അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റുകള്‍ കൊയ്‌തെടുത്ത് ഫാത്വിമ
ലോക്ക് ഡൗണ്‍ കാലം വ്യത്യസ്ത രീതിയില്‍ ഉപയോഗപ്പെടുത്തിയ ആളുകളുണ്ട്. അഭിരുചികള്‍ക്ക് ചിറകു മുളപ്പിച്ചവരും ചുറ്റുപാടുകളില്‍നിന്ന് പൊന്നുവിളയിച്ചവരും സാമൂഹിക സേവകരായവരും എല്ലാമുണ്ട്. എന്നാല്‍ അക്കാലം ഭാവി വളര്‍ച്ചക്കായി ഫലപ്രദമായി ഉപയോഗപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ആദ്യം എഴുതാവുന്ന പേരാണ് അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥിനി ഫാത്വിമയുടേത്.
40 ദിവസം കൊണ്ടാണ് ലോകത്തെ മികച്ച സര്‍വകലാശാലകളുടെ ഹ്രസ്വകാല ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഫാത്വിമ വിജയകരമായി പൂര്‍ത്തീകരിച്ചത്. ലോകത്തിലെ പ്രശസ്ത സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ 'കോഴ്‌സെറ' എന്ന സൗജന്യ ഓണ്‍ലൈന്‍ പഠന സംവിധാനം വഴിയാണ് ഫാത്വിമ നേടിയത്.
പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം കൊണ്ടേരിത്തൊടി നൗഫലും മമ്പാട് സ്വദേശിനി ലെമീസ് കോട്ടയുമാണ് ഫാത്വിമയുടെ മാതാപിതാക്കള്‍.
ലോകോത്തര സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതോടെ ഫാത്വിമ പഠനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റ് 24-ഓടെ വിവിധ സര്‍വകലാശാലകളുടെ 30 ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിച്ചു. യൂനിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ, യൂനിവേഴ്‌സിറ്റി ഓഫ് കോപ്പന്‍ഹേഗന്‍, സാന്‍ഡിയാഗോ സര്‍വകലാശാല, ടോറണ്ടോ സര്‍വകലാശാല എന്നിവ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ സര്‍വകലാശാലകളില്‍ ചിലതുമാത്രം. പത്താംക്ലാസ് വിദ്യാര്‍ഥിനി ഇത്രയധികം കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നത് അസാധാരണം എന്നാണ് വിദ്യാഭ്യാസ വിചക്ഷണരുടെ വിലയിരുത്തല്‍.
അനുഭവങ്ങള്‍ സംവിധാനം ചെയ്ത്
സമൂഹത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്ന ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളുടെ ജീവിതം പറയുന്ന ഒരു ഹ്രസ്വചിത്രം ഉണ്ട്. ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല, അതിനാല്‍ പേരിട്ടിട്ടുമില്ല. ഈ ചിത്രത്തില്‍ അഭിനയിക്കുന്ന താഹിറ അയീസ് തന്നെയാണ് ഇതിന്റെ സംവിധായിക. ഈ ചിത്രം വരുന്നതോടെ ഇന്ത്യയിലെതന്നെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ സംവിധായികയായി മാറുന്നു എറണാകുളം സ്വദേശി താഹിറ അയീസ്.
ഇതുവരെ സ്‌ക്രീനുകളില്‍ കണ്ടുശീലിച്ച ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രങ്ങളെയല്ല താഹിറ പരിചയപ്പെടുത്തുന്നത്. തന്റെ ജീവിതത്തിലേക്കു തന്നെ ക്യാമറ തുറന്നുവെക്കുകയാണ് താഹിറ.
'സമൂഹത്തെ അഭിമുഖീകരിക്കാന്‍ ട്രാന്‍സ്ജെന്റേഴ്സ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയിരുന്നു. കൃത്യമായ വിദ്യാഭ്യാസം നേടാനുള്ള അവസരം പോലും പലര്‍ക്കും ലഭിക്കുന്നില്ല. ഇപ്പോഴാണ് വിദ്യാഭ്യാസത്തിനും മറ്റും ഞങ്ങള്‍ക്ക് സംവരണം കൊണ്ടുവന്നിട്ടുള്ളത്. ഇതെല്ലാം നേരിട്ടനുഭവിച്ചതുകൊണ്ടാണ് എന്റെ സിനിമയില്‍ രണ്ട് കഥാപാത്രങ്ങള്‍ വേണം എന്നു ഞാന്‍ തീരുമാനിക്കുന്നത്. ഒന്ന് ഒരു മള്‍ട്ടിനാഷ്‌നല്‍ കമ്പനിയില്‍ നല്ല നിലയില്‍ ജോലിചെയ്യുന്ന ഒരാള്‍, മറ്റൊന്ന് ജീവിക്കാന്‍ ലൈംഗിക തൊഴില്‍ സ്വീകരിക്കേണ്ടി വന്ന ആള്‍. രണ്ട് പേരും രണ്ടു ധ്രുവത്തില്‍ നില്‍ക്കുന്നവരാണ്. ഇതെല്ലാം ഞങ്ങളുടെ ജീവിതവുമാണ്'- താഹിറ അയീസ് പറയുന്നു.
ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്ത് ജീവിത വിജയം നേടിയ ട്രാന്‍സ്‌ജെന്ററും ജീവിക്കാനായി ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെട്ട മറ്റൊരു ട്രാന്‍സ്‌ജെന്ററും അവിചാരിതമായി ഒരേ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതിനു പിന്നാലെ കണ്ടുമുട്ടുന്നതും തുടര്‍ന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങളുമാണ് ചിത്രത്തിലെ ഇതിവൃത്തം. സമൂഹത്തെക്കുറിച്ച് പൊതുജനങ്ങളുടെ കാഴ്ചപ്പാടും മനോഭാവവും മാറ്റിമറിക്കുന്ന തരത്തിലുള്ള ഉള്ളടക്കവും ആഖ്യാനശൈലിയുമാണ് ഈ ചിത്രത്തിനെന്ന് ഇതില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഷാ ബിന്‍ ഷാ പറയുന്നു. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ആദ്യ 15 മിനിറ്റ് സംഭാഷണങ്ങള്‍ ഒന്നുമില്ലാതെയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്.
ആദ്യ വനിതാ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍
സേവന മികവില്‍ പുതിയ ചരിത്രം കുറിച്ച നിലമ്പൂര്‍ ഗവണ്‍മെന്റ് അറബിക് കോളേജിലെ അറബിക് അസിസ്റ്റന്റ് പ്രഫസറായ പി. സമീറ ടീച്ചര്‍, സംസ്ഥാനത്തെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറാണിന്ന്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ഈ പുരസ്‌കാരം നേടുന്ന മലപ്പുറം ജില്ലയിലെ ആദ്യ വനിത കൂടിയാണ് ഇവര്‍. കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആയിരിക്കെ നടത്തിയ മികച്ച പരിപാടികള്‍ക്കാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കിഴിലുള്ള ഈ പുരസ്‌കാരം നേടിയത്.
അതോടൊപ്പം തന്നെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍.എസ്.എസ് യൂനിറ്റിനുള്ള പുരസ്‌കാരവും സമീറ ടീച്ചര്‍ പ്രോഗ്രാം ഓഫീസറായ കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജിന് ലഭിച്ചു. ഇത് കോളേജിനെ സംബന്ധിച്ചേടത്തോളം ഇരട്ടിമധുരമാണ് നല്‍കുന്നത്. അഭയ പദ്ധതി പ്രകാരം നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കാനും കൃഷി വകുപ്പുമായി സഹകരിച്ച് 16 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷി ചെയ്യാനും കോളേജിലെ എന്‍ എസ്.എസ് യൂനിറ്റിനായി.
പതിനഞ്ചോളം കുടിവെള്ള സ്രോതസ്സുകള്‍ വീണ്ടെടുക്കുകയും പാവപ്പെട്ടവര്‍ക്ക് ശുദ്ധജലത്തിനു വേണ്ടി കിണര്‍ നിര്‍മിച്ചു നല്‍ക്കുകയും എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് വിമുക്തി പദ്ധതിയില്‍ കാമ്പസുകളെ ലഹരിമുക്തമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ഇതിനു പുറമെ നമ്പൂരിപ്പെട്ടിയില്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് വീട് പുനര്‍നിര്‍മാണത്തിന് ടീച്ചറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 2016, 17, 18,19 വര്‍ഷങ്ങളിലെ കാലിക്കറ്റ് സര്‍വകലാശാലയിലെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്‌കാരവും സമീറ ടീച്ചര്‍ സ്വന്തമാക്കിയിരുന്നു.
ഇതിനു പുറമെ കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ കോഡിനേറ്റര്‍ ചുമതലയും ടീച്ചര്‍ വഹിക്കുന്നു. കുട്ടികള്‍ക്കിടയിലുള്ള പല പ്രശ്‌നങ്ങളും പുറത്തുകൊണ്ടുവരാനും അത് പരിഹരിക്കാനും ടീച്ചര്‍ക്കുള്ള കഴിവ് വിദ്യാര്‍ഥികള്‍ക്കിടയില്‍ തന്നെ വലിയ ചര്‍ച്ചയാണ്. അതുകൊണ്ടുതന്നെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രിയപ്പെട്ട ടീച്ചര്‍ ആണ് സമീറ.
പൂക്കോട്ടുംപാടം സ്വദേശി അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ ബഷീര്‍ അലിയാണ് സമീറ ടീച്ചറുടെ ഭര്‍ത്താവ്. റിട്ടയേര്‍ഡ് എല്‍.ഐ.സി ഓഫീസര്‍ അബ്ദുല്‍ ഹമീദിന്റെയും ഖൈറുന്നിസയുടെയും മകളാണ്. മിഷാല്‍ ബഷീര്‍, ഫാത്വിമ ഗസല്‍, അമല്‍ ബേട്ടി എന്നിവര്‍ മക്കളാണ്.
ഐ.പി.എസ് അസോസിയേഷന്‍ ആദ്യവനിതാ സെക്രട്ടറി
കേരള പോലീസ് ഐ.പി.എസ് അസോസിയേഷന്റെ ആദ്യ വനിതാ സെക്രട്ടറിയായി തിരുവനന്തപുരം റേഞ്ച് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇഷ്ടത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരോ പ്രത്യേകം നിര്‍ദേശിക്കപ്പെടുന്നവരോ മാത്രമായിരുന്നു ഇതുവരെ ഐ.പി.എസ് അസോസിയേഷന്‍ കേരള ഘടകത്തിന്റെ തലപ്പത്ത് എത്തിയിരുന്നത്. ഇത്തവണ അസോസിയേഷന്‍ മാന്വല്‍ പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയ യുവ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ ഹര്‍ഷിതക്ക് പിന്തുണ നല്‍കിയതോടെ ചരിത്രം വഴിമാറുകയായിരുന്നു.
ജനിതകശാസ്ത്ര ഗവേഷക ഹിദായ
കോവിഡ് 19 മഹാമാരിക്കെതിരെ പ്രതിരോധ ഔഷധം വികസിപ്പിച്ചെടുക്കുന്നതിനുള്ള നിര്‍ണായക കണ്ടുപിടിത്തങ്ങള്‍ക്കു പിന്നാലെയാണ് ശാസ്ത്രലോകം. പല നാടുകളിലും ആളുകളില്‍ കൊറോണ വൈറസ് വ്യത്യസ്ത രീതിയില്‍ പ്രതികരിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രതിരോധ ഔഷധങ്ങള്‍ വികസിപ്പിക്കുന്നതിലും സങ്കീര്‍ണത നിലനില്‍ക്കുന്നുണ്ട്. എന്നാലും ശാസ്ത്രലോകം വാക്‌സിനു പിന്നാലെയാണ്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു മലയാളി പെണ്‍കുട്ടിയുണ്ട്.
അമേരിക്കയിലെയും ഈജിപ്തിലെയും ഏതാനും ശാസ്ത്രജ്ഞരോടൊപ്പം ഹിദായ അബ്ദുല്‍ ഖാദര്‍ എന്ന ശാസ്ത്ര ഗവേഷക തയാറാക്കിയ കോവിഡ് പ്രതിരോധത്തെ സംബന്ധിച്ച ഗവേഷണ നിരീക്ഷണ പ്രബന്ധം അമേരിക്കന്‍ ശാസ്ത്ര മാസികയായ വാക്‌സിന്‍സ് ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം പ്രസിദ്ധീകരിച്ചു. പ്രതിരോധ ഔഷധ ഗവേഷണ മേഖലയില്‍ ലോകത്തിലെ ഒന്നാംകിട പ്രസിദ്ധീകരണമാണ് വാക്‌സിന്‍സ്.
ജനിതകശാസ്ത്ര രംഗത്ത് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഹിദായ, ലണ്ടന്‍ യൂനിവേഴ്‌സിറ്റി നല്‍കുന്ന ബിരുദപൂര്‍വ പഠനത്തിനുശേഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബയോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
പ്രബോധനം വാരികയുടെ മുന്‍ സഹപത്രാധിപരും ഗ്രന്ഥകാരനുമായ പി.എം.എ ഖാദറിന്റെയും ജമീല അബ്ദുല്‍ ഖാദറിന്റെയും മകളും അസ്ഗര്‍ അലിയുടെ സഹധര്‍മിണിയുമാണ് ഹിദായ.
മികച്ച മാതൃക
ആറ് മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിക്കൊണ്ട് മികച്ച മാതൃകയായിരിക്കുകയാണ് ദല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ബി.എസ്.സി ബോട്ടണി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി സഫീദ ഹുസൈന്‍. കോവിഡ് കാലത്ത് പഠനത്തിനായി ദല്‍ഹിയിലേക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യത്തെ കൃത്യമായി ഉപയോഗപ്പെടുത്തി എന്നതാണ് സഫീദയെ വ്യത്യസ്തയാക്കുന്നത്.
കുന്നക്കാവിലെ ഹില്‍ടോപ്പ് പബ്ലിക് സ്‌കൂളിലെ അധ്യാപകന്‍ ഹാഫിള് അബ്ദുര്‍റഹ്മാന്റെ കീഴിലായിരുന്നു ഖുര്‍ആന്‍ പഠനം. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ചെര്‍പ്പുളശ്ശേരിയിലെ കരാട്ടെ ഗോവിന്ദന്‍ കുട്ടി (ബേബി) മാസ്റ്ററുടെ ശിഷ്യത്വം സ്വീകരിച്ച സഫീദ പതിനഞ്ചാം വയസ്സില്‍ തന്നെ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കി. പിന്നീട് തന്റെ ബന്ധുവായ ഇ.പി സല്‍വയോടൊപ്പം ചേര്‍ന്ന് വല്ലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു കരാട്ടെ പരിശീലന കേന്ദ്രം സ്ഥാപിക്കുകയുമുണ്ടായി. അവിടെ കരാട്ടെ അധ്യാപിക കൂടിയാണ് സഫീദ.
വിദ്യാര്‍ഥി സംഘടനയായ ഫ്രറ്റേണിറ്റിയുടെ സജീവ പ്രവര്‍ത്തകയായ സഫീദ ഇഅഅ, ചഞഇ വിരുദ്ധ പ്രക്ഷോഭത്തില്‍ നിറസാന്നിധ്യമായിരുന്നു.
വല്ലപ്പുഴ ചെമ്മന്‍കുഴിയിലെ ഹുസൈന്‍ മാസ്റ്ററുടെയും സാജിദ ടീച്ചറുടെയും മകളാണ് സഫീദ ഹുസൈന്‍. ശാന്തപുരം അല്‍ജാമിഅ ഇസ്‌ലാമിയ ആദ്യവര്‍ഷ വിദ്യാര്‍ഥിയായ അനുജന്‍ ആരിഫ് ഇപ്പോള്‍ സഫീദയെ പോലെ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കാനുള്ള ശ്രമത്തിലാണ്.