ചരിത്രമെഴുതുന്ന അമേരിക്കന്‍ സ്ത്രീകള്‍

ഫൗസിയ ശംസ് No image

'ചൊവ്വാഴ്ച രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വേണ്ടി വോട്ട് രേഖപ്പെടുത്താനെത്തിയപ്പോള്‍ അനുഭവപ്പെട്ട സന്തോഷം വിവരിക്കാന്‍ വാക്കുകളില്ല. ഞങ്ങളുടെ പ്രതിനിധികളിലൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം വന്നിരിക്കുന്നു. ഫലമറിയുന്ന ദിവസവും ഏറെ പ്രതീക്ഷയിലായിരുന്നു. രാവിലെ ടെലിവിഷന്‍ തുറന്നപ്പോള്‍ ആദ്യം കണ്ടത് ഡൊണാള്‍ഡ് ട്രംപിന്റെ ചിരിക്കുന്ന മുഖമാണ്. അതോടെ ഉറപ്പിച്ചു, ഞങ്ങള്‍ തോറ്റിരിക്കുന്നു. ആ വാര്‍ത്ത തമാശയായിരുന്നെങ്കില്‍ എന്നാശിച്ചുപോയി. ട്രംപിന്റെ വിജയം ദുരന്തമാണ.് എത്ര തല പുകഞ്ഞിട്ടും മനസ്സിലാകുന്നില്ല. അതെങ്ങനെ സംഭവിച്ചുവെന്ന.് ജീവിത സായാഹ്നത്തിലെത്തിയതിനാല്‍ ഒരു വനിത അമേരിക്കയെ നയിക്കുന്നത് കാണാനുള്ള ഭാഗ്യം ഇനി എനിക്കുണ്ടായിരിക്കില്ല.'
കഴിഞ്ഞ അമേരിക്കന്‍  തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരിയെ തോല്‍പ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതറിഞ്ഞപ്പോള്‍ നിരാശ പൂണ്ട ഒരു അമേരിക്കന്‍ വനിതയുടെ അന്നത്തെ ഫേസ്ബുക്ക് കുറിപ്പാണിത്. അവര്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്; 'എസ്തര്‍ ഡയമണ്ട്. 94 വയസ്സ്.' അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിനു മുമ്പ് റഷ്യയില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറിയ സ്ത്രീയാണവര്‍. എസ്തര്‍ ഡയമണ്ട് ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല. പക്ഷേ അവരുടെ ആഗ്രഹം പാതി പൂവണിഞ്ഞിരിക്കുന്നു. അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഒരു വനിത എത്തിയിരിക്കുന്നു.  അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റയി ജോ ബൈഡന്‍ മാറുമ്പോള്‍  മറ്റൊരു ചരിത്രം കൂടി കമലാ ഹാരിസിലൂടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ്.
അമേരിക്കന്‍ രാഷ്ട്രീയത്തിലും സെനറ്റിലും പ്രഗത്ഭരായ സ്ത്രീകള്‍ ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയ മുഖ്യധാരയിലെ സ്ത്രീ മുന്നേറ്റം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. ജനാധിപത്യത്തിന്റെ രണ്ട് നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള അമേരിക്കയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തോടെ വെറും പതിനെട്ടു പേര്‍ മാത്രമാണ് ഇതിനു മുന്നേ പ്രസിഡന്റ് സ്ഥാനാര്‍ഥികളായി മത്സരരംഗത്തേക്കു വന്നത്. പക്ഷേ ഇതില്‍ തന്നെ 12 പേര്‍ക്കു മാത്രമേ പാര്‍ട്ടി പ്രതിനിധികളായി അവസാനനിമിഷം മത്സരിക്കാനൊത്തുള്ളൂ. കഴിഞ്ഞ രണ്ടു തവണ അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ സ്ത്രീകളെ ലോകം പ്രതീക്ഷിച്ചെങ്കിലും ഇത്തവണയാണ് വൈസ് പ്രസിഡന്റായെങ്കിലും ഒരു സ്ത്രീ വന്നത്. 
2016-ല്‍ ട്രംപിനോടൊപ്പം പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി ഹിലരി മത്സരിച്ചെങ്കിലും വിജയിച്ചില്ല. അതിനെ പരാമര്‍ശിച്ചാണ്  മുകളില്‍ സൂചിപ്പിച്ച ആ വരികള്‍ എസ്തര്‍ ഡയമണ്ട് കുറിച്ചിട്ടത്. 2008 -ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുവേണ്ടി മത്സരരംഗത്തുണ്ടായിരുന്നത് അതുവരെ വൈറ്റ്ഹൗസിനെ പ്രതിനിധീകരിക്കാന്‍ ഭാഗ്യമില്ലാതെപോയ  ആഫ്രിക്കന്‍ വംശജനായ ബറാക് ഒബാമയും ഹിലരി എന്ന വനിതയുമായിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സൂപ്പര്‍ ഡെലിഗേറ്റുകളുടെ പിന്തുണ അവസാനം കെനിയന്‍ വംശജനായ ബറാക് ഒബാമക്ക് ലഭിച്ചു.
അമേരിക്കയിലെ ആദ്യ സെനറ്റില്‍ സ്ത്രീകളേയില്ലായിരുന്നു. 1789 തുടക്കത്തിലെ സെനറ്റര്‍മാര്‍ എല്ലാവരും പുരുഷന്മാര്‍ മാത്രം. ഒരു നൂറ്റാണ്ടുകാലം ഇതില്‍ യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. 1922-ല്‍ ഒറ്റ ദിവസം മാത്രം സെനറ്റര്‍ പദവി വഹിച്ച റെബേക്കാ ആന്‍ ലാറ്റിമര്‍ക്കു ശേഷം 1931 വരെ ഒരു വനിത പോലും സെനറ്റര്‍ പദവിയിലെത്തിയില്ല. റെബേക്കാ ആന്‍ ലാറ്റിമര്‍ എന്ന സ്ത്രീക്കു ശേഷം 10 വര്‍ഷം കഴിഞ്ഞ്, 1932-ലാണ് ഹാത്തി കരാവേ എന്ന സ്ത്രീ സെനറ്റിലെത്തിയത്. തീരെ വനിതകളില്ലാത്ത സഭകളും  അമേരിക്കക്കുണ്ട്. 1922 മുതല്‍ 1931 വരെയും 1945-47 വര്‍ഷക്കാലവും 1973-1978 വര്‍ഷങ്ങളിലും പുരുഷ സെനറ്റര്‍മാര്‍ മാത്രമായിരുന്നു. ഇപ്പോള്‍ കമലാ ഹാരിസ് അമേരിക്കയില്‍ വൈസ് പ്രസിഡന്റായി നിയമിതയാകുമ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാവുകയാണ്. കാലിഫോര്‍ണിയയിലെ ആദ്യ കറുത്ത വര്‍ഗക്കാരിയായ അറ്റോര്‍ണി ജനറല്‍ എന്ന പദവിയില്‍ തുടങ്ങി വാഷിംഗ്ടണിലെ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് നിയമ ബിരുദം നേടി അലമേഡ കൗണ്ടി ജില്ലാ ഡെപ്യൂട്ടി അറ്റോര്‍ണിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച കമല ഇന്ന് അമേരിക്കന്‍ രാഷ്ട്രീയത്തിന്റ ഇന്നേവരെ പെണ്ണുങ്ങള്‍ അലങ്കരിക്കാത്ത പദവിയിലേക്കാണ് എത്തിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ നയത്തിന് അതീതമായി സ്വന്തം കാര്യം പോലെ ഇന്ത്യന്‍ ജനത കണ്ടതിനു വൈകാരികമായ കാരണവും കമലാ ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം തന്നെയാണ്. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ തുളസീന്ദ്രപുരത്തെ പി.വി ഗോപാലന്റെ  പേരമകളാണ് കമലാ ഹാരിസ്. 'സിങ്കപ്പെണ്ണ്' എന്ന വിശേഷണവും ചാര്‍ത്തി അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും വഴിപാടും നേര്‍ന്ന് മുറ്റത്ത് കോലവും വരച്ച് അവര്‍ കാത്തിരുന്ന വിജയമാണ് വന്നെത്തിയത്.
1958-ല്‍ കാന്‍സര്‍ ഗവേഷണ പഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ പിതാവിന്റെയും മകളായ കമലാ ഹാരിസ് 1964 ഒക്‌ടോബര്‍ ഇരുപതിന്  കാലിഫോര്‍ണിയയിലാണ്  ജനിച്ചത്. രണ്ടു പ്രാവശ്യം സാന്‍ഫ്രാന്‍സിസ്‌കോ ജില്ലാ അറ്റോര്‍ണിയായി. 2010-ല്‍ കാലിഫോര്‍ണിയ അറ്റോര്‍ണിയും. അമേരിക്കയിലെ രണ്ടാമത്തെ കറുത്ത വര്‍ഗക്കാരിയായ സെനറ്ററായി 2016-ല്‍ നിയമിതയായി. ഒരുപക്ഷേ കമലാ ഹാരിസിനു വേണ്ടി കാലം കാത്തിരിക്കുന്നത്  ലോകം ഉറ്റു നോക്കുന്ന രാഷ്ട്രീയ-സാമ്പത്തിക മേല്‍ക്കൈയുള്ള അമേരിക്കയുടെ പ്രസിഡന്റ് പദമായിരിക്കും. അമേരിക്കന്‍ രാഷ്ട്രീയ കീഴ്‌വഴക്കമനുസരിച്ച് വൈസ് പ്രസിഡന്റാണ് സ്വാഭാവികമായും പ്രസിഡന്റായി അടുത്ത ഇലക്ഷനില്‍ മത്സരിക്കുക. പ്രായാധിക്യം രണ്ടാമൂഴത്തിന് ബൈഡന് തടസ്സം നിന്നാല്‍ സ്വാഭാവികമായും ആ പദവി കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യത കമലാ ഹാരിസിനായിരിക്കും. അങ്ങനെയാണെങ്കില്‍ 2024-ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കും കമല.  കറുത്ത വര്‍ഗക്കാരെയും മുസ്‌ലിംകളെയും കുടിയേറ്റക്കാരെയും ഭീകരവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുകയും ബ്ലാക്ക് ലൈവ് മാറ്റര്‍ പ്രസ്ഥാനങ്ങളെ അപഹസിച്ചും കൊണ്ടാണ് ട്രംപ് നാലു വര്‍ഷത്തെ ഭരണം തികച്ചത്. അതുകൊണ്ടുതന്നെ ഒരു ഏഷ്യന്‍ വംശജയായ ഒരാള്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദത്തിലെത്തുമ്പോള്‍ അതേറെ പ്രതീക്ഷകളും കൗതുകവുമാണ് ലോകത്തിനു നല്‍കുന്നത്.
അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയമായിരുന്നു 'ദി സ്‌ക്വാഡ്' എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ അറിയപ്പെടുന്ന നാല്‍വര്‍ സംഘത്തിന്റെ തുടര്‍വിജയം. ഒരു ട്രാന്‍സ്‌ജെന്റര്‍ അമേരിക്കന്‍ സെനറ്റില്‍ എത്തിയതും ഇപ്പോഴാണ്. ട്രംപിന്റെ രാഷ്ട്രീയമായ മറ്റ് നടപടി പോലെ തന്നെ ഏറെ വിമര്‍ശന വിധേയമായത് അദ്ദേഹത്തിന്റെ കുടിയേറ്റക്കാര്‍ക്കും കറുത്തവര്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അധിക്ഷേപങ്ങളായിരുന്നു. ഏറ്റവും കൂടുതല്‍ അധിക്ഷേപിക്കപ്പെട്ടവരായിരുന്നു 'ദി സ്‌ക്വാഡ്' നാല്‍വര്‍ സംഘം, പ്രത്യേകിച്ചും ട്രംപ് കുടിയേറ്റം വിലക്കിയ ഏഴ് രാജ്യങ്ങളില്‍ ഒന്നായ സോമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഉമര്‍. 
കോണ്‍ഗ്രസ് അംഗമാകുന്ന ആദ്യ സോമാലി വംശജയും മിനിസോട്ട പ്രവിശ്യയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട വെള്ളക്കാരിയല്ലാത്ത സെനറ്ററുമായിരുന്നു ഇല്‍ഹാന്‍ ഉമര്‍. 2007 മുതല്‍ തുടര്‍ച്ചയായി മിനിസോട്ടയിലെ ഒരേ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എല്ലിസണ്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മിനിസോട്ട അറ്റോര്‍ണി സ്ഥാനത്തേക്ക് മത്സരിക്കേണ്ടതിനാല്‍ കോണ്‍ഗ്രസിലേക്ക് വീണ്ടും ജനവിധി തേടാനില്ലെന്ന് 2018-ല്‍ പ്രഖ്യാപിച്ചതോടെയാണ് ആദ്യമായി സെനറ്റിലേക്കു ഇല്‍ഹാന്‍ വന്നത്. അതുപോലെ റശീദ തലൈബ്, അലക്സാണ്ട്രിയ ഒകോഷിയോ കോര്‍ട്ടസ്, അയന്ന പ്രസ്ലി തുടങ്ങി അമേരിക്കയിലെ വംശീയാതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന ദി സ്‌ക്വാഡ് എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന ഈ നാല്‍വര്‍ സംഘം ട്രംപിന്റെ കടുത്ത വംശീയാതിക്രമത്തിന് ഇരയായവരായിരുന്നു. സ്ത്രീകള്‍, കറുത്ത വംശജര്‍ എന്നതായിരുന്നു അധിക്ഷേപത്തിന്റെ പ്രധാന കാരണം. മുന്‍ സെനറ്റ് അംഗങ്ങളായ  കറുത്ത നിറക്കാരായ ഈ വനിതാ അംഗങ്ങളോട് കടുത്ത അസഹിഷ്ണുതയായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. നിങ്ങള്‍ സ്വന്തം നാട്ടിലേക്കു പോയി പ്രശ്നങ്ങള്‍ തീര്‍ക്കൂ എന്നായിരുന്നു അദ്ദേഹം അവരോട് ആജ്ഞാപിച്ചത്. സയണിസ്റ്റ് കൂട്ടാളിയായ ഇസ്രയേലിന്റെ ക്രൂരതക്കെതിരെ നിലവില്‍ വന്ന ബി.ഡി.എസ് പ്രസ്ഥാനത്തെ ഇവര്‍ പിന്തുണച്ചതായിരുന്നു 'അമേരിക്കയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങൂ. ആദ്യം സ്വന്തം രാജ്യത്തെ നന്നാക്കൂ...' തുടങ്ങിയ  വംശീയ വിദ്വേഷം നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇസ്രയേലിനെ അന്ധമായി പിന്തുണക്കുന്നതിനെതിരെയും അതിനു പിന്നില്‍ സയണിസ്റ്റ് പണക്കൊഴുപ്പാണെന്നും ഉള്ള തുറന്നുപറച്ചിലാണ് ഇല്‍ഹാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇലക്ഷനു മുന്നോടിയായ പ്രചാരണ വേളയില്‍ ഇവര്‍ക്കെതിരെ ശക്തമായ വംശീയാതിക്രമം നടത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. 2020 നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളുടെ തുടക്കത്തിലാണ് അമേരിക്കന്‍ പ്രതിനിധി സഭയുടെ പ്രമേയത്തെ തള്ളി  ഈ സ്ത്രീകള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്.
കൂടാതെ ഇല്‍ഹാനെ മാത്രം ലക്ഷ്യം വെച്ച് അവര്‍ വെള്ളക്കാരോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരാണെന്നും അല്‍ഖാഇദയെ പിന്തുണക്കുന്നവരുമാണെന്നായിരുന്നു ട്രംപിന്റെ വാദം. 'നമ്മുടെ രാജ്യത്തെ വ്യത്യസ്തമാക്കുന്നത് വൈവിധ്യമാണ്. ഇവിടെ ജനിച്ചവരാണെങ്കിലും  കുടിയേറിയവരാണെങ്കിലും ഇവിടെ എല്ലാവര്‍ക്കും ഇടമുണ്ട്. ഇത് എന്റെ അമേരിക്കയോ നിങ്ങളുടെ അമേരിക്കയോ അല്ല, നമ്മുടെ അമേരിക്കയാണ്. അതു മറക്കരുത്' എന്നു പറഞ്ഞാണ് ട്രംപിന്റെ വംശീയതയെ അവര്‍ മറികടക്കാന്‍ ശ്രമിച്ചത്. അതുപോലെ അമേരിക്ക തങ്ങളുടെ രാജ്യമാണെന്നും തങ്ങള്‍ ഇവിടെതന്നെ ജീവിക്കുമെന്നും ട്രംപിന്റേത് ഫാഷിസ്റ്റ് ഭരണമാണെന്നും ഇല്‍ഹാന്‍ തിരിച്ചടിച്ചു.
'നിങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ട് എനിക്കു നേരെ വെടിയുതിര്‍ക്കാം.
നിങ്ങളുടെ കണ്ണുകള്‍കൊണ്ട് എന്നെ മുറിവേല്‍പ്പിക്കാം.
നിങ്ങളുടെ വിദ്വേഷം കൊണ്ട് എന്നെ കൊല്ലാം.
എന്നാല്‍ കാറ്റിനെ പോലെ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും...'  
പൗരാവകാശ പ്രവര്‍ത്തകയായ അനഗെലുവിന്റെ വരികള്‍ അവര്‍ ഏറ്റുപറയുന്നതിനും ലോകം സാക്ഷിയായി. അതുകൊണ്ടുതന്നെയാണ് ഈ നാല്‍വര്‍ സംഘത്തിന്റെ വിജയം വംശീയതക്കും കുടിയേറ്റക്കാര്‍ക്കും എതിരെയുള്ള അമേരിക്കന്‍ ജനതയുടെ വിധിയെഴുത്തായി മാറുന്നത്. ട്രാന്‍സ്‌ജെന്ററായ ഒരാള്‍ സെനറ്ററായതും ഇക്കുറി വാര്‍ത്തയായിരുന്നു. ഡെലാവെയറില്‍ നിന്ന് ജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സാറ മാക് ബ്രൈഡ് ആണ് യു.എസ് സെനറ്റിലെത്തുന്ന ആദ്യ ട്രാന്‍സ്‌ജെന്ററായി ചരിത്രം കുറിച്ചത്. സ്റ്റേറ്റ് സെനറ്റര്‍ എന്ന നിലയില്‍് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ജെന്റര്‍ ഉദ്യോഗസ്ഥയായി മാറുകയാണവര്‍. തൊഴില്‍, സാമൂഹിക ഇടങ്ങളില്‍ ലിംഗ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നിരോധിക്കുന്ന ഡെലവെയറിലെ നിയമനിര്‍മാണത്തിനു നേതൃത്വം നല്‍കിയത് അവരായിരുന്നു. വരും കാലങ്ങളില്‍ അമേരിക്കയുടെ നയനിലപാടുകള്‍ എന്തുതന്നെയായിരുന്നാലും വെള്ള മേധാവിത്വത്തില്‍ അഹങ്കരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും അരികിലേക്കു മാറ്റപ്പെട്ട വിഭാഗങ്ങളിലേക്കു കൂടി അധികാരം അടുപ്പിക്കാനായതു വലിയൊരു മാറ്റമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top