അതിജീവിക്കാനുള്ള വഴിയാണ് എഴുത്ത്
സി.എസ് ചന്ദ്രിക
ഡിസംബര്‍ 2020
ഏറെ തിരക്കുകളുള്ള ഔദ്യോഗിക ജീവിതത്തോടൊപ്പം തന്നെയാണ് ഞാന്‍ സാഹിത്യരചനകള്‍ നടത്തുന്നത്.
ഏറെ തിരക്കുകളുള്ള ഔദ്യോഗിക ജീവിതത്തോടൊപ്പം തന്നെയാണ് ഞാന്‍ സാഹിത്യരചനകള്‍ നടത്തുന്നത്. ആദിവാസി വികസന രംഗത്താണ് പത്ത് വര്‍ഷത്തോളമായി ജോലി ചെയ്യുന്നത്. അതിനു മുമ്പ് ആ പല താല്‍ക്കാലിക പ്രൊജക്റ്റ് ജോലികള്‍ ആയിരുന്നു ചെയ്തിരുന്നത്. സാമ്പത്തിക വരുമാനത്തെക്കുറിച്ചുള്ള അരക്ഷിതത്വവും അനിശ്ചിതത്വവും ആണ് അന്ന് ഭീകരമായി നേരിട്ടത്. അന്നും ഇന്നും എഴുത്ത് എനിക്ക് സമയമില്ലായ്മയില്‍, സംഘര്‍ഷങ്ങളില്‍ ഇരുന്നുള്ള സ്ട്രഗ്ള്‍ ആണ്.
വിശേഷിച്ചും 2011-നു ശേഷം എഴുതാനുള്ള സമയം വളരെ കുറവാണ്. ങടടഞഎല്‍ സോഷ്യല്‍ സയന്റിസ്റ്റ് ആയി ജോലിക്ക് ചേര്‍ന്നതിനു ശേഷം ആദിവാസി വികസനം ആണ് എന്റെ ഉത്തരവാദിത്വം. ഇത് വലിയ വെല്ലുവിളികള്‍ ഉള്ള മേഖലയാണ്. ഞാന്‍ മാത്രമല്ല, ഒരു വലിയ ടീം എന്റെ കൂടെയുണ്ട.് പലതും ഗവണ്‍മെന്റ് പ്രൊജക്റ്റായതിനാല്‍ നിശ്ചിത സമയത്തിനകം നടപ്പാക്കേണ്ടതാണ്. വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട മേഖലയാണത്. ഇങ്ങനെ തിരക്കുപിടിച്ച ജോലിയും അതിനായുള്ള യാത്രകളും മീറ്റിംഗുകളും ചര്‍ച്ചകളും കാരണം രാത്രികളില്‍ തളര്‍ന്നു പോവും. ചിലപ്പോള്‍ രാത്രികളിലും ജോലി സംബന്ധമായ കാര്യങ്ങള്‍ ഉണ്ടാവും. എല്ലാം കൂടി ശരീരത്തെയും മനസ്സിനെയും വേദനിപ്പിക്കാന്‍ തുടങ്ങിയിട്ടു കുറേ കാലമായി. അതില്‍നിന്ന് അതിജീവിക്കാനുള്ള ഏക വഴി എഴുത്ത് മാത്രമാണ്. അതാണെനിക്ക് ഏറ്റവും സന്തോഷം തരുന്നത്. പക്ഷേ എഴുത്തു വരണമെങ്കില്‍ സ്വസ്ഥമായി ഒരിടത്തിരിക്കണമല്ലോ. 2012 മുതല്‍ 2015 വരെ വര്‍ഷത്തില്‍ ഒരു കഥ മാത്രം എഴുതി, മരിച്ചിട്ടില്ല എന്ന് സ്വയം ഓര്‍മപ്പെടുത്താന്‍.
അതായിരുന്നു ഏറ്റവും സങ്കടകരമായ കാലം. എഴുതാന്‍ പറ്റാത്തത്രയും സമ്മര്‍ദനങ്ങള്‍ വന്നതോടെ ഞാന്‍ വിഷാദത്തിലായി. പലപ്പോഴും നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു. ഒരു സ്ത്രീയെ സംബന്ധിച്ചേടത്തോളം എഴുതണമെങ്കില്‍ കുടുംബത്തിന്റെ എല്ലാ തരം പിന്തുണയും വേണം. വെര്‍ജീനിയ വൂള്‍ഫ് പറഞ്ഞതുപോലെ മുറി മാത്രം പോരാ, സ്ത്രീക്ക് എഴുതാന്‍ കഴിയണമെങ്കില്‍ പണവും വേണം. സാമ്പത്തിക വരുമാനം ഉണ്ടാക്കാന്‍ പുറത്തു പോയി ഞാന്‍ ജോലി ചെയ്‌തേ പറ്റൂ. ഒപ്പം എഴുത്തും ഒന്നിച്ചുകൊണ്ടുപോകണം. എനിക്ക് അത് അസാധ്യമായി തോന്നിത്തുടങ്ങി. അതെന്റെ ജോലിയുടെ സ്വഭാവം കടുപ്പമായതുകൊണ്ടു കൂടിയാണ്. എങ്കില്‍ ഈ ജോലി ഉപേക്ഷിച്ചാലോ എന്ന് പലപ്പോഴും ആലോചിച്ചു. പക്ഷേ കുറച്ചു മാസങ്ങള്‍ പോലും ശമ്പളമില്ലാത്ത ലീവ് എടുത്തു എഴുതാനിരിക്കാന്‍ പറ്റുന്ന അവസ്ഥയല്ല എന്റേത്. അതുകൊണ്ട് ആ ആലോചനക്കു ആയുസ്സില്ല. അതിനാല്‍ ജോലിയോടൊപ്പം തന്നെ എഴുത്തും തീവ്രമായി തുടരാന്‍ ഞാന്‍ എന്നെത്തന്നെ ഒരുക്കിയെടുത്തു. രാത്രികള്‍ പകലാക്കി ഇപ്പോള്‍ എഴുതുന്നു. ചെറിയൊരു ഇടവേളക്കു ശേഷം 2016 മുതല്‍ ധാരാളം കഥകള്‍ എഴുതി. 'എന്റെ പച്ചക്കരിമ്പേ', 'റോസ' എന്നീ രണ്ടു കഥാസമാഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയ 20 കഥകള്‍ ഈ സമയത്തെഴുതിയതാണ്. പ്രണയ കാമസൂത്രം എന്ന പേരില്‍ ആത്മകഥയുടെ ഒരു ഭാഗം എഴുതി. അതും പ്രസിദ്ധീകരിച്ചത് ഇതേ കാലത്താണ്.
ഈ സമയത്താണ് മൂന്നു അക്കാദമിക് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിന് തയാറാക്കിയത്. അതില്‍ രണ്ടെണ്ണം ഡി.സിയില്‍നിന്ന് ഇറങ്ങിക്കഴിഞ്ഞു. ഒരെണ്ണം ഉടനെ ഇറങ്ങും.
അതിനു മുമ്പ് 2015 വരെ ഒരു നോവല്‍ അടക്കം ഏഴ് പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നത്. ഇപ്പോള്‍ ആകെ 13 പുസ്തകങ്ങള്‍ ഇറങ്ങി. കൂടാതെ ജോലി സംബന്ധമായ എഴുത്തുകളും ഇതിനിടയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2003-ലാണ് ആദ്യ നോവല്‍ എഴുതിയത്. മോളെ ഗര്‍ഭം ധരിച്ച സമയത്താണ് അതു എഴുതീര്‍ത്തത്. മോള്‍ക്ക് ഇപ്പോള്‍ 17 വയസ്സായി. അന്നു മുതല്‍ രണ്ടാമത്തെ നോവല്‍ മനസ്സില്‍ കൊണ്ടു നടക്കുകയാണ്. കോവിഡ് വീട്ടിലിരുത്തിയ സമയത്ത് നോവല്‍ എഴുത്ത് തുടങ്ങിക്കഴിഞ്ഞു. കോവിഡായതിനാല്‍ ആദിവാസി മേഖലകളില്‍ ജോലിസംബന്ധമായി കൂടുതലായി പോകാന്‍ പറ്റുകയില്ലല്ലോ. ഒരു കഥ എഴുതുന്ന പോലെയല്ല ഒരു നോവല്‍ എഴുത്ത്. നല്ല ഏകാഗ്രത വേണം. എഴുതുന്നതിനിടയില്‍ മറ്റെവിടെയെങ്കിലും ശ്രദ്ധപോയാല്‍ അതിലെ ചെറിയ കഥാപാത്രങ്ങളെയൊക്കെ ഓര്‍ത്തെടുക്കാന്‍ പ്രയാസമാണ്. പിന്നെ എല്ലാം ആദ്യം മുതല്‍ വായിച്ച് ഓര്‍ത്തെടുക്കണം. ആറുമാസം കൊണ്ട് പൂര്‍ത്തീകരിക്കണമെന്നാണ് ആഗ്രഹം. ഇന്ത്യന്‍ സാഹചര്യത്തെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നോവല്‍ ആണ്.
കൂടാതെ രണ്ടാഴ്ച കൂടുമ്പോള്‍ മാധ്യമം പത്രത്തില്‍ ഒരു കോളവും ചെയ്യുന്നുണ്ട്. സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പംക്തിയായതിനാല്‍ ചുറ്റുപാടുകളെ എപ്പോഴും നിരീക്ഷിക്കുകയും വേണം. അത് കൃത്യസമയത്തിനു കൊടുക്കേണ്ടതുമുണ്ട്. അങ്ങനെ, കിട്ടുന്ന സമയത്ത് മുഴുവന്‍ എഴുതുകയെന്നതാണ് ഇപ്പോഴെന്റെ സര്‍ഗാത്മക എഴുത്ത് ജീവിതം.