്‍ക്ക് വെളിച്ചമായി മുന്നോട്ടുള്ള പാത എളുപ്പമാക്കും. ഒഴിവു സമയങ്ങളില്‍ podcast കേള്‍ക്കാറുണ്ട്. പുസ്തകങ്ങളെക്കുറിച്ച് കേള്‍ക്കുകയും വായിക്കുകയും ചെയ്യും. കുടുംബത്തോടൊപ്പം ക്വാളിറ്റി ടൈം ചെലവഴിക്കാന്‍ ശ്രമിക്കും. കൃത്യമായി ന്യൂ ജെന്‍ കുട്ടികള്‍ക്കിടയിലെ അവസ്ഥാന്തരങ്ങളെ കുറിച്ച് വായിച്ചു പഠിക്കുകയും ചിലതൊക്കെ പഴയ ചിന്താഗതികളില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഒരു സ്ത്രീ ജോലിയും മറ്റു ബിസിനസ് കാര്യങ്ങളുമായി തിരക്കാവുമ്പോള്‍ വീട്ടില്‍ സഹായത്തിനായി ആളെ വെക്കുന്നത് അവരുടെ ലൈഫിലെ ഏറ്റവും നല്ല ഇന്‍വെസ്റ്റ്‌മെന്റാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. പലരും അതൊരു പാഴ്‌ചെലവായി കാണുമ്പോള്‍ കൃത്യമായ ഒരു ലക്ഷ്യത്തോടെ കരിയര്‍ പടുത്തുയര്‍ത്തുന്നവര്‍ക്ക് അതൊരു ഇന്‍വെസ്റ്റ്‌മെന്റ് തന്നെയാണ് എന്ന് ഞാന്‍ പഠിച്ചത് ഈയടുത്താണ്.
ഡോ. ആയിഷാബി സി.പി
(മെഡിക്കൽ ഡയറക്ടർ, ലൈഫ് കെയർ ഹോസ്പിറ്റൽ, എടവണ്ണപ്പാറ)
തിരക്കുകള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ഏതെങ്കിലും രോഗിയുടെ കോള്‍ അറ്റന്‍ഡ് ചെയ്തുകൊണ്ടായിരിക്കും. കൃത്യസമയത്ത് ഉറങ്ങി എഴുന്നേല്‍ക്കുക എന്ന ദിനചര്യ ഒരിക്കലും ഒരു ഡോക്ടര്‍ക്ക് ഉണ്ടാവില്ല. വീട്ടിലുറങ്ങുന്നതും എണീക്കുന്നതും വിരളമായിരിക്കും. അധികവും ഹോസ്പിറ്റലില്‍ രാവും പകലും കഴിച്ചു കൂട്ടേണ്ടി വരും. ആഴ്ചയില്‍ ഏഴ് ദിവസവും ദിവസത്തില്‍ 24 മണിക്കൂറും തിരക്കുതന്നെ.
ഒരിക്കലും വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ മുഴുവനും ഏറ്റെടുക്കാന്‍ നില്‍ക്കരുത് എന്നാണ് എന്റെ വശം. പ്രൊഫഷണല്‍ ജീവിതവും മറ്റ് ചുമതലയും ഒന്നിച്ചു കൊണ്ടുപോകാന്‍ ഇത് തടസ്സം നില്‍ക്കും. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാനായി നല്ല ഒരു കെയര്‍ടേക്കറെ നിയമിക്കണം. ആശുപത്രിയില്‍ നിന്നുള്ള അത്യാവശ്യ വിളികള്‍ എന്റെ ചട്ടിയും കലവുമൊക്കെ കത്തിച്ചിട്ടുണ്ട്. ഗ്യാസ് പെട്ടെന്ന് തീര്‍ന്നു പോയിട്ടുണ്ട്. അപകടസാധ്യത ഉള്ളതിനാല്‍ തല്‍ക്കാലം ഞാന്‍ ആ ഭാഗത്തുനിന്ന് മാറിനില്‍ക്കുകയാണ് പതിവ്. കുക്കിംഗ്, ക്ലീനിങ് പോലുള്ള കാര്യങ്ങള്‍ക്കു വേണ്ടി എന്റെ സമയം മാറ്റിവെക്കാറില്ല.
കുട്ടികളെ, കൂടുതലായി മാതാപിതാക്കളെ ആശ്രയിക്കാത്ത രീതിയിലാണ് വളര്‍ത്തിയത്. കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയും രൂപപ്പെടുത്തുന്നതില്‍ അവരോടൊപ്പം നിന്നു. ഭാവിയില്‍ എന്താവണമെന്ന് അവര്‍ തന്നെ തീരുമാനിച്ച് പറയട്ടെ എന്ന രീതിയില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടവര്‍ക്ക്. എങ്കിലും ശരി, തെറ്റ് എന്താണെന്ന് മനസ്സിലാക്കി കൊടുക്കാനും അവര്‍ക്ക് മാതൃകയാവാനും പരമാവധി ശ്രദ്ധിക്കുന്നുണ്ട്. ഏത് ലെവലില്‍ പെരുമാറണമെന്നും, ആത്മീയമായും സാമൂഹികമായും ജീവിതത്തില്‍ എങ്ങനെയായിരിക്കണമെന്നും അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് അവരുടെ കാര്യത്തില്‍ ഭയങ്കരമായി ആകുലപ്പെടേണ്ടി വരാറില്ല.
ഹോസ്പിറ്റലില്‍ ജീവന്‍ വെച്ചുള്ള കളിയാണല്ലോ, ആയാസമില്ലാതെ വര്‍ക്ക് ചെയ്യാനാവണം. ഒരു രോഗനിര്‍ണയം മിസ്സ് ആയാല്‍ രോഗി അതുകാരണം വലിയ വില നല്‍കേണ്ടിവരും. അതിന് അവസരം ഉണ്ടാക്കാന്‍ പാടില്ല. ഇതൊക്കെയാണ് മനസ്സില്‍ ഉണ്ടാവുക. രോഗികളോടുള്ള ഇടപഴകല്‍ ഒരു കടമയായി കണ്ടാല്‍ മാനസിക സമ്മര്‍ദം ഉണ്ടാവില്ല. കടമകള്‍ ജീവിതത്തിന്റെ ഭാഗമാണെന്ന് ബോധ്യമുണ്ടെങ്കില്‍ പിന്നാലെ സമയവും സൗകര്യവും വരും.
പ്രധാനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആവശ്യമില്ലാതെ വലിച്ചുവാരി തിന്നരുത്. വെള്ളം ധാരാളം കുടിക്കുക. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഒന്നും കഴിക്കരുത്. ഫ്രൂട്ട് സാലഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഞാന്‍ ജിമ്മില്‍ പോകാറുണ്ട്. പോകാന്‍ പറ്റിയില്ലെങ്കില്‍ സമയമുള്ളപ്പോള്‍ ഓണ്‍ലൈനായി വര്‍കൗട്ട് ചെയ്യും. രോഗികളോടൊപ്പം നില്‍ക്കുന്നതാണ് എന്റെ ഹോബി. കൂടാതെ പൂന്തോട്ട നിര്‍മാണവും റീല്‍ മേക്കിംഗും ഇഷ്ടപ്പെട്ടു ചെയ്യുന്ന കാര്യങ്ങളാണ്. പ്രഗ്നന്‍സി, പോസ്റ്റ്പാര്‍ട്ടം, അഡോളസെന്റ് ഹെല്‍ത്ത് പോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളെയും ചില മെഡിക്കല്‍, സാമൂഹിക അന്ധവിശ്വാസങ്ങളെയും മിത്തുകളെയും മുന്‍നിര്‍ത്തി അതിനെതിരെയുള്ള ബോധവല്‍ക്കരണമാണ് റീല്‍സുകളില്‍ ഉള്‍പ്പെടുത്താറുള്ളത്. കൂടാതെ ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുള്ള അവബോധവും സ്ത്രീകള്‍ അഭിമുഖീകരിക്കുന്നതും പുറത്തുപറയാന്‍ മടിക്കുന്നതുമായ പ്രശ്നങ്ങളും കാന്‍സര്‍ അവയര്‍നസ് തുടങ്ങിയ കാര്യങ്ങളൊക്കെ ഉള്‍പ്പെടുത്താറുണ്ട്. ആര്‍ക്കും സമയമില്ല, എന്‍ജോയ് ചെയ്യാന്‍ പറ്റുന്നില്ല എന്നും എന്തൊക്കെയോ ഉണ്ടെങ്കിലും സമാധാനമില്ല എന്നതിനാല്‍ അവര്‍ക്ക് വേണ്ടിയും എനിക്ക് തന്നെ വേണ്ടിയും റിലാക്സേഷന് കുറച്ച് കോമഡി ഒക്കെ ഉള്‍പ്പെടുത്തിയാണ് റീല്‍ ചെയ്യുന്നത്. കൂടെ നില്‍ക്കുന്നത് എന്റെ സഹപ്രവര്‍ത്തകരാണ്. അതിലൂടെ അവരുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നു.
ഷബ്ന ഷംസു
(ഫാര്‍മസിസ്റ്റ്, എഴുത്തുകാരി)
കോവിഡിന്റെ കാലത്താണ് ഞാന്‍ എഴുതിത്തുടങ്ങുന്നത്. അത്രയും കാലം ഒരു വീട്ടമ്മയുടെയും ഫാര്‍മസിസ്റ്റിന്റെയും റോള്‍ മാത്രം കൈകാര്യം ചെയ്ത, വളരെ സാധാരണക്കാരിയായി മാത്രം ജീവിച്ച, ഒരിക്കല്‍ പോലും സ്റ്റേജില്‍ കയറുകയോ മൈക്കില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാള്‍. കോവിഡ് കാലം പലരുടെയും ജീവിതം മാറ്റിമറിച്ച കൂട്ടത്തില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ട്. വായനാ ശീലം ഇല്ലാത്തത് കൊണ്ട് ആ സമയത്ത് ആദ്യം തുടങ്ങി വെച്ചത് വായനയായിരുന്നു. പിന്നീടാണ് എഴുത്തിലേക്കെത്തിയത്. അതും കഴിഞ്ഞ് പ്രസിദ്ധീകരണ സംരംഭവും തുടങ്ങി. മലയാളത്തിലെ മികച്ച എഴുത്തുകാരുടെ എഴുപതോളം പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഇഷ്ടമുളളതിന്റെ പുറകെ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ സമയം എനിക്ക് വേണ്ടി കാത്തുനിന്നു. മക്കള്‍ക്കും കുടുംബത്തിനും വേണ്ടി മാറ്റിവെച്ച ക്വാളിറ്റി സമയത്തില്‍ വിട്ടുവീഴ്ച ഇല്ലാതാക്കലായിരുന്നു ഏറ്റവും വലിയ ടാസ്‌ക്. ഹോസ്പിറ്റലിലേക്കുള്ള അരമണിക്കൂര്‍ ബസ് യാത്ര, വെറുതെ ഇരുന്ന് കാഴ്ച കാണുന്നതിന് പകരം മനുഷ്യരെ നിരീക്ഷിക്കുന്നതിന് ഉപയോഗിച്ചു. എഴുത്തിലേക്ക് അങ്ങനെ ഒരുപാട് ജീവനുള്ള കഥാപാത്രങ്ങള്‍ കടന്നുവന്നു.
ഉറക്കത്തിന്റെ സമയം വെട്ടിക്കുറച്ചു. അടുക്കളയില്‍ ചട്ടുകം വെച്ച് ഇളക്കുമ്പോള്‍ തന്നെ എഴുതാനുള്ള വിഷയങ്ങള്‍ കണ്ടെത്തലും ജീവിതത്തിന്റെ ഭാഗമായി. ആശയങ്ങള്‍ അടുക്കളയില്‍നിന്ന് രൂപപ്പെട്ടു. അതുകൊണ്ട് തന്നെ ആദ്യ പുസ്തകത്തിന് 'അടുക്കള' എന്ന പേര് തന്നെ നല്‍കി.
ഇതിനിടയില്‍ പ്രസാധകയുടെ കുപ്പായവും ധരിച്ചു. എഡിറ്റിങ്ങും പ്രൂഫ് റീഡിങ്ങും ചോറും കൂട്ടാനും വെക്കുന്നതിനൊപ്പം ജീവിതചര്യയായി. എഴുത്തുകാരന്റെ കൈയില്‍ അച്ചടി മഷി പുരണ്ട പുസ്തകങ്ങള്‍ നല്‍കുമ്പോള്‍ ആ കണ്ണില്‍ ഉണ്ടാകുന്ന സന്തോഷം അക്ഷരങ്ങളോടുള്ള എന്റെ ലഹരി വര്‍ധിപ്പിച്ചു.
ഇതിനിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും സമയം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ മനുഷ്യര്‍ക്ക് സഹായം നല്‍കാന്‍ സാധിച്ചു. നിരാലംബരായ മനുഷ്യര്‍ക്കൊപ്പം സമയം കണ്ടെത്തുമ്പോള്‍ ദൈവത്തിന്റെ കൈ നമ്മളിലൂടെ സാന്ത്വനം പകരുന്നത് ഹൃദയത്തിന്റെ കണ്ണിലൂടെ കാണാന്‍ കഴിയും.
ഫേസ്ബുക് പ്ലാറ്റ്ഫോമിലാണ് തുടക്കം മുതലേ എഴുതിത്തുടങ്ങിയത്. ഇന്നുവരെ കണ്ടിട്ടോ മിണ്ടിയിട്ടോ ഇല്ലാത്ത ആയിരക്കണക്കിന് ആളുകള്‍ നല്‍കുന്ന പിന്തുണയാണ് കൂടുതല്‍ എഴുതാനുള്ള പ്രചോദനമായി തോന്നിയിട്ടുള്ളത്. അവരുടെ കുടുംബത്തിലെ അംഗത്തെ പോലെ കാണാന്‍ സാധിക്കുന്നത് ജീവിതത്തില്‍ കഴിഞ്ഞുപോയ ഒരു കാലഘട്ടത്തെ എഴുത്തിലൂടെ നിരന്തരം ഓര്‍മിപ്പിക്കുന്നതു കൊണ്ടാവാം. അതിലൂടെ അവര്‍ക്ക് ഭൂതകാലത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് സാധ്യമാകുന്നുണ്ടാവാം. എതിര്‍പ്പുകളില്ലാതെ, പാഷനൊപ്പം സഞ്ചരിക്കാന്‍ എല്ലാറ്റിനും കൂട്ടായി കുടുംബം കൂടെയുണ്ട്. പ്രിയപ്പെട്ട സഹപ്രവര്‍ത്തകരും കൂട്ടുകാരും നിര്‍ലോഭം സഹകരണമായി എന്നും കൂട്ടായി ഒപ്പമുണ്ട്.