വീട് ഒരു ലോകമാണ്,
അടുക്കളയും വരാന്തയും
അതിലെ രണ്ട് രാജ്യങ്ങളും.
ഡൈനിംഗ് ഹാളില്‍ നടക്കുന്ന
ഉച്ചകോടികളാണ്
രാജ്യങ്ങള്‍ക്കിടയിലുള്ള
നയതന്ത്ര പ്രശ്നങ്ങളില്‍ ഇടപെടുന്നത്.
വരാന്ത ഒരു ഉപഭോക്തൃ രാജ്യമായിട്ടും -
ഏറെ ഉല്പാദനക്ഷമതയുള്ള
അടുക്കളയെ പേടിപ്പിച്ചു നിര്‍ത്തുന്നത്
ആയുധ ബലമുള്ളതു കൊണ്ടല്ല,
'നിങ്ങള്‍ ശക്തരല്ലാത്ത രാജ്യമാണെ'ന്ന
ഒരു മിഥ്യാ ധാരണ
അടിച്ചേല്‍പ്പിച്ചതു കൊണ്ടാണ്.
കിടപ്പുമുറികള്‍ തന്ത്രപ്രധാന മേഖലയാണ്,
അവിടം ശാന്തമാകുമ്പോഴാണ്
ലോകം ശാന്തമായുറങ്ങുകയും
ഉണരുകയും ചെയ്യുന്നത്.
കുളിമുറിയെന്ന രാജ്യത്ത്
നഗ്നതയാണ് ദേശീയ ഭാഷ.
രാജ്യങ്ങള്‍ക്കിടയില്‍
അതിര്‍ത്തികളും ചുമരുകളും
ഉള്ളതുകൊണ്ടാണ്
മാന്യമായി ജീവിക്കാനാകുന്നത്.
പക്ഷേ,
അതിരും വരമ്പും കൊണ്ട്
രാജ്യങ്ങള്‍ വ്യത്യസ്ത ലോകങ്ങളാണെന്ന്
തെറ്റിദ്ധരിക്കരുത്.
അടുക്കളയില്‍ നിന്ന്
ആളിക്കത്തിയ ഒരു തീപ്പൊരി മതി
വീട് മുഴുവന്‍
ചാമ്പലാകാന്‍.