ദിനസരിക്കുറിപ്പ്
പൊതുവെ മൂഡുകള്‍ക്കൊത്ത് നയിക്കപ്പെടുന്ന ഒരാളാണ് ഞാന്‍. വെളിച്ചത്തിനും വെയിലിനും മഴക്കുമനുസരിച്ച്
പൊതുവെ മൂഡുകള്‍ക്കൊത്ത് നയിക്കപ്പെടുന്ന ഒരാളാണ് ഞാന്‍. വെളിച്ചത്തിനും വെയിലിനും മഴക്കുമനുസരിച്ച് പല തോതില്‍ ഊര്‍ജമെടുക്കുന്ന ഒരാള്‍. അതിന്റെ കാര്യത്തിലാകട്ടെ ഞാന്‍ ബോധപൂര്‍വം ഇടപെടാറുമില്ല. ദിവസം, നേരത്തേ തുടങ്ങുന്നതായിരുന്നു എന്നത്തെയും ഇഷ്ടം. കുട്ടിക്കാലത്ത് പക്ഷിനിരീക്ഷണക്കമ്പം കയറിയ കാലം മുതല്‍ തുടങ്ങിവെച്ച ശീലം. പക്ഷിനിരീക്ഷണം പാതിയില്‍ ഉപേക്ഷിച്ചെങ്കിലും ഉള്ളില്‍ ക്രമീകരിച്ചുവെച്ച മനഘടികാരം കാലമിത്ര കഴിഞ്ഞും അതേ വെളുപ്പിന് എന്നെ വിളിച്ചുണര്‍ത്തുന്നുണ്ട്. അതെനിക്ക് ഇഷ്ടവുമാണ്. പൊതുവെ എഴുത്തുമായി ബന്ധപ്പെട്ട അത്യാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ രാത്രി വൈകി ഇരിക്കാറുള്ളൂ. ബാക്കിയെല്ലാം രാവിലെയാണ്. മനസ്സ് വളരെ സൂക്ഷ്മമായിരിക്കുന്ന സമയം. എഴുതാന്‍ ഏറ്റവുമിഷ്ടമുള്ള സമയവും അതാണ്. പകലിനു തിരക്ക് പിടിക്കും വരെയുള്ള നേരം.
പൊതുവെ രണ്ടുതരം പുസ്തകങ്ങള്‍ കൈയില്‍ വെക്കുന്ന പതിവുണ്ട്. ജോലിസ്ഥലത്തെ മറ്റു തിരക്കുകള്‍ക്കിടയിലുള്ള പകല്‍ വായനക്ക് ഒരു പുസ്തകം, ഏകാന്തതയും സൂക്ഷ്മതയും കുറേക്കൂടി ആവശ്യപ്പെടുന്ന മറ്റൊരു പുസ്തകം. രണ്ടാമത്തെ പുസ്തകത്തിന്റെ വായന രാവിലെയും വൈകീട്ടുമാണ്. എഴുത്തും വായനയും ഒരുമിച്ചുകൊണ്ടുപോകുന്ന രീതിയില്ല. എഴുത്തുകാലത്ത് വായന പതിവില്ല. വായന നിര്‍ത്തുന്ന ഒരിടത്തുനിന്ന് എഴുത്തു തുടങ്ങുകയും ആ വായന പിന്നീട് പൂരിപ്പിക്കലുമാണ് രീതി.
പ്രാര്‍ഥന ജീവിതത്തിന്റെ ഭാഗമാണ്. ഉണര്‍ന്നൊരു ചായ പതിവില്ല. അതങ്ങനെ വേണമെന്ന് തോന്നുന്നുവെങ്കില്‍ മാത്രം. അങ്ങനെയുള്ള ചായക്കും പതിവുകള്‍ ഇല്ല.
ചായ കൊണ്ടുള്ള പരീക്ഷണങ്ങള്‍ ഇഷ്ടമാണ്. ഓരോ യാത്രകളിലും പല ദേശത്തെയും ചായയുടെ വകഭേദങ്ങള്‍ സൂക്ഷ്മം നിരീക്ഷിക്കാറുണ്ട്; സ്വയമുണ്ടാക്കാന്‍ ശ്രമിക്കുകയും. മസാലച്ചായയോ തുളസിച്ചായയോ ജീരകച്ചായയോ നാരങ്ങാ തേന്‍ ചായയോ ഇഞ്ചി ചായയോ ചുക്ക് കാപ്പിയോ ആയി അതിന് രൂപഭേദമുണ്ടാകും. വായനയുടെ നേരം കഴിയുമ്പോഴേക്കും ദിവസം തിരക്ക് പിടിക്കുന്നതാകും. ഒരിത്തിരി നേരത്തെ യോഗയും കുറച്ചുകൂടി നേരമെടുത്തുള്ള നടത്തവും സാധ്യമെങ്കില്‍ മുടങ്ങാതെ നോക്കാറുണ്ട്.
നടത്തം തീരുക പത്രമെടുത്തുകൊണ്ടാകും. രണ്ടു പത്രങ്ങള്‍ രാവിലെ വായിക്കും. വിശദ വായനയില്ല. ഓടിച്ചു വായന. വിശദ വായനക്ക് സമയം പിന്നീട് കണ്ടെത്തുന്നു. ഒപ്പം മറ്റുള്ള പത്രങ്ങളും വാര്‍ത്തകളും സേര്‍ച്ച് ചെയ്തു വായിക്കാനും. പത്രം കൈയില്‍ നിന്ന് വെക്കുന്നതോടെ ദിവസം നാലുകാലില്‍ പരക്കം പാച്ചില്‍ തുടങ്ങും.
ഇപ്പോളൊരു കൂട്ടുകുടുംബ രീതിയിലാണ് താമസമെന്നതുകൊണ്ട് പാചക നേരത്ത് ഒരു കൈ വെക്കേണ്ടതേയുള്ളൂ. വളരെ കുറച്ചു സമയമെടുത്തുണ്ടാക്കുന്ന വിഭവങ്ങളിലേ ജോലി ദിവസങ്ങളില്‍ കൈവെക്കാറുള്ളൂ.
ഭക്ഷണം പായ്ക്ക് ചെയ്ത്, 'ചെറിയൊരു' വീട് വൃത്തിയാക്കലും കൂടി കഴിയുന്നതോടെ ഓട്ടത്തിന് വേഗത കൂടും. ജോലിസ്ഥലത്തേക്ക് ഒരു മണിക്കൂര്‍ യാത്ര. അതിവേഗ പ്രഭാത ഭക്ഷണം. സംഗീതം, യാത്രയിലാണ്.
പുതിയ പുതിയ വഴികളിലൂടെ സഞ്ചരിക്കുകയാണിഷ്ടം. കര്‍ണാട്ടിക്കും ഹിന്ദുസ്ഥാനിയും ഗസലുകളും വെസ്റ്റേണും വിവിധ ഭാഷകളിലെ ഫോക് സോംഗുകളും ഉപകരണ സംഗീതവും ഫ്യൂഷനും കഥകളിപ്പദവും, പല ഭാഷകളിലെ സംഗീതങ്ങളും കേള്‍ക്കാന്‍ ഇഷ്ടമാണ്. നന്നായി പാടുന്ന സുഹൃത്തുക്കളെയും കേള്‍ക്കുക ഈ നേരത്താണ്. യാത്രയില്‍ ഫോണ്‍ സംഭാഷണമെന്നത് ഇല്ലേയില്ലാത്തതാണ്.
ചുറ്റും നടക്കുന്നതറിഞ്ഞ് യാത്ര ചെയ്യുന്നതാണ് ഇഷ്ടം. പരിചിതരും അപരിചിതരുമായ ആളുകള്‍, സംഭാഷണങ്ങള്‍, തലേ ദിവസത്തിന്റെ തുടര്‍ച്ചകള്‍, പുതിയ തലമുറയുടെ വഴികള്‍, ശരീരഭാഷകള്‍ എല്ലാം നിശ്ശബ്ദമായി നിരീക്ഷിക്കാന്‍ ഇഷ്ടമാണ്. സ്ഥിരം യാത്ര ചെയ്യുന്ന വഴി, ഓരോ ദിവസവും ഒരു പുതിയ പൂവ് കൊണ്ടെങ്കിലും മാറിക്കൊണ്ടേയിരിക്കുന്നു എന്നത് രസകരമായ അനുഭവമാണ്. പകല്‍, വിദ്യാര്‍ഥികള്‍ക്കൊപ്പം.
കേള്‍ക്കുകയും കാണുകയും അറിയുകയും ചെയ്യാന്‍ ഒരുപാട് ബാക്കിവെക്കുന്ന വലിയ പുസ്തകങ്ങളായാണ് മുന്നിലെ ഓരോ വിദ്യാര്‍ഥി സുഹൃത്തും അനുഭവപ്പെട്ടിട്ടുള്ളത്. മണിമുഴക്കങ്ങളുടെ ചാക്രികതയില്‍ തുടങ്ങിയൊടുങ്ങുന്ന ദിവസത്തിനുള്ളില്‍ ചെയ്യാന്‍ പലതുണ്ടാകും. പതിവുകളും അല്ലാത്തവയും. വൈകുന്നേരത്തെ ഒടുക്കത്തെ മണിയടിയൊച്ചകള്‍ സമയക്രമത്തില്‍നിന്നുള്ള വിടുതലാണ്, അത് എല്ലാവര്‍ക്കുമതേ.
തിരികെ വരുമ്പോള്‍ ചിലപ്പോള്‍ സുഹൃത്തുക്കളുടെ ആരുടെയെങ്കിലും വിളിയുണ്ടാകും, സംബന്ധിക്കേണ്ടതായ പരിപാടികള്‍. അല്ലെങ്കില്‍ ചെറിയ അത്യാവശ്യ ഷോപ്പിംഗുകള്‍. അവധി ദിനങ്ങളില്‍ പൊതുവെ പുറത്തിറങ്ങാന്‍ മടിയേറിയ ഒരാളെന്ന നിലക്ക് ആവശ്യങ്ങളെല്ലാം പതിവ് ദിവസത്തിന്റെ ഒഴുക്കിലൂടെ നിര്‍വഹിച്ചുപോരുന്നു. ഇടനേര ഭക്ഷണങ്ങള്‍ പതിവില്ലാത്തതുകൊണ്ട് വിശപ്പിന്റെ വന്യത കഠിനമായിട്ടുണ്ടാകും. ഏഴിനും ഏഴരക്കുമിടയില്‍ രാത്രി ഭക്ഷണം. കുടുംബത്തോടൊപ്പം കുറച്ചു നേരം, തപാലില്‍ വന്നുകിടപ്പുള്ള കത്തുകളോ ആനുകാലികങ്ങളോ പരിശോധിക്കല്‍, ഉറക്കം വരുവോളമുള്ള വായനയോ കാണാനായി സ്വപ്‌നം പോലെ കൂട്ടിവെച്ചിട്ടുള്ള സിനിമകള്‍ക്കൊപ്പമുള്ള സഞ്ചാരമോ കഴിയുമ്പോള്‍ ഉറക്കം, ദിവസം തീരുന്നുവെന്ന് വിളിക്കാനെത്തും.
സ്വപ്നങ്ങള്‍ എഴുതിവെക്കാന്‍ ഒരു പുസ്തകം കൂടെയുള്ള ഒരാളാകുന്നു ഞാന്‍, പതിവില്ലെങ്കിലും വല്ലപ്പോഴും ഡയറിയെഴുത്തുകാരിയും.