അവളുടെ ഇദ്ദ?
ഞങ്ങളുടെ നഗരത്തില്‍ ഒരു പെണ്‍കുട്ടി വിവാഹമോചിതയായി. എട്ട് മാസം മുമ്പാണ് അവളുടെ നികാഹ് നടന്നത്. ഇന്നുവരെ അവളെ കൂട്ടിക്കൊണ്ട് പോയിട്ടില്ല. ഭര്‍ത്താവും അവളും ഒറ്റക്ക് സംഗമിച്ചിട്ടുമില്ല. കല്യാണത്തിന് ശേഷവും പെണ്‍കുട്ടി അവളുടെ വീട്ടില്‍ തന്നെയാണ്. ഈ പെണ്‍കുട്ടിക്ക് ഇദ്ദ ആചരിക്കേണ്ടതുണ്ടോ?
ഇദ്ദയുടെ (പുനര്‍വിവാഹത്തിന് സ്ത്രീ കാത്തിരിക്കേണ്ട സമയം) നിയമങ്ങള്‍ ഖുര്‍ആന്‍ വിശദമായി പറഞ്ഞിട്ടുണ്ട്. മാസമുറയുള്ള സ്ത്രീക്ക് മൂന്ന് മാസം (അല്‍ബഖറ: 228), മാസമുറ നിന്നുപോയ സ്ത്രീക്ക് മൂന്ന് മാസം (അത്ത്വലാഖ്: 4), വിധവക്ക് നാല് മാസവും പത്ത് ദിവസവും (അല്‍ബഖറ: 234), ഗര്‍ഭിണിക്ക് പ്രസവം കഴിയും വരെയും (അത്ത്വലാഖ്: 4) എന്നിങ്ങനെ. ഇദ്ദയുടെ നിയമങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നത്, ഗര്‍ഭത്തില്‍ നിന്ന് ഗര്‍ഭപാത്രം മുക്തമാണ് (ഇസ്തിബ്‌റാഅ്) എന്ന് ഉറപ്പിക്കാനാണ്. വിധവയുടെ കാര്യത്തിലാവുമ്പോള്‍ ഇസ്തിബ്‌റാഇനോടൊപ്പം ഭര്‍ത്താവ് മരണപ്പെട്ടതിലുള്ള ദുഃഖാചരണവും ഉള്‍പ്പെടുന്നുണ്ട്. ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ടത് പോലെ, ആ പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയോ ഭര്‍ത്താവുമായി ഒരിക്കല്‍ പോലും ഒറ്റക്കാവുകയോ ചെയ്തിട്ടില്ല. അതിനാല്‍, ഇസ്തിബ്‌റാഇന്റെ പ്രശ്‌നവും ഇവിടെ ഉദിക്കുന്നില്ല. ആ പെണ്‍കുട്ടി ഇദ്ദ ആചരിക്കേണ്ടതുമില്ല. ഖുര്‍ആന്‍ പറയുന്നു: 'അല്ലയോ വിശ്വസിച്ചവരേ, സത്യവിശ്വാസിനികളെ വിവാഹം ചെയ്യുകയും എന്നിട്ടവരെ തൊടുന്നതിന് മുമ്പായി മോചിപ്പിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് വേണ്ടി ഇദ്ദ ആചരിക്കാന്‍ അവര്‍ക്ക് ബാധ്യതയില്ല' (അല്‍ അഹ്‌സാബ്: 49).
ഈ അവസ്ഥയില്‍, കൊടുത്ത മഹ്‌റിന്റെ പകുതി പെണ്‍കുട്ടിക്ക് അവകാശപ്പെട്ടതുമാണ്. 'ഇനി പരസ്പര സ്പര്‍ശനത്തിന് മുമ്പ് ത്വലാഖ് കൊടുത്തു, വിവാഹമൂല്യം നിശ്ചയിച്ചിട്ടുമുണ്ട്. എങ്കില്‍ നിശ്ചിത വിവാഹമൂല്യത്തിന്റെ പകുതി നല്‍കേണ്ടതാകുന്നു. സ്ത്രീ വിട്ടുവീഴ്ച ചെയ്യുകയോ (വിവാഹമൂല്യം വസൂല്‍ ചെയ്യാതിരിക്കുക), വിവാഹ ഉടമ്പടി ആരുടെ അധികാരത്തിലാണോ, അയാള്‍ വിട്ടുവീഴ്ച ചെയ്യുകയോ (മുഴുവന്‍ വിവാഹമൂല്യവും കൊടുക്കുക) ആണെങ്കില്‍ അത് നല്ല കാര്യമാണ്' (അല്‍ബഖറ: 337).
മക്കള്‍ക്ക് നല്‍കാവുന്ന സമ്മാനത്തിന്റെ അളവ്
ഭാര്യയും ഭര്‍ത്താവും, അവര്‍ക്ക് വെവ്വേറെ സ്വത്തുക്കളുണ്ട്. അവര്‍ക്ക് അഞ്ച് മക്കള്‍; ഒരു ആണ്‍കുട്ടിയും നാല് പെണ്‍കുട്ടികളും. തങ്ങളുടെ സ്വത്തുക്കള്‍ തങ്ങളുടെ ജീവിത കാലത്ത് തന്നെ മക്കള്‍ക്കിടയില്‍ ഭാഗിക്കണം എന്നാണ് അവരുടെ ആഗ്രഹം. അങ്ങനെയെങ്കില്‍ ഭാര്യക്കും ഭര്‍ത്താവിനും തങ്ങളുടെ ഉടമസ്ഥതയില്‍ എത്ര സ്വത്ത് നിലനിര്‍ത്താം? എത്ര സ്വത്ത് മക്കള്‍ക്കിടയില്‍ ഭാഗിക്കാം?
ഒരാളുടെ സ്വത്ത് മറ്റൊരാളിലേക്ക് കൈമാറുന്നതിന് മൂന്ന് വഴികളുണ്ട്- സമ്മാനമായി നല്‍കല്‍, വില്‍പത്രമെഴുതല്‍, അനന്തരാവകാശം. മാതാപിതാക്കള്‍ക്ക് അവരുടെ ജീവിത കാലത്ത് എത്ര സ്വത്ത് വേണമെങ്കിലും മക്കള്‍ക്ക് നല്‍കാം. അത് പാരിതോഷികമായാണ് കണക്കാക്കപ്പെടുക. പക്ഷേ, സാധാരണ ഗതിയില്‍, മക്കള്‍ ആണോ പെണ്ണോ ആരായിരുന്നാലും അവര്‍ക്ക് തുല്യമായ രീതിയിലാണ് നല്‍കേണ്ടത്. യാതൊരു വിവേചനവും അക്കാര്യത്തില്‍ പാടില്ല. നുഅ്മാനുബ്‌നു ബശീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: 'എന്റെ പിതാവ് എന്നെ പ്രവാചകന്റെ അടുത്തേക്ക് കൊണ്ടുപോയി. പിതാവ് റസൂലിനോട് പറഞ്ഞു: എന്റെ ഈ മകന് ഞാന്‍ ഇന്നയിന്ന കാര്യങ്ങളൊക്കെ കൊടുത്തിരിക്കുന്നു. ഇതിന് പ്രവാചകന്റെ സാക്ഷ്യപ്പെടുത്തല്‍ വേണം എന്ന് എന്റെ ഭാര്യ പറയുന്നു. റസൂല്‍ ചോദിച്ചു: നിങ്ങളുടെ മറ്റു കുട്ടികള്‍ക്കും ഇതുപോലെ കൊടുത്തിട്ടുണ്ടോ? പിതാവ്: ഇല്ല. അപ്പോള്‍ റസൂല്‍: എങ്കില്‍ അല്ലാഹുവിനെ ഭയപ്പെടുക. മക്കള്‍ക്കിടയില്‍ നീതി പാലിക്കുക' (ബുഖാരി 2587, മുസ്ലിം 1623).
മാതാപിതാക്കള്‍ക്ക് അവരുടെ സ്വത്തുക്കള്‍ എത്രവേണമെങ്കിലും സ്വന്തം ഉടമസ്ഥതയില്‍ വെക്കാം. മക്കള്‍ക്കിടയില്‍ വീതിക്കുകയാണെങ്കില്‍ അത് തുല്യമായിട്ടായിരിക്കണം.
അസ്ഥിസ്രാവവും നമസ്‌കാരവും
ചോദ്യം: എന്റെ മകള്‍ക്ക് ഇരുപത് വയസ്സാണ്. വൈദ്യശാസ്ത്ര ഭാഷയില്‍ leucorrhea എന്നറിയപ്പെടുന്ന കഠിനമായ അസ്ഥിസ്രാവ രോഗമുണ്ട് അവള്‍ക്ക്. പല ചികിത്സകള്‍ നടത്തിയെങ്കിലും ഫലപ്രദമായിട്ടില്ല. സ്രാവത്താല്‍ വസ്ത്രം നനഞ്ഞുകൊണ്ടിരിക്കും. ഓരോ സമയത്തെ നമസ്‌കാരത്തിനും അംഗശുദ്ധി വരുത്താറുണ്ടെങ്കിലും അവള്‍ക്ക് തൃപ്തിവരാറില്ല. ഈ അവസ്ഥയില്‍ അവള്‍ക്ക് ഇളവുകളുണ്ടോ?
ഒരു വെളുത്ത ദ്രാവകം വന്നുകൊണ്ടിരിക്കലാണ് രോഗലക്ഷണം. സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗമാണിത്. അതിന് പല കാരണങ്ങളുണ്ടാവാം. ചികിത്സ തേടിക്കൊണ്ടിരിക്കണം. ആ സ്രവം പുറത്ത് വന്നാല്‍ വുദു (അംഗശുദ്ധി) മുറിയും. നമസ്‌കരിക്കാന്‍ വീണ്ടും വുദു എടുക്കേണ്ടിവരും. ഈ രോഗമുള്ളവര്‍ ഓരോ നമസ്‌കാരത്തിന് മുമ്പും വുദു എടുക്കാന്‍ ശ്രദ്ധിക്കണം. ഇടക്കിടെ മാത്രമാണ് സ്രവം ഉണ്ടാകുന്നതെങ്കില്‍ നമസ്‌കരിക്കാന്‍ സമയം കിട്ടും. പക്ഷേ, ചിലര്‍ക്കിത് ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കും. എപ്പോഴും മൂത്രം പോയിക്കൊണ്ടിരിക്കുന്നവരുടെ വിധി തന്നെയായിരിക്കും അവര്‍ക്കും. അതായത് ഓരോ നമസ്‌കാരത്തിനും ഒരൊറ്റ വുദു മതിയാവും അവര്‍ക്ക്. പിന്നെ അടുത്ത നമസ്‌കാരത്തിന്റെ സമയമായാല്‍ വുദു വീണ്ടുമെടുക്കണം. ഉദാഹരണത്തിന്, ളുഹ്‌റിന്റെ സമയമായാല്‍ അവള്‍ വുദു എടുത്ത് ആ നമസ്‌കാരം നിര്‍വഹിക്കുക. പിന്നെ ളുഹ്‌റിന്റെ സമയത്ത് എത്ര സുന്നത്ത് നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചാലും ആ വുദു തന്നെ മതി. പിന്നെ അസ്വര്‍ നമസ്‌കാര സമയമാകുമ്പോള്‍ വുദു പുതുക്കുക.
ഈ സ്രവം നജസാണോ അല്ലേ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. നജസാണെന്നും അല്ലെന്നും പറയുന്ന പണ്ഡിതന്മാരുണ്ട്. സ്രവം പുരണ്ട വസ്ത്രങ്ങള്‍ എത്രത്തോളം കഴുകാന്‍ പറ്റുമോ അത്രത്തോളം കഴുകുക തന്നെയാണ് വേണ്ടത്.