ജസീന്തയുടെ പ്രിയങ്ക

തുഫൈല്‍ മുഹമ്മദ് No image

കോവിഡ് മഹാമാരിയെ തുരത്താന്‍ ഏവരും കണ്ണില്‍ എണ്ണയൊഴിച്ച കാലം. രോഗം ഭീതിയായി ഓരോ രാജ്യത്തും പടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ജസീന്ത ആര്‍ഡേണ്‍ എന്ന ന്യൂസിലാന്റ് വനിതാ പ്രധാനമന്ത്രി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ജസീന്തക്കൊപ്പം തണലായും കരുത്തായും നിന്ന മറ്റൊരു വനിതാരത്‌നം കൂടി ന്യൂസിലാന്റിലുണ്ടായിരുന്നു. ആ പേര് എല്ലാ മലയാളിക്കും അഭിമാനമായിരുന്നു. ജസീന്തയുടെ ഉറ്റസുഹൃത്തായ പ്രിയങ്ക രാധാകൃഷ്ണന്‍. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലും പാലക്കാട്ടെ ഒറ്റപ്പാലത്തും വേരുകളുളള മലയാളി.
ആരും നേടാത്ത ഭൂരിപക്ഷത്തോടെ ന്യൂസിലാന്റില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുകയും ജസീന്ത വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്തതോടെ മലയാളിയായ പ്രിയങ്കയുടെ പരിശ്രമങ്ങള്‍ക്കും അംഗീകാരം ലഭിച്ചു. ന്യൂസിലാന്റ് സര്‍ക്കാരില്‍ മന്ത്രിപദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി കൂടിയായി അവര്‍.
ഇക്കഴിഞ്ഞ ഓണക്കാലത്ത് ന്യൂസിലാന്റ് പ്രധാനമന്ത്രി മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പ്രിയങ്കയുടെ പ്രോത്സാഹനത്തിലായിരുന്നു ജസീന്തയുടെ ഓണാശംസകള്‍.
വടക്കന്‍ പറവൂരിലെ മാടവനപ്പറമ്പ് കുടുംബാംഗമാണ് പ്രിയങ്കയുടെ അച്ഛന്‍ രാമന്‍ രാധാകൃഷ്ണന്‍. പ്രീ യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് ശേഷം കേരളം വിട്ട രാധാകൃഷ്ണന്‍ ഇപ്പോള്‍ ചെന്നൈയില്‍ എഞ്ചിനീയറിംഗ് സ്ഥാപനം നടത്തുകയാണ്.
അമ്മയുടെ തറവാട് പാലക്കാട് ചിറ്റൂരാണ്. അമ്മ ഉഷ കഴിഞ്ഞവര്‍ഷം ഈ ലോകത്തോട് വിടപറഞ്ഞു. അമ്മയുടെ മുത്തച്ഛന്‍ ഡോ. സി.ആര്‍ കൃഷ്ണപിളളയിലൂടെയാണ് രാഷ്ട്രീയം തന്റെ ജീവിതത്തില്‍ ഇഴചേര്‍ന്നതെന്ന് പ്രിയങ്ക പറയുന്നു. ഡോക്ടറായിരുന്നുവെങ്കിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും മറ്റും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.
ലോക സാഹിത്യത്തിന് മലയാളത്തില്‍ കരുത്തുറ്റ വിത്തുപാകിയ കേസരി ബാലകൃഷ്ണ പിളള വിലയം ചെയ്ത മണ്ണാണ് മാടവനപ്പറമ്പിലേത്. പ്രിയങ്കയുടെ അച്ഛന്‍ ആര്‍. രാധാകൃഷ്ണന്റെ മൂലകുടുംബമാണ് കേസരി ബാലകൃഷ്ണപ്പിള്ള അന്ത്യവിശ്രമം കൊളളുന്ന മാടവനപ്പറമ്പ്. കേസരിയുടെ ഭാര്യ ഗൗരിയമ്മയുടെ സഹോദരി പങ്കജാക്ഷിയമ്മയുടെ മകള്‍ ഓമനക്കുട്ടിയുടെ മകനാണ് രാധാകൃഷ്ണന്‍. മകളുടെ പുതിയ പദവി സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം അറിഞ്ഞത്. അമ്മ ഉഷ കഴിഞ്ഞവര്‍ഷം മരിച്ചപ്പോള്‍ പ്രിയങ്ക ചെന്നൈയിലെത്തിയിരുന്നു. പറവൂരില്‍ നിന്നു ചെറുപ്പത്തിലേ ചെന്നൈയിലെത്തിയ രാധാകൃഷ്ണന്‍  പിന്നീട് സിംഗപ്പൂരില്‍ ജോലിയുമായി 30 വര്‍ഷം കുടുംബസമേതം അവിടെ കഴിഞ്ഞു. 
അഞ്ചാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം സിംഗപ്പൂരിലെത്തിയ പ്രിയങ്ക പതിനാറ് വര്‍ഷം മുമ്പ് ഉന്നതപഠനത്തിനായി ന്യൂസിലാന്റിലെത്തി. ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രിയങ്ക വളരെ വേഗത്തില്‍ തന്നെ പാര്‍ട്ടിയുടെ പല ഉന്നത സമിതികളിലും ഇടംനേടി. വെല്ലിങ്ടണിലെ വിക്ടോറിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. സ്‌ക്കോട്ട്‌ലാന്റ് വംശജനായ റിച്ചാര്‍ഡ്‌സണെ ജീവിത പങ്കാളിയാക്കി.
2017-ല്‍ മോംഗക്കേക്കി മണ്ഡലത്തില്‍ നിന്നും പ്രിയങ്ക മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ നാമനിര്‍ദേശപ്പട്ടികയില്‍ ഇടം നേടി എം.പിയായി. ഇക്കുറിയും മോംഗക്കേക്കിയില്‍ നിന്നും തോല്‍വി രുചിച്ചെങ്കിലും നാമനിര്‍ദേശത്തിലൂടെ വീണ്ടും എം.പിയായി. സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കക്ക് ലഭിച്ചിരിക്കുന്നത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. രണ്ടാം വട്ടം എം.പിയാകുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടം തന്നെയാണ്. കഴിഞ്ഞ മന്ത്രിസഭയിലെ ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. അച്ഛനെക്കണ്ട് വളര്‍ന്ന മകള്‍ കടലിന് നടുവിലെ രാജ്യത്തെ മന്ത്രിപദവിയിലെത്തുന്നതില്‍ അതിശയോക്തിയില്ല. കാരണം സിംഗപ്പൂര്‍ തുറമുഖത്ത് എഞ്ചിനീയറായിരുന്ന രാധാകൃഷ്ണന് കടല്‍ ആശങ്കപ്പെുത്തുന്ന ഒന്നല്ല. മകള്‍ മന്ത്രിയായെന്ന് അറിഞ്ഞപ്പോള്‍ രാധാകൃഷ്ണന്റെ കണ്ണില്‍ കടലോളം സന്തോഷം തിരതല്ലി.
ഇതിനകം കേരളത്തിനകത്തും പുറത്തുനിന്നും നിരവധി അഭിനന്ദന പ്രവാഹമാണ് പ്രിയങ്കയെ തേടിയെത്തിയത്. അതില്‍ എടുത്തുപറയേണ്ടത് നമ്മുടെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടേതാണ്. 
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലടക്കം മാതൃകാപരമായ ഭരണവുമായി വികസനത്തിലും സാമൂഹികപുരോഗതിയിലും മികച്ച സംഭാവനകള്‍ അര്‍പ്പിക്കാന്‍ മന്ത്രി എന്ന നിലയില്‍ പ്രിയങ്കക്കാവട്ടെ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top