ഘടികാര ജീവിതം

ആര്യാഗോപി No image

തിരക്കിന്റെ വേവലാതികള്‍ക്കു മേല്‍ ജീവിതം വഴുതിപ്പോകവെ, നിസ്സഹായതയുടെ ചുരുട്ടുവലിച്ചൂതിവിട്ട് ആകാശവട്ടങ്ങള്‍ നിറയെ തീപ്പുക നിറയ്ക്കുന്നൊരുവളായി ഞാന്‍ കിതച്ചു നടക്കുന്നു. ജോലിയും വീടും എഴുത്തും സ്വപ്നങ്ങളും ഏകാന്തതയും വിഷാദവും ഒരുവളെ പലവളായി നിത്യം സമാസമം പകുത്തു കീറിയെടുക്കുന്നു. കണ്ണുകീറിത്തറയ്ക്കുന്ന സമയത്തിന്റെ കാണാ അഴികളെ പറ്റിയെഴുതാനിരിക്കുമ്പോള്‍ അനാദിയായ നക്ഷത്രപ്പാലൂറ്റിയെടുക്കുന്ന മാന്ത്രികയന്ത്രമെന്ന് പ്ലാത്ത് സമയത്തെ വരച്ചുവെച്ചത് എത്ര കൃത്യമായിരുന്നു എന്ന് തോന്നിപ്പോകുന്നു.
''ഠശാല ശ െമ ഴൃലമ ോമരവശില ീള ശൃീി യമൃ െവേമ േറൃമശി െലലേൃിമഹഹ്യ വേല ാശഹസ ീള േെമൃ'െ'
വരണ്ട നിമിഷങ്ങളെ, പൊലിഞ്ഞ മണിക്കൂറുകളെ, കഴിഞ്ഞുപോയ ദിനങ്ങളെ, വരാനിരിക്കുന്ന ആഴ്ചകളെ, മറന്ന മാസങ്ങളെ, കൊഴിഞ്ഞ വര്‍ഷങ്ങളെ, അനന്തയുഗങ്ങളെ, കല്‍പാന്ത കാലങ്ങളെയെല്ലാം അളന്നുതിട്ടപ്പെടുത്താനിരിക്കുന്ന ഒരേയൊരു ഘടികാരജീവി മനുഷ്യന്‍ മാത്രമാകും. മറ്റെല്ലാ ജന്തുവര്‍ഗങ്ങളും ആദിസ്വാഭാവിക പരിണാമ സമയത്തില്‍ പുലര്‍ന്ന് മുന്നോട്ടൊഴുകുന്നവയാണല്ലോ?! ഓര്‍മകള്‍ നിറഞ്ഞ ഈ മണ്‍ശരീരത്തില്‍ സമയ സൂചികള്‍ കോറിയിടുന്ന മായാവരകള്‍ ആയുസ്സാണെന്നറിയാന്‍ ഇനിയെത്ര തുഴയണം!
എഴുത്തിന്റെ വഴിയില്‍ പലപ്പോഴും തനിച്ചു നടക്കുന്നവരാണ് എഴുത്താളര്‍. അക്ഷരത്തിന്റെ കൊടും വേനലില്‍ നട്ടം തിരിഞ്ഞ്, ഉള്ളം പുകഞ്ഞ്, വികാര വിചാരധാരയുടെ വേലിയേറ്റങ്ങളിലുലഞ്ഞ് അവര്‍ സ്വയം പീഡയുടെ ഏകാന്ത പ്രപഞ്ചത്തില്‍ സമയമറിയാതെ, നിയമമറിയാതെ അലയുന്നു. വീട് ചിലര്‍ക്കപ്പോള്‍ കൈത്താങ്ങാകും. മറ്റുചിലര്‍ക്ക് വാ പിളര്‍ത്തിയ വീടിനായി സ്വയം ബലിനല്‍കേണ്ടി വരും. അടുക്കളയില്‍ അവളവള്‍ തന്നെ ഉപ്പും എരിവും ചേര്‍ത്ത് വേവിച്ചെടുക്കുന്ന ആണധികാരത്തിന്റെ അവകാശ പ്രഖ്യാപനങ്ങളില്‍ ഇന്നും സ്ത്രീക്കുള്ള ഇടം എന്നത് ഗൗരവമുള്ള, സ്വാദുള്ള ഒരു വിഭവമേയല്ലല്ലോ?!
പുതിയ കാലത്തെ പുതിയ സ്ത്രീ ഉരിയാടാനറിയുന്നവളാണ്. പഠിപ്പിന്റെയും വരുമാനത്തിന്റെയും അധ്വാനത്തിന്റെയും ആത്മബലത്തില്‍ സ്വന്തം മുറി കണ്ടെത്താന്‍ ഇറങ്ങി നടക്കുന്നവളുമാര്‍ക്കൊപ്പമാണ് ഞാനും എന്ന് തിരിച്ചറിയുന്നുണ്ട്. വൂള്‍ഫ് പറഞ്ഞതുപോലെ തന്റേതായ ഇടം തേടി ദേശാടനത്തിനല്ല പോകേണ്ടതെന്നും സ്വന്തം കുടുംബത്തില്‍ അത് നേടിയെടുക്കേണ്ടതുണ്ടെന്നും ഈ സമയമില്ലാക്കാലത്തിലും എന്നെ ബോധവതിയാക്കുന്നുണ്ട്.
അമ്മ കടം തരുന്ന സമയം മാത്രമാണ് എനിക്ക് കവിതയെന്ന് തിരിച്ചറിയുമ്പോഴും ആരും ഒരിളവും കൊടുക്കാനില്ലാത്ത തിരക്കുകള്‍ക്കിടയിലും എഴുത്തിനെയുയര്‍ത്തിപ്പിടിക്കുന്നവരുടെ തിളക്കം എന്റെ കണ്ണിലും വെളിച്ചമാകുന്നു....!
കുടുംബം ഒരേസമയം രക്ഷയായും ശിക്ഷയായും പരകായ പ്രവേശം ചെയ്യുന്നത് സ്ത്രീയുടെ മാത്രം അനുഭവമാകാനാണ് സാധ്യത. ഒടുങ്ങാത്ത ഉത്തരവദിത്വങ്ങളും അവസാനമില്ലാത്ത കടമകളും അവകാശാധികാരങ്ങളെ കാണാനാകാത്ത വിധം അവളവളുമാരെ അന്ധകളാക്കാറുണ്ട്. സമയം മിച്ചം വെക്കാനില്ലാത്ത ഓട്ടപ്രദക്ഷിണങ്ങള്‍ സ്വയം മറന്നു ജീവിക്കാന്‍ അവളെ മെരുക്കിയെടുക്കുന്നു. ഇത്തരം യന്ത്രവ്യവസ്ഥയില്‍ കുടുംബത്തെയാകെ പെറ്റുപോറ്റി വെച്ചുവിളമ്പി തൂത്തുതുടച്ചു കഴുകിയുണക്കി പുലര്‍ത്തിക്കൊണ്ടുപോകുന്ന സ്ത്രീകളുടെ തല ത്യാഗത്തിന്റെ ബലിക്കല്ലിനു മുകളിലാണ് സമൂഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ആ കല്ലിനു മുകളില്‍ എന്റെ തല കൊയ്തിടാന്‍ ആരെയും അനുവദിക്കില്ല എന്ന എന്റെ തീരുമാനത്തിന് പ്രണയമെന്നതായിരുന്നു പേര്. പരസ്പരം പങ്കുവെക്കപ്പെടേണ്ടത് സ്നേഹമെന്ന മാന്ത്രികവികാരം മാത്രമല്ല എന്നും അടുക്കള മുതല്‍ പൂന്തോട്ടം വരെ നീളുന്ന വീട്ടുജോലികളും കൂടിയാണെന്ന് അത് എന്നെ പഠിപ്പിക്കുന്നു. അവന്‍ അവള്‍ക്കും അവള്‍ അവന്നും കൊടുക്കുന്ന ആ സ്നേഹം സമയത്തിന്റെ പങ്കുവെക്കല്‍ അല്ലാതെന്താണ്? എന്റെ സമയം എന്റേതായി വാര്‍ത്തെടുക്കാന്‍ ഞാന്‍ മറ്റാരുടെയെങ്കിലും സമയം കടമെടുത്തിട്ടുണ്ടെങ്കില്‍ അത് അമ്മയുടേതാണ്. കണക്കില്ലാത്ത, കലര്‍പ്പില്ലാത്ത ആ ദാനം സത്യസന്ധമായതിനാല്‍ എനിക്കവിടെ കുറ്റബോധത്തോടെ ഇരിക്കേണ്ടി വന്നിട്ടില്ലല്ലോ ഇതുവരെ!
രാവിലെ പാകം ചെയ്തത് ഉച്ചക്കു കഴിക്കാതെ, ഉച്ചക്കുള്ളത് അത്താഴത്തിനു കൂട്ടാതെ തന്നിഷ്ടത്തിന്റെ തീന്മേശ നിയമങ്ങള്‍ എഴുതുന്നത് പുരുഷന്മാര്‍ മാത്രമാണിവിടെ. എന്റെ വീട്ടില്‍ അത്തരം അദൃശ്യനിയമങ്ങള്‍ ഇല്ലെങ്കിലും എന്റെ ചുറ്റിലും ഞാനത് നിത്യം കാണുന്നുണ്ട്. അവിടെ നിശ്ശബ്ദമായി ഒരു വീട്ടുപാചകക്കാരിയുടെ വേഷം മാത്രം ചെയ്തു ജീവിക്കുന്ന സ്ത്രീകളുടെ നിഷ്‌കളങ്കമായ സേവനത്തെ സ്നേഹമെന്ന് തെറ്റിദ്ധരിക്കുന്നവര്‍ എത്രയെത്ര? അവര്‍ ഹോമിക്കുന്ന സമയം- അടുക്കി പെറുക്കി അടിച്ചു തുടച്ചു കഴുകിവാരി  ഒഴുക്കുന്ന സമയം പങ്കുവെക്കപ്പെട്ടിരുന്നെങ്കില്‍ 
മനോഹര നിമിഷങ്ങളാകാമായിരുന്നേനെ.... സ്നേഹമല്ല, വേതനമില്ലാത്ത സൗജന്യ തൊഴിലാണ് അത് എന്ന്, അവ ചെയ്യുന്ന സ്ത്രീകള്‍ പോലും ആലോചിക്കാത്തത്ര ശക്തമാണ് നമ്മുടെ സമയചക്രം തിരിക്കുന്ന പുരുഷ കേന്ദ്രീകൃത വ്യവസ്ഥ. തുല്യ തൊഴിലിന് തുല്യ നീതി നടപ്പാകാത്തൊരിടമായി വീടും അടുക്കളയും ചേരുംപടി ചേരാതിരിക്കുന്നതവിടെയാണ്?
കൃത്യമായി പാലിക്കാനായില്ലെങ്കിലും മനസ്സില്‍ സമയം അളന്നു തിട്ടപ്പെടുത്തിയ ഒരു ദിനചര്യ എന്നും എഴുതിയിടാറുണ്ട്. ജോലിയുള്ള ദിവസം വളയമില്ലാതെയും ചാടിയെത്തുന്ന അഭ്യാസിയെപ്പോലെ സമയം കണ്‍മുന്നില്‍ ഉറക്കത്തെയും ഉപേക്ഷിച്ച് ചോര്‍ന്നൊലിച്ച് പോകും. തിരക്കിന്റെ കൊടുമുടിയില്‍ വേവലാതിയും കണിശതയും പകല്‍വെളിച്ചത്തില്‍ ഇണചേരും. വീട്ടിലും കോളേജിലും ചെയ്തു തീര്‍ക്കേണ്ടവ മനസ്സില്‍ പെരുക്കപ്പട്ടിക നിറയ്ക്കും. 'അതങ്ങനെ ചെയ്താല്‍ മതി, ദീര്‍ഘനിശ്വാസമെടുത്ത് ഓടൂ, ഇടത്തോട്ടു നോക്കി ചാടൂ' എന്ന ഉപദേശങ്ങള്‍ കൊണ്ടൊന്നും അപ്പോള്‍ കാര്യമില്ല. സ്വന്തം സമയവഴി നാഴികവിനാഴിക തൊട്ടുഴിഞ്ഞ് സ്വയം താണ്ടണം. സ്വയം പഠിക്കുകയെന്നത് അനുഭവത്തിന്റെ ആദ്യപാഠം ആണല്ലോ?
ജോലിയുള്ള ദിവസവും അവധിയുള്ള ദിവസവും എന്നിങ്ങനെ മുറിക്കപ്പെട്ട വര്‍ത്തമാനകാല ജീവിതത്തില്‍ ദിനചര്യകളെ സ്വയം അലസ നിമിഷങ്ങളിലെ വിഷാദം റദ്ദു ചെയ്യുന്നത് കാണാന്‍ എന്തു രസമാണെന്നോ?!
ഒരാറു വയസ്സുകാരന്‍ ചിത്രകാരന്റെ അമ്മയെന്ന റോളില്‍ അവന്റെ ഭാവന കടുംനിറങ്ങളില്‍ മുങ്ങിപ്പൊങ്ങുന്നത് നോക്കിയിരിക്കുന്നത് അത്രയൊന്നും ക്ഷമയോടെയോ പക്വതയോടെയോ അല്ല എന്ന് എനിക്ക് തോന്നിപ്പോകാറുണ്ട് ചിലപ്പോള്‍. സമയം പങ്കുവെക്കുന്നതാണ് അവിടെ വാത്സല്യം. സ്വന്തം കുട്ടികള്‍ ചെയ്യുന്നതെന്തും കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നപോലെ ഗംഭീര കാര്യങ്ങളാകുമല്ലോ അമ്മക്ക്?! എന്നാല്‍ പല കലയിലും അവന്‍ ഇടപെടുന്നത് അവനെ കൂടുതല്‍ മനുഷ്യനാക്കുമെന്ന തിരിച്ചറിവില്‍ തിരക്കിന്റെ മരണ വെപ്രാളപ്പാച്ചിലിലും ശാന്തമായി ആ കുഞ്ഞുവിരലുകള്‍ തീര്‍ക്കുന്ന വര്‍ണ പ്രപഞ്ചത്തിന് കാവലായി ഒരുപാട് നേരം ഇരിക്കാറുണ്ട്.
നിറങ്ങളുടെ ബുദ്ധവഴികളില്‍ അവന്‍ കലഹിക്കുന്നു. വാശിയുടെ യുദ്ധവഴികളില്‍ അവന്‍ കുറുമ്പു കാട്ടുന്നു. പരിപൂര്‍ണരല്ലാത്ത രണ്ടു പേര്‍ അമ്മയും അച്ഛനുമായി പകര്‍ന്നാടി ഈ സമയക്കളിയില്‍ കളിക്കാരാകുന്നു. നിഴലിനോടെന്ന പോലെ സമയത്തോടൊറ്റയ്ക്കൊറ്റയ്ക്ക് പടവെട്ടി തോറ്റു പോകാത്തവരാരുണ്ടീ ഭൂമിയില്‍?! എന്നിട്ടും സമയത്തെ വരുതിയിലാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്കുള്ളതാണീ ലോകം എന്നു തോന്നിപ്പോകുന്നു. കടന്നുവരുന്ന ഓരോ പിറന്നാളുകളും ആയുസ്സിനെയാകെ തന്നെ നക്കിത്തോര്‍ത്തി കടന്നുകളയുമ്പോഴും സമയത്തെ ചേര്‍ത്തണയ്ക്കുന്ന ഘടികാര ജീവിതം എന്റേതു മാത്രമാണോ? അറിയില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top