ആമിനുമ്മയുടെ ആത്മകഥ - 3
ഹസ്രത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പല രീതിയിലാണ് നാട്ടില്‍ പ്രചരിച്ചത്. അയാള്‍ ആരാണെന്നോ എവിടെനിന്നു വന്നുവെന്നോ ആര്‍ക്കും അറിയില്ലായിരുന്നു. ഉംബായി മാത്രമാണ് അയാളോട് അല്‍പ്പമെങ്കിലും ഹിന്ദിയില്‍ സംസാരിക്കുന്നത്. ഖാലിദ് മൂപ്പനാണ് അയാള്‍ക്ക് ഹസ്രത്ത് എന്നു പേരിട്ടത്. ഉംബായി പറഞ്ഞതനുസരിച്ച് ഖാലിദിന്റെ ഭാര്യ കട്ടന്‍ ചായയും ചപ്പാത്തിയും തയ്യാറാക്കി മേശപ്പുറത്തു വെക്കും. ഇടക്ക് ടണ്‍ഡാ പാനി വേണമെന്നു പറഞ്ഞു.
ഖാലിദ് ഉംബായിയെ വിളിപ്പിച്ചു.
ടണ്‍ഡാ പാനിയെന്നു വെച്ചാ തണുത്ത വെള്ളം.
ഉംബായി വിവര്‍ത്തനം ചെയ്തു കൊടുത്തു.
ആയിഷു മൂക്കത്ത് വിരല്‍ വെച്ചു.
മണ്‍കലത്തിലിരിക്കണ പച്ചവെള്ളത്തിനാണോ ഉംബായിക്കാനെ വിളിച്ചുവരുത്തിയത്.
ഉംബായി... നീയും ഇതിന്റെയടുത്ത് തന്നെ താമസിച്ചോ. ഹസ്രത്തിനു ഒരു സഹായകമാവോല്ലേന്റെ ബോട്ടിന്റെ തരകനും നീ തന്നെ ആയിക്കോ.
മൂപ്പനിപ്പോള്‍ പഴയ മൂപ്പനല്ല. വലിയ പൈസക്കാരനാണ്. ആ ആഴ്ചയില്‍ ആര്‍ക്കും കിട്ടാത്ത കോളാണ് മൂപ്പന്റെ ബോട്ടിനു മാത്രം കിട്ടിയത്. കസവുമുണ്ടും ജുബ്ബയുമുടുത്ത് അത്തറ് പൂശി മൂപ്പന്‍ ചായക്കടയിലിരിക്കും. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമെല്ലാം മൂപ്പന്റെ വക ചായ.
മനുഷ്യന്റെ അവസ്ഥയാണല്ലോ. മൂപ്പന് പലതരത്തിലുള്ള അസൂയക്കാരുമുണ്ടായി.
അവര്‍ പലതും പറഞ്ഞു പരത്താന്‍ തുടങ്ങി.
അല്ല... ഹംസക്കാ നിങ്ങറിഞ്ഞാ... ഞമ്മക്കൊരു ബിവരം കിട്ടീട്ട്ണ്ട്... പരമ രഹസ്യമാ... ആരോടും പറയര്ത്.
അബ്ദുവയാണ് സംസം ചായക്കടയിലിരുന്ന് വലിയ വായില്‍ സംസാരിക്കുന്നത്. അപ്പോള്‍ തന്നെ എല്ലാവരും ചായകുടി നിര്‍ത്തി സംസാരത്തിലേക്ക് തലയിട്ടു.
ഞമ്മടെ ഖാലിദ് മൂപ്പന്‍ ബരുത്തനാണ്. അയാളുടെ തന്തയാണ് ആ ബന്നിരിക്കണത്.
അബ്ദുവാ... ഇന്നലേം കൂടി നീ അവന്റെ ചായ വാങ്ങി കുടിച്ചോനാണ്. തന്തയില്ലാത്തരം കാണിക്കരുത്. പടച്ചോന്‍ പൊറുക്കൂല്ല. പറഞ്ഞേക്കാം.
ഹംസക്ക ശാസിച്ചു.
ഹസ്രത്തിനെക്കുറിച്ച് പ്രചരിക്കുന്ന കഥയുടെ സാമ്പിളായിരുന്നു അബ്ദുവാ പുറത്തുവിട്ടത്. ബാക്കി ഏവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
അതിനിടയിലാണ് ഹസ്രത്ത് വന്നത് പാകിസ്താനില്‍ നിന്നാണ് എന്നു ഖാലിദിന്റെ ശത്രുക്കള്‍ പറഞ്ഞു പരത്തിയത്. കേട്ട പാതി കേള്‍ക്കാത്ത പാതി പോലീസ് വണ്ടികള്‍ ചീറിപ്പാഞ്ഞു വന്നതും.
പോലീസിന്റെ സൈറണും ഉച്ചത്തിലുള്ള വിളിച്ചുപറയലും കേട്ട് ആദ്യം പുറത്തുവന്നത് അബ്ദുറഹിമാന്‍ മുസ് ലിയാരാണ്.
ന്താ സാറേ... സാറന്മാര്‍ക്ക് ന്താ വേണ്ടത്...
പാകിസ്താനില്‍ നിന്നും വന്ന ഏതോ ഒരാള്‍ ഇവിടെ ഒളിച്ചു താമസിക്കുന്നുണ്ടെന്നറിഞ്ഞു. അയാളെ കണ്ടുപിടിച്ചു ഉടനെ ഹാജരാക്കന്‍ കമ്മീഷണറവറുകളുടെ സന്ദേശമുണ്ട്. അയാളെ ഉടന്‍ ഞങ്ങള്‍ക്ക് വേണം.
ഓ... അതു ശരി... സാറിന്റെ കൈയില്‍ അറസ്റ്റു വാറണ്ടുണ്ടോ?
അറസ്റ്റു വാറണ്ട്... ഇതിനു അറസ്റ്റു വാറണ്ട് ആവശ്യമില്ല മിസ്റ്റര്‍.
പോലീസുകാരന്‍ കണ്ണുരുട്ടി.
സാര്‍... ഈ നാടിനു വേണ്ടിയും നാട്ടാര്‍ക്കും വേണ്ടിയും ജീവിതം കയ്ച്ചുകൂട്ടുന്ന ഒരു പോരാളിയാണ് ഞാന്‍. പോരാത്തതിന് ഇബ്ടത്തെ ഉസ്താദും. തെളിവു വേണോംന്ന് വെച്ചാ സാറന്മാര് വീട്ടില്‍ വന്നാല്‍ കാണിച്ചു തരാം. അതിന്റെ മേനിയൊന്നും പറയാന്‍ ഞാനില്ല. പക്ഷെ ഇതിനു മാത്രം ആളുകളെ പേടിപ്പിക്കണ്ട കാര്യംല്ല.
ഖാലിദ് മൂപ്പനേയും പുതിയ അതിഥിയേയും സാറിന്റെ മുമ്പില്‍ ഹാജരാക്കുന്നതിനു കൊയപ്പില്ല. പക്ഷേ, ഈ പോലീസ് ബന്തവസ് ഇവിടെ നിന്നും പിന്‍വലിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് മാത്രം.
ബലപ്രയോഗമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ബ്രിട്ടീഷ് പട്ടാളത്തെ നേരിട്ട ഒരാളുടെ മയ്യിത്തിന്റെ മുകളിലൂടെ മാത്രമേ നിങ്ങള്‍ക്കതിനു കഴിയൂ. വാറണ്ടില്ലാത്ത സ്ഥിതിക്ക് നല്ലവണ്ണം ആലോചിച്ചിട്ടു മതി ഇന്‍സ്‌പെക്ടര്‍.
ഇന്‍സ്‌പെകടര്‍ ആര്‍ക്കെല്ലാമോ വയര്‍ലസ് സന്ദേശം നല്‍കി കാത്തിരുന്നു. അല്‍പ്പ സമയം കഴിഞ്ഞ് ബലപ്രയോഗം വേണ്ടതില്ലായെന്നു തീരുമാനിച്ചതായി അറിയിച്ചു. ജനവാടിയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന പോലീസ് സേനയെ കുറച്ചു പിന്‍വലിക്കാനും നിര്‍ദേശം ലഭിച്ചതായി ഇന്‍സ്‌പെകടര്‍ പറഞ്ഞു.
ഖാലിദ് മൂപ്പന്‍ പക്ഷേ, ദേഷ്യത്തിലായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ കുറച്ചു മീന്‍ കൂടുതല്‍ ലഭിച്ചപ്പോഴുള്ള അസൂയയാണ് ഇന്‍സ്‌പെക്ടറുടെ രൂപത്തില്‍ പുറത്തു കാത്തുകിടക്കുന്നത്. കീശയില്‍ ആരോ തിരുകിവെച്ച നോട്ടിന്റെ ബലത്തിലാണ് ഇന്‍സ്‌പെക്ടറുടെ മസിലുപിടിത്തം. അസൂയയെ തടുക്കാന്‍ അല്ലാഹുവിന് മാത്രമേ കഴിയുകയുള്ളൂ. അസൂയാലു അസൂയ കാണിക്കുമ്പോള്‍ അതില്‍നിന്ന് നാഥനില്‍ അഭയം തേടാനാണ് കിതാബ് പഠിപ്പിക്കുന്നത്. പക്ഷേ, ഹസ്രത്തിനെ വിട്ടു കൊടുക്കാനും മൂപ്പന്‍ തയ്യാറായിരുന്നില്ല. കിട്ടുന്ന വരുമാനത്തെക്കുറിച്ച ചിന്ത കൊണ്ടു മാത്രമായിരുന്നില്ല അത്. വളരെ പ്രായമുള്ള മനുഷ്യന്‍. ക്ഷീണമുണ്ട്. ഭാഷയറിയില്ല. ആരെങ്കിലും ബന്ധുക്കളോ ഉറ്റവരോ ആയി ഉള്ളതായി അറിയില്ല. അങ്ങനെയുള്ള ഒരാളെ കൈയൊഴിക്കുക എങ്ങനെയാ?
ഇതിനിടയിലാണ് ഹസീന ഓടിക്കിതച്ചു വന്നത്.
തലവേദനക്കും പനിക്കും മരുന്നു വാങ്ങിക്കാന്‍ സര്‍ക്കാരാശുപത്രീല് പോയതായിരുന്നു. മൂപ്പനെ പിടിക്കാന്‍ പോലീസ് വന്നെന്നു കേട്ടപ്പോള്‍ ജനവാടിയിലേക്ക് വന്നതാണ്. വഴിയില്‍ വെച്ചു പോലീസ് തടഞ്ഞു.
രണ്ടു ദിവസത്തേക്ക് ഇവിടേക്ക് ആര്‍ക്കും പ്രവേശനം ല്ല. ആരും പുറത്തുപോകാനും പാടില്ല. കര്‍ശന കല്‍പ്പനയാണ്.
അതെന്താ ജനവാടി നിന്റെ ബാപ്പാക്ക് സ്ത്രീധനം കിട്ട്യേതാണോ... മാറിനിക്കടോ... ഞാനിവിടെ കയറും. കുറച്ചു കഴിഞ്ഞാല്‍ ഇറങ്ങിപ്പോകേം ചെയ്യും. നിങ്ങള് കര്‍ശനോ കല്‍പ്പനേ എന്താന്ന് വെച്ചാ ചെയ്‌തോ... പിന്നൊരു കാര്യം... ആരെങ്കിലും ന്റെ ദേഹത്ത് കൈവെച്ചാ വിവരം അറിയും.
ഹസീന അങ്ങിനെയാണ്. അസിയെന്നാണ് എല്ലാരും വിളിക്കുന്നത്. അവള്‍ക്കുറപ്പായിരുന്നു. പോലീസ് അവളുടെ ദേഹത്ത് കൈവെക്കുന്നത് പോയിട്ട് അവളുടെയടുത്തേക്ക് വരിക പോലും ചെയ്യില്ല. കാരണം അവളുടെയടുത്ത് എത്തിയാല്‍ എല്ലാവരും മൂക്ക് പൊത്തും. വൃത്തിയുടെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ല.
ആമിനുമ്മായുടെ ഉമ്മ ഫാത്തിമ എപ്പോഴും അവരോടു പറയും.
പെണ്ണൂങ്ങള് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവരില്ലാതെ ഈ ഭൂമിക്ക് നിലനില്‍പ്പില്ല. അതാണ് ആദം നബിനെ പടച്ചപ്പം തന്നെ ഹവ്വാനേം പടച്ചത്. ഹവ്വ സുന്ദരിയായിരുന്നു. ഭൂലോകത്തിലേക്കും വെച്ചു ഏറ്റവും വലിയ സുന്ദരി. അല്ലാഹുവിന്റെ അലങ്കാരങ്ങളണിയുന്നതില്‍ പെണ്ണുങ്ങള് പ്രത്യേകം ശ്രദ്ധിക്കണം.
പക്ഷേ, പറഞ്ഞിട്ടെന്ത്? ഇതെല്ലാം കേട്ട് ഹസീന ചിരിക്കും. എന്നിട്ട് കൂറ മണക്കുന്ന ചേലയും ചുറ്റി ഒരൊറ്റ പോക്കാണ് പുറത്തേക്ക്. കുളിക്കാത്ത ഹസി എന്നാണ് എല്ലാവരും അവളെ കേള്‍ക്കാതെ വിളിക്കണത്. അപ്പോ ചോദിക്കും അതെന്താ കേള്‍ക്കെ ആരും വിളിക്കാത്തതെന്ന്. കേട്ട് വിളിച്ചാല്‍ വിവരമറിയും. പൂരത്തെറിയായിരിക്കും പിന്നെ ഹസീനയുടെ വക.
ഹസീനയുടെ ഉച്ചത്തിലുള്ള മറുപടി കേട്ട് പോലീസുകാര്‍ ജാഗ്രതയോടെ തടിച്ചുകൂടിയെങ്കിലും മൂക്ക് പൊത്തി പെട്ടെന്ന് അവര്‍ പിന്മാറി. ഞൊടിയിടയില്‍ ഞെളിഞ്ഞ് അവര്‍ ജനവാടിയിലേക്ക് കയറിപ്പോവുകയും ചെയ്തു.
ഖാലിദ് മൂപ്പന്‍ ഹസ്രത്തിനെ പോലീസിന്റെ കൈയില്‍ കൊടുക്കാതെ രക്ഷപ്പെടുത്താനുള്ള പോംവഴികളാണ് അന്വേഷിച്ചുകൊണ്ടിരുന്നത്. കൂട്ടിന് ഉംബായിയുണ്ട് ധൈര്യം കൊടുക്കാന്‍. ആയിഷ അവര്‍ക്ക് ആവശ്യത്തിന് കട്ടന്‍ ചായ ഒഴിച്ചു കൊടുക്കുന്നുണ്ട്. ഉംബായി അതു കുടിച്ചു തീര്‍ക്കുന്നുമുണ്ട്. ഉംബായിക്ക് വിഷമം സഹിക്കാന്‍ പറ്റൂല്ല. വിഷമം വന്നാല്‍ വിശപ്പും കൂടപ്പിറപ്പായെത്തും. പിന്നെ വീട്ടുകാരുടെ കാര്യം കഷ്ടത്തിലാകും. ഉംബായിയുടെ ഭാര്യ ഖദീശു വിഷമം തട്ടാതെയാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. മക്കളോടും ആ കാര്യം പ്രത്യേകം ഓര്‍മപ്പെടുത്തിയിട്ടുണ്ട്.
ഹസീന വന്നതും കൈ കഴുകാനെന്ന വ്യാജേന ഉംബായി മാറിയിരുന്നു.
ന്താ ഖാലിദേ... നിന്നെ പൊക്കാനാണാ ഈ കള്ള ഹിമാറ് പോലീസ്‌കാര് കാത്ത് കെട്ടി കിടക്കണത്... നീ അവര്‍ക്ക് പിടുത്തം കൊടുക്കണ്ട ഖാലിദേ...
പൊന്നു ഹസീന്‍ത്താ... നല്ല ബുദ്ധി പറഞ്ഞുകൊടുക്ക്... കൊഴപ്പം പിടിച്ച ബഴിക്ക് പോണ്ട ഇക്കാ...
പേടിയോടെയുള്ള ആയിഷൂന്റെ ഉപദേശം.
പോടീ അവിടന്ന് പേടിത്തൂറി... നീ ബല്യൊരു ബക്കറ്റില് ഇച്ചിരി ബെള്ളം ഇങ്ങ്‌ടെടുക്ക്... നല്ല ബയി ഞമ്മള് പറഞ്ഞ് തരാ... ഇച്ചിരി മുളക് നല്ലോണം പൊടിച്ച് ബെളിച്ചെണ്ണേ ചാലിച്ച് ഇങ്ങടെടുത്തോ... പോലീസ്മാര് ബാണം ബിട്ട പോലെ ഓടണത് ഞമ്മള് കാണിച്ചു തരാ.... പെണ്ണുങ്ങളോടാ കളീ....
ഹസീന പറയുക മാത്രമല്ല ഒപ്പം പണിയെടുക്കുകയും ചെയ്യുന്നുണ്ട്. പെട്ടെന്നു തന്നെ മൊളകുവെള്ളം തയാറായി. മൂപ്പന്റെ വീടിന് ചുറ്റുവട്ടത്തുള്ള പത്തു പതിനഞ്ചു പെണ്ണുങ്ങള്‍ അപ്പോഴേക്കും അവിടെയെത്തിയിരുന്നു.
ഹസീന എല്ലാവര്‍ക്കും തന്ത്രം വിവരിച്ചു കൊടുത്തു.
ജാസ്മിനും മുംതാസും പോലീസുകാരോട് ചിരിക്കണം. അപ്പോള്‍ അവരോട് ഏമാനേ ചായ വേണോ എന്നു ചോദിക്കണം. വേണോ വേണ്ടയോ എന്നു അവര്‍ പറയുന്നതിനുമുമ്പ് എടീ പോലീസേമാന്മാര്‍ക്ക് ചായ കൊടുക്കൂ എന്നു വിളിച്ചു കൂകണം. അപ്പോഴേക്കും ആമിനയുടെ കൂടെ എല്ലാവരും കൈയില്‍ മുളകുവെള്ളവുമായി പോയി കണ്ണിലേക്ക് പെട്ടെന്നൊഴിക്കണം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും ഒന്നിച്ചു കണ്ണിലേക്ക് തന്നെ ഒഴിക്കണം.
ഹസീന സംഭവത്തെക്കുറിച്ചോര്‍ത്ത് ചിരിക്കാന്‍ തുടങ്ങി.
ജാസ്മിനും മുംതാസും കണ്ണാടിയില്‍ നോക്കി ചിരി ശരിയാക്കി പുറത്തേക്കിറങ്ങാന്‍ ഭാവിച്ചു. അപ്പോഴാണ് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ വീട്ടിലേക്ക് കയറി വന്നത്.
എന്താ എല്ലാരുമുണ്ടല്ലോ... സഭ കൂട്വേണോ... എന്താ വിഷയം... ങ്ഹാ ആമിന നീയുണ്ടോ ഇവിടെ... ആ ചുക്കില്ലാത്ത കഷായംല്ലാല്ലോ...
ആമിന മാത്രം അവിടെ നിന്നു. ബാക്കിയുള്ള എല്ലാ ശുജാഅത്ത് പെണ്‍കൊടിമാരും ശ്വാസമടക്കി പിടിച്ച് അടുക്കളയിലൊളിച്ചു.
മൂപ്പാ... ഉംബായി... നിങ്ങള് രണ്ടാളും വേഗം ഹസ്രത്തിന്റെ മുറിയിലേക്ക് വാ. നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ചില തീരുമാനങ്ങളെടുക്കാനുണ്ട്.
ഹസീനയോട് കണ്ണിറുക്കി കാണിച്ചു ഖാലിദ് മൂപ്പന്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെകൂടെ ഹസ്രത്തിന്റെ മുറിയിലേക്ക് പോയി.
അവര്‍ മൂന്നാളും പോയതും അടുക്കളയിലൊളിച്ച എല്ലാ പെണ്ണുങ്ങളും പൂമുഖത്തെത്തി. ജാസ്മിനും മുംതാസും ചിരി പരിശീലിച്ചു. ചായപ്പാത്രവുമായി ആമിനയും കൂട്ടരും മുളകുവെള്ളം ഒരുമിച്ചു കണ്ണിലേക്കൊഴിക്കുന്നതും പഠിച്ചു.
(തുടരും)
വര: തമന്ന സിത്താര വാഹിദ്