എഴുത്തുകാരിയുടെ സമയവഴി
ഡോ. എം.ജി മല്ലിക
ഡിസംബര്‍ 2020
ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നൂല്‍പാലത്തിലൂടെ ആയിരുന്നു ആ യാത്ര...
ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നൂല്‍പാലത്തിലൂടെ ആയിരുന്നു ആ യാത്ര... എപ്പോഴൊക്കെയോ കാലിടറി മരണത്തിന്റെ കൊക്കയിലേക്ക് എറിയപ്പെട്ടിരുന്നു.... ആരൊക്കെയോ നീട്ടിയ കൈപിടിയില്‍ വലിഞ്ഞു കയറി വീണ്ടും ജീവിതത്തിന്റെ പച്ചപ്പിലേക്ക് ഞാന്‍ നടന്നു വന്നു... ആത്മഹത്യാ മുനമ്പിലൂടെയുള്ള യാത്ര അവസാനിച്ചത് ജീവിതത്തിലേക്കുള്ള കൈപ്പിടി അരികിലെത്തിയപ്പോഴാണ്.... ഒറ്റപ്പെടലിന്റെ ദുസ്സഹമായ ഓര്‍മ പോലും ഇന്ന് അകലേക്ക് പോയ് കഴിഞ്ഞു... കൈ പിടിച്ചു കയറാന്‍ സഹായിച്ചവര്‍ പലരും ജീവിതത്തിന്റെ നടവഴിയില്‍ സ്വയം നടക്കാന്‍ വിടാതെ കരം ബലമായി അമര്‍ത്തി പിടിച്ചു...
ഞാനെപ്പോഴായിരുന്നു എഴുതി തുടങ്ങിയത്? മനസ്സില്‍ അസ്വസ്ഥതകള്‍ കുമിഞ്ഞുകൂടുകയും എഴുതാതിരിക്കാന്‍ കഴിയാത്തവിധം അതെന്നെ കീഴടക്കുകയും ചെയ്തപ്പോഴാണ് എന്നെ തന്നെ സാന്ത്വനിപ്പിക്കാന്‍ വേണ്ടി ഞാന്‍ എഴുതി തുടങ്ങിയത്. ചിന്തകള്‍ അതിവേഗതയില്‍ സഞ്ചരിക്കുകയും കൈകള്‍ ഒച്ചിനെ പോലെ ഇഴയുകയും ചെയ്യുന്നതിനാല്‍ ചെറിയ ചെറിയ കവിതകളാണ് ആദ്യമൊക്കെ എഴുതിയത്. എവിടെയെങ്കിലുമൊക്കെ കോറി ഇടുന്ന വരികള്‍ ആരെയെങ്കിലും വായിച്ചു കേള്‍പ്പിക്കുന്നതിലൂടെ കിട്ടുന്ന ഒരു സന്തോഷം, അതായിരുന്നു ആദ്യ ഘട്ടത്തിലെ എഴുത്ത്.
ദാരിദ്ര്യത്തിനിടയില്‍ എഴുതിവെച്ചതൊക്കെ ചിതലരിച്ചും കനലില്‍ എരിഞ്ഞും തീര്‍ന്നു. ജീവിതം ഒരു ഇരുണ്ട ഗുഹയില്‍ കിടന്നു ഞെരുങ്ങുമ്പോഴാണ് എഴുതാതിരിക്കാന്‍ കാഴിയാത്ത വിധം മനസ്സ് അസ്വസ്ഥമായത്. പ്രണയത്തെ കുറിച്ചുള്ള കവിതകളായിരുന്നു എന്റെ ആ കാലത്തെ എഴുത്തുകള്‍. പ്രണയം ഇല്ലാത്ത ദിനങ്ങളില്‍ അവഗണനയുടെ ഞെരിപ്പോടില്‍ എരിഞ്ഞടങ്ങുമ്പോഴും വേദനകളും പ്രതീക്ഷയുമായി കടന്നു വന്ന എഴുത്തുകള്‍. സ്വയം എരിഞ്ഞടങ്ങാന്‍ തയാറാകാതെ എന്നിലേക്ക് കടന്നു വന്ന വരികള്‍ പലപ്പോഴും ആശ്വാസമായിരുന്നു. സംസാരിക്കാന്‍ ഒരുപാടിഷ്ടമുള്ള ഞാന്‍ സംസാരിക്കാന്‍ ആരുമില്ലാതെ, ഒരു സുഹൃത്ത് പോലുമില്ലാതെ എന്റെ ജീവിതത്തെ പൂര്‍ണമായും തകര്‍ന്ന വണ്ടിയോടുപമിച്ചു കടന്നുപോയ ദിനങ്ങള്‍. അതിനൊരവസാനം വേണമെന്ന് തോന്നിയത് മരണത്തിന്റെയും ഭ്രാന്തിന്റെയും ഇടയില്‍ ജീവിതം അവസാനിക്കും എന്ന തോന്നലിലാണ്. ഒന്നുകില്‍ ഭ്രാന്താകും, അല്ലെങ്കില്‍ മരിക്കും എന്ന ചിന്ത എന്നെ വല്ലാതെ സ്വാധീനിച്ചെന്നു തോന്നുന്നു.
എഴുതാന്‍ കഴിയുന്ന ഒരു മാനസിക അവസ്ഥയില്‍ ആയിരുന്നില്ല ബഹുഭൂരിപക്ഷം സമയവും. കുട്ടികളുടെ ഉത്തരവാദിത്തം, വീട്ടിലെ പണികള്‍.. കടയില്‍ പോകല്‍, ജോലി തുടങ്ങി ഒരു വീട്ടിലെ എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യേണ്ടിവരികയും ഒന്ന് ഉറക്കെ സംസാരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അതൊക്കെ പൊട്ടിച്ചു പുറത്തു കടക്കേണ്ടത് അനിവാര്യമാണ് എന്ന തോന്നല്‍ ഉണ്ടായത്. അങ്ങനെ ഒരു തീരുമാനത്തിലേക്ക് കാലെടുത്തുവെക്കാന്‍ ഞാന്‍ എടുത്ത സമയം അതെന്റെ ജീവിതത്തിന്റെ തന്നെ തത്ത്വശാസ്ത്രത്തില്‍ മാറ്റം വരുത്താന്‍ എടുത്ത സമയമായിരുന്നു.
ഒരിക്കല്‍ പോലും എഴുതണമെന്ന തോന്നലില്‍ നിന്നല്ല എഴുതാതെ ഇരിക്കാന്‍ കഴിയില്ലെന്ന തോന്നലില്‍ നിന്നാണ് എഴുതിയത്. ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയത് ചില സൗഹൃദങ്ങളുടെ ഫലമായാണ്. ചിന്തകള്‍ കുമിഞ്ഞു കൂടുകയും അവയൊക്കെ മുളയിലേ അഴുകി പോവുകയും ചെയ്യാറായിരുന്നു പതിവ്. എന്നാല്‍ ചില ബന്ധങ്ങള്‍ നമ്മെ എഴുതാന്‍ പ്രേരിപ്പിക്കും. ആ ബന്ധങ്ങള്‍ പലതും കൊഴിഞ്ഞു പോയെങ്കിലും, അവ എനിക്ക് നല്‍കിയ ഊര്‍ജമാണ് എന്റെ പല എഴുത്തുകളും. ഒരു സ്ത്രീക്ക് പലപ്പോഴും സമൂഹത്തില്‍ ഉള്ള സ്ഥാനം അവളുടെ ഭര്‍ത്താവിന്റെയോ അഛന്റെയോ സഹോദരന്റെയോ സ്ഥാനവുമായി ബന്ധപ്പെട്ടാണ് എന്നത് ഞാന്‍ ജീവിതത്തില്‍ അങ്ങോളം അനുഭവിച്ചതാണ്. സ്വന്തമായി ഒരിടം നിര്‍മിച്ചെടുക്കാന്‍ സ്ത്രീ ആദ്യം അവളുടെ ചിന്തകളോടും ഉള്ളിലെ മൂല്യങ്ങളോടും യുദ്ധം ചെയ്യണം. അതിനൊപ്പം പുറത്തെ ശക്തമായ അതിരുകളോട് ഏറ്റുമുട്ടണം. അങ്ങനെ ഏറ്റുമുട്ടുമ്പോള്‍ ബന്ധങ്ങള്‍ പലതും ഇല്ലാതാവുകയും ഒറ്റപ്പെടലിന്റെ നീര്‍ച്ചുഴിയില്‍ പെട്ടുഴലുകയും ചെയ്യും. നമ്മുടെ ജീവിതം വളരെ ചെറിയതാണെന്നും നമ്മളൊക്കെ മരിച്ചുപോവുമെന്നുമുള്ള തിരിച്ചറിവായിരുന്നു എന്റെ ബലം. തനിക്കെന്തു സംഭവിച്ചാലും ലോകത്തില്‍ തനിക്കൊഴിച്ച് മറ്റാര്‍ക്കും അത് കാര്യമായി ബാധിക്കില്ലെന്ന തിരിച്ചറിവാണ് എനിക്ക് ലഭിച്ച ധൈര്യം. എന്റെ സന്തോഷമാണ് എന്റെ ലക്ഷ്യം എന്ന ഒരു തിരിച്ചറിവില്‍നിന്നാണ് ഇരുണ്ട ഗുഹയില്‍ നിന്നും പുറത്തെ പ്രകാശത്തിലേക്ക് നടന്നടുക്കേണ്ടതിന്റെ ആവശ്യം എനിക്ക് ബോധ്യമായത്. അങ്ങനെ ഉള്ള എന്റെ പ്രയാണത്തില്‍ എന്റെ കൂട്ടായി എന്റെ എഴുത്തും കടന്നു വന്നു. ഞാന്‍ എഴുതിയതൊന്നും എഴുതാന്‍ വേണ്ടി എഴുതിയതല്ല. അതെന്റെ ജീവിതത്തിന്റെ ഭാഗമായി വന്നതിനാല്‍ എഴുതേണ്ടി വന്നതാണ്.
എങ്ങനെയാണ് എഴുതാനുള്ള സമയം കണ്ടെത്തുന്നത് എന്ന ചോദ്യത്തിന് എന്തായിരിക്കും എന്റെ ഉത്തരം? സമയവും സന്ദര്‍ഭവും ലഭിക്കാത്തതിനാല്‍ എഴുതാതെ പോയ എഴുത്തുകളാണ് എഴുതിയതിനേക്കാള്‍ കൂടുതല്‍. എന്റെ പി.എച്ച്.ഡി മുഴുവന്‍ ഞാന്‍ എഴുതി തീര്‍ത്തത് എന്റെ ഉറങ്ങാനുള്ള സമയം വെട്ടിക്കുറച്ചാണ്. രാത്രി എല്ലാ പണികളും കഴിഞ്ഞ് കുഞ്ഞുങ്ങളെ ഉറക്കിയതിനു ശേഷം ഞാന്‍ എഴുതാനിരിക്കും. രാവിലെ ഒരഞ്ചു മണി വരെ എഴുതിക്കഴിയുമ്പോള്‍ ചിലപ്പോള്‍ ഒന്നു മയങ്ങിവീഴും. അപ്പോഴാവും അടുക്കളയില്‍നിന്ന് അമ്മായി അമ്മയുടെ ഉച്ചത്തിലുള്ള പരിഭവം കേട്ട് ഞെട്ടി എഴുന്നേല്‍ക്കുക. എട്ടു മണിക്കൂര്‍ പോയിട്ട് ഒരു മണിക്കൂര്‍ പോലും ഉറങ്ങാതെ നേരെ അടുക്കളയിലേക്കോടും. പിന്നെ രാത്രി പത്തു മണി വരെ വിട്ടു ജോലി, സ്‌കൂള്‍ ജോലി... അവസാനം എല്ലാവരെയും തൃപ്തിപ്പെടുത്തി ഉറക്കിയതിന് ശേഷം എഴുതാനിരിക്കല്‍.
ഏറ്റവും ഇഷ്ടമുള്ള വായനയും എഴുത്തുമൊക്കെ പലപ്പോഴും ഒരു സ്ത്രീയുടെ ഉറക്കത്തെയും വിശ്രമത്തെയും കവര്‍ന്നെടുക്കും. എല്ലാവരുടെയും കാര്യം അങ്ങനെ എന്നല്ല. എന്റെ തലമുറയിലെ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ച ഭൂരിപക്ഷം സ്ത്രീകളുടെയും അവസ്ഥയാണ് ഇത്. പുട്ടിന് തേങ്ങ ചിരവുമ്പോഴും കറിക്ക് നുറുക്കുമ്പോഴും കുഞ്ഞിനെ ഉറക്കുമ്പോഴുമൊക്കെ ഒരു മിന്നല്‍പിണര്‍ പോലെ ചിന്തകള്‍ കടന്നുവരും. പലപ്പോഴും അവയൊന്നും പിന്നീട് ഓര്‍ത്തെടുക്കാന്‍ കഴിയാറില്ല. എട്ടു മണിക്കൂര്‍ പണി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ ഉറക്കം എന്നത് പലപ്പോഴും പുരുഷന്റെ സമയക്രമം മാത്രമാണെന്ന് തോന്നിയിട്ടുണ്ട്. തന്റെ വിശ്രമവും ഉറക്കവും ബലികഴിച്ചാണ് പലപ്പോഴും എഴുത്തു കാരികള്‍ ഉണ്ടാവുന്നത്. സ്ത്രീകളുടെ ഉറക്കത്തിന്റെയും വിനോദത്തിന്റെയും സമയം വീട്ടുപണിക്കും സര്‍ഗാത്മക പ്രവൃത്തിക്കും മാറ്റിവക്കേണ്ടിവരും. അതുകൊണ്ടാവാം എഴുത്തുകാരികളുടെ കണ്ണുകള്‍ ഉറക്കച്ചടവിനാല്‍ പോള വീര്‍ക്കുന്നതും മനസ്സ് വിനോദമില്ലാത്തതിനാല്‍ വിഷാദത്തിന്റെ പിടിയില്‍ അകപ്പെടുന്നതും. അതല്ലെങ്കില്‍ വിഷാദവും ഉറക്കമില്ലായ്മയുമാവാം ഒരു എഴുത്തുകാരിയുടെ എഴുത്തിന്റെ പ്രതിഫലം.
എഴുതാന്‍ സമയം കണ്ടെത്തുന്നതെങ്ങനെ എന്ന ഈ കുറിപ്പ് എഴുതാന്‍ സമയം കണ്ടെത്താന്‍ ഞാന്‍ പെട്ട പാട് ശീലമായി കഴിഞ്ഞതിനാല്‍ ഇപ്പോള്‍ പ്രശ്‌നമല്ലാതായി. കുഞ്ഞുങ്ങള്‍ വലുതാവുകയും സുഹൃത്തുക്കളുണ്ടാവുകയും എപ്പോള്‍ വേണമെങ്കിലും എഴുതാനിരിക്കാന്‍ കഴിയുന്ന തരത്തില്‍ സ്വതന്ത്രമായ ഒരിടം ഉണ്ടാവുകയും ചെയ്തതിനാലാവും ഇപ്പോള്‍ എഴുത്തുകള്‍ അനിവാര്യമല്ലാതായത്. അതുകൊണ്ട് ഇന്ന് ഉറക്കമാണ് എഴുത്തിനേക്കാള്‍ വേണ്ടതെന്ന തിരിച്ചറിവ് വന്നതിനാല്‍ ഈ എഴുത്തിനു വേണ്ടി ഉറക്കം മാറ്റിവെച്ചില്ല. അങ്ങനെ എഴുത്ത് നീണ്ടുപോയി. അങ്ങനെ പല എഴുത്തുകളും എഴുതാതെ എന്നില്‍ തന്നെ ഉറങ്ങി തീര്‍ക്കുന്നു.
എന്റെ ഇടം, ആ സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ഇനി മുമ്പത്തേക്കാള്‍ സ്വതന്ത്രമായി, വൈകാരികതയുടെ അതിപ്രസരമില്ലാതെ ശാന്തമായ മനസ്സുമായി കുറേക്കൂടി വ്യക്തമായി ചിന്തകളെ സ്വരുക്കൂട്ടി എഴുതാന്‍ കഴിയുമായിരിക്കും. ഇല്ലെങ്കിലും എനിക്ക് ദുഃഖമില്ല. ഈ ആകാശവും ഈ ഭൂമിയും ഈ സ്വപ്‌നങ്ങളും എന്റെ സ്വന്തം.
കരിക്കട്ടകള്‍ പാതിവഴിയില്‍ കൊഴിഞ്ഞുവീണ അഗ്‌നിയുടെ സ്വപ്‌നം ഊതിക്കെടുത്താന്‍ കഴിയാത്തത്ര ശക്തമാണെങ്കില്‍ എത്ര മൂടിവെച്ചാലും ഒരു ദിവസം കത്തിപ്പടരുക തന്നെ ചെയ്യും. എഴുതേണ്ടവ എഴുതിയിരിക്കും. അല്ലാത്തവ എഴുതേണ്ടവയല്ല എന്നതാവും സത്യം. പ്രതിസന്ധികളില്‍ തളര്‍ന്നു വീഴുന്നതല്ല തല ഉയര്‍ത്തി നടന്നു പോകുന്നതാണ് എഴുത്തുകാരിയുടെ വഴി.