[പിതാവിന്റെ തണലില്‍- 13 ]
1972 ജൂണ്‍ 7-ന് തഫ്ഹീമുല്‍ ഖുര്‍ആന്റെ ഒടുവിലത്തേതും ആറാമത്തേതുമായ വാല്യം പൂര്‍ത്തിയായി. ഇതോടനുബന്ധിച്ച് ലാഹോറിലെ ഫലെറ്റീസ് ഹോട്ടലില്‍ ഒരു ആഘോഷ പരിപാടി സംഘടിപ്പിക്കപ്പെടുകയുണ്ടായി. ചടങ്ങില്‍ സംബന്ധിച്ച പ്രസിദ്ധ നിയമജ്ഞന് എ.കെ ബ്രോഹി (ച. 1987 സെപ്റ്റംബര്‍ 13) ഇങ്ങനെ പറഞ്ഞു: 'മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനും ഇതര സാഹിത്യങ്ങളും പാശ്ചാത്യ ഭ്രമം ബാധിച്ച ലക്ഷക്കണക്കില് യുവജനങ്ങള്‍ക്ക് ഇസ്ലാമിന്റെ ചൈതന്യം പരിചയപ്പെടുത്തിക്കൊടുത്തു. അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ അവ സഹായകമായിത്തീര്‍ന്നു. ഒരാളുടെ ഏറ്റവും വിലപ്പെട്ട വസ്തു അയാളുടെ ക്യാരക്ടറും ജീവിത വിശുദ്ധിയുമാണ്. ഈയൊരു വീക്ഷണകോണില്‍ എന്നെ സംബന്ധിച്ചേടത്തോളം പാകിസ്താനിലെ മഹാപുരുഷന് മൗദൂദിയാണ്. പാക് ജനതയെ ഏറ്റവുമധികം സൃഷ്ട്യുന്മുഖമായി സ്വാധീനിച്ച വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ മൗദൂദി എന്നായിരിക്കും എന്റെ മറുപടി.
അന്ത്യനാളില്‍ അല്ലാഹു എന്നോട് സാക്ഷി പറയാന്‍ ആവശ്യപ്പെട്ടാലും ഇത് തന്നെയായിരിക്കും എന്റെ സാക്ഷ്യം.'' ചടങ്ങില്‍ സംസാരിച്ച ഇതര പ്രമുഖ വ്യക്തിത്വങ്ങളും അബ്ബാജാന്റെ ദീനീ സേവനങ്ങള്‍ക്ക് സ്തുതി വചനങ്ങളുടെ പുഷ്പവൃഷ്ടി നടത്തി. മറുപടി പ്രസംഗത്തിനുള്ള ഊഴം വന്നപ്പോള്‍ അബ്ബാജാന് അത്യന്തം വിനീതനായി ഇങ്ങനെ പറഞ്ഞു: 'ഏതെങ്കിലും ഒരു പ്രവൃത്തി ലോകം മുഴുവന്‍ അംഗീകരിക്കുകയും എന്നാല്‍ അല്ലാഹുവിങ്കല്‍ അംഗീകാരം ലഭിക്കാതിരിക്കുകയുമാണെങ്കില് ഒന്നും ലഭിക്കാത്തതിന് തുല്യമായിരിക്കും അത്. എന്നാല്‍ ലോകം അംഗീകരിച്ചില്ലെങ്കിലും അല്ലാഹുവിങ്കല്‍ സ്വീകാര്യമായാല്‍ അതാണ് യഥാര്‍ഥ വിജയം. ഞാന്‍ പ്രാര്‍ഥിക്കുകയാണ്, നിങ്ങളും പ്രാര്‍ഥിക്കുക, എന്റെ എളിയ സേവനങ്ങള്‍ സ്വീകരിക്കുകയും ഈ ഗ്രന്ഥം മുഖേന ഒരാളെങ്കിലും സന്മാര്ഗം പ്രാപിക്കുകയാണെങ്കില്‍ നാളെ എനിക്കത് പാപമോചനത്തിനിടയാവുകയും ചെയ്യാന്‍... ദാസന് അല്ലാഹുവിന്റെ തിരുസന്നിധിയില്‍ എളിമയോടെ ഏതാനും കടലാസ് താളുകളും പിടിച്ചു നില്‍ക്കുകയാണ്. എന്നിട്ട് പറയുകയാണ്- ഈ തഫ്സീര്‍ സത്യം ഗ്രഹിപ്പിക്കാനുള്ളതാണ്. ഈ ജീവിതം സത്യസാക്ഷ്യത്തിനല്ലാതെ മറ്റൊന്നിനും വേണ്ടിയുള്ളതല്ല. അല്ലാഹു മാത്രമാണ് തന്റെ ദാസന്മാര്ക്ക് ഉതവി നല്‍കുന്നത്.''
അബ്ബാജാന് ആത്മസംസ്കരണത്തിന്റെയും സത്യസാക്ഷ്യത്തിന്റെയും ഇഖാമത്തുദ്ദീനിന്റെയും നാനാദിശകളിലേക്കുമുള്ള ഒരു പോര്‍മുഖം തുറക്കുകയായിരുന്നു. അതില്‍ ഒരു ഭാഗത്ത് ഭരണയന്ത്രത്തെ മുഴുവന്‍ അദ്ദേഹത്തിനെതിരെ തിരിച്ചുവിട്ട അധികാരി വര്ഗമായിരുന്നെങ്കില് മറ്റൊരു വശത്ത് മുതലാളിത്ത ഭൂപ്രഭു വര്‍ഗങ്ങളായിരുന്നു. അവര്‍ സമ്പത്തും സ്വാധീനവും ഉപയോഗിച്ചു അദ്ദേഹത്തിനെതിരെ അധികാരി വര്‍ഗത്തെ സഹായിച്ചു. മൂന്നാമത് അദ്ദേഹത്തിന് നേരിടാനുണ്ടായിരുന്നത് സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ് ശക്തികളുടെ മാന്യത തൊട്ടുതീണ്ടാത്ത കുപ്രചാരണങ്ങളായിരുന്നു. നാലാമതൊരു വശത്താകട്ടെ മതപുരോഹിതന്മാരായിരുന്നു. അബ്ബാജാന്റെ ദൗത്യം വിജയം നേടുന്നതിന്റെ ഫലമായി തങ്ങളുടെ മതകുത്തകാധികാരം തകര്ന്നിടിയുന്നതിന്റെ വേവലാതിയിലായിരുന്നു അവര്‍. അഞ്ചാമതൊരു വശത്ത് ഖാദിയാനീ മാന്യന്മാരായിരുന്നു. അത്യന്തം ജുഗുപ്സാവഹമായ വേലത്തരങ്ങളുടെ പടുകുഴിയിലിറങ്ങിയിട്ടായിരുന്നു അവരുടെ കുത്സിത വേലകള്‍. ഖുര്ആന്നും ഖുര്‍ആന്റെ വക്താവിനുമെതിരെ കുപ്രചാരണം അഴിച്ചു വിടുന്നതില്‍ ഒരു വീഴ്ചയും വരുത്താത്ത ഓറിയന്റലിസ്റ്റുകളും അവരുടെ സഹയാത്രികരായ ഹദീസ് നിഷേധികളുമായിരുന്നു ആറാമതൊരു വശത്ത്. അങ്ങനെ നാനാ മുന്നണികളോടായിരുന്നു ഈ പോരാട്ടം. നിരന്തരമായ രോഗങ്ങളുടെ കടന്നാക്രമണത്തില്‍ ആരോഗ്യം ക്ഷയിച്ചിട്ടും എത്രയോ സ്ഥാപനങ്ങളും സംഘടനകളും നടത്തേണ്ട ഈ പോരാട്ടം അദ്ദേഹം ഒറ്റക്ക് നടത്തി.
ഒരേസമയം തന്നെ നല്ലൊരു മതപണ്ഡിതനും ഗവേഷകനും ഖുര്‍ആന്‍ വ്യാഖ്യാതാവും ചിന്തകനും ചരിത്ര പണ്ഡിതനും പ്രബോധകനും പ്രഭാഷകനും ബുദ്ധിജീവിയും പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമൊക്കെയായിരുന്നു അബ്ബാജാന്; ഒപ്പം തന്നെ ദീര്‍ഘദൃക്കായ ഒരു രാഷ്ട്രീയ നേതാവും.
ഭൂട്ടോവിന്റെ തെരഞ്ഞെടുപ്പ് കൃത്രിമം
1977 മാര്‍ച്ച് 7-ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പീപ്പ്ള്‍സ് പാര്‍ട്ടി കൃത്രിമം നടത്തിയതിന്റെ ഫലമായി പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ സഖ്യം (പാകിസ്താന് നാഷ്നല്‍ അലയന്‍സ്) സര്‍ക്കാര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭം നടത്തി. മാര്‍ച്ച് മുതല്‍ ജൂലൈ വരെ പ്രക്ഷോഭം സജീവമായി തുടര്‍ന്നു. ഏപ്രില്‍ 12-ന് വിവാദ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരു നിര്‍ദേശം ഭൂട്ടോ സാഹിബിന് മുന്നില്‍ അബ്ബാജാന് സമര്‍പ്പിച്ചു. പക്ഷേ, തന്റെ ഇരിപ്പിടം ഭദ്രമാണെന്ന് പറഞ്ഞ് അദ്ദേഹം ആ നിര്‍ദേശം തള്ളിക്കളഞ്ഞു. അവസാനം ഏപ്രില്‍ മധ്യത്തില്‍ അദ്ദേഹം അബ്ബാജാനെ കാണാന്‍ ഇഛ്റയിലെ ഞങ്ങളുടെ വീട്ടില്‍ വന്നു. അപ്പോള്‍ ജനക്കൂട്ടം വീട്ടിനടുത്ത് തിങ്ങിക്കൂടി ഭൂട്ടോ സാഹിബിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. അവരെ അഭിമുഖീകരിച്ച അബ്ബാജാന് ഇങ്ങനെ അഭ്യര്‍ഥിച്ചു: 'ഭൂട്ടോ സാഹിബ് എന്റെ അതിഥിയാണ്. അദ്ദേഹത്തിന്റെ മാനം എന്റെ മാനമാണ്. അതുകൊണ്ട് ഈ മുദ്രാവാക്യം വിളി നിര്‍ത്തുക.''
കൂടിക്കാഴ്ചക്കിടെ അദ്ദേഹം പറഞ്ഞു: 'എനിക്ക് അങ്ങയില്‍ വിശ്വാസമുണ്ട്. വെള്ളക്കടലാസില്‍ ഞാന്‍ ഒപ്പിട്ടുതരാം. എന്ത് ഉപാധികള്‍ വെച്ചാലും അംഗീകരിക്കാന്‍ ഞാന്‍ തയാറാണ്.'
'താങ്കള്‍ രാജി എഴുതിത്തരിക' എന്നായിരുന്നു അബ്ബാജാന്റെ മറുപടി; 'എന്തുകൊണ്ടെന്നാല്‍ താങ്കള്‍ വളരെ മുന്നോട്ടു കടന്ന് പോയി. ഇനി ജനം രാജിയല്ലാതെ ഒന്നു കൊണ്ടും തൃപ്തിപ്പെടുകയില്ല. തുടര്‍ന്ന് നീതിപൂര്‍വകമായ തെരഞ്ഞെടുപ്പിലൂടെ താങ്കള്‍ക്ക് വീണ്ടും ജയിച്ചുവരാം. ഇപ്പോഴത്തെ അവസ്ഥയില്‍ ഇതല്ലാതെ ഒരു പരിഹാരവും കാണുന്നില്ല.''
45 മിനിറ്റ് നീണ്ടുനിന്ന ഈ കൂടിക്കാഴ്ചയില്‍ കൂടുതല്‍ സംസാരിച്ചത് ഭൂട്ടോ സാഹിബ് തന്നെയായിരുന്നു. ചിലപ്പോള്‍ പറയും, 'അഫ്ഗാനിസ്താനിലെ അവസ്ഥ കാണുന്നില്ലേ? ചിലപ്പോള്‍ ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്നത് നോക്കൂ എന്നാകും. ബലൂചിസ്താനിലും സ്ഥിതി ശാന്തമല്ല. ഇറാനിലും സ്ഥിതിഗതികള്‍ മോശമാണ്. ഈ പരിതഃസ്ഥിതിയില്‍ ജനത്തിന് എന്നെ ആവശ്യമാണ്...' ഇങ്ങനെയൊക്കെ പറയുന്നതിനിടയിലും ഭൂട്ടോ സാഹിബ് ചോദിക്കും: 'അങ്ങ് തന്നെ പറയൂ ഞാന്‍ ഇനി എന്ത് ചെയ്യണം?''
'താങ്കള്‍ രാജിവെക്കണമെന്നതാണ് ഈ അവസ്ഥകളുടെയെല്ലാം താല്പര്യം.'' അബ്ബാജാന്റെ മറുപടി അതായിരുന്നു. 'എന്നിട്ടു സുതാര്യവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്തുക. താങ്കള്‍ക്ക് വിശ്വാസ്യത നല്കുന്ന വോട്ടു ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാമല്ലോ. അതിലൂടെ താങ്കളുടെ അധികാരത്തിന്റെ ധാര്‍മികത വീണ്ടെടുക്കാം. അതിലാണ് രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യം അടങ്ങിയിരിക്കുന്നത്. അതിലൂടെ താങ്കളുടെ നിലയും ഭദ്രമാകും. താങ്കള്‍ ഇപ്പോള്‍ പറഞ്ഞ ആഭ്യന്തരവും ബാഹ്യവുമായ എല്ലാ അപകടങ്ങളും തരണം ചെയ്യാനുള്ള ഏക പോംവഴിയും ഇത് മാത്രമാണ്.''
പക്ഷേ, ഭൂട്ടോ സാഹിബ് ആ ഭാഗത്തേക്ക് വന്നതേയില്ല. പിന്നീട് അദ്ദേഹം തന്റെ ദേശസേവനങ്ങള് വിസ്തരിക്കാന്‍ തുടങ്ങി. അപ്പോള്‍ അബ്ബാജാന് പറഞ്ഞു: 'താങ്കളുടെ സേവനങ്ങള്‍ അനിഷേധ്യങ്ങളാണ്. പക്ഷേ, തെറ്റായ ഒരു നടപടിയുടെ പരിഹാരം സേവനങ്ങള്‍ അനുസ്മരിക്കുന്നതിലൂടെ സാധിക്കുകയില്ലല്ലോ. ജനം വലിയൊരു അപകടത്തിലൂടെ കടന്നു പോവാന്‍ ഇടവരരുതെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ടാണ് ഇക്കാര്യം താങ്കളോടു പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയത്. ഇപ്പോള്‍ തെരുവില്‍ താങ്കളുടെ രാജി ആവശ്യപ്പെടുന്ന ജനം വരും നാളുകളില്‍ അതിനപ്പുറമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചേക്കുമെന്ന് എനിക്ക് ആശയങ്കയുണ്ട്. ഈ പ്രക്ഷുബ്ധത വര്‍ധിക്കുകയാണെങ്കില്‍ ദൗര്‍ഭാഗ്യവശാല്‍ പട്ടാള നിയമ ഭീഷണിയുടെ സാധ്യതയും ഇല്ലാതില്ല. മാര്‍ഷല്‍ ലാ സ്വയം തന്നെ നാശത്തിന്റെ മുന്നോടിയാണ്.''
കൂടിക്കാഴ്ച അവസാനിച്ചു അല്പം കഴിഞ്ഞപ്പോള്‍ തന്നെ അബ്ബാജാന് വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങളൊക്കെ പുറത്തു വിട്ടു. എന്നാല്‍ ഏഴ് ദിവസത്തിനകം ഭൂട്ടോ സാഹിബ് തന്നെ ലാഹോര്‍, കറാച്ചി, ഹൈദറാബാദ് എന്നിവിടങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കിക്കൊണ്ട് സൈന്യത്തിന് വഴി തെളിയിച്ചുകൊടുത്തു.
വലിയ ആളുകളെയൊന്നും ഭയക്കുന്ന ശീലം അബ്ബാജാന്നുണ്ടായിരുന്നില്ല. ഞങ്ങളെ അദ്ദേഹം ഇങ്ങനെ ഉപദേശിക്കാറുണ്ടായിരുന്നു: 'മനുഷ്യനെന്ന നിലയിലാകണം ആളുകളെ നോക്കി കാണേണ്ടത്. വീടും വാഹനവും വേഷവും നോക്കിയല്ല ആളുകളുടെ വലുപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കേണ്ടത്. ഈ വലിയ മണിമാളികകളുണ്ടല്ലോ. അതൊക്കെ ശ്മശാനങ്ങളാണ്. മണിമാളികകളില്‍ താമസിക്കുന്നവരൊക്കെ സ്വഭാവ ദാര്ഢ്യമുള്ളവരാണെന്നും കരുതണ്ട.''
ഫൈസല്‍ രാജാവിന്റെ ഓഫര്‍
ഒരിക്കല്‍ സുഊദിയിലെ ഫൈസല്‍ രാജാവ് അബ്ബാജാന്ന് ഒരു ഓഫര്‍ നല്കി; സുഊദി പൗരത്വം സ്വീകരിച്ചു അദ്ദേഹത്തിന്റെ ഉപദേഷ്ടാവാകാന്‍. അബ്ബാജാന്റെ മറുപടി ഇങ്ങനെയായിരുന്നു: 'മതാഭിനിവേശവും പാക് പൗരത്വവും നിലനിര്‍ത്തി ഇവിടെ ലാഹോറിലിരുന്നുകൊണ്ട് തന്നെ സദാ എനിക്ക് താങ്കളെ ഉപദേശിക്കാമല്ലോ. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്വന്തം അംബാസഡര്‍ മുഖേനയോ നേരിട്ടു തന്നെയോ എന്നോട് ഉപദേശം തേടാവുന്നതാണ്. അപ്പോള്‍ കലവറയില്ലാതെ അഭിപ്രായം പറയാനും കഴിയും. എന്നാല്‍ താങ്കളുടെ പ്രജയായിക്കൊണ്ട് താങ്കള്‍ക്ക് കീഴില്‍ ഒരു തൊഴില്‍ സ്വീകരിച്ചാല്‍ ശരിയായ ഉപദേശം നല്കാന് കഴിഞ്ഞുകൊള്ളണമെന്നില്ല.''
നാസിക് മിസാജ് ഷാഹാന്
താബെ സഖന്‍ ന ദറന്ദദ്
(മനോബലമില്ലാത്ത രാജന് കഠോര വാക്കുകള്‍ സഹ്യമല്ല).
ഇതു പോലെത്തന്നെ 1974-ല്‍ ഒരു വൈകുന്നേരം ജോര്‍ദാനിലെ ഹുസൈന് രാജാവിന്റെ (ച. 2000) ഒരു ഫോണ്‍വിളി അബ്ബാജാന്ന് വന്നു. രാജാവ് എന്താണ് സംസാരിച്ചതെന്ന് ഞങ്ങള്‍ ആരാഞ്ഞു. വളരെ നിസ്സംഗനായി അബ്ബാജാന് പറഞ്ഞു: 'ഇത്തരം ആളുകള്‍ക്കൊന്നും വലിയ പ്രാധാന്യം നല്‍കേണ്ടതില്ല. ഇക്കൂട്ടര്‍ വലിയ വായില്‍ പലതും പറയും. തങ്ങളുടെയോ തങ്ങളുടെ സന്താനങ്ങളുടെയോ താല്പര്യങ്ങള്ക്ക് നേരിയൊരു പോറലേറ്റാല്‍ മതി, അതോടെ അതൊക്കെ സോപ്പുകുമിളകള്‍ പോലെ അപ്രത്യക്ഷമാകും.''
പിന്നീട് അല്പം നിശ്ശബ്ദനായ ശേഷം അബ്ബാജാന് തുടര്‍ന്നു: 'അല്ലാഹുവിന്റെ ദീനിനോട് കൂറുപുലര്‍ത്തുകയും അതിന് വേണ്ടി ത്യാഗാര്‍പ്പണം ചെയ്യാന്‍ സന്നദ്ധനാവുകയും ചെയ്യുന്നവനാരോ അയാളാണ് യഥാര്‍ഥത്തില്‍ വിലമതിക്കേണ്ട മനുഷ്യന്. നിങ്ങളെ മുഖത്ത് നോക്കി വിമര്‍ശിക്കുകയും നിങ്ങളുടെ അഭാവത്തിലും നിങ്ങള്‍ക്ക് വേണ്ടി പ്രതിരോധം നടത്തുകയും ചെയ്യുന്നവര്‍. അവരാണ് ബഹുമതിക്കര്ഹതയുള്ളവര്.''
ഞാന്‍ സുഊദിയിലെ രിയാദില്‍ വനിതാ കോളേജി(കുല്ലിയ്യത്തുത്തര്ബിയ ലില്‍ ബനാത്ത്) ല്‍ അധ്യാപികയായിരിക്കെ ഒരു സുഊദി വനിതാ ലക്ചററെ എനിക്ക് തിരുത്തേണ്ടി വന്നു.'' ഞാനൊരു സുഊദി പൗരയാണ്. അന്യ ദേശക്കാരായ നിങ്ങള്‍ക്ക് എന്നെ എതിര്‍ത്ത് സംസാരിക്കാന്‍ അവകാശമില്ല.' സ്റ്റാഫ് മീറ്റിംഗില്‍ വെച്ചുതന്നെ ഞാന്‍ അവരോട് തുറന്നു പറഞ്ഞു: 'നിങ്ങളുടെ ഫൈസല്‍ രാജാവ് എന്റെ പിതാവിന് സുഊദി പൗരത്വം വാഗ്ദാനം ചെയ്യുക മാത്രമല്ല ഉപദേഷ്ടാവിന്റെ പദവിയും ഓഫര്‍ ചെയ്യുകയുണ്ടായി. എന്റെ പിതാവ് അത് സ്വീകരിക്കുകയുണ്ടായില്ല.''
പദവികളില്‍ താല്പര്യമില്ലാത്ത ഒരാളുടെ മകളാണ് ഞാനെന്നും ആ സുഊദി വനിതയോട് ഞാന്‍ തുറന്നടിച്ചു. ഫൈസല്‍ രാജാവ് ജീവിച്ചിരുന്ന കാലത്തായിരുന്നു ഈ സംഭാഷണം എന്നോര്‍ക്കണം. മറ്റുള്ളവര്‍ പിന്നാലെ നടക്കുന്ന പദവി യഥാര്‍ഥത്തില്‍ അബ്ബാജാന്റെ കാല്ക്കല് സമര്‍പ്പിക്കുകയായിരുന്നു. പക്ഷേ, അബ്ബാജാന് അത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല.
ഇഖ്വാനുല്‍ മുസ്ലിമൂന്റെ, സുപ്രിമോ ആയിരുന്ന ഹസനുല്‍ ഹുദൈബി (ച. 1973)യുടെ മകള്‍ ഇതേ കോളേജിലെ ബോട്ടണി വിഭാഗത്തില്‍ അന്ന് അധ്യാപികയായുണ്ടായിരുന്നു. സ്റ്റാഫ് മീറ്റിംഗ് കഴിഞ്ഞപ്പോള്‍ അവര്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു: ''നിങ്ങള്‍ യഥാര്‍ഥത്തില്‍ തന്നെ അത്രയും മഹാനായ ഒരാളുടെ പുത്രി തന്നെ.'' എന്നിട്ട് ഹസ്രത്ത് അലിയുടെ ഒരു വാചകം അവര്‍ ഉദ്ധരിച്ചു: 'ദുന്‍യാവിനെ നിങ്ങള്‍ കാലുകൊണ്ട് തൊഴിച്ചാലും അത് നിങ്ങളുടെ കാല്ക്കല് വന്ന് വീഴും. ഇതാണ് ദുന്യാവിന്റെ യഥാര്‍ഥ അവസ്ഥ.'' ഈ സംഭവത്തിനു ശേഷം സുഊദിയിലെ ജീവിതത്തിലൊരിക്കലും സുഊദി അല്ലാത്തവള്‍ എന്ന് എന്നെ ആക്ഷേപിക്കാന്‍ ഒരാള്‍ക്കും ധൈര്യമുണ്ടായിട്ടില്ല.
ഫൈസല്‍ രാജാവിന് അബ്ബാജാന് മറ്റൊരു ഉപദേശവും നല്കുകയുണ്ടായിട്ടുണ്ട്. ആ ഉപദേശം സ്വീകരിച്ചിരുന്നെങ്കില്‍ മുസ്ലിം ലോകത്തിന്റെ ചിത്രം തന്നെ മാറിയിട്ടുണ്ടാകുമായിരുന്നു എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഫൈസല്‍ രാജാവുമായുള്ള നേരിട്ടൊരു സംഭാഷണത്തില്‍ അബ്ബാജാന് അദ്ദേഹത്തോട് പറയുകയുണ്ടായി: 'ഡോളറിന്റെ ശക്തിയില്‍ അമേരിക്ക ലോകത്തെങ്ങുമുള്ള മസ്തിഷ്കങ്ങളെ ആ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന പോലെ രിയാലിന്റെ ശക്തിയില്‍ മുസ്ലിം ലോകത്തുള്ള ധിഷണകളെ നിങ്ങള്‍ക്ക് സുഊദിയില്‍ ഒരുമിച്ചു കൂട്ടാന്‍ കഴിയുന്നതാണ്. അഞ്ച് നൂറ്റാണ്ടിന്റെ പ്രായമേ അമേരിക്കക്കുള്ളൂ. എന്നിട്ടും തുല്യതയില്ലാത്ത പുരോഗതി നേടാന്‍ ആ രാജ്യത്തിന് സാധിച്ചു. രിയാലിന്റെ കമ്മി നിങ്ങള്‍ക്കുമില്ല. പക്ഷേ, ഒരു ഉപാധിയുണ്ട്. നിങ്ങള്‍ സുഊദിയിലേക്ക് ഒരുമിച്ചുകൂട്ടുന്ന ഭിഷഗ്വരന്മാര്, ശാസ്ത്രജ്ഞന്മാര്, സാമൂഹിക ശാസ്ത്ര വിദഗ്ധര്‍, ഉന്നത ഗവേഷക പ്രതിഭകള്‍ തുടങ്ങിയവര്‍ക്ക് സുഊദി പൗരത്വവും മൗലികാവകാശങ്ങളും കൂടി വകവെച്ചു കൊടുക്കണം. എങ്കില്‍ ശാസ്ത്ര, വൈജ്ഞാനിക, സാമ്പത്തിക, വ്യവസായ, പ്രതിരോധ മേഖലകളില്‍ സുഊദി അറേബ്യ എത്രമേല്‍ അഭിവൃദ്ധി പ്രാപിക്കുമെന്ന് നിങ്ങള്‍ക്ക് കാണുമാറാകും. ആ അഭിവൃദ്ധിയും വികസനവും സുഊദിയുടേതു മാത്രമായിരിക്കില്ല. മുഴുവന്‍ മുസ്ലിം ലോകത്തിന്റേതുമായിരിക്കും.'' ഫൈസല്‍ രാജാവിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'രിയാലിന്റെ ബലത്തില്‍ മുസ്ലിം ലോകത്തിലെ വിശിഷ്ട ധിഷണകളെ സുഊദിയില്‍ കൊണ്ടുവന്ന് അവര്‍ക്ക് പൗരത്വവും മൗലികാവകാശങ്ങളും നല്കിയാല് പിന്നെ, എന്റെ നാട്ടുകാരായ ബദുക്കള്‍ ആടുകളെയും ഒട്ടകങ്ങളെയും തെളിച്ച് മരുഭൂമിയിലെ തമ്പുകളിലേക്ക് മടങ്ങിപ്പോവുകയായിരിക്കും ഫലം. പിന്നെ അവരുടെ പൊടിപോലും കാണാന്‍ കഴിയുകയില്ല.''
ഖേദകരമെന്നു പറയട്ടെ, ഫൈസല്‍ രാജാവിന്റെ ശേഷവും ഗള്‍ഫ് ഭരണാധികാരികള്‍ ദീര്‍ഘദൃഷ്ടിയോടെ നീങ്ങുകയുണ്ടായില്ല. എണ്ണ സമ്പത്തും രിയാല്‍ കൂമ്പാരവും വിലയേറിയ വാഹനങ്ങളിലും ആഢംബര കൊട്ടാരങ്ങളിലും പടിഞ്ഞാറന്‍ ബാങ്കുകളിലും മുങ്ങിപ്പോയി എന്നതായിരുന്നു ഫലം. പ്രതിരോധം അമേരിക്കയുടെ കൈയിലും സമ്പത്തിന്റെ കടിഞ്ഞാണ്‍ പാശ്ചാത്യ വിദഗ്ധരുടെ കരങ്ങളിലുമായി.
''സത്യനിഷേധികള്‍ക്കെതിരെ ശക്തരും അന്യോന്യം സഹാനുഭൂതിയുമുള്ളവരുമായി നിനക്കവരെ കാണാം; പ്രണാമത്തി ലും സാഷ്ടാംഗത്തിലും. അല്ലാഹുവിന്റെ ഔദാര്യവും സംപ്രീതിയും തേടുന്നവരായി. സാഷ്ടാംഗത്തിന്റെ അടയാളം അവരുടെ മുഖത്ത് കാണാം. അതാണ് തൗറാത്തില്‍ അവരുടെ ഉപമ'' (അല്‍ഫത്ഹ്: 29).
ഖുര്‍ആനിലും തൗറാത്തിലും അല്ലാഹു വര്‍ണിച്ച സ്വഹാബികളുടെ ഈ ഗുണങ്ങള്‍ സമുദായം ആര്‍ജിക്കാത്ത കാലത്തോളം ഈ ദീന് മേല്‍ഗതി പ്രാപിക്കുകയില്ലെന്ന് പലപ്പോഴും അബ്ബാജാന് പറയാറുണ്ടായിരുന്നു. കുഫ്ഫാറുകളെ കാണുമ്പോഴേക്ക് അവര്‍ ആഹ്ലാദഭരിതരായി മാറും. മുസ് ലിംകളെ കണ്ടുമുട്ടുമ്പോഴോ അവരുടെ കണ്ണുകളില്‍ നീരസം പ്രകടമാകും.
ഒരിടത്ത് അബ്ബാജാന് ഇങ്ങനെ എഴുതുകയുണ്ടായി: 'അല്ലാഹുവിന്റെ ശരീഅത്ത് ധീരന്മാരായ സിംഹങ്ങള്‍ക്ക് ഇറങ്ങിയിട്ടുള്ളതാണ്. കാറ്റിന്റെ ദിശ മാറ്റാന്‍ കരുത്തരായവര്‍. ലോകത്തുള്ള എല്ലാ വര്‍ണങ്ങളേക്കാളും അല്ലാഹുവിന്റെ വര്‍ണം ഇഷ്ടപ്പെടുന്നവര്‍. സമസ്ത ലോകത്തെയും ആ വര്‍ണത്തില്‍ മുക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍. ഒഴുക്കിനൊത്ത് നീന്താന്‍ സൃഷ്ടിക്കപ്പെട്ടവരുടെ പേരല്ല മുസ്ലിം. തന്റെ വിശ്വാസവും ആദര്ശവുമനുസരിച്ചുള്ള നേര്‍മാര്‍ഗത്തിലേക്ക് ജീവിത നദി തിരിച്ചുവിടുക എന്നതാണ് അവന്റെ ജന്മ ലക്ഷ്യം തന്നെ.''
ഒരിക്കല്‍ ഒഴിവു കാലത്ത് ലാഹോറില്‍ വന്നപ്പോള്‍ സുഊദിയിലെ ഇംഗ്ലീഷ് പാഠ്യപദ്ധതിയുടെ നിലവാരമില്ലായ്മയെക്കുറിച്ചു അബ്ബാജാനോടു ഞാന്‍ പരാതിപ്പെടുകയുണ്ടായി. ഈജിപ്ഷ്യന്‍-പാകിസ്താനീ അധ്യാപകര്‍ അതില്‍ കൂടുതല്‍ ഉപ്പും മുളകും ചേര്‍ത്ത് വഷളാക്കിയിട്ടുമുണ്ടായിരുന്നു. അപ്പോള്‍ കേവലമൊരു അധ്യാപിക എന്ന നിലയില്‍നിന്ന് പ്രാസ്ഥാനിക ബോധമുള്ള അധ്യാപികയാകാന്‍ നിര്‍ദേശിച്ചുകൊണ്ട് അബ്ബാജാന് ഇങ്ങനെ പറഞ്ഞു:
''പാഠപുസ്തകത്തിലുള്ളതും അധ്യാപികയുടെ മനസ്സില്‍ എഴുതിവെക്കുന്നതും എന്നിങ്ങനെ രണ്ട് തരം പാഠ്യ പദ്ധതിയുണ്ട്. അധ്യാപകരുടെ മനസ്സിലുള്ള പാഠ്യപദ്ധതിക്കാണ് യഥാര്‍ഥത്തില്‍ പ്രാധാന്യം കല്പിക്കേണ്ടത്. സ്വന്തം ദീനിനോട് പ്രതിബദ്ധതയുള്ള അധ്യാപകര്‍ക്ക് ഗീതയില്‍നിന്നും ഖുര്‍ആന്‍ പഠിപ്പിക്കാന്‍ സാധിക്കും.'' ഇത്രയും പറഞ്ഞശേഷം അബ്ബാജാന് കൂട്ടിച്ചേര്‍ത്തു: 'നിവൃത്തികേട് കൊണ്ട് ഏറ്റവും മോശം പാഠപുസ്തകങ്ങള്‍ പഠിപ്പിക്കേണ്ടി വരുന്ന നിസ്സഹായാവസ്ഥയിലും ശരിയായ രീതിയില്‍ പഠിപ്പിക്കാന്‍ മനസ്സ് വെച്ചാല്‍ വിദ്യാര്‍ഥികളെ നന്നാക്കിയെടുക്കാന്‍ അത് തന്നെ നിമിത്തമായിത്തീരും.'
(തുടരും)