എല്ലാവര്‍ക്കും ജനാധിപത്യപരമായി, ഒരേ അളവില്‍ ലഭിക്കുന്ന ഒരൊറ്റ വസ്തുവേ ഉള്ളു ഈ ഭൂമുഖത്ത്, സമയം.
എല്ലാവര്‍ക്കും ജനാധിപത്യപരമായി, ഒരേ അളവില്‍ ലഭിക്കുന്ന ഒരൊറ്റ വസ്തുവേ ഉള്ളു ഈ ഭൂമുഖത്ത്, സമയം. സമയത്തിനു സമയം തന്നെ വേണ്ടേ എന്ന് കഴിഞ്ഞയാഴ്ച ഒരാളോടു പറയേണ്ടി വന്നു എനിക്കും. എന്നിട്ടും, സമയത്തെക്കുറിച്ചൊരു കുറിപ്പ് എന്നു കേട്ടപ്പോള്‍ അതിലെ പുതുമ കൊണ്ടോ, ആവശ്യപ്പെടലിലെ ആത്മാര്‍ഥത മനസ്സില്‍ സ്പര്‍ശിച്ചതുകൊണ്ടോ എന്തോ, സമ്മതിച്ചു പോയി. പിന്നെ ഇതു കുറിക്കാനുള്ള സമയത്തിനായുള്ള വേവലാതിയുമായി!
സമയത്തെക്കുറിച്ചുള്ള ഈ ബോധം, വേവലാതി കുട്ടിക്കാലം മുതല്‍ എന്നിലുണ്ടായിരുന്നു. ആരാണത് ഇത്ര ഉഗ്രമായി എന്നില്‍ കുത്തിവെച്ചത് എന്നറിയില്ല. ഉമ്മയായിരുന്നോ? എങ്കില്‍ ഞങ്ങള്‍ മക്കളില്‍ എല്ലാവര്‍ക്കും അതെന്നോളം ശക്തമായി ഉണ്ടോ? ഇല്ലാത്തത് അവര്‍ക്ക് ജീവിക്കാന്‍ കിട്ടിയ ജീവിതം വ്യത്യസ്തമായിരുന്നതുകൊണ്ടാണോ? അറിയില്ല. ഏതായാലും സമയത്തെപ്പറ്റി വലിയ ആകുലതകളില്ലാതെ ജീവിച്ചുപോകാന്‍ എന്നേക്കാള്‍ അവര്‍ക്കാവുന്നുണ്ട് എന്നാണെന്റെ തോന്നല്‍. സമയത്തെ മറന്ന് മനസ്സിനെ അലയാന്‍ വിടേണ്ടവരാണ് എഴുത്തുകാര്‍ എന്നു പറയും. സമയവിനിമയത്തിലെ അരാജകത്വം! ആ അരാജത്വത്തോടു സമരസപ്പെടുന്ന സ്‌നേഹിതര്‍, വീട്ടുകാര്‍! (അയാള്‍ കഥയെഴുതുകയാണ്!) ഹൗ! എന്തൊരു സൗഭാഗ്യം! എന്റെ എഴുത്തുകാരത്തത്തെപ്പറ്റിത്തന്നെ എനിക്കപ്പോള്‍ സംശയമുണരുന്നു.
എഴുത്തുകാരത്തികള്‍ക്ക് ഒരിത്തിരി സമയബോധം ഇല്ലാതെ എഴുതാനാകുമോ? അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് പൊതുവേ സമയബോധം കൂടുതലാണ് എന്നതാണോ ശരി? സാമ്പ്രദായിക ജീവിതം കൂടി എഴുത്തു ജീവിതത്തോടൊപ്പം ഇണക്കിക്കൊണ്ടുപോകുന്ന എഴുത്തുകാരത്തികള്‍ക്കെങ്കിലും! അല്ലെങ്കില്‍ അതുകൊണ്ടല്ലേ അവള്‍ക്ക് എഴുത്തുകാരിയാവാന്‍ കഴിഞ്ഞിട്ടുണ്ടാവുക? ആയിരിക്കണം. ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു സ്ത്രീയെന്ന നിലയില്‍ ഒരുവള്‍ക്ക് ഒരൊറ്റ നിമിഷത്തില്‍ ഒത്തിരിയേറെ കാര്യങ്ങളില്‍ മനസ്സു വ്യാപരിപ്പിക്കാന്‍, ജാഗ്രതപ്പെട്ടിരിക്കാന്‍ കഴിയുന്നുണ്ട്. അണുകുടുംബ നായിക മാത്രമല്ല, പ്രായമായവരും പുറം പണികളും ഒക്കെയുള്ള വലിയ കുടുംബങ്ങളുടെ നട്ടെല്ലായ സ്ത്രീകള്‍ എങ്ങനെ സമയബന്ധിതമായി ഒട്ടേറെ ജോലികള്‍ ചുറുചുറുക്കോടെ, വൈദഗ്ധ്യത്തോടെ (അതേ! ആ വൈദഗ്ധ്യം അങ്ങനെയങ്ങു ശ്രദ്ധിക്കപ്പെടാറില്ല!) ചെയ്തു തീര്‍ക്കുന്നു! അവ വെറും യാന്ത്രിക പ്രവര്‍ത്തനങ്ങളുമല്ല. അതിലടങ്ങിയ സമയബോധം, സര്‍ഗാത്മകത ഇവയൊക്കെ മനസ്സിലാക്കാന്‍ അധികം പേര്‍ മെനക്കെടാറില്ലെന്നു മാത്രം.
'ബര്‍സ'യുള്‍പ്പെടെ മൂന്നു നോവലുകളും ചികിത്സാനുഭവ പരമ്പരയും ('ഡോക്ടര്‍ ദൈവമല്ല') എഴുതിയത് ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ ഏറെ തിരക്കുള്ള കാലത്തു തന്നെയാണ്. എഴുത്തുലോകത്തേക്കു വൈകി വരാന്‍ കാരണങ്ങള്‍ ഒപ്പം ഇണക്കിക്കൊണ്ടു പോന്ന കുടുംബം, കുഞ്ഞുങ്ങളെ പോറ്റല്‍ ഒക്കെത്തന്നെ. കൈ സഹായത്തിനു ഏര്‍പ്പാടാക്കിയവര്‍ ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ധര്‍മസങ്കടത്തിലാഴ്ത്തിക്കൊണ്ട് അവരുടെ ബ്രെയ്ക്കും ഫുള്‍സ്റ്റോപ്പും വരുമ്പോഴാണ് കുഴയുക.
ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും സമയബോധമില്ലല്ലോ. അവ ഇതൊന്നുമറിയാതെ എപ്പോള്‍ വേണമെങ്കിലും കയറിവരാം. ഒട്ടുമുക്കാലും അലസിപ്പോവുകയും ചെയ്യും. ഗൗരവമായി എഴുതണമെന്നു തീരുമാനമെടുത്തു കഴിഞ്ഞാല്‍ സമയം കിട്ടുന്ന പോലെ കുറിപ്പുകളെടുത്തുവെക്കണം. ഈ സമയം കിട്ടുക എന്നു പറയുന്നതും അതിന്റെ പിന്നാലെയുള്ളൊരു സൂത്രയോട്ടമാണ്. അല്ലെങ്കില്‍ നമ്മളെ വെട്ടിച്ച് അതങ്ങു കടന്നുകളയും. ആഗ്രഹവും തീരുമാനവും മാത്രം ബാക്കിയാവും. തിരക്കൊഴിഞ്ഞിട്ട്, ആളൊഴിഞ്ഞിട്ട് എഴുതാന്‍ കഴിഞ്ഞെന്നു വരില്ല. എഴുത്തിനുള്ള ഏകാന്തത എന്നത് ഭൗതികതലത്തിലെ ഒറ്റയ്ക്കിരിക്കലല്ല. എല്ലാ തിരക്കുകള്‍ക്കുമിടയില്‍ മനസ്സുകൊണ്ടു ഏകാന്തതയുണ്ടാക്കാം. ചില കൊച്ചുകൊച്ചു സന്തോഷങ്ങള്‍ വേണ്ടെന്നു വെക്കേണ്ടിവരുമെന്നു മാത്രം.
കന്നിയെഴുത്തിന് ഇരുട്ടു മാറാത്ത പ്രഭാതങ്ങളാണ് പ്രിയം. പകര്‍ത്തിയെഴുത്ത് ഇടവേളകളിലെ ഫില്ലിംഗ് ആയി നടക്കും. സാധാരണ അഞ്ചു മണിക്കുണരുന്നവള്‍ എഴുത്തിനു മുറുക്കം വന്നാല്‍ അത് നാലോ നാലരയോ ആക്കും. പുത്തനാശയങ്ങളുടെ, വാക്കുകളുടെ അനായാസത ആ നേരത്തിനു സ്വന്തം. നേരം നന്നെ വെളുക്കും വരെയുള്ള സമയം നമ്മുടെ മാത്രം സ്വന്തം! എഴുതി എഴുതി വെളിച്ചത്തിലേക്ക്, മറ്റുള്ളവരിലേക്ക്, തിരക്കുകളിലേക്ക് ഒരു വിടരല്‍. അതൊരു നിറവാണ്. നിങ്ങളൊക്കെ ഉണരും മുമ്പിതാ എന്റെ മനസ്സ് ചിലതൊക്കെ സ്വന്തമാക്കിയിരിക്കുന്നു എന്ന നിറവ്. ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കും ആ നിറവ്.
രാത്രി വൈകിയിരുന്നെഴുതാന്‍ എനിക്കാവില്ല. മറ്റുള്ളവരൊക്കെ ഗാഢനിദ്രയിലേക്ക് പതുക്കെപ്പതുക്കെ വഴുതുമ്പോള്‍ ഞെരുക്കുന്ന ഒരു ഒറ്റപ്പെടല്‍ എന്നെ വന്നു പൊതിയും. ഇരുളിന്റെ അഗാധതയിലേക്ക് താണുപോകും പോലെ. പുലര്‍ച്ചയെഴുത്തും പ്രഭാതമെത്തലും ഉന്മേഷകരമായ ഒരു വെള്ളം കുടഞ്ഞു നിവരലും!
ഒരു ഗൈനക്കോളജിസ്റ്റിന്റെ ജീവിതം നിങ്ങള്‍ക്കൂഹിക്കാമോ? വലിയ സമ്മര്‍ദങ്ങള്‍ നിറഞ്ഞതാണത്. എഴുതാനിരിക്കുന്ന സമയത്തായിരിക്കും ആകെ തകിടം മറിക്കുന്ന ഒരു ഫോണ്‍ കോള്‍, മിക്കവാറും പ്രസവമുറിയില്‍ നിന്ന്! സങ്കീര്‍ണതയിലേക്ക് നീങ്ങുന്ന ഒരു ഗര്‍ഭിണിയെപ്പറ്റി, പിറ്റേന്ന് ഓപ്പറേഷന് പോസ്റ്റു ചെയ്തിരിക്കുന്ന രോഗിയെപ്പറ്റി, അടുത്ത ബന്ധുക്കളേക്കാള്‍ സമ്മര്‍ദമനുഭവിക്കുന്നത് ഡോക്ടറാണ് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഹേയ്, ഡോക്ടര്‍മാര്‍ ഹൃദയമില്ലാത്തവര്‍, കശ്മലര്‍! മെഡിക്കല്‍ കോളേജിലേക്ക് സൈറണ്‍ മുഴക്കി പാഞ്ഞു പോകുന്ന ഒരാംബുലന്‍സിന്റെ ശബ്ദം വീട്ടിലിരിക്കുന്ന പ്രഫസറുടെ ഹൃദയമിടിപ്പ് ഇരട്ടിയാക്കും. എന്തു തരം പ്രശ്‌നങ്ങളുള്ള രോഗിയാണാവോ, ഏതു സ്ഥിതിയിലായിരിക്കും കാഷ്വാലിറ്റിയില്‍ എത്തുന്നതാവോ...! അധികം വൈകാതെയെത്തുന്ന ഫോണ്‍ കോള്‍ ഉറപ്പിക്കും, രക്തം വാര്‍ന്ന് അവശനിലയിലായ ഒരു പ്രസവാനന്തര ഹതഭാഗ്യ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഗൗരവ സ്ഥിതിയിലുള്ള ഒരുവള്‍. ചിലപ്പോളത് ഗൈനക്കോളജി വിഭാഗത്തിലേക്കുള്ളതാകണമെന്നില്ല. അതുകൊണ്ടെന്താ, അര മുക്കാല്‍ മണിക്കൂറോളം ആ സൈറണ്‍ വിളിയുടെ ടെന്‍ഷന്‍ നമ്മള്‍ അതിനകം അനുഭവിച്ചുകഴിഞ്ഞിരിക്കും. ഇതിനിടയിലൊക്കെയാണ് ഞങ്ങളുടെ എഴുത്ത് എന്നു പറയുകയായിരുന്നു....
ആ ടെന്‍ഷന്റെ കാലമൊക്കെ കഴിഞ്ഞു കേട്ടോ. റിട്ടയര്‍മെന്റിനു രണ്ടു വര്‍ഷം മുമ്പെടുത്ത സ്വയം പിരിഞ്ഞുപോരല്‍ പ്രധാനമായും സമയത്തിനു വേണ്ടിത്തന്നെയായിരുന്നു. വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാവുന്ന സ്വകാര്യ മേഖലയുടെ സ്വാഗതമോതലുകള്‍ക്ക് ചെവികൊടുക്കാതിരുന്നവളെപ്പറ്റി സഹപ്രവര്‍ത്തകരില്‍ ഒരാള്‍ കുശുകുശുത്തുവത്രെ, അവര്‍ക്ക് ഭ്രാന്താണ്! അവനവനായി ജീവിക്കാന്‍ തീരുമാനിക്കുന്നത് ഭ്രാന്താണെങ്കില്‍ അങ്ങനെ. സാഹിത്യ അക്കാദമി പ്രവര്‍ത്തനങ്ങള്‍, യാത്രകള്‍, സാഹിത്യ- സാംസ്‌കാരിക പരിപാടികള്‍, അത്യാവശ്യം എഴുത്ത്, നിര്‍ബന്ധം മൂലം വന്നു വീണ ആഴ്ചയിലൊരു ദിവസത്തെ അധ്യാപക വേഷം, നിയന്ത്രിതമായ രോഗീ - രോഗ അഭിമുഖങ്ങള്‍ അങ്ങനെ പോയി ജീവിതം. സമയത്തെ ബാലന്‍സ് ചെയ്തു തന്നെയായിരുന്നുവെങ്കിലും ഏറെ സംതൃപ്തി പകര്‍ന്ന കാലം. അവനവനിഷ്ടപ്പെട്ട ജീവിതം എപ്പോഴെങ്കിലും ജീവിക്കണ്ടേ? സ്ത്രീയായതുകൊണ്ടു മാത്രം അതു നിഷേധിക്കപ്പെടുന്ന എത്ര സഹോദരിമാര്‍!
പെട്ടെന്ന് എല്ലാം അട്ടിമറിച്ച് കോവിഡ് കാലം പൊട്ടിവീണല്ലോ! വാര്‍ധക്യം വന്നെത്തിയെന്നും കോവിഡ് തന്നെയാണ് ആദ്യം വിളിച്ചുകൂവിയതും! നിനച്ചിരിയാതെ രണ്ടു വൃദ്ധര്‍ വീട്ടിനകത്തൊറ്റപ്പെട്ടു. മക്കള്‍ ഓരോരോ ഇടങ്ങളില്‍. സഹായത്തിനെത്തിയിരുന്നവള്‍ പെട്ടെന്ന് മറ്റൊരു ജില്ലക്കാരിയായി. ദിനേന ബസ്സിലെത്തിയിരുന്നവള്‍ അന്തര്‍ജില്ലാ സര്‍വീസ് തുറക്കാന്‍ കാത്തിരിക്കുന്ന മലപ്പുറത്തുകാരിയായി. പോട്ടെ, ഇതുമൊരു തിരിച്ചുപിടിക്കേണ്ടിയിരുന്ന പാരസ്പര്യ കാലം! പാചകം, ഗൃഹ പരിപാലനം, പരസ്പരം പങ്കിടുന്ന ജോലികള്‍, ഉത്കണ്ഠകള്‍....!
ഇനിയിപ്പോള്‍ സമയമെടുത്ത് സാവകാശം മറുപടിയെഴുതാമല്ലോ എഴുത്തുകാരിക്ക് എന്നാശ്വസിച്ചുകൊണ്ട്, ഇടയ്ക്കിടെ അപൂര്‍വതയായി വന്നെത്തുന്ന ചെറുപ്പക്കാരന്റെ എഴുത്ത്! ഇല്ല കുട്ടീ, സമയവുമൊത്തുള്ള ട്രപ്പീസ് കളി തന്നെ ഇപ്പോഴും! പാചകം, ഗൃഹപരിപാലനം, പിന്നെ വായന, എഴുത്ത്, ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, ഉദ്ഘാടനങ്ങള്‍, സാഹിത്യ അക്കാദമിയുടേതുള്‍പ്പെടെ മീറ്റിംഗുകള്‍, അത്യാവശ്യം ഓണ്‍ലൈന്‍ മെഡിക്കല്‍ ഉപദേശം അങ്ങനെയങ്ങനെ.. അന്തം മറിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത്, ഓണ്‍ലൈന്‍ സാംസ്‌കാരിക സംവാദങ്ങള്‍ പിടഞ്ഞുണരും മുമ്പ്, അന്യഭാഷാ കൃതികള്‍ ഉള്‍പ്പെടെ കുറേയേറെ നല്ല വായന സാധ്യമായത് മിച്ചം.
സമയം കുതറിപ്പറക്കുക തന്നെയാണ്. സമയത്തിന്റെ നൂലില്‍ പറന്നു പറന്ന് ഈ ഞാന്‍ എങ്ങോട്ട്? മഹാകഥാകാരന്‍ പറഞ്ഞുവെച്ചതു പോലെ, അനന്തമായ കാലം എനിക്കു മുമ്പും ശേഷവുമായി അങ്ങനെ പരന്നു കിടക്കുന്നു! എനിക്കനുവദിച്ചുകിട്ടിയ ഇത്തിരി സമയത്തിന്റെ അഹങ്കാരവുമായി ഈ ഞാനും! ആ സമയം വാസ്തവത്തില്‍ എന്റേതായിരുന്നോ? സമയം ആര്‍ക്കു സ്വന്തം? അത് എല്ലാവരുടേതുമല്ലേ? അല്ലെങ്കില്‍ ആരുടേതുമല്ലല്ലോ!
അനന്തമായി ഒഴുകുക തന്നെയാണ് സമയം....