നേരം മഗ്‌രിബ് ബാങ്ക് കൊടുക്കുന്നു. മുകളിലെ മുറിയില്‍ മാത്രം വെളിച്ചമൊന്നും കാണുന്നില്ല. മരണം നടന്ന വീടാണ്. സുലൈഖ മുകളിലേക്കുള്ള ഏണിപ്പടികള്‍ കയറി. ചാരിയ വാതില്‍ പതുക്കെ തള്ളിത്തുറന്നു. വാതില്‍ തുറക്കുന്ന ശബ്ദം കേട്ട സിദ്ദീഖ് എഴുന്നേറ്റു.
''എന്ത് കിടപ്പാ, അതും വെള്ളിയാഴ്ച രാവായിട്ട് നീയെന്താ നിസ്‌കരിക്യേം ഖുര്‍ആന്‍ ഓതേം ഒന്നും ചെയ്യാണ്ട് ഇങ്ങനെ കിടക്കുന്നത്. തലവേദനയുണ്ടോ? താഴേക്ക് ഇറങ്ങ് ഞാന്‍ കട്ടനിട്ട് തരാം.''
അനുസരണയുള്ള കുഞ്ഞിനെ പോലെ സുലൈഖയുടെ പിന്നാലെ സിദ്ദിഖ് താഴേക്കിറങ്ങി.
''എന്തേ നിനക്ക് പറ്റ്യേ. ഉശിരുള്ള ആണ്‍കുട്ടിയല്ല്യേ ഇയ്യ്? എന്നിട്ടാ പെണ്ണുങ്ങളെ മാതിരി തളര്‍ന്ന് ഇരിക്കുന്നത്.''
''എനിക്ക് മറക്കാന്‍ കഴിയിണില്ല ഇത്താത്ത. ഞാനിന്ന് ഖബറും പൊറത്ത് പോയിരുന്നു. സലാം ചൊല്ലി ഞാന്‍ നന്നായി ദുആ ചെയ്തു. മഴ പെയ്തിട്ടാണെന്ന് തോന്നുന്നു, മണ്ണിന്റെ നനവ് മാറിയിട്ടില്ല. കുഴിച്ചിട്ട മൈലാഞ്ചിക്കും നല്ല തെളിച്ചം. തൊട്ട് തന്നെ പുതിയ ഒരു ഖബറും കൂട്ടായിട്ട് വന്നിട്ടുണ്ട്. ഒരു കുട്ടിയുടേതാണെന്ന് പറഞ്ഞു കേട്ടു. അല്ലെങ്കിലും കുട്ട്യോളെ ഓര്‍ക്ക് വല്ല്യ ജീവനല്ലേ?''.
നിറഞ്ഞ കണ്ണുകളിലെ കണ്ണുനീര്‍തുള്ളി സുലൈഖ, സിദ്ദീഖ് കാണാതെ തട്ടത്തിനറ്റം കൊണ്ട് തുടച്ചു കളഞ്ഞു. സിദ്ദീഖിന് ചായ കൊടുത്ത് കുട്ടിക്ക് ചോറ് കൊടുക്കാനായി ഒക്കത്തിരുത്തി. ഓരോ ഉരുള വാരിക്കൊടുക്കുമ്പോഴും ഇടം കണ്ണിട്ട് അവള്‍ അവനെ നോക്കി.
''എന്തേ ഇത്ത എന്നെ ഇങ്ങനെ നോക്കുന്നേ?''
മറുപടി ഒരു തേങ്ങലായിരുന്നു; എളോമയ്ക്ക് ഏറ്റവും കൂടുതല്‍ സ്‌നേഹം നിന്നെയായിരുന്നു. രണ്ടാനുമ്മയായിരുന്നുവെങ്കിലും അവര്‍ക്കു നീ ശരിക്കും മോന്‍ തന്നെയായിരുന്നു. അവര് ഈ വീടിന്റെ പടികയറി വന്നത് ഇന്നലെയെന്ന പോലെ എന്റെ കണ്ണിലുണ്ട്. അന്ന് നീ ഇതാ ഇത്രയുണ്ട്. അവള്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. അവളുടെ വര്‍ണന കേട്ട് സിദ്ദീഖ് പതുക്കെ ചിരിച്ചു.
*****
പട്ടണത്തിലെ പെണ്ണ് സുന്ദരിയും പരിഷ്‌കാരിയുമാണെന്ന് ആളുകളുടെ അടക്കം പറച്ചില്‍. ആളുകളുടെ ഇടയിലൂടെ സുലൈഖ പുതിയ പെണ്ണിനെ ഒളികണ്ണിട്ടു നോക്കി. പട്ടണത്തില്‍ നിന്ന് ഇവിടെ എത്താന്‍ ബോട്ട് മാത്രമാണ് ആശ്രയം. കായല്‍ പരപ്പിലൂടെ ബോട്ട് മുളകൊണ്ട് പതുക്കെ കുത്തി നീക്കുകയാണ്. വേനലായാല്‍ വെള്ളം താഴും. ബോട്ടിന്റെ അടിതട്ടും. പിന്നെ പതിവ് ഇതാണ്. നേരത്തേ മടങ്ങിയിട്ടും കടവ് കടന്ന് വന്നപ്പോഴേക്കും നേരം വൈകി തുടങ്ങി. തെളിഞ്ഞ വെള്ളത്തില്‍ നിലാവ് നന്നായി കാണുന്നു. നേര്‍ത്ത ശീതക്കാറ്റ് മെല്ലെ മെല്ലെ കണ്‍പോളകളെ തഴുകുന്നു. ഉറക്കം വരുന്നുണ്ടെങ്കിലും കണ്ണ് തുറന്നു തന്നെ പിടിച്ചു സുലൈഖ. തന്റെ ഉമ്മാക്ക് പകരമായി വീട്ടിലേക്ക് വരുന്ന ആളാണ്. തന്റെ ഉമ്മയേക്കാള്‍ സുന്ദരി. എത്രയാ മുടി. തന്റെ മുടി സുലൈഖ പിടിച്ച് ഒന്ന് മുന്നോട്ടിട്ടു. പേനും ചെരങ്ങും നിറഞ്ഞ് അവിടവിടെ മുടിവെട്ടിക്കളഞ്ഞിട്ട് മുടിയുടെ കനം തീരെ ഇല്ലാതായി. ഉമ്മ മരിച്ചതിന് ശേഷമാണിങ്ങനെ. അല്ലെങ്കില്‍ എത്ര ഭംഗിയിലാ മുടി പിന്നിയിട്ട് റിബ്ബണ്‍ വെച്ച് മടക്കി കെട്ടിതന്നിരുന്നത്. സിദ്ദീഖിനെ പ്രസവിച്ചപ്പഴാ ഉമ്മ മരിച്ചത്. അതുകൊണ്ട് അവന് ഒന്നും ഓര്‍മ കാണില്ല. ഉമ്മയുടെ സ്‌നേഹം എന്താണെന്ന് അവനറിഞ്ഞില്ലല്ലോ?
ബോട്ട് ചെറിയ കുലുക്കത്തോടെ നിന്നു. ഓരോരുത്തരായി കരയിലേക്കിറങ്ങി. പുതിയ ആളെ ഇറങ്ങാന്‍ സഹായിക്കാനായി എത്ര പേരാണ്. പുതിയ ആള്‍ക്ക് സങ്കടം കാണുമോ? രണ്ട് കുട്ടികളുള്ള ഒരാളെ കല്യാണം കഴിച്ചതിന്. അവരുടെ വെളുത്തു തുടുത്ത വട്ടമുഖത്തിലെ ഭാവം എന്തെന്ന് വ്യക്തമായില്ല.
മുറ്റം അടിക്കുന്ന ശബ്ദം കേട്ടാണ് സുലൈഖ ഉറക്കം ഉണര്‍ന്നത്. നേരം പരപരാ വെളുത്ത് കഴിഞ്ഞിരുന്നു. എപ്പോഴാണ് ഉറങ്ങിയതെന്നും എവിടെയാണ് കിടന്നതെന്നും അവള്‍ക്ക് ഓര്‍മയില്ല. അടുക്കളയില്‍ നിന്നും പാത്രങ്ങളുടെ കലപില ശബ്ദം. പുതിയ ആള് വീട്ടിലേക്ക് തലേന്ന് രാത്രി കടന്ന് വന്നത് പെട്ടെന്ന് അവളുടെ ഓര്‍മയില്‍ ഓടിയെത്തി. ഉറക്കച്ചടവോടെ അടുക്കളയിലേക്ക് നടന്നു. ഇന്നലെ കണ്ട ഗൗരവക്കാരിയേ അല്ല. കുറേ നാളത്തെ പരിചയമുള്ള ഒരാളെ പോലെ!
''പല്ല് തേച്ച് നിസ്‌കരിച്ച് വേഗം വാ, ചായ കുടിക്ക്യാലോ.''
അതു കേട്ടതും അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി. കഴിഞ്ഞ അഞ്ചാറു മാസമായി പുസ്തകത്തോടൊപ്പം ഈ 8-ാം ക്ലാസ്സുകാരി 10 മാസക്കാരന്റെ ഉമ്മയായും അടുക്കളയിലെ കാര്യക്കാരിയായും കഴിയുന്നു.
കുളക്കടവില്‍ നിന്ന് പല്ല് തേക്കുമ്പോള്‍ ആമിനൈത്തായുടെ വാക്കുകളായിരുന്നു കാതില്‍:
''ആദ്യമൊക്കെ നല്ല സ്‌നേഹം കാണിക്കും, പിന്നെ അവര്‍ക്ക് കുട്ടികളുണ്ടായാല്‍ എളോമപ്പോര് തുടങ്ങും.''
വെള്ളത്തിലൂന്നിയ കാലിലെ കൊലുസുകള്‍ക്കിടയിലൂടെ മീനുകള്‍ തുള്ളിക്കളിച്ചു. കാലുകള്‍ ഇക്കിളിയാവുന്നു. നിത്യവും വരാറുള്ള വെള്ളക്കൊക്ക് ഈന്തമരത്തിന്റെ ഓലയില്‍ ചാഞ്ഞിരുന്നു ആലോലമാടി.
കുളക്കടവില്‍ നിന്ന് കയറിവരുമ്പോള്‍ കണ്ടത് മുറ്റമടിക്കുന്ന ജാനുവിനെയാണ്. ''എന്താ സുലേഖക്കുട്ടിയേ; എളോമയെ ഇഷ്ടായോ?'' ആ ചോദ്യത്തിന് മറുപടി പറയാതെയും മുഖം കൊടുക്കാതെയും അകത്തേക്ക് നടന്നു. തൊട്ടിലില്‍ കിടന്ന സിദ്ദീഖിനെ കാണുന്നില്ലല്ലോ? പിന്നില്‍ നിന്നെവിടെ നിന്നോ ഒരു കരച്ചില്‍ കേള്‍ക്കുന്നു. ഓടിച്ചെന്ന് നോക്കിയപ്പോള്‍ നേരത്തേ നിറഞ്ഞ് തുളുമ്പിയ കണ്ണുകള്‍ ഒരു വട്ടം കൂടി നിറഞ്ഞു. കാല് നീട്ടിയിരുന്ന് എളോമ പാല്‍ കോരിക്കൊടുക്കുന്നു.
''എന്തേ അവിടെ നിന്ന് കളഞ്ഞത്. ഇങ്ങോട്ട് വാ... എളോമ പാല് കൊടുത്ത് കഴിഞ്ഞു മതിയോ ചായ? അതോ ചായ എടുത്ത് വെച്ചത് എടുത്ത് കഴിക്കുമോ?''
ചായ കുടിക്കാന്‍ നില്‍ക്കാതെ അവരുടെ അടുത്ത് ചെന്നിരുന്നു. പാല്‍ കോരി കൊടുക്കുന്നത് നോക്കി. സിദ്ദിയോട് കൊഞ്ചിക്കുഴഞ്ഞ് സംസാരിച്ചാണ് കൊടുക്കുന്നത്. അവന്റെ ഭാഷയില്‍ അവന്‍ മറുപടി പറയുന്നു.
''സുലൈ- തലതേച്ച് കുളിക്കാറില്ലേ? എന്താ ഇങ്ങനെ;'' അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു. ''കരയണ്ട; എളോമ തലതേച്ച് കഴുകി കുളിപ്പിച്ച് തരാം. ഇവനെ കുളിപ്പിക്കട്ടേ.''
സിദ്ദിയെ എടുത്ത് പായ വിരിച്ച് കിടത്തി. തേങ്ങാപാല്‍ തേച്ചിട്ടു. ഭൂമിയില്‍ വന്നിട്ട് ആദ്യമായാ അവന്‍ ദേഹത്ത് എണ്ണ തേക്കുന്നത്. പായയില്‍ കിടന്ന് അടുക്കളയിലെ അട്ടത്ത് ഉണക്കാനിട്ട കൊട്ടത്തേങ്ങകളോട് അവന്‍ കിന്നാരം പറഞ്ഞു തുടങ്ങി.
*****
ചോറ് തിന്നലും അടുക്കള ഒതുക്കലും കഴിഞ്ഞാല്‍ മുറുക്കാന്‍ ചെല്ലവുമായി പിന്‍വശത്തെ അരമതിലില്‍ കാലും നീട്ടിയിരുന്ന് വെറ്റില മുറുക്കുന്ന ഒരു പതിവുണ്ട്, ആമിനേയ്താത്തക്ക്. മൂളിപ്പാട്ട് പാടുകയും തലയാട്ടുകയും ചെയ്യുമ്പോള്‍ കാതിലെ അലിക്കത്തുകളും കൂടി ചിരിച്ചു. ഞാത്ത് പോയ അലിക്കത്തുകള്‍ പല്ലില്ലാത്ത മോണപോലെയായിരുന്നു. 'ആമിനേയ്ത്ത', വിളികേട്ട ആമിനേയ്ത്ത തിരിഞ്ഞുനോക്കി, ഫാത്തിമയാണ്. ഇന്നലെ കണ്ടതിലും സുന്ദരി. മുല്ലപ്പൂമാലക്കാണോ കിന്നരിപ്പല്ലിനാണോ തിളക്കം.
''ഇങ്ങളെ എന്തേ വയ്യ്യാപ്പുറത്ത് ഇരിക്കുന്നേ; അകത്ത് കുറച്ച് കിടക്കായിരുന്നില്ല്യേ?'' ''എന്റെ ശേല് ഇതാണ്. അസറ് ബാങ്ക് വിളിക്കുന്നത് വരെ ഇവിടെ ഇരിക്കും. കായല് നോക്കിയിരുന്നാല്‍ ഞമ്മക്ക് പയേ കുടിയും കടലും കടലിന്റെ ഇരമ്പലും എല്ലാം കാതില്‍ മുഴങ്ങി കേള്‍ക്കാം.''
''അപ്പോ ഇങ്ങടെ നാട് ഇതല്ലേ?'' ''ഈ ഭാഗത്ത് ഉള്ളോര്‍ക്കെല്ലാം എന്റെ കഥ നന്നായി അറിയാം. ഇപ്പൊ പെറ്റ പൈതലിന് പോലും.''
വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ച് പുകലയും കൂട്ടി ഒന്നുകൂടി കൈയിലിട്ട് തിരുമ്മി ആമിനേയ്ത്താത്തയുടെ മനസ്സ് പുറകിലോട്ട് പാഞ്ഞു. ഇവിടത്തെ മോളേക്കാളും കുറച്ചുകൂടി പ്രായം ഉണ്ട് എനിക്ക് എന്റെ ഉമ്മ മരിയ്ക്കുമ്പം. രണ്ടാമത് വാപ്പ കെട്ടിക്കൊണ്ട് വന്നത് വല്ലാത്തൊരു ദജ്ജാലിനെ ആയിരുന്നു. അതുവരെ നല്ല സുജായിയായി ജീവിച്ച എനിക്ക് പിന്നീട് കണ്ണീര് തോര്‍ന്ന നേരം ഇല്ല്യാണ്ടായി. വീട്ടിലെ സകലപണിയും ഒറ്റയ്ക്ക് എടുക്കണം. രാത്രി പായേല് വീണത് ഓര്‍മ കാണില്ല. അത്രയ്ക്കായിരുന്നു ക്ഷീണം. ആയിടക്കാണ് എവിടെ നിന്നോ ഒരു പാണന്‍ നമ്മടെ വീടിന്റെ അടുത്ത് താമസമാക്കിയത്. ഞാന്‍ പണിയെടുക്കുന്നതും കരയുന്നതും എല്ലാം അയാള് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം എന്നോട് ചോദിച്ചു, പോരുന്നോ എന്ന്. അങ്ങനെ പോയാല് വരുന്ന ശര്‍റിനെ കുറിച്ചൊന്നും അന്ന് ഞമ്മന്റെ തലയില് ഓടിയില്ല. ഈ നരകത്ത് നിന്ന് രക്ഷപ്പെടണം. അത് മാത്രമായിരുന്നു മനസ്സില്‍. നിലാവുള്ള രാത്രി പാണന്റെ ചൂളംവിളി കേട്ട് പിന്‍വാതിലിലൂടെ ഇറങ്ങിയോടി. ബദറുല്‍ മുനീറിനെയും ഹുസനുല്‍ ജമാലിനെയും പോലെ എന്നെയും കുതിരപ്പുറത്തേറ്റി അയാള്‍ കൊണ്ടുപോവുന്നതും പിന്നില്‍ പിടിക്കാനായി ആളുകള്‍ ഓടിക്കൂടുന്നതും മനസ്സില്‍ കണക്കുകൂട്ടി. ഒന്നും ഉണ്ടായില്ല. ബാധ ഒഴിഞ്ഞെന്ന് അവര്‍ കരുതി കാണും. സ്വത്തും മൊതലും ഒന്നും തരണ്ടല്ലോ? എല്ലാം എളോമയുടെ കുട്ട്യോള്‍ക്ക് ആകൂലോ? അങ്ങന്യാ ഈ നാട്ടിലെത്തിയത്. പാണന്‍ രാവിലെ പണിക്ക് പോവും, മോന്തിയാവുമ്പം തിരിച്ചുവരും. നല്ല സുഖമുള്ള കാലമായിരുന്നു. കുടിലില്‍ നിന്നും ഞാന്‍ പുറത്തിറങ്ങാറില്ലായിരുന്നു. അങ്ങനെ ഞാന്‍ പ്രസവിച്ചു. ഒരു നാള്‍ പകല്‍ കുടിലിനു ചുറ്റും ആളുകള്‍. എങ്ങന്യാ പാണന്റെ കുടിലീന്ന് ദിക്കറ് കേള്‍ക്കുന്നത്. കുട്ടിയെ തൊട്ടിലില്‍ ആട്ടുമ്പോള്‍ ശീലമുള്ളത് ദിക്കറ് ചൊല്ലലല്ലേ? അത് ഈ വക മുസീബത്ത് വരുത്തിവെക്കും എന്ന് കരുതീല്ല. പള്ളിക്കാരും മഹല്ല്കാരും അതുവരെ കാണാത്ത എല്ലാവരും വീട്ടിലെത്തി അയാളെ പൈസകൊടുത്ത് നാട്ടീന്ന് തന്നെ പറഞ്ഞയച്ചു. എന്നെ വീണ്ടും കലിമ ചൊല്ലിച്ച് ഇസ്‌ലാമാക്കി. ഇന്ന് കൂടെയുള്ള വയസ്സനെ കൊണ്ട് നികാഹ് ചെയ്യിച്ചു. അന്നേ സൂക്കേടുള്ള ആ പൈതല് മയ്യത്തായി. ഇപ്പോ ഉള്ള ആള്‍ക്ക് എന്നേലും മൂത്ത മക്കളുണ്ട്. പണി നോക്കിയാ ഇവിടെ ഞാനെത്തിയത്. സുലൈഖയുടെ ഉമ്മാനെ കെട്ടിക്കൊണ്ടു വരുന്നതിന് മുമ്പേ ഞാനിവിടെയുണ്ട്. 'പിന്നെ ഇങ്ങള് പാണനെ കണ്ടിരുന്നോ?' 'കിനാവില് കാണലുണ്ട്. ആദ്യമായി മനസ്സില് കേറിയതും എന്നെ പൊന്നുപോലെ നോക്കിയതും മൂപ്പരല്ലെ? പെട്ടെന്ന് മറക്കാനാവുമോ? അതൊക്കെ ഒരുകാലം. കൂട്ടിലെ തത്ത പറന്ന് പോയ ചേല്ക്കായി ഞമ്മള്. ഇപ്പളും ഖല്‍ബിലെ കൂട് തുറന്നിട്ടിരിക്ക്യാണ്. അതൊക്കെ പോട്ടെ മോളെ. അന്റേം കാനോത്തും അറേ കൂടലും ഒക്കെ കഴിഞ്ഞതല്ലേ? എന്നിട്ടെന്താ ഉണ്ടായീ....' ആമിനൈത്താക്ക് മുഖം കൊടുക്കാതെ ഫാത്തിമ മെല്ലെ അകത്തേക്ക് കയറി.
നേരം പാതിരാത്രി കഴിഞ്ഞിരുന്നു. തുറന്നിട്ട ജനലിലൂടെ തണുത്ത കാറ്റ് അടിച്ചു കയറി. ചുറ്റുപാട് ഒരിറ്റ് വെളിച്ചമോ ഒരു ശബ്ദമോ കേള്‍ക്കുന്നില്ല. ഫാനിന്റെ നേര്‍ത്ത ശബ്ദം മാത്രം. ഫാത്തിമ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം കണ്‍പോളകളില്‍ വരാതെ മാറി നിന്നു. അവള്‍ പതുക്കെ എഴുന്നേറ്റ് ജനാലയ്ക്കരികിലേക്ക് നീങ്ങി. അകലെ കായലില്‍ അങ്ങിങ്ങായി വെട്ടം. ചെമ്മീന്‍ കെട്ടിന് കാവല്‍ നില്‍ക്കുന്ന ആളുകളുടെ റാന്തല്‍ വിളക്കായിരിക്കും. ഇടക്ക് മിന്നാമിനുങ്ങിന്റെ വെട്ടം പോലെ നീങ്ങുന്ന കടത്ത് വഞ്ചികള്‍. അകലേക്ക് നോക്കുംതോറും വൈകിയിട്ട് ആമിനൈത്താത്തയുടെ ചോദ്യം മനസ്സിലേക്ക് തേട്ടിതേട്ടി വന്നു. തന്റെ ഇഷ്ടങ്ങള്‍ക്ക് ഒരു വിലയുമില്ലല്ലോ? കാര്യം തീര്‍ക്കലും പുതിയൊരു നികാഹും അതും തന്നേക്കാളും ഒരുപാട് പ്രായക്കൂടുതലും രണ്ടു കുട്ടികളുമുള്ള ആളെക്കൊണ്ട്. മനസ്സ് കൊണ്ട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. കൂടെ കിടക്കുമ്പോഴും രോമാവൃതമായ കൈകള്‍ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോഴും അറപ്പുളവാക്കുന്ന കറുത്ത പുഴു ശരീരം മുഴുവന്‍ അരിക്കുന്നതുപോലെ! കണ്ണുകള്‍ മുറുകെ പൂട്ടിയാല്‍ നേര്‍ത്ത മീശയുള്ള, നനുത്ത ചിരിയുള്ള ആളിന്റെ രൂപം മനസ്സിലേക്ക് ഓടിയെത്തും. ഞാനിന്ന് അയാളുടെ ആരുമല്ല. ഇന്ന് മറ്റൊരാളുടെ ഭാര്യയാണ്. അവള്‍ അവളെ തന്നെ ശാസിച്ചാലും മനസ്സില്‍നിന്ന് ഒരിക്കലും ആ മുഖം മായുന്നില്ല. ഓരോരുത്തരുടെ വാശിക്കും വീറിനും മുന്നില്‍ തകര്‍ന്ന് തരിപ്പണമായത് തന്റെ ജീവിതമാണ്. ഞാന്‍ മൊഴി ചൊല്ലില്ല എന്ന് ഉറക്കെ പറയാനുള്ള കരുത്ത് കാണിച്ചിരുന്നെങ്കില്‍, അതല്ല ആരും കാണാതെ വീടിനു ചുറ്റും തന്നെ തിരഞ്ഞു വരുമ്പോള്‍ ഇറങ്ങി ചെല്ലാന്‍ ധൈര്യം കാണിച്ചിരുന്നെങ്കില്‍ ഇന്നും കണ്ണടച്ചാല്‍ നേര്‍ത്ത മീശയും കാതില്‍ സൈക്കിളിന്റെ ബെല്ലും അവശേഷിക്കാതിരിക്കുമായിരുന്നല്ലോ?
കട്ടില്‍ ഇളകുന്ന ശബ്ദം. ആള്‍ തിരിഞ്ഞുകിടന്നതാണ്. ശബ്ദം കേട്ട് അവള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു. ഒച്ചയുണ്ടാക്കാതെ കട്ടിലിന്റെ അരികത്ത് കിടന്നു.
വാതിലില്‍ മുട്ട് കേട്ട് ഫാത്തിമ തട്ടിപ്പിടഞ്ഞ് എണീറ്റു. നേരം നന്നായി വെളുത്തുകഴിഞ്ഞിരുന്നു. വൈകി ഉറക്കം വന്നത് കൊണ്ട് നേരം വെളുത്തത് അറിഞ്ഞില്ല. തൊട്ടിലില്‍ നിന്ന് സിദ്ദിയുടെ കരച്ചില്‍ കേട്ട് ആമിനേയ്ത്ത മുട്ടി വിളിച്ചതാണ്. അഴിഞ്ഞ് കിടന്ന മുടി വാരിക്കെട്ടി സിദ്ദിയെ തൊട്ടിലില്‍ നിന്നും എടുത്ത് വാതില്‍ തുറക്കാനായി നോക്കിയപ്പോള്‍ ചാരിയിട്ടേ ഉള്ളൂ. തിരിഞ്ഞ് കട്ടിലിലേക്ക് കണ്ണുകള്‍ നീണ്ടു. അവിടം ശൂന്യമായിരുന്നു. മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ആമിനേയ്ത്തയുടെ അര്‍ഥം വെച്ച ചിരി കണ്ടില്ലെന്ന് നടിച്ചു.
(തുടരും)