സ്വതന്ത്ര ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി സയ്യിദ അന്‍വാറ തൈമൂര്‍ പ്രതികൂലമായ ആസാം സാമൂഹിക - രാഷ്ട്രീയ മേഖലകളില്‍ വ്യത്യസ്ത പാത വെട്ടിത്തെളിച്ച മഹതിയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സവിശേഷമായ ഗോത്രഘടനയും രാഷ്ട്രീയ പാരമ്പര്യവും നിറഞ്ഞുനില്‍ക്കുന്ന ആസാമില്‍ നിരവധി സാമൂഹിക പ്രവര്‍ത്തങ്ങളിലൂടെ അഖിലേന്ത്യാതലത്തിലേക്കു ഉയര്‍ന്നുവരാന്‍ സയ്യിദ അന്‍വാറ തൈമൂറിന് സാധിച്ചു എന്നത് പ്രശംസനീയമാണ്. ആസാം രാഷ്ട്രീയത്തില്‍ മുസ്ലിം പ്രാതിനിധ്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പതിറ്റാണ്ടുകളായുള്ള അവരുടെ രാഷ്ട്രീയ സാന്നിധ്യം സ്മരിക്കപ്പെടേണ്ടത് തന്നെയാണ്.
1936 നവംബര്‍ 24-ല്‍ ആസമിലെ ജോര്‍ഹട്ടിലാണ് അവര്‍ ജനിച്ചത്. അവരുടെ പിതാവിന്റെ പേര് സയ്യിദ് യൂസുഫ് എ.എച്ച്, അമ്മയുടെ പേര് സുബൈദ ഖാതൂന്‍. പ്രാദേശിക സ്‌കൂളില്‍ നിന്നാണ് സ്‌കൂള്‍ ജീവിതം ആരംഭിച്ചത്. ജോര്‍ഹട്ട് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ജോര്‍ഹട്ടിലെ ജെ.ബി കോളേജില്‍ നിന്ന് ബി. എ ബിരുദം പൂര്‍ത്തിയാക്കി. അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ ബിരുദം കരസ്ഥമാക്കിയതിനു ശേഷം 1956-ല്‍ മടങ്ങിയെത്തി ജോര്‍ഹട്ടിലെ ഡെബിചരന്‍ ബറുവ കോളേജിലെ സാമ്പത്തിക ശാസ്ത്രം വിഭാഗത്തില്‍ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
1962-ലെ ചൈനീസ് ആക്രമണത്തിനിടയിലും 1965-ലെ പാകിസ്താന്‍ ആക്രമണത്തിനിടയിലും സിവില്‍ ഡിഫന്‍സ് പരിപാടികള്‍ സംഘടിപ്പിക്കുകയും സ്ത്രീകള്‍ക്കായി പ്രത്യേക പരിശീലന ക്യാമ്പ് നടത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. 1960-62 കാലങ്ങളില്‍ ബാര്‍പേട്ട മഹിളാ സമിതിയുടെ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആസാം റിലീഫ് പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 1968-ല്‍ ആസാം പ്രദേശ് മഹിളാ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി, ദേശീയ വിദ്യാഭ്യാസ സമിതി തുടങ്ങിയവയുടെ അംഗമായി പ്രവര്‍ത്തിച്ചു. 1969-ല്‍ യുഗോസ്ലാവിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തിലും ജനസംഖ്യയെക്കുറിച്ചുള്ള സെമിനാറിലും പങ്കെടുത്തു.
1971-ല്‍ മോമ്പ അഭയാര്‍ഥി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും നേതൃപരമായ പങ്കു വഹിച്ചു. സ്റ്റേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, സംസ്ഥാന ചെറുകിട സംരക്ഷണ ഉപദേശക സമിതി അംഗം, 1972 മുതല്‍ ആസാം പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്ന് തവണ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1972-ലും 1978-ലും മംഗല്‍ദോയ് നിയോജക മണ്ഡലത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1991-ല്‍ ഡോള്‍ഗാവ് നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയും ആസാം സര്‍ക്കാറിന്റെ വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
1980 ഡിസംബര്‍ 6-ല്‍ ആസാം മുഖ്യമന്ത്രിയാകുന്ന ആദ്യ മുസ്ലിം വനിത എന്ന സ്ഥാനം ലഭിച്ചു. അറുപതുകളില്‍ ദേശീയ നേതാക്കളിലൊരാളായ ഫഖ്‌റുദ്ദീന്‍ അലി അഹ്മദിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കാന്‍ പോലും സാധിക്കാത്ത സാഹചര്യം നിലനിന്നിരുന്നതിനാല്‍ അന്‍വാറ തൈമൂറിന്റെ മുഖ്യമന്ത്രി സ്ഥാനം ശ്രദ്ധേയമായിരുന്നു. 1981 ജൂണ്‍ 30 വരെ മാത്രമേ അവര്‍ക്കു മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ, പിന്നീട് ആസാമില്‍ രാഷ്ട്രീയ സന്ദിഗ്ധാവസ്ഥ രൂപപ്പെട്ടതോടെ പ്രസിഡന്റ് ഭരണം നടപ്പിലാക്കപ്പെട്ടു. 1983-85 കാലങ്ങളില്‍ പി.ഡബ്ല്യു.ഡി മന്ത്രിയായി പ്രവര്‍ത്തിച്ചു. 1988 നവംബറില്‍ അവര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1991-ല്‍ ആസാം സര്‍ക്കാരിനു കീഴിലുള്ള കൃഷി, ഹജ്ജ്, വഖ്ഫ് സ്വത്ത് എന്നിവയുടെ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1980-90, 1990-91 കാലങ്ങളില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ മേധാവിയായും നിയമിക്കപ്പെട്ടിരുന്നു. 2004 ഏപ്രിലില്‍ അവര്‍ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സ്ത്രീ ശാക്തീകരണ സമിതി, പൊതു ഉദ്ദേശ്യ സമിതി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനായുള്ള കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി തുടങ്ങിയ സമിതികളിലെ അംഗമായിരുന്നു. 2005 ഡിസംബറില്‍ ഇന്ത്യ-ബംഗ്ലാദേശ് പാര്‍ലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പ് വൈസ് പ്രസിഡന്റായിരുന്നു. 2006 ഏപ്രില്‍ മുതല്‍ ന്യൂനപക്ഷ വകുപ്പിന്റെ ദേശീയ ഉപദേശക സമിതി അംഗമായി.
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായി രാഷ്ട്രീയ സേവനമനുഷ്ഠിക്കുന്നതിനിടയില്‍ തന്നെ നിരവധി മഹിളാ സഹകരണ സ്റ്റോറുകളും സൊസൈറ്റികളും രൂപീകരിച്ചു. 2011 -ല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച അന്‍വാറ തൈമൂര്‍ ബദ്റുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫില്‍ ചേര്‍ന്നു.
പൊതുവെ ആസാമില്‍ പഞ്ചായത്ത്, നിയമസഭാ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ വോട്ടുബാങ്കില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണ്. എങ്കിലും സാമൂഹിക - സാമ്പത്തിക മേഖലകളില്‍ മുസ്ലിം സ്ത്രീകള്‍ നേരിടുന്ന പരിതാപകരമായ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. രണ്ടായിരത്തില്‍ ദേശീയ വനിതാ കമീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആസാം മുസ്ലിം സ്ത്രീകളുടെ ദാരുണാവസ്ഥ വിവരിക്കുന്നുണ്ട്. ആസാം സാമൂഹിക - രാഷ്ട്രീയ മേഖലകളില്‍ സ്ത്രീകള്‍, വിശിഷ്യാ മുസ്ലിം സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച പഠനങ്ങള്‍ നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സ്വതന്ത്രമായി പങ്കെടുക്കാന്‍ സാധിക്കുന്നില്ല എന്നതും വസ്തുതയാണ്. ഗോത്ര വര്‍ഗ മേധാവിത്വവും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളും അധികാര രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യത്തില്‍ താല്‍പര്യം കാണിക്കാത്തതും ഇതിന്റെ പ്രധാന കാരണങ്ങളാണ്. സയ്യിദ അന്‍വാറ തൈമൂറിനെപ്പോലെ അപൂര്‍വം സ്ത്രീകളാണ് ആസാം ജനാധിപത്യ ക്രമത്തില്‍ സജീവ സാന്നിധ്യം പ്രകടിപ്പിച്ചിട്ടുള്ളത്. പതിറ്റാണ്ടുകളായി ആസാം രാഷ്ട്രീയത്തില്‍ സുപ്രധാന വ്യക്തിമുദ്ര പതിപ്പിച്ച സയ്യിദ അന്‍വാറയെക്കുറിച്ചും കാര്യപ്രസക്തമായ പഠനങ്ങള്‍ പോലുമുണ്ടായിട്ടില്ലെന്നത് ഗൗരവകരമാണ്.
2018-ല്‍ പുതുക്കിയ ദേശീയ പൗരത്വ രജിസ്റ്ററില്‍ അവരുടെ പേരില്ലാത്തത് പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു. നാല് വര്‍ഷത്തോളമായി ആസ്ത്രേലിയയില്‍ മകനോടൊപ്പം താമസിക്കുന്ന സയ്യിദ അന്‍വാറ 2020 സെപ്റ്റംബര്‍ 28-നാണ് നിര്യാതയായത്.