ഇസ്ലാമിലെ അതിപ്രധാന ആരാധനാ കര്‍മമായ സകാത്തിനെയും ബൈത്തുസ്സകാത്ത്
കേരള ഇക്കാര്യത്തില്‍ നിര്‍വഹിക്കുന്ന ദൗത്യത്തെയും കുറിച്ച്
സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലകളിലും വലിയ ശമ്പളം വാങ്ങുന്ന ധാരാളം വനിതകള്‍ ഇന്നുണ്ട്. സ്വന്തമായി വ്യാപാര, വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും കുറവല്ല. പല കുടുംബങ്ങളിലും പുരുഷന്മാരെക്കാള് വരുമാനമുണ്ടാക്കുന്നവര്‍ സ്ത്രീകളാണ്. സ്വാഭാവികമായും സകാത്ത് ദാതാക്കളില്‍ ഈ മാറ്റം കാണപ്പെടേണ്ടതുണ്ട്.
ഇസ്ലാമിലെ അതിപ്രധാനമായ രണ്ടാമത്തെ ആരാധനാ കര്‍മമാണ് സകാത്ത്. വ്യക്തി ജീവിതത്തിന്റെ സംസ്കരണം, സമ്പത്തിന്റെ ശുദ്ധീകരണം, ദാരിദ്ര്യ നിര്‍മാര്‍ജനം, സമൂഹത്തിന്റെ സാമ്പത്തിക ഭദ്രത, സുസ്ഥിരമായ വളര്‍ച്ച, സാമൂഹ്യനീതിയുടെ സംസ്ഥാപനം തുടങ്ങിയവയെല്ലാം സാധിതമാക്കാന്‍ ഇസ്ലാം നിശ്ചയിച്ച സുപ്രധാനവും ശാസ്ത്രീയവുമായ സംവിധാനമാണത്. സകാത്തിലൂടെ സമ്പത്തിന്റെ ഫലപ്രദവും സജീവവുമായ ഒഴുക്ക് സംഭവിക്കുന്നു. സമ്പന്നരുടെ സമ്പത്തില്‍നിന്ന് ദരിദ്രര്‍ക്ക് നിര്‍ബന്ധമായും ലഭിക്കേണ്ട കൃത്യമായ വിഹിതം അവകാശമായി നിശ്ചയിച്ചതിലൂടെ പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കാനുള്ള അടിസ്ഥാന സംവിധാനമാണ് ഇസ്ലാം ആവിഷ്കരിച്ചത്. സമ്പത്ത് കുന്നുകൂടിക്കിടക്കരുതെന്നും സദാ ക്രയവിക്രയം ചെയ്തുകൊണ്ടിരിക്കണമെന്നുമുള്ള ഇസ്ലാമിക നിലപാട് പ്രയോഗവല്‍ക്കരിക്കുന്ന പദ്ധതി കൂടിയാണ് സകാത്ത്. അതോടൊപ്പം സമ്പത്ത് ധനികരില്‍ മാത്രം കറങ്ങരുതെന്ന ഖുര്‍ആനിക അധ്യാപനവും സകാത്തിലൂടെ നടപ്പാക്കപ്പെടുന്നു.
പ്രാഥമികാവശ്യങ്ങളുടെ
പൂര്‍ത്തീകരണം
ഇസ്ലാം സകാത്തിലൂടെ വിശപ്പും ദാഹവും ദാരിദ്ര്യവുമില്ലാത്ത, പ്രാഥമികാവശ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്ന സമൂഹത്തെ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. ചരിത്രത്തില്‍ പലപ്പോഴും അത്തരം സമൂഹങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്.
ഇന്നും അത് സാധ്യമാണെന്ന് മനസ്സിലാക്കുന്നു. നമ്മുടെ നാട്ടില്‍ സംഘടിത സകാത്ത് ശേഖരണത്തിനും വിതരണത്തിനും ഫലപ്രദമായ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഓരോ വര്‍ഷവും ബില്യന്‍ കണക്കിന് രൂപ ശേഖരിച്ച് വിതരണം നടത്താന്‍ സാധിക്കുമായിരുന്നു. അതിലൂടെ ക്രമേണയെങ്കിലും ഇന്ത്യന്‍ മുസ്ലിംകളുടെ പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ, വെള്ളം, വെളിച്ചം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പ്രയാസപ്പെടുന്ന ജനലക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട സകാത്ത് സമ്പന്നരുടെ കൈവശമാണുള്ളത്. അത് കൃത്യമായി ശേഖരിച്ച് വ്യവസ്ഥാപിതമായി വിതരണം ചെയ്താല്‍ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥക്കും ദാരിദ്ര്യത്തിനും അറുതി വരുത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. സകാത്ത് ശേഖരണത്തിനും വിതരണത്തിനും അത്തരം വിപുലവും വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ സംവിധാനമില്ലെന്നതാണ് സമൂഹം ഇന്ന് അനുഭവിക്കുന്ന ഏറ്റവും കടുത്ത പ്രതിസന്ധി. അതിനാല്‍, സകാത്തിന്റെ വളരെ ചെറിയൊരംശം മാത്രമേ കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂ. അതുതന്നെ സമുദായത്തിലെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുകയും സാമ്പത്തിക ഭദ്രതയും വളര്‍ച്ചയും വികാസവും ഉറപ്പ് വരുത്തുകയും ചെയ്യുന്ന വിധം സംഘടിതമോ ശാസ്ത്രീയമോ വ്യവസ്ഥാപിതമോ അല്ല.
സകാത്ത് കേവലം ദാനമായി നല്‍കേണ്ടതല്ലെന്നും നമസ്കാരം പോലെ നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട ബാധ്യതയാണെന്നും സമുദായം തിരിച്ചറിയുകയും സാമൂഹിക സാഹചര്യം വിലയിരുത്തി കൃത്യമായ ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് ബജറ്റും പദ്ധതികളും നിര്‍ണയിച്ച് അതിന്റെ സംഭരണവും വിതരണവും നിര്‍വഹിക്കുകയും ചെയ്താല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ പാവപ്പെട്ടവരുടെ അടിസ്ഥാന മേഖലയിലെ വികസനം സാധ്യമാകും. അങ്ങനെ സകാത്തിലൂടെ ലക്ഷ്യംവെക്കുന്ന ദാരിദ്ര്യ നിര്‍മാര്‍ജനം ഒരു പരിധിയോളമെങ്കിലും പ്രയോഗവല്ക്കരിക്കപ്പെടുകയും ചെയ്യും.
ബൈത്തുസ്സകാത്ത് കേരള
ഇത്തിരിയെങ്കിലും കാരുണ്യമുള്ളവരെയൊക്കെ അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും. മാരകമായ രോഗങ്ങള്‍ക്കടിപ്പെട്ട് വേദനകൊണ്ട് പുളയുന്നവര്‍, തലചായ്ക്കാന്‍ കൊച്ചു കൂര പോലുമില്ലാതെ കഷ്ടപ്പെടുന്നവര്‍, തൊഴിലെടുക്കാന്‍ കഴിവുണ്ടായിട്ടും ഉപകരണങ്ങളില്ലാത്തതിനാല്‍ ജോലിയില്ലാതെ പ്രയാസപ്പെടുന്നവര്‍, പഠിക്കാന്‍ യോഗ്യതയും സാമര്‍ഥ്യവുമുണ്ടായിരുന്നിട്ടും പണമില്ലാത്തതിനാല്‍ പഠനം മുടങ്ങുന്നവര്‍, കൊടിയ ദാരിദ്ര്യം കാരണം ബാലവേലയിലേക്കും കുറ്റകൃത്യങ്ങളിലേക്കും തള്ളപ്പെടുന്നവര്‍, വരുമാനമൊന്നുമില്ലാതെ പട്ടിണികൊണ്ട് പൊറുതിമുട്ടുന്നവര്‍, അന്യായമായി ജയിലുകളിലടക്കപ്പെടുന്നവര്.
ഗതിമുട്ടിയ ഇത്തരം ജീവിതങ്ങള്‍ക്ക് കരുത്ത് പകരാനും തളര്‍ന്നുപോയ മനുഷ്യര്‍ക്ക് ആശ്വാസം നല്‍കാനും സംഘടിത സകാത്ത് സംവിധാനത്തിന് സാധിക്കുമെന്ന് പ്രായോഗികമായി തെളിയിച്ച മഹത്തായ സ്ഥാപനമാണ് ബൈത്തുസ്സകാത്ത് കേരള.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സകാത്ത് ശേഖരിച്ച് ഏറ്റവും അര്‍ഹരായ ആളുകള്‍ക്ക് എത്തിച്ചു കൊടുക്കാനായി 2000 ഒക്ടോബറില്‍ ആരംഭിച്ച മഹത്തായ സംരംഭമാണിത്. വീട് നിര്‍മാണം, സ്വയംതൊഴില്‍, ചികിത്സ, വിദ്യാഭ്യാസ സഹായം, കടാശ്വാസം, മാസാന്ത പെന്ഷന്, കുടിവെള്ള പദ്ധതി തുടങ്ങിയ വിവിധ മേഖലകളിലായി പതിനായിരക്കണക്കിന് മനുഷ്യര്‍ക്ക് ആശ്വാസം നല്‍കാനും ജീവിത പാതയില്‍ കരുത്തേകാനും ഈ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. ഒരിക്കല്‍ സകാത്ത് വാങ്ങിയവര്‍ പിന്നീട് അതിന് അര്‍ഹരല്ലാത്ത വിധം അവരെ സ്വയം പര്യാപ്തരാക്കാനാണ് ബൈത്തുസ്സകാത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ബൈത്തുസ്സകാത്തിന്റെ വിവിധ പദ്ധതികളില്‍ ധാരാളമായി അപേക്ഷ ലഭിക്കാറുള്ളത് വിധവകളില്‍ നിന്നാണ്. അര്‍ഹരായ വിധവകള്‍ക്ക് പ്രത്യേക പരിഗണനയും നല്‍കാറുണ്ട്. തയ്യല്‍ മെഷീന്, പശു വളര്‍ത്തല്‍ തുടങ്ങിയ മേഖലകളില്‍ സ്ത്രീകളില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിക്കാറുള്ളത്. കൂടുതല്‍ പരിഗണിക്കപ്പെടാറുള്ളതും സ്ത്രീകള്‍ തന്നെ.
കേരളത്തില്‍ പലയിടങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന പ്രാദേശിക സകാത്ത് കമ്മിറ്റികള്‍ ഇതില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. അതോടൊപ്പം ആയിരത്തി എഴുന്നൂറോളം കോര്‍ഡിനേറ്റര്‍മാരും വളണ്ടിയര്മാരായുണ്ട്. കേരളത്തിലെങ്ങും ബൈതുസ്സകാത്തിന് പ്രവര്‍ത്തന ശൃംഖലകളുണ്ട്. സകാത്തിന്റെയും സംഘടിത സകാത്തിന്റെയും അനിവാര്യതയെയും പ്രാധാന്യത്തെയും സംബന്ധിച്ച് ബോധവല്‍ക്കരിക്കാനും ബൈത്തുസ്സകാത്ത് ശ്രമിച്ചുവരുന്നു.
രണ്ടര മുതല്‍ 20 ശതമാനം വരെ
പൊതുവെ മനുഷ്യാധ്വാനം വരുമാനത്തിന്റെ അടിസ്ഥാനമാകുമ്പോള്‍ അതിന്റെ രണ്ടര ശതമാനവും, മൂലധനം വരുമാനത്തിന്റെ മുഖ്യ സ്രോതസ്സ് ആകുമ്പോള്‍ പത്ത് ശതമാനവും, രണ്ടും കൂടിയാകുമ്പോള്‍ അഞ്ച് ശതമാനവും, രണ്ടിനും പങ്കില്ലാത്ത കരിമ്പാറ, വെട്ടുപാറ, കരിമണല്‍, ഖനിജങ്ങള്‍, അവാര്‍ഡുകള്‍ പോലുള്ളവക്ക് ഇരുപത് ശതമാനവുമാണ് സകാത്ത് നല്‍കേണ്ടത്. ഈ തത്വത്തിന് ചില അപവാദങ്ങള്‍ ഉണ്ടായേക്കാം.
ശമ്പളം, കൂലി, ഡോക്ടര്‍മാരുടെ ഫീസ്, എഞ്ചിനീയര്‍മാരുടെ വരവ് പോലുള്ളവയില്‍ ശരാശരി കേരളീയന്റെ ജീവിത നിലവാരമനുസരിച്ചുള്ള അടിസ്ഥാന ചെലവ് കഴിച്ച് 85 ഗ്രാം സ്വര്‍ണത്തിന്റെ വിലയോളം വാര്‍ഷിക വരുമാനമുണ്ടെങ്കില്‍ രണ്ടര ശതമാനമാണ് സകാത്ത് നല്‍കേണ്ടത്. ആകെയുള്ളതിന് നല്‍കണം.
നെല്ല്, നാളികേരം, അടക്ക, റബ്ബര്‍, കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക് ചെലവ് കഴിച്ചുള്ള വരുമാനം 1300 കിലോഗ്രാം നെല്ലിന്റെ അല്ലെങ്കില്‍ 650 കിലോഗ്രാം അരിയുടെ വിലയോളമുണ്ടെങ്കില് പത്ത് ശതമാനം സകാത്ത് നല്‍കണം.
കപ്പ, ചേന, ചേമ്പ്, വാഴ, വെള്ളരി, ചക്ക, മാങ്ങ തുടങ്ങിയവയുടെ സക്കാത്തും ഇവ്വിധം തന്നെ. വിവിധ കാര്‍ഷിക ഇരങ്ങളില് നിന്നെല്ലാം കൂടിയുള്ള വരുമാനം നിശ്ചിത പരിധിയുണ്ടെങ്കില്‍ സകാത്ത് നല്കാന് ബാധ്യസ്ഥമാണ്.
വാടകക്കെട്ടിടം, വ്യവസായം, ഗോട്ട് ഫാം, പൗള്‍ട്രി ഫാം, ട്രാവല്‍ ഏജന്‍സി, ബസ്, ജീപ്പ്, ആശുപത്രി, സ്കൂള്‍ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം ചെലവ് കഴിച്ചുള്ളതിന് പത്ത് ശതമാനമാണ് സകാത്ത് നല്‍കേണ്ടത്. സക്കാത്ത് നല്‍കേണ്ട പരിധിയുടെ കാര്യത്തിലും തോതിന്റെ കാര്യത്തിലും പണ്ഡിതന്മാര്ക്കിടയില് അഭിപ്രായ വ്യത്യാസമുണ്ട്. കച്ചവടത്തിന് സ്റ്റോക്കുള്ള സാധനത്തിന്റെ വിലയും ഒരു വര്‍ഷത്തെ ചെലവ് കഴിച്ചുള്ള ലാഭവും കൂട്ടി അതിന്റെ രണ്ടര ശതമാനം നല്‍കണം. റിയല്‍ എസ്റ്റേറ്റിന്റെ സകാത്തും ഇവ്വിധം തന്നെ. 85 ഗ്രാമോ കൂടുതലോ സ്വര്‍ണം ഉണ്ടെങ്കില്‍ അതുള്‍പ്പെടെ മുഴുവന്‍ സ്വര്‍ണത്തിനും അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കണം.
85 ഗ്രാം കഴിച്ചുള്ളതിന് മതിയെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. ധരിക്കുന്ന ആഭരണങ്ങള്‍ക്ക് സകാത്ത് വേണ്ടെന്ന് അഭിപ്രായപ്പെട്ട ചില പണ്ഡിതന്മാരുണ്ട്. എന്നാല്‍ സൂക്ഷ്മതയുടെ മാര്‍ഗം ആഭരണങ്ങളുള്‍പ്പെടെയുള്ള മുഴുവന്‍ സ്വര്‍ണത്തിലും സകാത്ത് നല്‍കലാണ്. എല്ലാ വര്‍ഷവും അവയ്ക്ക് സകാത്ത് നല്‍കണം. ഒരിക്കല്‍ സകാത്ത് കൊടുത്ത സ്വര്‍ണത്തിന് പിന്നെ കൊടുക്കേണ്ടതില്ലെന്ന തെറ്റിദ്ധാരണയും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത് ശരിയല്ല.
ബൈത്തുസ്സകാത്ത് കേരള വിശ്വാസികളെ, നമസ്കാരം പോലെ നിര്‍ബന്ധമായ സകാത്ത് നല്കാന് നിരന്തരം ഉദ്ബോധിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ നരക ശിക്ഷയില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാനും സമൂഹത്തില്‍നിന്ന് ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനും സാമ്പത്തിക ശാക്തീകരണത്തിനും സാമൂഹ്യനീതിയുടെ സംസ്ഥാപനത്തിനും പരമാവധി ശ്രമിച്ചുപോരുന്നു. എന്നാല്‍ ഇനിയുമിനിയും ഈ സംരംഭം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്.
പ്രചാരകരാവുക
നിങ്ങള്‍ ഇന്നോളം കേട്ട മത പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും ഉദ്ബോധനങ്ങളും ഉപദേശങ്ങളും ഓര്‍ത്തു നോക്കൂ. മദ്റസകളില്‍നിന്ന് ലഭിച്ച പാഠങ്ങള്‍ പരിശോധിച്ചുനോക്കൂ. അവയിലൊക്കെയും നമസ്കാരത്തെ സംബന്ധിച്ച് പറഞ്ഞതും പഠിപ്പിച്ചതും സകാത്തിനെ സംബന്ധിച്ച് കേട്ടതിനോടും പഠിച്ചതിനോടുമൊന്ന് താരതമ്യം ചെയ്തു നോക്കൂ. നമസ്കാരത്തെ സംബന്ധിച്ച് നിങ്ങള്‍ കേട്ടതിന്റെ പത്തിലൊന്നു പോലും സകാത്തിനെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ലെന്നുറപ്പ്. എന്നല്ല, നോമ്പിനെ പറ്റിയും ഹജ്ജിനെക്കുറിച്ചും പ്രഭാഷകര്‍ പറഞ്ഞതിന്റെ നാലിലൊന്ന് പോലും സകാത്തിനെ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടുണ്ടാവില്ല. ഉംറക്ക് കൊടുക്കുന്ന പ്രാധാന്യം പോലും സകാത്തിന് നല്‍കാറില്ല. നമസ്കാരത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും ഉംറയുടെയും നിയമങ്ങളും ക്രമങ്ങളും പഠിപ്പിക്കുന്ന പണ്ഡിതന്മാരും പ്രഭാഷകരും സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥമായ സാമ്പത്തിക പരിധിയും കൊടുക്കേണ്ട തോതും പറഞ്ഞുകൊടുക്കാറില്ല. അതുകൊണ്ടുതന്നെ ഏറെപ്പേര്‍ക്കും അതൊന്നുമറിയില്ല. മതപണ്ഡിതന്മാരും സമുദായ നേതാക്കളും പ്രഭാഷകരും അത്രയേറെ അവഗണിച്ച അതിപ്രധാനമായ അനുഷ്ഠാനമാണ് സകാത്ത്. ഏറെ അവഗണിക്കപ്പെട്ട സകാത്തിന്റെ സംസ്ഥാപനം ആഗ്രഹിക്കുന്നവരൊക്കെയും അതിനെ സംബന്ധിച്ച് സംസാരിച്ചുകൊണ്ടേയിരിക്കട്ടെ. പ്രഭാഷകര്‍ നിരന്തരം ഉദ്ബോധിപ്പിക്കുകയും സമുദായത്ത ബോധവല്‍ക്കരിക്കുകയും ചെയ്തുകൊണ്ടേയിരിക്കട്ടെ. ഉദ്ബോധനങ്ങള്‍ വിശ്വാസികളെ സ്വാധീനിക്കാതിരിക്കില്ല. അപ്പോള്‍ സകാത്തിനോടുള്ള അവഗണനക്ക് ഒരു പരിധിയോളമെങ്കിലും അറുതി വരാനും സാധ്യതയുണ്ട്.
'നീ ഉദ്ബോധനം തുടരുക. ഉറപ്പായും സത്യവിശ്വാസികള്‍ക്ക് ഉദ്ബോധനം ഉപകരിക്കും '(ഖുര്‍ആന്‍ 51:55).