ആത്മീയതയെ കര്‍മങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള സവിശേഷ ഭാവമായി സ്വീകരിക്കുന്നു എന്നത് ഇസ്ലാമിന്റെ പ്രത്യേകതയാണ്. പ്രവര്‍ത്തനങ്ങള്‍ അഖിലവും ദൈവപ്രീതി കാംക്ഷിച്ച് കൊണ്ടായിരിക്കണമെന്നതാണ് അതിന്റെ അന്തസ്സത്ത. ഏതൊരു പ്രവൃത്തിയില്‍നിന്ന് അതിന്റെ ആത്മീയ രസം ചോര്‍ന്നു പോകുന്നുവോ അങ്ങനെയുള്ള കര്‍മങ്ങള്‍ ആത്മീയതയുടെ ബാഹ്യ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഫലശൂന്യമാണ്. അതേസമയം ബാഹ്യ കാഴ്ചപ്പാടില്‍ ആത്മീയതയുടെ യാതൊരുവിധ ഭാവവും തോന്നാത്ത കര്‍മങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ആത്മചൈതന്യം നിമിത്തം ഫലപൂര്‍ണ കര്‍മങ്ങളായി മാറിയെന്നു വരും. ഇങ്ങനെയൊരു കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നതിലൂടെ സാമ്പ്രദായിക ആരാധനാ വിഭാവനകളില്‍നിന്ന് ഇസ്ലാം സ്വയം പുറത്തു വരികയാണ് ചെയ്യുന്നത്.
ദേഹവും ദേഹിയും ചേര്‍ന്ന മനുഷ്യന്റെ ആത്യന്തിക വിജയത്തെ കുറിച്ച വിലയിരുത്തലില്‍ ദേഹിക്കാണ് ഇസ്ലാം മുന്‍ഗണന നല്‍കുന്നത്. ദേഹത്തിന്റെ ആവശ്യങ്ങളെ അവഗണിക്കുന്നു എന്നതിന് അര്‍ഥമില്ല, മനസ്സിന്റെ ആലോചനകള്‍ക്ക് കര്‍മ രൂപങ്ങള്‍ നല്‍കുകയാണ് ശരീരാവയവങ്ങള്‍ ചെയ്യുന്നത്. ''മനസ്സംസ്‌കരണം സിദ്ധിച്ചവന്‍ വിജയിച്ചു'' എന്ന ഖുര്‍ആന്‍ സൂക്തത്തിലും ''നിങ്ങള്‍ അറിയണം, നിശ്ചയം മനുഷ്യ ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട് അത് ശരിയായാല്‍ എല്ലാം നേരെയായി, അത് ചീത്തയായാല്‍ എല്ലാം ചീത്തയായി'' എന്ന നബിവചനത്തിലും നിറഞ്ഞ് നില്‍ക്കുന്നത് ഈ വീക്ഷണ വ്യക്തതയാണ്.
ആത്മസംസ്‌കരണത്തിന് ദൈവസ്മരണയുണ്ടാവുക എന്ന ഒറ്റ വഴി നിര്‍ദേശിക്കുകയും ദൈവ സ്മരണക്ക് വിവിധ രീതികള്‍ പഠിപ്പിക്കുകയുമാണ് ഇസ്ലാം ചെയ്യുന്നത്. ദിക്‌റ് സ്വയം പ്രവര്‍ത്തനമാവുന്നതോടൊപ്പം കര്‍മങ്ങളിലെ നിത്യചൈതന്യ ഭാവവുമാണ്. 'ദൈവസ്മരണയില്‍ കഴിയുന്നവന്റെയും വിട്ടുനില്‍ക്കുന്നവന്റെയും ഉപമ, ജീവിക്കുന്നവന്റെയും മരിച്ചവന്റെയും ഉദാഹരണം പോലെയാണ്' എന്ന നബി വചനത്തില്‍ സൂചനയുടെ സാരാംശം മുഴുവന്‍ അടങ്ങിയിട്ടുണ്ട്. ദിക്‌റില്‍നിന്ന് അകറ്റിനിര്‍ത്തുവാന്‍ ആവതു പണിയെടുക്കുക എന്നതാണ് പിശാചിന്റെ തന്ത്രം. അടിമുടി ദിക്‌റില്‍ മനുഷ്യനെ കെട്ടിയിടുക എന്നതാണ് ഇസ്ലാമിന്റെ പ്രതിവിധി. 'നിനക്ക് പകലില്‍ ദീര്‍ഘമായി കര്‍മങ്ങള്‍ ചെയ്യാനുണ്ട് അതിനാല്‍ നീ നിന്റെ നാഥന്റെ നാമത്തെ സ്മരിക്കുകയും അവനിലേക്ക് മുറിഞ്ഞടുക്കുകയും ചെയ്യുക.' മേല്‍ സൂക്തം പരാമര്‍ശ ആശയത്തിലേക്കുള്ള ചൂണ്ടുപലകയാണ്.
ആത്മാവിന് നിറവേകുന്ന ഉപാസന
ആരാധനകളില്‍ റമദാനിലെ നിര്‍ബന്ധ വ്രതാനുഷ്ഠാനം ഏറെ പ്രതിഫലാര്‍ഹമാവുന്നത് അനുസരണത്തിന്റെയും വിധേയപ്പെടലിന്റെയും അടിസ്ഥാനത്തിലാണ്. മനുഷ്യനെ സ്വന്തത്തിലേക്ക് കൂടുതല്‍ ബന്ധിക്കുന്ന ഘടകങ്ങളാണ് പൈദാഹേഛയും പ്രതികാരേഛയും കാമേഛയും.
ഒരു മാസം മുഴുവന്‍ അത്യാവശ്യങ്ങളെ പിടിച്ചു നിര്‍ത്താന്‍ ശീലിക്കുന്നതിലൂടെ ദൈവാനുരാഗത്തിന്റെ സാഹസികമാര്‍ഗം തുറക്കുകയാണ് വിശ്വാസി ചെയ്യുന്നത്. ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കാനുള്ള ചോദന അധികരിപ്പിക്കുന്നതിലൂടെ പൈശാചികതയോട് മുഖാമുഖം നില്‍ക്കാനുള്ള കരുത്താണ് വിശ്വാസി ആര്‍ജിക്കുന്നത്. റമദാനിന് സാക്ഷ്യം വഹിക്കുന്ന വകതിരിവുള്ള വിശ്വാസികള്‍ക്കെല്ലാം നോമ്പ് നിര്‍ബന്ധമാണ്. ശാരീരിക പ്രയാസങ്ങളോ യാത്രയോ നിമിത്തം നോമ്പെടുക്കാന്‍ കഴിയാത്തവര്‍ ഇതര മാസങ്ങളില്‍ എണ്ണം തികക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍ത്തവ നാളുകളില്‍ സ്ത്രീകളോടും ഇതേ കാര്യമാണ് നിര്‍ദേശിച്ചത്. 'അനുഗൃഹങ്ങളുടെ പെയ്ത്തുകാലമാണ് റമദാന്‍.' പ്രവാചകനൊരു ശഅ്ബാന്‍ അവസാനത്തില്‍ അനുചരരെ അഭിമുഖീകരിച്ച് പറഞ്ഞ ദീര്‍ഘവചനത്തില്‍ അവയിലെ മൊത്തം സാരാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. 'നിശ്ചയം നിങ്ങളിലേക്ക് അനുഗൃഹീതമാസം തണലിട്ടിരിക്കുന്നു. അതിന്റെ പകലില്‍ വ്രതമെടുക്കുകയും രാത്രിയില്‍ എഴുന്നേറ്റ് നമസ്‌കരിക്കുകയും വേണം. ആ നാളുകളിലാരെങ്കിലും ഒരു നിര്‍ബന്ധ കര്‍മം ചെയ്താല്‍ എഴുപത് നിര്‍ബന്ധ കര്‍മം ചെയ്ത പ്രതിഫലമുണ്ട്. ഐഛിക കര്‍മമനുഷ്ഠിച്ചാല്‍ ഒരു നിര്‍ബന്ധകര്‍മം അനുഷ്ഠിച്ച പ്രതിഫലമുണ്ട്. ആ മാസം ക്ഷമയുടെയും സഹാനുഭൂതിയുടേതുമാണ്. ആകാശകവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്ന അനുഗൃഹീത കാലമാണത്. നന്മയുടെ മലക്കുകള്‍ നന്മ കൊതിക്കുന്നവരോട് മുന്നോട്ട് വരാനും തിന്മയുടെ ശക്തികളോട് പിറകോട്ട് പോകാനും നിര്‍ദേശിക്കും. റയ്യാന്‍ എന്ന പ്രത്യേക കവാടം നോമ്പുകാര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
കര്‍മങ്ങള്‍ക്കെല്ലാം പത്തും എഴുപതും എഴുനൂറും ഇരട്ടിയായി പ്രതിഫലം നിര്‍ണയിക്കപ്പെട്ടപ്പോള്‍ നോമ്പ് എനിക്കുള്ളതാണ്, ഞാനാണതിന് പ്രതിഫലം നല്‍കേണ്ടത്, നോമ്പുകാരന്‍ എനിക്കു വേണ്ടി അവന്റെ വികാരങ്ങളെ നിയന്ത്രിക്കുകയും പൈദാഹേഛകളെ തടഞ്ഞുവെക്കുകയും ചെയ്തവനാണെന്ന് പ്രത്യേകം സ്മരിക്കപ്പെടും.' ഇങ്ങനെയുള്ള സാരാംശങ്ങളടങ്ങിയ വിവിധ വഴികളിലൂടെ ഉദ്ധരിക്കപ്പെട്ട പ്രവാചക വചനങ്ങള്‍ ധാരാളമായി കാണാനാവും.
തഖ് വയെന്ന സ്വയം പ്രകാശിത ശക്തി
നോമ്പിന്റെ ഫലപ്രാപ്തിയെ വിശുദ്ധ ഖുര്‍ആന്‍ തഖ് വയുള്ളവരാവുകയെന്ന ചുരുക്കെഴുത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. എല്ലാ തിന്മകള്‍ക്കും നേരെ ഉള്ളില്‍ ജ്വലിക്കുന്ന അഗ്‌നിയും നന്മകളിലേക്ക് മത്സരിച്ച് മുന്നേറാനുള്ള ഔത്സുക്യവും പ്രദാനം ചെയ്യുന്ന ശക്തമായ ആയുധമാണ് തഖ്് വ. വിശദീകരണമാരാഞ്ഞ ഉമറിനോട് പണ്ഡിതനായ ഉബയ്യ് തഖ് വയെ വിശദീകരിച്ച് കൊടുത്തിട്ടുണ്ട്. 'മുള്ള് നിറത്ത വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ വസ്ത്രത്തില്‍ തറക്കാതിരിക്കാന്‍ വസ്ത്രം സ്വന്തത്തിലേക്ക് ചേര്‍ത്ത് പിടിക്കുംപോലെ ജീവിതത്തില്‍ വന്നുചേരാനിടയുള്ള സ്വഭാവപരവും ചിന്താപരവും കര്‍മപരവുമായ മാലിന്യങ്ങള്‍ കലരാതെ അതീവ ജാഗ്രതയോടെ ജീവിക്കുക.' 'പ്രവാചകന്‍ നീ എവിടെയായിരുന്നാലും ദൈവബോധത്താല്‍ ശക്തനാവുക. തിന്മയെ നന്മകൊണ്ട് പിന്തുടരുക. ജനങ്ങളോട് നന്നായി സഹവര്‍ത്തിക്കുക' എന്ന് പഠിപ്പിക്കുന്നുണ്ട്.
വിവിധ മേഖലകളില്‍ ജീവിത സന്ധാരണത്തില്‍ വ്യാപൃതമാവുന്നവരെ വൈയക്തികവും സാമൂഹികവുമായ തിന്മകള്‍ ധാരാളമായി ഗ്രസിക്കാനുള്ള സാധ്യതയുണ്ട്. അത്തരം വേളകളില്‍ കൊള്ളുകയാണോ തള്ളുകയാണോ വേണ്ടത് എന്ന തീരുമാനം കൈക്കൊള്ളുന്നതിന് കര്‍മങ്ങളെ ഉരച്ച് നോക്കാനുള്ള ഉരക്കല്ലാണ് തഖ്്വ.
നല്ല നോമ്പുകാരനാവാം
ഇമാം ഗസ്സാലി നോമ്പുകാരെ പലതായി തിരിക്കുന്നുണ്ട്: 'അന്നപാനീയങ്ങളും സുഖഭോഗങ്ങളും വര്‍ജിക്കുക മാത്രം ചെയ്യുന്നത് സാധാരണക്കാരന്റെ നോമ്പ്- അതോടൊപ്പം തിന്മയില്‍നിന്ന് വിട്ടുനില്‍ക്കുക കൂടി ചെയ്താല്‍ സജ്ജനങ്ങളുടെ നോമ്പായി. അവയ്‌ക്കൊപ്പം നന്മകള്‍ അധികരിപ്പിച്ചാല്‍ സജ്ജനങ്ങളില്‍ സജ്ജനങ്ങളുടെ നോമ്പായി.' റമദാന്‍ ഏത് ഗണത്തില്‍ പെടുത്തണമെന്ന് ഓരോരുത്തരും തീരുമാനിച്ച് അതിലേക്കുള്ള പാഥേയമൊരുക്കുകയാണ് വേണ്ടത്.
അവയവങ്ങള്‍ക്കെല്ലാം നോമ്പുണ്ട്. ഓരോന്നിനും കല്‍പിക്കപ്പെട്ട വിലക്കിനെ കരുതിയിരിക്കുകയും നല്ലതിലേക്ക് മത്സരിക്കുകയും ചെയ്യുകയെന്നതാണ് ഫലപ്രാപ്തി കൊതിക്കുന്ന നോമ്പുകാരന്‍ ചെയ്യേണ്ടത്. 'ഒരാള്‍ മോശമായ വാക്കും പ്രവൃത്തിയും ഒഴിവാക്കുന്നില്ലെങ്കില്‍ അന്നപാനീയങ്ങളുടെ ഉപേക്ഷകൊണ്ട് അല്ലാഹുവിന് കാര്യമില്ലെന്ന്' റസൂല്‍ പറഞ്ഞിട്ടുണ്ട്. അനാവശ്യ തര്‍ക്കത്തിന് വരുന്നവനോട് 'എനിക്ക് നോമ്പുണ്ട്' എന്ന് മറുപടി പറയാന്‍ പറഞ്ഞത് നീ വിളിക്കുന്ന ചളിക്കുഴിയില്‍ നീന്താന്‍ എനിക്കിപ്പോള്‍ മനസ്സില്ലെന്ന ധീരമായ നിലപാട് കൂടിയാണ്.
സന്മാര്‍ഗത്തിന്റെ കൈപുസ്തകം
റമദാന്‍ ഖുര്‍ആനിന്റെ വാര്‍ഷിക ആഘോഷവേളയാണ്. നോമ്പിന് റമദാന്‍ തെരഞ്ഞെടുക്കാനുള്ള കാരണം ഖുര്‍ആന്‍ വിശദീകരിക്കുന്നത്, 'സത്യാസത്യ വിവേചനമായി ജനങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശനത്തിന്റെ കൈ പുസ്തകം നല്‍കപ്പെട്ട നാളാണത്' എന്നതാണ്. ആ രാവിനെയാണ് ലൈലത്തുല്‍ ഖദ് ര്‍ എന്ന് വിളിക്കുന്നത്. കേവലമൊരു ദിനമല്ലെന്നും അതിന് ആവര്‍ത്തനക്ഷമതയുണ്ട് എന്നുമാണ് അതിന്റെ സൂചന. രാവിന്റെ ആവര്‍ത്തനം ആയിരം മാസങ്ങളെക്കാള്‍ മഹത്തമാക്കപ്പെട്ട രാവില്‍ സുകൃതങ്ങള്‍ കൊണ്ട് ധന്യമാക്കിയവരാണ് സൗഭാഗ്യവാന്മാര്‍. ഖുര്‍ആന്‍ വായിക്കുക, പഠിക്കുക, മനനം ചെയ്യുക തുടങ്ങി അതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും ആലോചനകള്‍ക്കും ഏറെ പ്രസക്തിയുള്ള കാലമാണ് റമദാനിന്റെ രാപ്പകലുകള്‍. ഒന്നിലേറെ തവണ സാധ്യമാവുന്ന പാരായണ നിയമങ്ങള്‍ പാലിച്ച് പാരായണം ചെയ്യുന്നതോടൊപ്പം ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ജീവിത കാഴ്ചപ്പാടുകള്‍ മനസ്സിലാക്കിയെടുക്കാനുള്ള നല്ല ശ്രമങ്ങളുണ്ടാവണം. താഴിട്ട് പൂട്ടപ്പെട്ട ഖല്‍ബുകള്‍ തുറക്കുന്നതും ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുകയും ചര്‍മങ്ങളെ തരളിതമാക്കുകയും ചെയ്യുന്ന വായന നടത്തണം. അവയ്ക്ക് ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയും. അന്ധകാരനിബിഡമായ ലോകത്തെ പ്രകാശത്തിലേക്കാനയിച്ച ഖുര്‍ആനിന്റെ ജീവിത ഗന്ധിയായ വായനയാണ് കാലം ആവശ്യപ്പെടുന്നത്. ഖുര്‍ആന്‍ ആവശ്യാനുസരണം കൈയിലെടുക്കുന്നില്ല എന്ന് മാത്രമല്ല, കൈയിലെടുക്കേണ്ട ജനതയാണ് നമ്മള്‍ എന്ന ബോധത്തിന് പോലും മങ്ങലേറ്റു പോയ കാലത്തിലൂടെയാണ് നമ്മള്‍ മുന്നോട്ട് പോകുന്നത്. പ്രവാചകന്‍ ജീവിച്ചിരുന്ന കാലമത്രയും വര്‍ഷാവര്‍ഷം റമദാനില്‍ ജിബ് രീല്‍ നബിയുടെ അടുക്കല്‍ വന്ന് ഇറങ്ങിയത് വരെയുള്ള മുഴുവന്‍ ഭാഗങ്ങളും ഓതിക്കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്യാറുണ്ടെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. 'ഖുര്‍ആനിലേക്ക് മനസ്സ് ചായ്ക്കുമ്പോള്‍ ഖുര്‍ആന്‍ നമ്മിലേക്ക് ചേര്‍ന്ന് നില്‍ക്കു'മെന്ന പാഠം മറന്ന് പോകരുത്.
രാത്രിനമസ്‌കാരത്തിന്റെ സൗന്ദര്യം
ആരെങ്കിലും റമദാനില്‍ വിശ്വാസത്തോടെയും പ്രതിഫലമാഗ്രഹിച്ചും ഖിയാമുല്ലൈല്‍ നിര്‍വഹിച്ചാല്‍ അവന്റെ ഗതകാല പാപങ്ങള്‍ പൊറുക്കപ്പെടും. വിശ്വാസികളുടെ ദൈനംദിന ജീവിത ആരാധനകളില്‍ ആസ്വാദ്യകരമായതാണ് രാത്രിനമസ്‌കാരം. രാത്രിയുടെ പകുതിയോ അതില്‍ കൂടിയോ കുറഞ്ഞോ ഉള്ള ഭാഗം എഴുന്നേറ്റ് നിസ്‌കരിക്കണമെന്നും ആ നമസ്‌കാരവും അതിലുള്ള ഖുര്‍ആന്‍ പാരായണവും ആത്മനിയന്ത്രണം ശീലിപ്പിക്കുകയും വാക്കും പ്രവൃത്തിയും സമന്വയിപ്പിക്കുകയും ചെയ്യുമെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. നിസ്സഹായനായ ദാസന്‍ പ്രപഞ്ചനാഥനായ റബ്ബിന്റെ സവിധത്തില്‍ ശുക്‌റ് പൊഴിച്ച് സങ്കടക്കെട്ടഴിച്ച് വിതുമ്പേണ്ട നേരമാണ്. ഖിയാമുല്ലൈലിന്റെ നേരം ഉടയോന്‍ ഭൂമിയോടടുത്തുള്ള ആകാശത്തില്‍ വന്ന് അടിമകളുടെ പ്രാര്‍ഥനകേള്‍ക്കുന്ന നേരമാണ്. രാത്രിയുടെ അന്ത്യയാമ നേരങ്ങളില്‍ മഹത്തരമായ ആ നേരത്തെ പ്രവാചകന്‍ ഏറെ പുകഴ്ത്തിയിട്ടുണ്ട്. വിശ്വാസികള്‍ സുജൂദും റുകൂഉം ചെയ്താണ് ആ നേരങ്ങള്‍ കഴിച്ച് കൂട്ടുകയെന്നും ആ നേരത്തോടടുക്കുമ്പോള്‍ പാര്‍ശ്വഭാഗങ്ങളില്‍നിന്ന് പ്രാര്‍ഥനാ മനസ്സോടെ എഴുന്നേറ്റ് പാപമോചനം തേടുമെന്നും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
സുകൃതി നിറഞ്ഞ ജീവിതത്തിന്റെ
പരിശീലനം
റമദാന്‍ പരിശീലനക്കളരിയാണ്. ജീവിതത്തില്‍ എല്ലാ കാലത്തേക്കും ആവശ്യമുള്ള മൂല്യങ്ങള്‍ ഈ മാസക്കാലയളവില്‍ നാം പരിശീലിക്കുകയാണ്. നന്മയിലൊന്നു പോലും വിട്ടുപോകാതിരിക്കാനുള്ള മനസ്സും ആ വഴിക്കുള്ള പ്രാര്‍ഥനയുമാണ് മികച്ചു നില്‍ക്കേണ്ടത്. ഏകാന്ത ധ്യാനം, ദാനധര്‍മങ്ങള്‍, കുടുംബ ബന്ധം പുതുക്കല്‍, രോഗസന്ദര്‍ശനം തുടങ്ങി വ്യക്തിക്കും സമൂഹത്തിന്നും പ്രയോജനകരമായ എല്ലാ കാര്യത്തിലും മുഴുകണം. പ്രവാചകന്‍ ശിഷ്യരൊത്തിരിക്കുമ്പോള്‍ പ്രത്യേക പ്രശംസ ഏറ്റുവാങ്ങാന്‍ അബൂബക്കറിന് സൗഭാഗ്യം ലഭിച്ച ഒരു രംഗം നോമ്പുകാലമാണ്.
'ഇന്ന് അഗതിക്ക് ആഹാരം കൊടുത്തവരാരാണ്? ബന്ധുക്കളെ സന്ദര്‍ശിച്ചവരാര്? രോഗം സന്ദര്‍ശനം നടത്തിയതാര്?' എല്ലാ ചോദ്യത്തിന്റെയും ഉത്തരം അബൂബക്കര്‍, 'ഞാനുണ്ട് ഞാനുണ്ട്' എന്ന് പ്രതിവചിച്ചു. ചേര്‍ത്ത് പിടിച്ചാണ് പ്രവാചകന്‍ പറഞ്ഞത് 'അബൂബക്കറിന്റെ നോമ്പ് എത്ര നല്ല നോമ്പ്.' ധ്യാനത്തിലായിരിക്കെ കടക്കാരന്റെ ബാധ്യത തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സ്വഹാബി. ആവശ്യക്കാരന്റെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് ആയിരം നാള്‍ മദീന പള്ളിയില്‍ ഭജനമിരുന്നതിനേക്കാള്‍ പ്രാധാന്യമുണ്ടെന്ന് പ്രവാചകന്‍ പറഞ്ഞതായി ഞാന്‍ കേട്ടെന്ന് ഇബ്‌നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നമസ്‌കാരങ്ങളിലുള്ള കണിശതയും അത്യാവശ്യമാണ്. പരമാവധി സംഘടിത നമസ്‌കാരത്തിലേക്ക് തന്നെ എത്തിച്ചേരണം. തീക്ഷ്ണതയേറിയ ബദ് ര്‍യുദ്ധം നടന്നതും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട നാളുകളിലായിരുന്നു.
ആര്‍ക്കും അവസരം നഷ്ടമാവരുത്
കുടുംബത്തിലാണ് നോമ്പിന് മുമ്പുള്ള തയാറെടുപ്പ് തകൃതിയാവേണ്ടത്. എല്ലാവര്‍ക്കും നോമ്പിന്റെ ചൈതന്യം പോര്‍ന്ന് പോകാത്ത വിധത്തില്‍ എല്ലാ കാര്യങ്ങളും ക്രമീകരിക്കണം. അതിന് വേണ്ടി റമദാനിന് മുമ്പ് തന്നെ വീട്ടുകാര്‍ ഒന്നിച്ചിരുന്ന് കുടുംബത്തിന് മൊത്തം റമദാന്‍ ഫലപ്രദമാക്കാനുള്ള ചര്‍ച്ചകളും തീരുമാനങ്ങളും എടുക്കണം. ആത്മീയോല്‍ക്കര്‍ഷത്തിന്റെ സുവര്‍ണാവസരം പലപ്പോഴും നഷ്ടപ്പെട്ട് പോകുന്നത് സ്ത്രീകള്‍ക്കാണ്. സാധാരണയെക്കാള്‍ ജോലിഭാരം കൂടുന്നതാണ് കാരണം. ആത്മീയതയുടെ ആഘോഷത്തെ ആഹാരത്തിന്റെ ആഘോഷമാക്കരുത്. മിതത്വവും ലാളിത്യവും ആത്മചൈതന്യവും ആ വിഷയത്തിലും പാലിക്കണം. നോമ്പ് തുറ വിഭവ സമൃദ്ധമാവണമെന്ന് തുറക്കലിനും തുറപ്പിക്കലിനും തീരുമാനിക്കരുത്. വിശിഷ്ട ഭോജനം പിന്നെയുമാവാം. ശ്രേഷ്ഠനേരം തിരിച്ച് കിട്ടില്ലെന്ന വിചാരം സ്ത്രീകളെ മാത്രം മഥിച്ചിട്ട് കാര്യമില്ല, കുടുംബത്തിന്റെ മൊത്തം തീരുമാനമായി അത് മാറണം.