ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും മാസമാണ് റമദാന്. കുടുംബങ്ങളെല്ലാം ഒത്തു കൂടുന്നതും സന്തോഷവും ആനന്ദവും പങ്കിടുന്നതും ഈ മാസത്തില്‍ തന്നെ. ഈ വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ അളവറ്റ സന്തോഷത്തോടെ കാത്തിരിക്കയാണ് നാം. നിരവധി സമ്മാനങ്ങളുമായി അതിഥിയായ റമദാന് വന്നെത്തുകയാണ്. അല്ലാഹുവിന്റെ കരുണയും മഗ്ഫിറത്തും നരകത്തില്‍നിന്നുള്ള മോചനവും സമ്മേളിച്ച ഈ മാസം കടന്നു പോകുന്നത് പെരുന്നാളാഘോഷത്തിന്റെ ആഹ്ലാദപ്പൂത്തിരികള് ഹൃദയത്തില്‍ വാരി വിതറിയാണ്.
മാറ്റങ്ങളുടെ മാസമാണ് റമദാന്. ആകാശ ഗ്രന്ഥങ്ങളെല്ലാം ഇറങ്ങിയത് ഈ മാസത്തിലാണ്. സബൂറും തൗറാത്തും ഇഞ്ചീലും ഒടുവില്‍ ഖുര്‍ആനും ഇറങ്ങിയ മാസം. പിശാചുക്കള്‍ ചങ്ങലകളില്‍ ബന്ധിതരാവും, നരകവാതിലുകള്‍ അടച്ചു പൂട്ടപ്പെടും, സ്വര്‍ഗവാതിലുകള്‍ തുറന്നു വെക്കപ്പെടും. വിളിയാളം ഉയരും: നന്മ കാംക്ഷിക്കുന്നവനേ, മുന്നോട്ടു വരൂ; തിന്മ തേടുന്നവനേ, നിനക്ക് നാശം വരട്ടെ. മനസ്സുകള്‍ ഈ മാസത്തില്‍ മാറും. സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസം വരും. ക്ഷമയുടെ തോത് ഉയരും. ഇച്ഛാശക്തിയും ദൈവഭക്തിയും വര്‍ധിക്കും, നന്മയുടെ നിറവില്‍ ജീവിക്കുന്ന വിശ്വാസികള്‍ കൂടുതല്‍ ഉദാരമതികളാവും. ദാനധര്‍മങ്ങളില്‍ മത്സരിക്കും. അക്ഷരാര്‍ഥത്തില്‍ ഖൈറിന്റെയും ബറകത്തിന്റെയും മാസം.
മുസ്ലിംകള്ക്ക് റമദാന് ആഗോള ഉത്സവമാണ്. സമൂല മാറ്റത്തിലേക്കാണ് ഈ വിശുദ്ധ മാസം അവരെ കൊണ്ടുപോകുന്നത്. റമദാനില്‍ എല്ലാം മാറും. ഉറക്കത്തിന്റെയും ഉണര്‍വിന്റെയും ആഹാരത്തിന്റെയും ജോലിയുടെയും സമയം മാറും. അങ്ങാടികള്‍ തുറക്കുന്നതും അടയ്ക്കുന്നതും മാറും. റമദാനെക്കുറിച്ച് റാഫിഈ പറഞ്ഞത,് മുപ്പത് ദിവസത്തെ വിദ്യാലയമെന്നാണ്. റമദാനില്‍ ദൈവധിക്കാരം കുറയും. ആരാധനാ കര്‍മങ്ങള്‍ അധികരിക്കും. സ്വയം മാറാനും സ്വഭാവം സംസ്കരിക്കാനും ബന്ധങ്ങള്‍ നന്നാക്കാനും ഇബാദത്ത് വര്‍ധിപ്പിക്കാനും ലക്ഷ്യബോധം നവീകരിക്കാനും ഒരാള്‍ക്ക് ഈ മാസത്തില്‍ കഴിയുന്നില്ലെങ്കില്‍, അയാളെക്കാള്‍ നഷ്ടം പിണഞ്ഞവനില്ല. അതാണ് നബി പറഞ്ഞത്: ''കുറേ പൈദാഹം സഹിച്ചുവെന്നല്ലാതെ ഒരു പ്രയോജനവും കിട്ടാത്ത എത്രയെത്ര നോമ്പുകാരാണ്! കുറെ ഉറക്കമൊഴിച്ചു എന്നതല്ലാതെ ഒരു ഗുണവും ലഭിക്കാത്ത എത്രയെത്ര രാത്രി നമസ്കാരക്കാരാണ്!'' ഇത്തരക്കാര്‍ക്ക് റമദാനിലെ വ്രതാനുഷ്ഠാനം വൃഥാവേലയാണ്.
ദമ്പതികള്‍ക്ക് ഈ മാസം പ്രയോജനപ്പെടുത്താന്‍ പല വഴികളുമുണ്ട്: അവര്‍ക്ക് പരസ്പര ബന്ധങ്ങള്‍ പുനരാലോചനക്ക് വിധേയമാക്കാം. തങ്ങളുടെ ജീവിതത്തിലെ കുറവുകളും വൈകല്യങ്ങളും വിലയിരുത്താം. നെഗറ്റീവ് വശങ്ങള് ഒഴിവാക്കി പോസിറ്റീവ് വശങ്ങള് വര്‍ധിപ്പിക്കാന്‍ ഒരു ദാമ്പത്യ ജീവിത കര്‍മപദ്ധതി ഈ മാസം കൊണ്ടുവരാം. കുടുംബബന്ധം ചേര്‍ക്കല്‍, മാതാപിതാക്കളോട് നന്മയില് വര്‍ത്തിക്കല്‍, അയല്പക്ക ബന്ധം സുദൃഢമാക്കല്‍, രാത്രി നമസ്കാരം, ഖുര്‍ആന്‍ പാരായണം, അനാഥ പരിപാലനം, നിര്‍ധന കുടുംബങ്ങളെ സഹായിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് ഏര്‍പ്പെടാം.
മാതാപിതാക്കള്‍ക്കും ഈ മാസം പ്രയോജനപ്പെടുത്താം. അവര്‍ക്ക് കുടുംബ സദസ്സുകള്‍ വിളിച്ചുചേര്‍ക്കാം. മക്കളോടുള്ള വര്‍ത്തമാനങ്ങള്‍, ദീനിയായും സ്വഭാവപരമായും അവരുടെ സംസ്ക്കരണം, ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് ദിവസവും രണ്ട് പേജ് വായന, നബിചരിത്രത്തില്നിന്ന് കുറഞ്ഞ ഭാഗം, അങ്ങനെ വിജ്ഞാനപ്രദമായ രംഗങ്ങളില്‍ സമയം ചെലവഴിക്കുക. സകാത്ത് കണക്ക് കൂട്ടി അര്‍ഹരായ ആളുകളും വീടുകളും കണ്ടെത്തി അത് നല്‍കാനും അവരുടെ സ്ഥിതിഗതികളെക്കുറിച്ച് സര്‍വേ നടത്താനും മക്കളെ റമദാനില്‍ പ്രത്യേകം ചുമതലപ്പെടുത്തുന്ന രക്ഷിതാക്കളെ എനിക്കറിയാം.
റമദാനില്‍ ലാഭം കൊയ്യുന്നവര്‍, വ്യക്തമായ ലക്ഷ്യബോധത്തോടെ തങ്ങളുടെ സ്വഭാവം സംസ്കരിക്കാന്‍ പരിശ്രമിക്കുന്നവരാണ്. ചീത്ത സ്വഭാവം വര്‍ജിച്ചും നല്ല സ്വഭാവങ്ങള്‍ ആര്‍ജിച്ചും അത് സാധിക്കും. പുകവലി ശീലമുള്ളവര്‍ക്ക് അത് നിര്‍ത്താം, സ്ത്രീകളുമായി അവിഹിത ബന്ധമുള്ളവര്‍ക്ക് അത് അവസാനിപ്പിക്കാം, യുവതികള്‍ക്ക് ഇസ്ലാമിക വസ്ത്രധാരണം ശീലിക്കാം, പലിശ ഭുജിക്കുന്നവര്‍ക്ക് അത് അവസാനിപ്പിക്കാം, ഖുര്‍ആന്‍ മനഃപാഠമാക്കാം, നബിചരിത്രം പഠിക്കാം, ശരീരഭാരം കുറയ്ക്കാന്‍ യത്നിക്കുന്നവര്‍ക്ക് അതും ഈ മാസത്തില്‍ പറ്റും. അങ്ങനെ റമദാനില്‍ മാറ്റത്തിന്റെ തുടക്കം കുറിച്ച് ജീവിതത്തെ സമൂലമായി പരിഷ്കരിക്കാം.
നോമ്പിന് ഇമാം ഗസാലി മൂന്ന് തലങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഒന്ന്, അവയവങ്ങള്‍, വയര്‍, ഗുഹ്യഭാഗങ്ങള്‍ കാമനകളില്‍നിന്നും വികാരങ്ങളില്‍നിന്നും ഉള്ള വ്രതാനുഷ്ഠാനം.
രണ്ട്: പാപങ്ങളില്‍നിന്ന് കേള്‍വി, കാഴ്ച, കൈകാലുകള്‍, നാവ് എന്നിവയുടെ നോമ്പ്.
മൂന്ന്: അധമ ചിന്തകളില്‍നിന്ന് ഹൃദയത്തിന്റെ നോമ്പ്.
ഈ മൂന്ന് തലങ്ങളെയും സ്പര്ശിച്ചായിരിക്കണം നമ്മുടെ വ്രതാനുഷ്ഠാനം.
നാം നമ്മുടെ വികാരങ്ങളുടെയും കാമനകളുടെയും അടിമകളാവരുത് എന്ന് സാരം. കവി പാടി: ദുന്യാവ് എന്ന് പറഞ്ഞാല്‍ ഭക്ഷണം, പാനീയം, ഉറക്കം ഇതൊക്കെയാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ ഈ ലോകത്തോട് വിടപറയാം. ഇതാവരുത് നമ്മുടെ ചിന്ത. നോമ്പുകാര്‍ അല്ലാഹുവുമായി ഏറ്റവും അടുത്തവരാണ്. വ്യക്തിപരവും സാമൂഹികവുമായ ബന്ധങ്ങള്‍ പുഷ്ടിപ്പെടുത്താന്‍ റമദാന് സഹായകമാവട്ടെ.
വിവ: പി.കെ.ജെ