കോവിഡ് കാലം നമ്മുടെ ജീവിതരീതിയെ അടിമുടി മാറ്റിമറിച്ചിരിക്കുന്നു. വിവാഹാഘോഷങ്ങള്‍ക്കും രോഗ സന്ദര്‍ശനങ്ങള്‍ക്കും
കോവിഡ് കാലം നമ്മുടെ ജീവിതരീതിയെ അടിമുടി മാറ്റിമറിച്ചിരിക്കുന്നു. വിവാഹാഘോഷങ്ങള്‍ക്കും രോഗ സന്ദര്‍ശനങ്ങള്‍ക്കും മരണാനന്തര കര്‍മങ്ങള്‍ക്കും വലിയ നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നു. ബന്ധുവീടുകളിലെ സന്ദര്‍ശനം ഗണ്യമായി കുറഞ്ഞിരിക്കുന്നു. വിനോദയാത്രകള്‍ പൂര്‍ണമായിത്തന്നെ നിലച്ചിരിക്കുന്നു. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ഏറെപ്പേരും വീടുകളില്‍ അടങ്ങിയൊതുങ്ങി കഴിയുകയാണ്. മഹാ ഭൂരിപക്ഷത്തെയും ഇത് ഏകാന്തതയിലും അതിന്റെ അനിവാര്യതയായ വിരസതയിലും അകപ്പെടുത്തിയിരിക്കുന്നു. ചിലരെയെങ്കിലുമിത് അങ്ങേയറ്റം അസ്വസ്ഥരാക്കുന്നു.
പലരും ഈ കോവിഡ് കാലത്ത് വീടുകളില്‍ ചടഞ്ഞുകൂടി സമയം പാഴാക്കുകയാണ്. അല്‍പം ശ്രദ്ധിച്ചാല്‍ ആര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ് ഈ സമയം. അതിന് ഒറ്റ കാര്യമേ ചെയ്യേണ്ടതുള്ളൂ. സമയത്തിന്റെ വില മനസ്സിലാക്കുക. ഒരു മിനിറ്റും പാഴാക്കില്ലെന്ന് തീരുമാനിക്കുക. ഉപയോഗിച്ചാല്‍ മാത്രം പ്രയോജനപ്പെടുന്നതും ഇല്ലെങ്കില്‍ പൂര്‍ണമായും നഷ്ടപ്പെടുന്നതുമാണ് സമയവും അധ്വാനശേഷിയും. രണ്ടും സൂക്ഷിച്ചു വെക്കാന്‍ സാധ്യമല്ല. ദാനം ചെയ്യാനോ കടം കൊടുക്കാനോ കഴിയില്ല. അവ നഷ്ടപ്പെടാതിരിക്കാനുള്ള ഏക മാര്‍ഗം അവയെ പരമാവധി പ്രയോജനപ്പെടുത്തല്‍ മാത്രമാണ്.
എങ്ങനെയൊക്കെ വിനിയോഗിക്കാം?
ആദ്യം തിരിച്ചറിയേണ്ടത് സ്വന്തം താല്‍പര്യമാണ്. പലര്‍ക്കും പലതിലായിരിക്കുമല്ലോ താല്‍പര്യം. പച്ചക്കറി കൃഷി, കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, ആടു വളര്‍ത്തല്‍, മത്സ്യം വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, ചെടി വളര്‍ത്തല്‍, കൗതുക വസ്തുക്കള്‍ നിര്‍മിക്കല്‍, വസ്ത്രങ്ങളില്‍ ചിത്രപ്പണികളുണ്ടാക്കല്‍, ടൈലറിംഗ്, വായന, പഠനം, എഴുത്ത്, വ്യത്യസ്ത മത്സരങ്ങളിലെ പങ്കാളിത്തം ഇങ്ങനെ ഏതിലാണ് തന്റെ താല്‍പര്യം എന്ന് തിരിച്ചറിയുക. സംതൃപ്തിയോടെയും സന്തോഷത്തോടെയും നിര്‍വഹിക്കാവുന്ന ഒന്നോ രണ്ടോ എണ്ണം തെരഞ്ഞെടുക്കുക. കിട്ടാവുന്ന സമയമൊക്കെയും അതിനുവേണ്ടി പ്രയോജനപ്പെടുത്തുക. അത് മനസ്സിന് അതിരുകളില്ലാത്ത ആശ്വാസവും ആനന്ദവും നല്‍കും. അതിലൂടെ ശരീരത്തിന് ആരോഗ്യവും. അതോടൊപ്പം സാമ്പത്തിക നേട്ടവും.
വായന, പഠനം, നന്മയുടെ പ്രചാരണം, സത്യപ്രബോധനം തുടങ്ങിയവ ഏറെപ്പേര്‍ക്കും സാമൂഹിക മാധ്യമങ്ങളുപയോഗിച്ച് ഒട്ടും പ്രയാസമില്ലാതെ നിര്‍വഹിക്കാവുന്നതാണ്. അല്‍പം ഇഛാശക്തിയും ദൃഢമായ തീരുമാനവും വേണമെന്നേയുള്ളു.
ഒരു ദിവസം രണ്ടാക്കിയപ്പോള്‍
സമയ വിനിയോഗത്തെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. തീര്‍ത്തും വ്യക്തിപരവും സ്വകാര്യവുമായ വിഷയമായതിനാല്‍ കൃത്യമായി ഉത്തരം നല്‍കാറില്ല. ഇപ്പോള്‍ ആരാമം പത്രാധിപ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടതിനാല്‍ ഇവിടെ കുറിക്കുകയാണ്.
പുലര്‍ച്ചെ മൂന്നേ കാലിനാണ് പതിവായി എഴുന്നേല്‍ക്കാറ്. ശരീരത്തിന് ഉന്മേഷം ലഭിക്കാനായി വീട്ടിലായാലും ഓഫീസിലായാലും അപ്പോള്‍ തന്നെ കുളിക്കും. പ്രഭാതമാവുമ്പോഴേക്കും പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും പഠനവും പൂര്‍ത്തീകരിക്കും. പത്ര പാരായണത്തിനു ശേഷം ജോലിയില്‍ പ്രവേശിക്കും. ഉച്ചക്ക് ഒരു മണി വരെ അത് തുടരും. നമസ്‌കാരത്തിനും ഭക്ഷണത്തിനും ശേഷം അര മണിക്കൂറോ മുക്കാല്‍ മണിക്കൂറോ ഉറങ്ങും. തുടര്‍ന്ന് വീണ്ടും ജോലിയില്‍ പ്രവേശിക്കും. രാത്രി പത്തര വരെയോ പതിനൊന്ന് വരെയോ അത് തുടരും. ഇങ്ങനെ ദിവസത്തെ രണ്ടായി ഭാഗിക്കുന്നതിനാല്‍ അല്‍പവും മുഷിപ്പോ മടുപ്പോ ഇല്ലാതെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയും. വൈകുന്നേരം മഗ്രിബിനു മുമ്പ് പുറത്തിറങ്ങി നടക്കാന്‍ അല്‍പസമയം ചെലവഴിക്കും.
കോവിഡ് കാലത്തിനു മുമ്പ് വെള്ളിയാഴ്ചയാണ് വീടിനും വീട്ടുകാര്‍ക്കും വേണ്ടി നീക്കി വെച്ചിരുന്നത്. എന്നാല്‍ പല വെള്ളിയാഴ്ചകളിലും അത് ലഭിക്കാറില്ല. വീട്ടിലുണ്ടാകുമ്പോഴെല്ലാം വീട്ടുജോലികള്‍ നിര്‍വഹിക്കുകയാണ് ചെയ്തിരുന്നത്. കാര്‍ഷികവൃത്തിയില്‍ വളരെ താല്‍പര്യമുള്ളതിനാല്‍ ലഭ്യമാകുന്ന സമയം അതിനായി നീക്കി വെക്കും. ബാക്കി ആറു ദിവസവും എല്ലാം നിര്‍വഹിക്കാറുള്ളത് കുടുംബിനിയും കുട്ടികളുമാണല്ലോ.
ഇപ്പോള്‍ കോവിഡ് കാലമായതിനാല്‍ പല ജോലികളും നിര്‍വഹിക്കാറുള്ളത് വീട്ടില്‍ വെച്ചാണ്. മൂന്ന് ദിവസം മാത്രമേ കോഴിക്കോട്ട് ഓഫീസില്‍ പോകാറുള്ളൂ. അതിനാല്‍ വീട്ടുകാര്‍ക്ക് വലിയ ആശ്വാസവും സന്തോഷവുമാണ്. പേരക്കുട്ടികള്‍ക്കാണ് സാന്നിധ്യം ഏറെ ആഹ്ലാദം നല്‍കുന്നത്. അതിലേറെ എനിക്കും. എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും വീട്ടിലെ ജോലി ചെയ്യാന്‍ കഴിയുന്നുവെന്നത് സന്തോഷം വര്‍ധിപ്പിക്കുന്നു.
വീട്ടുജോലികളിലും കായിക വൃത്തികളിലും വ്യാപൃതമാകുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതി വളരെ വലുതാണ്. വെറുതെയിരിക്കുകയെന്നതാണ് ഏറെ പ്രയാസകരം.
കോവിഡില്ലാത്ത കാലത്ത് ധാരാളം യാത്ര ചെയ്യേണ്ടി വന്നിരുന്നതിനല്‍ സമയം നഷ്ടപ്പെടാതിരിക്കാന്‍ വായിക്കാനുള്ള എന്തെങ്കിലും കൈയിലെടുക്കും. തീവണ്ടിയിലായിരുന്നാലും ബസ്സിലായിരുന്നാലും സമയം വായനക്ക് ഉപയോഗപ്പെടുത്തും. കാറിലാവുമ്പോള്‍ മാത്രമാണ് വായന വേണ്ടവിധം നടക്കാതിരിക്കുക.
ഇത് എല്ലാവര്‍ക്കും പിന്തുടരാന്‍ കഴിയണമെന്നില്ല. എന്നാലും സമയം പാഴാക്കുകയില്ലെന്ന് സ്വയം തീരുമാനിച്ച് അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണം.
മരണത്തിലേക്ക് ഓടുന്നവര്‍
നമ്മളെല്ലാവരും ഓടുകയാണ്. നിലക്കാത്ത ഓട്ടം. ജനനത്തോടെയാണ് ഇതാരംഭിച്ചത്. മരണത്തോടെയേ അവസാനിക്കൂ. ഇടയ്ക്ക് നിര്‍ത്തി വെക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഓടാനുള്ള കഴിവും സമയവും നല്‍കിയത് പ്രപഞ്ചനാഥനായ അല്ലാഹുവാണല്ലോ. അവന്‍ അവ രണ്ടും എങ്ങനെ വിനിയോഗിച്ചുവെന്ന് മരണാനന്തരമുള്ള മറു ലോകജീവിതത്തില്‍ ചോദിക്കാതിരിക്കില്ല.
നാം മരണത്തിലേക്ക് ഓടുകയാണെന്നതിന്റെ അര്‍ഥം നാം മരിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ശൈശവം വിട പറയാതെ ബാല്യം കടന്നു വരില്ല. കൗമാരം കിളിര്‍ക്കാതെ ബാല്യം കൊഴിയില്ല. യുവത്വം ജനിക്കുന്നതോടെ ബാല്യം മരിക്കുന്നു. വാര്‍ധക്യത്തിന്റെ വരവോടെ യുവത്വം വിടപറയുന്നു. ഇതൊക്കെയും മരണം തന്നെ. നമ്മുടെ ആയുസ്സില്‍ ഓരോ നിമിഷവും വര്‍ധിക്കുന്നതോടെ നാം മരണത്തിലേക്ക് ഓരോ നിമിഷവും അടുത്തു കൊണ്ടിരിക്കുന്നു.
നമ്മുടെ ആയുസ്സ് നിര്‍ണിതമാണല്ലോ. കടന്നുപോകുന്ന കാലത്തിന് മടക്കമില്ലെന്നും നമുക്കറിയാം. നമ്മുടെ ജീവിതത്തില്‍ കൊഴിഞ്ഞുവീഴുന്ന ഓരോ നിമിഷവും മിനിറ്റും മണിക്കൂറും ദിവസവും മാസവും കൊല്ലവുമൊന്നും തിരിച്ചുവരില്ല. അതിനാലാണ് പ്രമുഖ പണ്ഡിതന്‍ ഹസന്‍ ബസ്വരി ഇങ്ങനെ പറഞ്ഞത്: 'ഓരോ പ്രഭാതവും പിറന്നുവീഴുന്നത് ഇവ്വിധം വിളിച്ചു പറഞ്ഞുകൊണ്ടാണ്;അല്ലയോ മനുഷ്യാ, ഞാന്‍ ഒരു പുതിയ സൃഷ്ടിയാണ്. നിന്റെ കര്‍മത്തിന് സാക്ഷിയും. അതിനാല്‍ നീയെന്നെ ഉപയോഗപ്പെടുത്തുക. ഞാന്‍ പോയിക്കഴിഞ്ഞാല്‍ അന്ത്യനാള്‍ വരെ തിരിച്ചു വരില്ല.'
മറ്റൊരു ദാര്‍ശനികന്‍ പറഞ്ഞതിങ്ങനെ: 'അല്ലയോ മനുഷ്യാ, നീ ദിവസങ്ങളുടെ കൂട്ടായ്മയാണ്. ഓരോ ദിവസം വിട പറയുമ്പോഴും നീ അല്‍പം ഇല്ലാതായിത്തീരുന്നു.'
അതിനാല്‍ എന്ത് സംഭവിച്ചാലും സമയം പാഴാക്കില്ലെന്ന് പ്രതിജ്ഞയെടുക്കുക. ഏറെപ്പേരും വഞ്ചിതരാകുന്ന രണ്ട് കാര്യങ്ങളാണ് ആരോഗ്യവും ഒഴിവുസമയവുമെന്ന് പറഞ്ഞ പ്രവാചകന്‍ ഇത്ര കൂടി അരുളി ചെയ്തിട്ടുണ്ട്: 'ആയുസ്സ് എന്തിന് ഉപയോഗിച്ചു; ഏത് കാര്യത്തിലാണ് യുവത്വം നശിപ്പിച്ചത്; ധനം എങ്ങനെ സമ്പാദിച്ചു; എങ്ങനെ ചെലവഴിച്ചു; അറിവുകൊണ്ട് എന്ത് നേടി എന്നീ നാല് കാര്യങ്ങളെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടാതെ അന്ത്യദിനത്തില്‍ ഒരടിമയുടെയും ഇരുകാലുകളും മുന്നോട്ടു നീങ്ങുകയില്ല.'
ഒന്നിനും കഴിയാത്തവരില്ല
തിരൂരങ്ങാടിയിലെ റാബിയയുടെ കാലുകള്‍ നടക്കാനാവാത്ത വിധം തളര്‍ന്നവയിരുന്നു. എന്നിട്ടും പൂര്‍ണ ആരോഗ്യവാന്‍ ചെയ്യുന്നതിന്റെ എത്രയോ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ അവര്‍ നിര്‍വഹിക്കുകയുണ്ടായി. പിന്നീട് അര്‍ബുദം ബാധിച്ച് അവശയായി. നിരന്തര ചികിത്സക്കുശേഷം രോഗം ഭേദമായതോടെ കര്‍മ രംഗത്ത് സജീവമായി. വീണ് നട്ടെല്ലിന് ക്ഷതം ബാധിച്ച് ശരീരം പൂര്‍ണമായി തളര്‍ന്ന ശേഷവും അവര്‍ തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പൂര്‍ണ ആരോഗ്യവാനായ ആള്‍ക്ക് ചെയ്യാനാവാത്ത പലതും ഇപ്പോഴും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നു.
പയ്യോളിയിലെ കുഞ്ഞബ്ദുല്ല കേരളീയര്‍ക്കിന്ന് സുപരിചിതനാണ്. വാഹനാപകടത്തില്‍ നട്ടെല്ലിന് ക്ഷതം പറ്റി ശരീരം മുഴുവന്‍ തളര്‍ന്നിട്ടും അത്യസാധാരണമായ ഇഛാശക്തിയോടെ, നിരന്തര ശ്രമത്തിലൂടെ എഴുതാന്‍ ശീലിക്കുകയും അശാന്തരായ പലര്‍ക്കും സ്വസ്ഥത സമ്മാനിക്കുകയും ഏവര്‍ക്കും കര്‍മാവേശമായും പ്രചോദനമായും നിലകൊള്ളുകയും ചെയ്യുന്നു. ഇങ്ങനെ ശരീരം തളര്‍ന്ന ശേഷവും കര്‍മനിരതമായ ജീവിതം നയിക്കുന്ന പലരെയും എനിക്ക് പരിചയമുണ്ട്.
അതിനാല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയാത്ത ആരുമില്ല. എന്താണോ അവശേഷിക്കുന്ന കഴിവ് അത് ഉപയോഗപ്പെടുത്താവുന്നതാണ്. സംസാരശേഷി മാത്രമാണ് ബാക്കിയുള്ളതെങ്കില്‍ പരിസരപ്രദേശങ്ങളിലെ കുട്ടികളെ ഒരുമിച്ചുകൂട്ടി അവരെ പഠിപ്പിക്കുകയോ അവര്‍ക്ക് കഥ പറഞ്ഞു കൊടുക്കുക മറ്റോ ചെയ്യാം. കൈ മാത്രമാണ് ചലിക്കുന്നതെങ്കില്‍ വീട്ടുകാര്‍ക്ക് ഉള്ളി തൊലിച്ചു കൊടുത്തും മുളക് അരിഞ്ഞ് കൊടുത്തും സാധ്യമാകുന്ന മറ്റു കാര്യങ്ങള്‍ നിര്‍വഹിച്ചും തനിക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാം. അത് മറ്റാര്‍ക്കുമെന്നതിനേക്കാളേറെ ആശ്വാസം നല്‍കുക സ്വന്തത്തിനു തന്നെയാണ്.
അതിനാല്‍ ഏവരും സമയമൊട്ടും പാഴാക്കാതെ കര്‍മനിരതമായ ജീവിതം നയിക്കാനാണ് ശ്രമിക്കേണ്ടത്. അപ്പോഴാണല്ലോ ജീവിതം സാര്‍ഥകമാവുക.