മാര്‍ച്ച് മാസം സ്ത്രീകളെ സംബന്ധിച്ചേടത്തോളം കാത്തിരിപ്പിന്റെ മാസമാണ്. സ്ത്രീ ശാക്തീകരണത്തെ ഓര്‍മിപ്പിച്ചും ഉണര്‍ത്തിയും മാതൃകകള്‍ പരിചയപ്പെടുത്തിയും സ്ത്രീയുടേത് മാത്രമായി ഒരു ദിനം അന്തര്‍ദേശീയ തലത്തില്‍ ഒരുക്കിയതിന്റെ കാത്തിരിപ്പാണിത്. കര്‍തൃത്വവും നേതൃത്വവും ഏറ്റെടുക്കാൻ തക്ക വിധം സ്ത്രീമുന്നേറ്റം സാധ്യമായിക്കൊണ്ടിരിക്കുന്ന കാലത്ത്, അവഗണിക്കുകയും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ചില കാര്യങ്ങള്‍ കൂടി ഏറ്റെടുക്കേണ്ടതുണ്ട്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെ 'നിര്‍മാര്‍ജനം' ചെയ്‌തെന്നു കരുതിയ പല അനാചാരങ്ങളും പരിഷ്‌കാരപ്പേരില്‍ നിയന്ത്രണം വിട്ട് വാഴുകയാണ്. വിവാഹവുമായി ബന്ധപ്പെട്ടതാണ് അതില്‍ ഏറെയും. സുപ്രയില്‍ നിന്ന് ബുഫേയിലേക്കുള്ള മാറ്റമല്ലാതെ വിവാഹവുമായി ബന്ധപ്പെട്ട അത്യാചാരങ്ങളില്‍ മറ്റൊന്നിലും ഒരു മാറ്റവുമില്ല.
ഏറ്റവും സന്തോഷകരമായ ഒരു വേളയെ ആഹ്ലാദത്തോടെ സ്വീകരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. മംഗളകരമായൊരു കാര്യത്തിന് സാക്ഷ്യം വഹിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും കൂടിച്ചേരുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന ആനന്ദപ്രകടനങ്ങളെ ശ്വാസമടക്കി അമര്‍ത്തിവെക്കേണ്ടതുമില്ല. പക്ഷേ, എല്ലാറ്റിലും മിതത്വം പാലിക്കാന്‍ ആഹ്വാനം ചെയ്യപ്പെട്ട മാതൃകാ സമൂഹത്തിലെ ചിലരുടെ ഇക്കാര്യത്തിലെ നിലവാരം 'ഒന്നുകില്‍ കളരിക്ക് പുറത്ത്, അല്ലെങ്കില്‍ ഗുരിക്കളുടെ നെഞ്ചത്ത്' എന്ന് പറഞ്ഞ പോലെയാണ്. ഒന്നുകില്‍ ഒന്നും പാടില്ല. അല്ലെങ്കില്‍ എന്തും ആവാം എന്ന നിലപാടില്ലായ്മ. പഴയതിനേക്കാള്‍ ഊക്കിലാണ് ഈ ആചാരക്കളി. മണിയറയില്‍ മണവാളനായി ആദ്യരാത്രി ഉറങ്ങേണ്ടവന്‍ പോലീസ് സ്‌റ്റേഷനിലും ജയിലിലുമൊക്കെയാവുന്ന അതിസാഹസമാണ് ചിലേടത്തെങ്കിലും. ഉത്സവം പോലെയാണ് വിവാഹങ്ങള്‍.
ഇക്കാര്യത്തില്‍ സ്ത്രീകളാണ് ബോധവതികളാവേണ്ടത്. മഞ്ഞക്കല്യാണവും മൈലാഞ്ചിക്കല്യാണവും വിവാഹാന്വേഷണം മുതല്‍ പെണ്ണുകാണലില്‍ തുടങ്ങുന്ന ആചാരാതൃപ്പങ്ങളും സ്ത്രീകളുടെ കാര്‍മികത്വത്തിലാണ് തിടം വെക്കുന്നത്. ആടയാഭരണങ്ങളും ഉടയാടകളും ചേലൊത്തതും വില കൂടിയതും തന്നെയാവണമെന്ന നിര്‍ബന്ധ ബുദ്ധിയും പലപ്പോഴും സ്ത്രീകൾക്കാണ്. വിവാഹ-കുടുംബ സങ്കല്‍പ്പങ്ങൾ വിപണിക്കൊത്താവുമ്പോൾ അതിന്റെ ഇര സ്ത്രീകളാണെങ്കിലും അമ്മായിയമ്മ- നാത്തൂന്‍ സ്ഥാനത്തേക്കെത്തുമ്പോള്‍ പലതും മറക്കും. വെളുപ്പാണ് ഭംഗിയെന്ന പുതു രീതി പഥ്യമാവുന്നതും ഈ സ്ഥാനത്തേക്കെത്തുമ്പോഴാണ്. കുടുംബമാണ് സര്‍വം. അതിലേക്കെത്തുന്ന എല്ലാ വഴികളും സുതാര്യമാവണം. ഈ മാറ്റത്തിനായി സ്ത്രീകള്‍ നന്നായൊന്നൊരുങ്ങണം.
വിശ്വാസികളെ സംബന്ധിച്ചേടത്തോളം വിശുദ്ധിയുടെ രാപ്പകലുകള്‍ സമ്മാനിക്കുന്ന റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ ദിനങ്ങളാണ് മുമ്പില്‍. കഴുകിത്തുടച്ചും നനച്ചുകുളിച്ചും മാലിന്യമുക്തമായി റമദാനെ വരവേൽക്കുകയാണ്. ഇന്നലെകളിലെ വേണ്ടാതീനങ്ങള്‍ ഒഴിവാക്കി ജീവിതത്തെ സംസ്‌കരിക്കുമ്പോഴാണ് അര്‍ഥപൂര്‍ണമായ വ്രതം സാധ്യമാവുക. വ്രതനാളിലെ മുന്നൊരുക്കം സ്വന്തത്തിലും ചുറ്റിലുമുള്ള എല്ലാ മാറാപ്പുകളെയും ഒഴിവാക്കി മാമൂലുകളില്‍ നിന്ന് മുക്തമായ മാതൃകാ സമൂഹമായി മാറാനുള്ളതാവട്ടെ.