ജനക്ഷേമത്തിനാണ് മുന്‍ഗണന
ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളതും ഏറ്റവും ഫലപ്രദവും ജനങ്ങളോട് നേരിട്ട് ബന്ധവുമുള്ള ഭരണസംവിധാനമാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍.
ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളതും ഏറ്റവും ഫലപ്രദവും ജനങ്ങളോട് നേരിട്ട് ബന്ധവുമുള്ള ഭരണസംവിധാനമാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍. 1994-ല്‍ നിലവില്‍വന്ന പഞ്ചായത്തി രാജ് ആക്ടിലൂടെ വിപുലമായ അധികാരങ്ങളാണ് തദ്ദേശ സ്വയംഭരണ സംവിധാനത്തിന് ലഭിക്കുന്നത.് കോവിഡ് മൂലം നീട്ടിവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. 73, 74 ഭരണഘടനാ ഭേദഗതിയിലൂടെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായും നാടിന്റെ വികസനവുമായും ബന്ധപ്പെട്ട കുറേയേറെ പദ്ധതികള്‍ നടപ്പിലാക്കാനുള്ള അവകാശം തദ്ദേശ ഭരണകൂടത്തിന് കൈവന്നിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിലും കോവിഡ് പോലുള്ള ദുരിതത്തിലും തദ്ദേശ ഭരണവകുപ്പിന്റെ ഉത്തരവാദിത്വ മികവ് നാം അനുഭവിച്ചതാണ്.
ഏറ്റവും ഗുണകരമായ വശം ജനാധിപത്യത്തിന്റെ താഴെത്തട്ടിലുള്ള സംവിധാനത്തിലൂടെ നാടിന്റെ വികസന പ്രക്രിയയില്‍ ക്രിയാത്മക പങ്കാളിത്തം വഹിക്കാനും കാര്യശേഷി സമൂഹത്തിനു വേണ്ടി വിനിയോഗിക്കാനുമുള്ള അവസരം സ്ത്രീകള്‍ക്ക് ലഭ്യമാവുന്നതാണ്. മുപ്പത്തിമൂന്ന് ശതമാനം സംവരണം പാര്‍ലമെന്റിലും നിയമസഭകളിലും പാസായില്ലെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നീക്കിവെക്കുകയും ഇതിലൂടെ ഒട്ടേറെ സ്ത്രീകള്‍ പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട.് 50 ശതമാനം സ്ത്രീ സംവരണം എന്നതിനേക്കാള്‍ ഉപരിയായി, ഇപ്രാവശ്യം കുറേക്കൂടി വിപുലമായ പങ്കാളിത്തമാണ് സ്ത്രീകള്‍ക്ക് ലഭിക്കാന്‍ പോകുന്നത.്
പ്രാദേശിക ചുറ്റുപാടുകളാണ് പ്രവര്‍ത്തന മണ്ഡലമെന്നുള്ളതുകൊണ്ട് കുടുംബ ഉത്തരവാദിത്വത്തോടൊപ്പം തന്നെ സമ്മര്‍ദങ്ങളില്ലാതെ നിര്‍വഹിക്കാവുന്ന ഭരണനിര്‍വഹണം കൂടിയാണിത്. നിര്‍ബന്ധിതാവസ്ഥയില്‍ അങ്കലാപ്പോടെ ഈ രംഗത്തേക്ക് കടന്നുവരികയും പുരുഷന്റെ തണലില്‍ ഭരണം നിര്‍വഹിക്കുകയും ചെയ്ത സ്ത്രീകള്‍ പിന്നീട് കാര്യപ്രാപ്തിയോടെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും കണ്ടു. സംവരണ സീറ്റില്‍ മത്സരിച്ചവര്‍ പിന്നീട് ജനറല്‍ സീറ്റിലൂടെ മികച്ച ഭരണം കാഴ്ചവെച്ചതിനു ആലത്തൂര്‍ പോലുള്ള സ്ഥലങ്ങള്‍ ഉദാഹരണം.
ഉന്നത വിദ്യാഭ്യാസം ലഭിക്കാതെ പോയെങ്കിലും കഴിവുറ്റ സ്ത്രീകള്‍ വീടിനകത്ത് ഒരുപാടുണ്ട്. ഇവരുടെ കാര്യശേഷി സമൂഹത്തിന് ലഭ്യമാക്കാനുള്ള ഒരു അവസരം കൂടിയാണിത്.
ദുരിതത്തിലും പ്രയാസങ്ങളിലും ഒപ്പം നില്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊടുക്കാനും ജൈവികമായ പ്രത്യേകതകള്‍ കൊണ്ടുതന്നെ സ്ത്രീകള്‍ക്കു കൂടുതല്‍ കഴിയും. അതുകൊണ്ടുതന്നെ പാരമ്പര്യ രാഷ്ട്രീയത്തിനപ്പുറം ജനകീയ കൂട്ടായ്മ രൂപീകരിച്ച് മനുഷ്യന്നും പ്രകൃതിക്കും വേണ്ടി മുന്നിട്ടിറങ്ങുന്നത് സ്ത്രീകളാണ്. ഒരു പുരുഷന് വീടിന്റെ കോലായ വരെയേ പോകാന്‍ കഴിയൂവെങ്കില്‍ സ്ത്രീക്ക് അടുക്കളവരെ പോയി കാര്യങ്ങളറിയാന്‍ സാധിക്കും. സ്ത്രീകള്‍ക്കു ലഭിക്കുന്ന വലിയൊരു സാധ്യതയാണിത്. ജനപ്രതിനിധികളായി മാത്രമല്ല, അവരെ തെരഞ്ഞെടുക്കുന്നവരായും കൂടുതലുള്ളത് സ്ത്രീകളാണ്.
നാടിന്റെ വികസനമാണ് ലക്ഷ്യം. നാടിന്റെ ശാപമായ മതജാതി വര്‍ഗീയ ധ്രുവീകരണത്തിനപ്പുറം ജനകീയ പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നവരെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കേണ്ട ബാധ്യത ഓരോ വോട്ടര്‍മാരുടേതുമാണ്. ഇത്തരക്കാരെ തങ്ങളുടെ പ്രതിനിധികളാക്കാന്‍ അനുവദിക്കുകയില്ലെന്ന് കന്നിവോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേകം ഉറപ്പുവരുത്തണം. ഗ്രാമങ്ങൡലൂടെയാണ് ഇന്ത്യയുടെ ആത്മാവ് നിലനില്‍ക്കുന്നതെന്നാണ് ഗാന്ധിജി നമ്മെ ഓര്‍മിപ്പിച്ചത്. ഓരോ ഗ്രാമാന്തരങ്ങളില്‍നിന്നും ഫാഷിസത്തിനപ്പുറം ജനക്ഷേമകരായ ജനപ്രതിനിധികള്‍ ഉയര്‍ന്നുവരാന്‍ ഉതകുന്നതാവട്ടെ നമ്മുടെ ഓരോ വോട്ടും.