സന്താന ശിക്ഷണം പരിശീലനം അനിവാര്യം
എസ്.എം കൊട്ടക്കാടന്‍
ഡിസംബര്‍ 2020
ജീവിതത്തിലെ ഏറ്റവും നല്ല കാലമാണ് കുട്ടിക്കാലം. കുട്ടികളെ എല്ലാവരും ഇഷ്ടപ്പെടുകയും പരിഗണിക്കുകയും ചെയ്യുന്നു
ജീവിതത്തിലെ ഏറ്റവും നല്ല കാലമാണ് കുട്ടിക്കാലം. കുട്ടികളെ എല്ലാവരും ഇഷ്ടപ്പെടുകയും പരിഗണിക്കുകയും ചെയ്യുന്നു. വലിയ ബാധ്യതകളൊന്നുമില്ലാതെയും നിയന്ത്രണങ്ങള്‍ കൂടാതെയും ജീവിക്കാന്‍ കഴിയുന്ന കാലം കൂടിയാണത്. ആറു വയസ്സു വരെയുള്ള കാലം ഈ വിധത്തില്‍ കുട്ടികള്‍ക്ക് സന്തോഷപൂരിതമാണ്. അതേസമയം ഒട്ടേറെ വ്യത്യസ്ത മാനസികാവസ്ഥകളിലൂടെ കുട്ടികള്‍ കടന്നുപോകുന്ന കാലം കൂടിയാണ് ഈ ആദ്യഘട്ടം.
ആധുനിക കാലത്തെ കുട്ടികള്‍ക്ക് ഈ പ്രായത്തിന്റെ പല നന്മകളും ഊഷ്മളതയും നിഷേധിക്കപ്പെടുകയാണ്. കുട്ടികളുടെ ഭാവിയുടെ പേരില്‍ അവരുടെ താല്‍പര്യം പരിഗണിക്കാതെ, പ്രായവും പ്രാപ്തിയും ഉള്‍ക്കൊള്ളാതെ പഠനവും പരിപാടിയുമായി രക്ഷിതാക്കള്‍ അവരെ കുരുക്കിലാക്കുന്നു. ഇളംപ്രായത്തില്‍ മനസ്സിന് ഭാരമായ അറിവും ചുമലിന് ഭാരമായ പഠന ഉപകരണങ്ങളുമായി പ്രഭാതത്തില്‍ എന്നും വണ്ടിക്കാരന്റെ വിളിയും വരവും കാത്തിരിക്കാന്‍ ബാല്യങ്ങള്‍ വിധിക്കപ്പെടുന്നു.
ബാല്യത്തിന്റെ സാധാരണമായ വിവിധ വഴികളിലൂടെ സഞ്ചരിക്കാനും ഒറ്റക്കും കൂട്ടായും കാര്യങ്ങള്‍ ചെയ്യാനും പുതിയ അറിവുകള്‍ നേടാനും അറിയാനും അനുഭവിക്കാനും പുതിയ തലമുറയിലെ കുട്ടികള്‍ക്ക് അവസരങ്ങള്‍ കുറവാണ്. രക്ഷിതാക്കള്‍ക്ക് തിരക്കുകള്‍ കൂടുമ്പോള്‍ പരിലാളനയും വാത്സല്യവും കുറയുകയും ചെയ്യുന്നു. അസംതൃപ്തിയിലൂടെയും അശാന്തമായ ജീവിതാവസ്ഥയിലൂടെയും കുട്ടികള്‍ ഇന്ന് അവരുടെ ബാല്യം പിന്നിടുകയാണ്.
മനഃശാസ്ത്ര മേഖലയിലുള്ളവരുടെ വിലയിരുത്തലനുസരിച്ച് ബാല്യത്തിന്റെ ആദ്യഘട്ടത്തില്‍ കുട്ടികള്‍ നിഷേധത്തിലൂടെ വളരുന്നവരും പ്രവര്‍ത്തനനിരതരായി ജീവിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ ഈ പ്രായത്തില്‍ രക്ഷിതാക്കളുടെ ശ്രദ്ധ കൂടുതല്‍ ആവശ്യമാണ്. ചെയ്യുന്നതിലെയും പറയുന്നതിലെയും ശരിയും തെറ്റും തിരിച്ചറിയാനാകാത്ത ഈ ഇളംമനസ്സുകള്‍ തെറ്റു ചെയ്യുന്നവരാണെങ്കിലും ശിക്ഷയല്ല, ശിക്ഷണമാണ് അവര്‍ക്ക് ആവശ്യമായിട്ടുള്ളത്. ബാല്യത്തിലെ ഈ വിധ പെരുമാറ്റങ്ങളില്‍ ഭയപ്പെടുത്തിയോ ശകാരിച്ചോ ശിക്ഷിച്ചോ നേര്‍വഴി കാട്ടാന്‍ ശ്രമിക്കുന്നത് ആപല്‍ക്കരമായിരിക്കും. കാര്യങ്ങള്‍ പറഞ്ഞുകൊടുത്തും ബോധ്യപ്പെടുത്തിയും അവരെ ശരിയായ വഴിയിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. കുരുന്നിന്റെ കുസൃതി ഒഴിവാക്കാന്‍ രക്ഷിതാവ് വല്ല വാഗ്ദാനവും നല്‍കുകയാണെങ്കില്‍ കൃത്യമായി അത് നിറവേറ്റണ്ടതാണ്. അസത്യം പറഞ്ഞോ കബളിപ്പിച്ചോ ചെറിയ കുട്ടികളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് പരാജയമായിരിക്കും.
ചെറിയ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് 'വിലക്കുകള്‍' ഏര്‍പ്പെടുത്താതിരിക്കുക എന്നുള്ളത്. നിഷേധ മനോഭാവം കുട്ടികളുടെ സ്വഭാവരീതിയാണ്. അതിനാല്‍ അവര്‍ അരുതാത്തത് ചെയ്യുമ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കുകയോ മറ്റെന്തെങ്കിലും നല്‍കിക്കൊണ്ട് അവരുടെ ശ്രദ്ധ മാറ്റുകയോ ചെയ്യുക. വിനോദ ഉപകരണങ്ങളും പാവകളും മറ്റും കുട്ടികള്‍ ഇഷ്ടപ്പെടുന്നവയാണല്ലോ? ഈ വക വസ്തുക്കള്‍ നല്‍കിയോ കാണിച്ചോ കുട്ടികളെ മോശമായതില്‍നിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കുന്നതാണ്. അതല്ലെങ്കില്‍ വീട്ടിലെ ചെറിയ കാര്യങ്ങളില്‍ അവരെയും പങ്കാളികളാക്കിക്കൊണ്ടും കുഞ്ഞു കൈകളെയും മനസ്സിനെയും നല്ലതിലേക്ക് മാത്രം നയിക്കാന്‍ കഴിയുന്നതാണ്.
ബാല്യത്തിലെ ആദ്യഘട്ടത്തില്‍ രക്ഷിതാക്കളും മറ്റുള്ളവരും അവരുടെ മുന്നില്‍വെച്ച് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. വലിയവരെ പേര് പറഞ്ഞ് വിളിക്കുന്നതും ചീത്ത വിളിക്കുന്നതും സൂക്ഷിക്കേണ്ടതും ഒഴിവാക്കേണ്ടതുമാണ്. രക്ഷിതാക്കളും മറ്റു മുതിര്‍ന്നവരും അപ്രകാരം ചെയ്യുന്നത് കുട്ടികള്‍ പെട്ടെന്ന് തന്നെ അനുകരിക്കുകയും പിന്നീട് പതിവാക്കുകയും ചെയ്യുന്നതാണ്.
ചെറിയ കുട്ടികളോട് രക്ഷിതാക്കളില്‍ ഒരാള്‍ മറ്റൊരാളെ കുറിച്ച് കുറ്റം പറയരുത്. മാതാവിനെക്കുറിച്ച് പിതാവും പിതാവിനെക്കുറിച്ച് മാതാവും കുട്ടികളോട് എന്നും നല്ലതു തന്നെ പറയണം. അതുവഴി കുട്ടികള്‍ക്ക് രക്ഷിതാക്കളോട് ബന്ധവും മതിപ്പും വര്‍ധിക്കും. അവരില്‍ അനുസരണയും ഉണ്ടാകും. ഒന്നിലധികം സന്താനങ്ങളുണ്ടെങ്കില്‍ അവര്‍ തമ്മിലും ഈ സമീപനം സ്വീകരിക്കണം. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ കുറിച്ചും ഇവ്വിധം നല്ലതു മാത്രം പറഞ്ഞ് കേള്‍പ്പിച്ച് ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം.
കുട്ടികളോട് 'അരുതു'കള്‍ എന്ന സമീപനം വേണ്ട. അതിനാല്‍ അവര്‍ക്ക് വേണ്ട സ്വാതന്ത്ര്യം രക്ഷിതാക്കള്‍ നല്‍കണം. ഓരോ കുട്ടിയും ഓരോ വ്യക്തിയാണെന്ന കാര്യം വിസ്മരിക്കരുത്. താല്‍പര്യമുള്ളത് പറയാനും ചോദിക്കാനും ഒരു പരിധിവരെയെങ്കിലും ചെയ്യാനും അനുവദിക്കണം. കുട്ടികളുടെ പറച്ചിലുകള്‍ക്ക് ചെവികൊടുക്കാതിരുന്നാലും അവരുടെ വായമൂടാന്‍ ശ്രമിച്ചാലും അവര്‍ ഭാവിയില്‍ പ്രതികരണശേഷി ഇല്ലാത്തവരായി മാറും.
കുട്ടികളുടെ കാര്യത്തില്‍ പ്രായപരിഗണന കൂടാതെ വേണ്ട കാര്യമാണ് സ്നേഹം. സ്നേഹിക്കലും സ്നേഹിക്കപ്പെടലും മനുഷ്യരിലെ സാധാരണ കാര്യമാണ്. കുട്ടികളും സ്നേഹം കൊതിക്കുന്നവരാണ്. രക്ഷിതാക്കള്‍ ആണ്‍/പെണ്‍ വേര്‍തിരിവ് കൂടാതെ കുട്ടികളെ സ്നേഹിക്കുകയും അവരോടത് തുറന്ന് പ്രകടിപ്പിക്കുകയും വേണം. സ്നേഹിച്ചാല്‍ കുട്ടി വഷളാകും എന്ന ചിന്ത വസ്തുതാപരമല്ല. സ്നേഹത്തിലൂടെ കുരുന്നുകളെയും മറ്റുള്ളവരെയുമെല്ലാം കീഴ്പ്പെടുത്താന്‍ സാധിക്കുന്നതാണ്. ചെറിയവരെ സ്നേഹിക്കാത്തവര്‍ നമ്മില്‍ പെട്ടവനല്ലെന്ന പ്രവാചക വചനം ശ്രദ്ധിക്കുക.
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പേരില്‍ കുട്ടികള്‍ക്ക് മിഠായിയും മധുരപലഹാരങ്ങളും മറ്റും പതിവായി നല്‍കുന്ന ചിലരുണ്ട്. ഇത് ഗുണമല്ല, ദോഷമാണ് വരുത്തിവെക്കുക. സ്നേഹസമ്മാനങ്ങള്‍ ദോഷകരമല്ലാത്തവ നല്‍കിക്കൊണ്ടായിരിക്കാന്‍ നല്‍കുന്നവര്‍ ശ്രദ്ധിക്കണം. തിന്നാനായി നല്‍കുന്നവ തൊലികളഞ്ഞും ശരിയായ വിധത്തില്‍ നല്‍കാനും ശ്രദ്ധിക്കണം.
ആറു വയസ്സുമുതല്‍ പന്ത്രണ്ട് വയസ്സുവരെ പ്രായദൈര്‍ഘ്യം വരുന്ന കുട്ടിക്കാലത്തിന്റെ അവസാന ഘട്ടവും ജീവിതത്തില്‍ നിര്‍ണായകമാണ്. യഥാര്‍ഥ കുട്ടിക്കാലമായി കണക്കാക്കപ്പെടുന്ന ഈ കാലത്തിന്റെ തുടക്കത്തിലാണ് ഔപചാരിക മത - ഭൗതിക വിദ്യാഭ്യാസത്തിനും തുടക്കമാകുന്നത്. കുട്ടിപ്രായക്കാരന്റെ ഉള്ളില്‍ ചിന്തകള്‍ ഈ കാലത്ത് ഉണ്ടായി തുടങ്ങുമെന്ന് മനഃശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. അതിനാല്‍ ഈ പ്രായത്തില്‍ ചോദിച്ചറിയുന്നതോടൊപ്പം ചിന്തിച്ചു മനസ്സിലാക്കാനും കുട്ടികള്‍ തയാറാകും. കുടുംബകാര്യങ്ങള്‍, മതവിശ്വാസം, ആചാരങ്ങള്‍, നിയമങ്ങള്‍, മര്യാദകള്‍ ഇവ ഈ പ്രായത്തില്‍ മനസ്സിലാക്കിക്കൊടുക്കുക. ജീവിതത്തിനും പഠനകാര്യങ്ങള്‍ക്കും ക്രമവും ചിട്ടയും രേഖപ്പെടുത്തി മുന്നോട്ടു നീങ്ങാന്‍ അവര്‍ക്ക് വേണ്ടത് ഈ പ്രായത്തില്‍ രക്ഷിതാക്കള്‍ ചെയ്തു കൊടുക്കേണ്ടതാണ്.
കുടുംബത്തെക്കുറിച്ചും കുട്ടിയുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചും ശരിയായി മനസ്സിലാക്കാനും നിര്‍വഹിക്കാനും രക്ഷിതാക്കള്‍ കുട്ടികളെ പര്യാപ്തരാക്കണം. പിതാവ് വിദേശത്താണ് എന്നു പറയുന്ന കുട്ടിയോട് വിദേശത്ത് ഏത് നാട്ടിലാണെന്നും എന്തു തൊഴിലാണ് ചെയ്യുന്നതെന്നും ചോദിച്ചാല്‍ മറുപടി പറയാതെ മൗനം പാലിക്കുന്ന അവസ്ഥ അവരില്‍ ഇന്ന് കാണപ്പെടുന്നു. അതുപോലെ നാട്ടിലെ റേഷന്‍ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാറുണ്ടോ? സ്വന്തമായോ കൂട്ടായോ ഇത്തരം സ്ഥലങ്ങളില്‍ പോയിട്ടുണ്ടോ? എന്ന് അന്വേഷിച്ചാല്‍ ഇല്ല എന്ന് ഉത്തരം നല്‍കുന്നവരാണ് കൂടുതല്‍ കുട്ടികളും. ഇത് ചുമതലകള്‍ ഇല്ലാതെ വളരുന്നതുകൊണ്ടാണ്. ഈവിധ വിപരീതാവസ്ഥകള്‍ കുട്ടികളില്‍ ഉണ്ടാകാനിടയാകാതെ അവരും കുടുംബത്തെക്കുറിച്ചും കുടുംബകാര്യങ്ങളെക്കുറിച്ചും അറിയുകയും അതില്‍ തങ്ങളാല്‍ സാധ്യമാംവിധം ഇടപെടുന്നവരാകുകയും വേണം. അതിന് അവരെ കാര്യങ്ങള്‍ അറിയിക്കുകയും ചുമതലകള്‍ ഏല്‍പിക്കുകയും ചെയ്യാന്‍ രക്ഷിതാക്കള്‍ തയാറാവണം.
കുട്ടികളിലെ തെറ്റുകള്‍ക്കെതിരെ നിലകൊള്ളുന്നതുപോലെ ശരികള്‍ക്കൊപ്പം നിലകൊള്ളാനും രക്ഷിതാക്കള്‍ തയാറാകണം. ശരികള്‍ അംഗീകരിക്കുകയും അതിന്റെ പേരില്‍ അവരെ അഭിനന്ദിക്കുകയും വേണം. ഇത്തരം അഭിനന്ദനങ്ങള്‍ പരസ്യമായി തന്നെയാണുണ്ടാകേണ്ടതെന്ന് ഇമാം ഗസ്സാലി (റ) ഇഹ്യായില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം അഭിനന്ദനങ്ങള്‍ അവര്‍ക്ക് കൂടുതല്‍ ശരികളും നന്നായി ചെയ്യുന്നതിന് പ്രേരണയും പ്രചോദനവുമായിത്തീരുന്നതാണ്.
എന്നാല്‍ അഭിനന്ദനവും പ്രശംസയും പരിധിക്കപ്പുറമാകാതെ സൂക്ഷിക്കണം. അമിതമായാല്‍ ഇതും വിഷമകരമാകും. സ്വന്തം മക്കളുടെ ചെറിയ നേട്ടങ്ങളെ വലുതാക്കി പറയുന്ന രക്ഷിതാക്കളോടും അവരുടെ കുട്ടികളോടും മറ്റുള്ളവര്‍ക്ക് അനിഷ്ടമുണ്ടാകാനിടയുണ്ട്.
രക്ഷിതാക്കള്‍ ശ്രദ്ധിക്കുകയും ആവശ്യമുള്ളപ്പോള്‍ ഇടപെടുകയും ചെയ്യേണ്ട മേഖലയാണ് അവരുടെ കൂട്ടുകെട്ട്. കുട്ടികളുടെ വിജയ പരാജയങ്ങളിലും നേട്ടകോട്ടങ്ങളിലും അവരുടെ കൂട്ടുകാരും പങ്ക് വഹിക്കും. അതിനാല്‍ കൂട്ടുകാരെയും അവരുമായുള്ള കൂട്ടുകെട്ടിന്റെ സ്ഥിതിഗതികളെയും അറിയുകയും ശ്രദ്ധിക്കുകയും വേണം.
പുതിയ തലമുറയിലെ കുട്ടികളിലെ കാര്യത്തില്‍ അവരുടെ വിനോദപരിപാടികളിലും രക്ഷിതാക്കളുടെ ശ്രദ്ധയും ജാഗ്രതയും ഉണ്ടായിരിക്കേണ്ടതുണ്ട്. മുഴുവന്‍ സമയങ്ങളിലും ടി.വിയും മൊബൈലുമായി സമയം തള്ളിനീക്കുന്ന കുട്ടികളെ ശ്രദ്ധിക്കുകയും അനാവശ്യ സൈറ്റുകളില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും വേണം. നന്മയുള്ള കാര്യങ്ങളില്‍ കുട്ടികള്‍ക്ക് മാതൃകയായി രക്ഷിതാക്കള്‍ നിലകൊണ്ടാല്‍ വിജയ സാധ്യതയുണ്ട്. കുട്ടികള്‍ നാളെയുടെ പ്രതീക്ഷകളാണ്. അവരുടെ ബാല്യവും അതുവഴി ഭാവിയും ശോഭനമാക്കാന്‍ രക്ഷിതാക്കള്‍ സന്നദ്ധരാകുക. അവരുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ വീഴ്ചയുടെ ഫലം ചിലപ്പോള്‍ വലിയ നഷ്ടമായേക്കാം. അതുപോലെ ചെറിയ പരിഗണനയുടെ ഫലം വലിയ നേട്ടവുമായേക്കാം.