നാട്ടുനന്മയുടെ അയൽക്കൂട്ട പാഠങ്ങള്‍

ഫൗസിയ ഷംസ്
മാർച്ച് 2024
ഇന്‍ഫാക്ക് സംഗമം അയല്‍ക്കൂട്ടായ്മയുടെ പ്രസക്തിയും പ്രവര്‍ത്തനവും

ഏതൊരു സാമൂഹിക സംവിധാനത്തിലും എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് അഭിമാനത്തോടെ ജീവിക്കാനാണ്. അധ്വാനിക്കുന്ന പണം, തന്റെയും തന്നെ ആശ്രയിക്കുന്ന കുടുംബത്തിന്റെയും നിത്യവൃത്തികള്‍ നടത്താന്‍ പ്രയോജനപ്പെടുമ്പോഴാണ് അഭിമാനത്തോടെ ജീവിക്കാനാവുക. എന്നാല്‍, ജീവിതാവശ്യങ്ങള്‍  നടത്താന്‍ മറ്റുള്ളവരോട് കൈനീട്ടേണ്ട അവസ്ഥയിലാണിന്ന് പലരും. എല്ലാവര്‍ക്കുമുള്ള ജീവിത വിഭവങ്ങള്‍ ദൈവം ഭൂമിയില്‍ സംവിധാനിച്ചിട്ടുണ്ടെങ്കിലും വിതരണത്തിന്റെയും ലഭ്യതയുടെയും തോതിലെ ഏറ്റക്കുറച്ചില്‍ മൂലം ജീവിതത്തെ ഞെരുക്കും വിധം സാമ്പത്തിക അസമത്വങ്ങള്‍ വര്‍ധിച്ചുവരികയാണ്. വിഭവങ്ങളുടെ 80 ശതമാനവും സമൂഹത്തിലെ ന്യൂനപക്ഷമായ സമ്പന്നര്‍ കൈയടക്കുകയും ബഹുഭൂരിപക്ഷവും ജീവിക്കാന്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന ദുരവസ്ഥയാണിന്ന്. വിദ്യാഭ്യാസത്തിനും വിവാഹത്തിനും വീടുണ്ടാക്കാനും നെട്ടോട്ടമോടുന്നവരെ സഹായിക്കാനെന്ന ഭാവേന വാതില്‍പ്പടിയില്‍ വന്ന് പണം തരുന്ന വട്ടിപ്പലിശക്കാരും കൊള്ളലാഭം കൊയ്യുന്ന ബാങ്കടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും ധാരാളമുണ്ട് ചുറ്റും. ഇവരില്‍നിന്ന് വായ്പയെടുത്ത്, കടക്കെണിയില്‍ പെട്ട് കുടുംബമൊന്നാകെ ആത്മഹത്യയില്‍ അഭയം തേടുന്നത് സാധാരണ വാര്‍ത്തകളായി മാറുകയാണ്.
ഭരണകൂടത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളും സുമനസ്സുകളുടെ ചാരിറ്റി പദ്ധതികളും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മതിയാവാതെ വരുമ്പോള്‍, ഭൂമിയും ആസ്തിയും ഇല്ലാത്ത ദരിദ്രരും എല്ലാം കൈയടക്കിയ സമ്പന്നരും തമ്മിലുള്ള അന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ദരിദ്രര്‍ക്ക് സാമ്പത്തിക ലഭ്യത ഉറപ്പ് വരുത്തുന്ന ലോകത്തുടനീളമുള്ള മൈക്രോ ഫിനാന്‍സ് സൂക്ഷ്മ വായ്പാ സംവിധാനം പോലും പലിശാധിഷ്ഠിത ചൂഷണത്തിന്റെ മറ്റൊരു രൂപമായി മാറി. ഇതോടെ ദരിദ്രര്‍ കൂടുതല്‍ പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത്.

അയല്‍ക്കൂട്ടായ്മയുടെ പ്രസക്തി

ഈ പശ്ചാത്തലത്തിലാണ് പലിശ മുക്ത കുടുംബ സംവിധാനത്തിലൂടെ ചൂഷണ രഹിത സമൂഹം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന, സാമ്പത്തിക രംഗത്ത് ബദല്‍ മാതൃക സൃഷ്ടിച്ചു മുന്നേറുന്ന ഇന്‍ഫാക് സംഗമം അയല്‍ക്കൂട്ടായ്മകളുടെ പ്രസക്തി. സ്ത്രീകളുടെ സാമ്പത്തിക ഉണര്‍വുകള്‍ മാത്രമല്ല, നാനോമുഖമായ സ്ത്രീ ശാക്തീകരണത്തിനും ഇന്‍ഫാക് സംഗമം അയല്‍ക്കൂട്ടങ്ങള്‍ വേദിയാവുന്നു. സ്ത്രീ പങ്കാളിത്തത്തിന്റെയും സംഘാടനത്തിന്റെയും നല്ല മാതൃകകളാണ് ഓരോ അയല്‍ക്കൂട്ടവും. സാമ്പത്തിക സ്വാശ്രയത്വത്തിലേക്കു നയിക്കുന്ന നൈപുണികള്‍ ആര്‍ജിക്കുന്നതോടൊപ്പം സര്‍ഗാത്മകതയും കലാ -സാഹിത്യ അഭിരുചികളും പെണ്ണൊരുമയില്‍ സമന്വയിക്കുന്നതിന്റെ സാക്ഷ്യമായിരുന്നു അയല്‍ക്കൂട്ടങ്ങളുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികള്‍. നേതൃഗുണവും സംഘാടനവും സാമൂഹിക ബോധവും സാമ്പത്തിക അച്ചടക്കവും സമ്മേളിച്ച സ്ത്രീ വേദികളായിരുന്നു പലതും. 2012-ല്‍ രൂപീകൃതമായ സംഘടനയുടെ പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെയാണ് സംസ്ഥാനമൊട്ടാകെ ആഘോഷിക്കുന്നത്. വൈവിധ്യമാര്‍ന്ന കലാ - കായിക ഫെസ്റ്റുകളും വിപണന മേളകളും ഓരോ പ്രദേശത്തും ഓരോ എന്‍.ജി.ഒക്കു കീഴിലും നിരവധി എഴുത്തുകാരികളെയും പാട്ടുകാരികളെയും ചിത്രകാരികളെയും സംരംഭകരെയും അരങ്ങത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്.

5000 അയല്‍ക്കൂട്ടങ്ങള്‍ക്കു കീഴില്‍ 82,000-ത്തോളം മെമ്പര്‍മാരാണ് 10 വര്‍ഷം പിന്നിടുമ്പോള്‍ ഇന്‍ഫാക് സംഗമം അയല്‍ക്കൂട്ടങ്ങളിലുള്ളത്. നിത്യവൃത്തിക്കാവശ്യമായ പണം കടം വാങ്ങുകയും മുറതെറ്റാതെ തിരിച്ചടക്കുകയും ചെയ്യുന്ന സാമ്പ്രദായിക സാമ്പത്തിക മൈക്രോഫിനാന്‍സിംഗ് സംവിധാനത്തിനപ്പുറം സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹിക ശാക്തീകരണം ലക്ഷ്യമിടുന്നു എന്നതാണ്  ഇന്‍ഫാക് അയല്‍ക്കൂട്ടങ്ങളെ വേറിട്ടു നിര്‍ത്തുന്നത്. സാമൂഹിക അസമത്വങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സാമ്പത്തിക പുരോഗതിക്ക് വലിയ പ്രാധാന്യമുണ്ട് എന്ന തിരിച്ചറിവില്‍ തുടങ്ങിയ പലിശ രഹിത സാമ്പത്തിക പദ്ധതികളെ മത-ജാതി ഭേദമന്യെ പൊതുജനം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് പത്താം വര്‍ഷം ആഘോഷിക്കുന്ന അയല്‍ക്കൂട്ട സംഗമങ്ങളിലെ വിവിധ പരിപാടികളിലെ വമ്പിച്ച വനിതാ പ്രാതിനിധ്യം.

സാമ്പത്തിക സ്വാശ്രയത്വത്തിന്റെ ബദല്‍ രീതികള്‍

താല്‍ക്കാലിക സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പണം ലഭ്യമാക്കുക, തിരിച്ചടവ് ക്രമം തെറ്റാതെ നടത്തുക എന്ന സാമ്പ്രദായിക രീതികളില്‍നിന്ന് മാറി സാമ്പത്തികമായി അരികുവല്‍ക്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തെ തൊഴില്‍ നൈപുണികള്‍ നല്‍കി സാമ്പത്തിക സ്വാശ്രയത്വത്തിന്റെ ബദല്‍ രീതി പരിചയപ്പെടുത്തിയ അയല്‍ക്കൂട്ടപ്പെരുമയുടെ മികവാര്‍ന്ന മാതൃകകളാണ് ഓരോ എന്‍.ജി.ഒയും കാഴ്ച വെച്ചത്. നൈപുണികളെ വ്യവസ്ഥാപിതമായി പരിപോഷിപ്പിച്ചെടുക്കുന്ന കാര്യത്തില്‍ കൃത്യതയാര്‍ന്ന പ്രായോഗിക പരിശീലനം ഇന്‍ഫാക് സംസ്ഥാനാടിസ്ഥാനത്തില്‍ ചെയ്തിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യം, പരിപാടികള്‍ ഏറ്റെടുത്ത് നടത്താനുള്ള നേതൃശേഷി, സാമൂഹിക ബോധം, സംഘാടനം എന്നിവ ഓരോ പ്രദേശത്തെയും അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമായിട്ടുണ്ട് എന്നതിനു തെളിവാണ് ഓരോ പ്രദേശങ്ങളിലും നടന്ന സംഗമം അയല്‍ക്കൂട്ട ഫെസ്റ്റുകള്‍. സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതില്‍ മൈക്രോഫിനാന്‍സിംഗ് രംഗത്ത് ഗവണ്‍മെന്റുകളെക്കാള്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുന്നത് പ്രാദേശിക എന്‍.ജി.ഒകളാണെന്ന ബോധ്യത്തോടെ, ഓരോ പ്രദേശത്തെയും എന്‍.ജി.ഒക്കു കീഴിലാണ് സംഗമം അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍. ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി മാര്‍ക്കറ്റു ചെയ്യാന്‍ പാകത്തില്‍ വിവിധ തരം ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണനം ചെയ്യാന്‍ ഇവര്‍ക്കായിട്ടുണ്ട്. ധാന്യപ്പൊടികള്‍, അച്ചാര്‍, ലേഡീസ് ബാഗുകള്‍, നാപ്കിന്‍ ബാഗുകള്‍, ഭക്ഷ്യോത്പന്നങ്ങള്‍, പലഹാരങ്ങള്‍, സോപ്പുകള്‍ പോലുള്ളവ നിര്‍മിച്ചു വിപണനം ചെയ്യുക വഴി സ്ത്രീകള്‍ക്ക് ലഭ്യമായ സമയത്തെ കുടുംബത്തിന്റെ സാമ്പത്തിക സുസ്ഥിതിക്കായി മാറ്റിവെക്കാന്‍ കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്.
കോഴിക്കോട് ജില്ലയുടെ നേതൃത്വത്തില്‍ നടത്തിയ വിപണന മേള 30-ഓളം അയല്‍ക്കൂട്ടങ്ങളുടെ സംഗമ വേദിയായിരുന്നു. വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ നിരത്തിയ മേള നഗരിക്ക് നല്ലൊരനുഭവമായിരുന്നു. സമയത്തെ ഉല്‍പാദനക്ഷമതയോടെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന്റെ പരീക്ഷണമായി ഓരോ സ്റ്റാളും മാറി. അവിടെനിന്ന് ലഭിച്ച ലാഭമല്ല പ്രധാനം; അവരുടെ ആത്മവിശ്വാസം ഉയര്‍ത്താനായി എന്നതാണ്. അത് തന്നെയാണ് മേളയുടെ വിജയവും. ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച കോഴിക്കോടന്‍ തെരുവില്‍ തങ്ങളുടെ നൈസര്‍ഗികതയും നൈപുണിയും കൊണ്ട് സംഗമം അയല്‍ക്കൂട്ടത്തിലെ സ്ത്രീകള്‍ അടയാളപ്പെടുത്തിയ ദിനമായിരുന്നു ജനുവരി 30.

സംരംഭങ്ങള്‍ക്ക് സഹായം

ബൈത്തുസ്സകാത്ത് കേരള വഴി അര്‍ഹതപ്പെട്ടവര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള സഹായം ചെയ്യുക വഴി സംരംഭകത്വ മേഖലകളിലേക്കും സ്ത്രീകള്‍ക്ക് എത്തിപ്പെടാനായി. തേനീച്ച വളര്‍ത്തല്‍, ആട്, പശു, കോഴി- വളര്‍ത്തല്‍ തുടങ്ങിയവയിലൂടെ നല്ലൊരു വരുമാനം ലഭിക്കുന്നു. പരിചയ വൃത്തത്തില്‍ മാത്രമൊതുങ്ങാതെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ദൂര സ്ഥലങ്ങളിലും തങ്ങളുടെ ഉല്‍പന്നം വിറ്റഴിക്കാനാവുന്നുണ്ട്. എടുത്തുപറയേണ്ട കാര്യമാണ് സോഫ്റ്റ്‌വെയര്‍. വരവ്-ചെലവുകള്‍ സൂക്ഷിക്കാനും കൃത്യതയാര്‍ന്ന ഇടപാടുകള്‍ നടത്താനും സോഫ്റ്റ് വെയറുകള്‍ ഉപയോഗപ്പെടുത്തുക വഴി വലിയൊരു സമയമാണ് സ്ത്രീകള്‍ക്ക് ലാഭിക്കാനാവുന്നത്.

സാമ്പത്തിക സ്വാശ്രയത്വത്തോടൊപ്പം, സ്ത്രീ ശാക്തീകരണവും വിദ്യാഭ്യാസ ഉന്നമനവും ലക്ഷ്യമാക്കി സര്‍ക്കാറും തദ്ദേശ വകുപ്പും നടപ്പാക്കുന്ന പദ്ധതികള്‍ ഇന്‍ഫാക് സ്ത്രീകളിലേക്കെത്തിക്കുന്നു. സമൂഹത്തെ ബാധിച്ചിരിക്കുന്ന മദ്യം, മയക്കുമരുന്ന് പോലുള്ള ദൂഷ്യങ്ങള്‍ക്കെതിരെയും, ആരോഗ്യകരമായ ജീവിതരീതിക്കു വേണ്ടിയും ബോധവല്‍ക്കരണ പരിപാടികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണവും നിയമ സഹായങ്ങള്‍ ഉറപ്പുവരുത്തലും, കുടുംബപരമായും സാമൂഹികമായും സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്കുള്ള കൗണ്‍സലിംഗ് ക്ലാസ്സുകള്‍, കരിയര്‍ ഗൈഡന്‍സുകള്‍, കാര്‍ഷിക ബോധവല്‍ക്കരണ പരിപാടികള്‍, രക്തദാന പരിപാടികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ സര്‍വതോമുഖമായ വികാസത്തിനും വളര്‍ച്ചക്കും സാധ്യതയുള്ള പരിപാടികള്‍ കണ്ടെത്തി ആവിഷ്‌കരിക്കുന്നതില്‍ സംഗമം അയല്‍ക്കൂട്ടങ്ങള്‍ വലിയ തോതില്‍ വിജയിച്ചിട്ടുണ്ട്.

ഒരുമ തന്നെ പെരുമ

മത-ജാതി-വര്‍ഗീയ ചേരിതിരിവുകള്‍ രൂക്ഷമാകുന്ന ഇന്ത്യനവസ്ഥയില്‍, ഓരോ പ്രദേശത്തെയും അടുത്തടുത്ത വീടുകളിലെ മത-ജാതി ഭേദമില്ലാതെ സ്ത്രീകള്‍ ഒരുമിക്കുന്നതിലൂടെ സാമൂഹിക ശാക്തീകരണമാണ് നടക്കുന്നത്. ഏതൊരു പ്രദേശത്തും, കുടുംബവും വ്യക്തികളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് സാധിക്കുക. കാരണം, ഓരോ വീടിന്റെയും കോലായി വരെയേ പുരുഷനു പോകാനാവൂ. പക്ഷേ, അടുക്കളവരെ കയറിച്ചെന്ന് ഓരോ കുടുംബവും അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അറിയാനും പരിഹാരം നിര്‍ദേശിക്കാനും സ്ത്രീകള്‍ക്ക് സാധിക്കും. മനസ്സുകളെ മലീമസമാക്കുന്ന ധ്രുവീകരണ ശക്തികളെ തടുക്കാന്‍ ഈ ഇഴയടുപ്പത്തിലൂടെ അയല്‍ക്കൂട്ട സംഘങ്ങള്‍ക്കു സാധിച്ചിട്ടുണ്ട് എന്നതിനു തെളിവാണ് വിപണന മേളകളിലും സാംസ്‌കാരിക പരിപാടികളിലും വിഭിന്ന മത-ജാതി സ്ത്രീകളുടെ പങ്കാളിത്തം.

'സുസ്ഥിര വികസനത്തിന് അയല്‍ക്കൂട്ട പെരുമ' എന്ന തലക്കെട്ടില്‍ പത്താം വാര്‍ഷികം 2023 സെപ്തംബര്‍ 10 മുതല്‍ 2024 മാര്‍ച്ച് 31 വരെ ആഘോഷിക്കുമ്പോള്‍ സാമ്പത്തിക സ്വാശ്രയത്വമുള്ളവളും, സംരംഭകയും നേതൃശേഷിയുള്ളവളും സംഘാടകയും മാത്രമല്ല, ഓരോ വീട്ടിലും കഥാകാരിയും എഴുത്തുകാരിയും കവികളും ചിത്രകാരികളും ഒളിഞ്ഞിരിപ്പുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായി മാറുന്നുണ്ട് സംഗമം പരിപാടികള്‍. അവരുടെ സര്‍ഗശേഷികള്‍ അന്യം നിന്നിട്ടില്ല എന്നതിന്റെ അടയാളപ്പെടുത്തലായിരുന്നു ഫെസ്റ്റുകളില്‍ കണ്ടത്. ബാല്യവും കൗമാരവും സ്‌കൂള്‍ കാലവും വിട്ട് കുടുംബവും കുട്ടികളും പ്രാരാബ്ധങ്ങളുമായി കഴിയുന്നതിനിടയില്‍ മറവിയിലാണ്ട സര്‍ഗശേഷിയെ കഥയായും കവിതയായും ചിത്രമായും വീണ്ടും കടലാസ്സില്‍ പകര്‍ത്തിയവരും, എന്നോ നിര്‍ത്തിവെച്ച ആലാപന സിദ്ധിയെ വീണ്ടും പൊടിതട്ടിയെടുത്തവരും കോഴിക്കോട് നെസ്റ്റ് പബ്ലിക്് സ്‌കൂളില്‍ നടന്ന സംസ്ഥാന തല മത്സരം കാഴ്ചവെച്ച പെണ്‍ സാധ്യതകളുടെ അയല്‍ക്കൂട്ട മാതൃകയായിരുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media