കുഞ്ഞിനെ എപ്പോഴും പൊതിഞ്ഞു വെക്കണോ?

ഡോ. സജ്ന സഈദ്
മാർച്ച് 2024
നവജാത ശിശു പരിചരണത്തില്‍ എപ്പോഴും അലട്ടുന്ന സംശയങ്ങളെ വിശദീകരിക്കുന്നു

നവജാത ശിശു പരിചരണത്തില്‍ ശരീരോഷ്മാവ് നിലനിര്‍ത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. 36.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37.5 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കുഞ്ഞുങ്ങളുടെ ആന്തരിക അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിന് ഉചിതമായ ശരീര താപനില. ശരീരോഷ്മാവ് കൂടുന്നതിനെ ഹൈപ്പര്‍തെര്‍മിയ എന്നും കുറയുന്നതിനെ ഹൈപോതെര്‍മിയ എന്നും പറയുന്നു.

?  വീട്ടില്‍ വെച്ച് ഊഷ്മാവ് നിയന്ത്രണം എങ്ങനെ?
കുഞ്ഞിനെ കഴുകുകയോ കുളിപ്പിക്കുകയോ ചെയ് ത ഉടനെ തന്നെ നനവ് ഒപ്പിയെടുക്കുക. ശീതകാലത്ത് ഇളം ചൂടാക്കി വെച്ച തുണികളുപയോഗിച്ചു പൊതിയുന്നത് കുഞ്ഞിന്റെ താപനില നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ തലയില്‍ ഒരു കുഞ്ഞു തൊപ്പിയും കൈകാലുകളില്‍ ഉറകളും ധരിപ്പിച്ചു കൊടുത്താല്‍ കുഞ്ഞിന് പാകമായ ഊഷ്മാവില്‍ സുഖനിദ്ര സാധ്യമാവും. ചൂട് കാലത്തുപയോഗിക്കാന്‍ അയവുള്ള നേരിയ കോട്ടണ്‍ ഉടുപ്പുകള്‍ കരുതിവെക്കാം. കുഞ്ഞിനെയും കൊണ്ട് നേരെ സൂര്യപ്രകാശത്തിനടിയില്‍ പോകുന്നത് കഴിവതും ഒഴിവാക്കുക. ഹൈപ്പര്‍തെര്‍മിയ ഉണ്ടായേക്കാം.

? തൊട്ടിലില്‍ കിടത്തിയാലോ?
കുഞ്ഞ് ഒരു വശത്തേക്ക് ചരിയാനിട വന്നാല്‍ മൂക്കമര്‍ന്നു കുഞ്ഞിന് ശ്വാസ തടസ്സം നേരിടാന്‍ സാധ്യതയുണ്ട്.
കൂടാതെ ചില തൊട്ടിലുകളുടെ ആകൃതി കാരണം കുഞ്ഞ് കിടക്കുമ്പോള്‍ കഴുത്തു മടങ്ങിപ്പോവാനും ശ്വസനനാളം അടഞ്ഞു പോകാനും ഇടയാകും.
ഇതൊക്കെ ആരുമറിയാതെ ആകസ്മികമായി സംഭവിക്കുന്ന ശിശു മരണത്തിന് കാരണമായേക്കാം.
തൊട്ടിലില്‍ ഉറങ്ങി ശീലിച്ച കുഞ്ഞുങ്ങളെ ഭാവിയില്‍ കിടക്കയില്‍ കിടത്തി ശീലിപ്പിക്കാനും ബുദ്ധിമുട്ടാണ്.


? വായയില്‍ വെള്ളനിറത്തില്‍ കാണുന്നത് പ്രശ്നമാണോ?
പാല്‍ പറ്റിപ്പിടിച്ചതായിരിക്കാം. വൃത്തിയുള്ള ഒരു കോട്ടണ്‍ തുണി ചൂണ്ടു വിരലില്‍ ചുറ്റി പതുക്കെ തുടച്ചുകൊടുക്കാം. പാല്‍ കുടിക്കുമ്പോള്‍ വേദനിച്ചു കരയുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പൂപ്പല്‍ ബാധ ആയിരിക്കാം. ഡോക്ടറുടെ സഹായം തേടുക.

? പൊക്കിള്‍ക്കൊടി
സാധാരണയായി ജനിച്ചു 5-10 ദിവസത്തിനുള്ളില്‍ പൊക്കിള്‍ക്കൊടി കൊഴിഞ്ഞ് വീഴും. അവിടം എണ്ണ, പൗഡര്‍, ഉപ്പ് ഒന്നുംതന്നെ ഉപയോഗിക്കേണ്ട ആവശ്യമില്ല.
പൊക്കിളിനു ചുറ്റും തടിപ്പ്, മണം, പഴുപ്പ്, രക്തത്തിന്റെ അംശം എന്നിവയോ കുഞ്ഞിന് പനി, ഉണര്‍വില്ലായ്മ എന്നീ ലക്ഷണങ്ങളോ ഇല്ലെങ്കില്‍ പൊക്കിള്‍ക്കൊടിയില്‍നിന്ന് നേരിയ ദ്രാവകം ഒഴുകി വരുന്നത് പേടിക്കേണ്ടതില്ല.

? കുഞ്ഞിന്റെ തൂക്കം കൂടുന്നതിന് എന്തെങ്കിലും ക്രമമുണ്ടോ?
ശരീരത്തിലെ അധികമുള്ള ജലാംശം വാര്‍ന്നുപോകുന്നതിന്റെ ഭാഗമായി ആദ്യത്തെ കുറച്ചു ദിവസങ്ങള്‍കൊണ്ട് ഒരു നവജാത ശിശുവിന് 10 ശതമാനം വരെ തൂക്കക്കുറവുണ്ടാകും. പത്താം ദിവസം ആവുമ്പോഴേക്കും ജനനത്തൂക്കത്തിലേക്ക് തിരിച്ചെത്തും.
അതിനുശേഷം ഒരു ദിവസം 25-30 ഗ്രാം എന്ന തോതിലാണ് മൂന്നു മാസം വരെ തൂക്കം കൂടുന്നത്. അമ്മയുടെ പാല്‍ തികയുന്നുണ്ടോ എന്നതിന്റെ അളവുകോലാണിത്.

?  പ്രതിരോധ കുത്തിവെപ്പുകള്‍ - ഒന്നര വയസ്സ് വരെ എന്തൊക്കെ?

ബി.സി.ജി-ക്ഷയരോഗം മൂലമുള്ള സങ്കീര്‍ണതകള്‍ അഥവാ തലച്ചോറിനെയും മറ്റും ബാധിക്കുന്ന ക്ഷയ സാധ്യത കുറക്കാനാണ് കൊടുക്കുന്നത്. ജനിച്ചയുടനെ ഇടതുകൈയിലെ തോളിനടുത്ത് തൊലിക്കടിയിലാണ് ഇത് നല്‍കുന്നത്. 4-6 ആഴ്ചകള്‍ കഴിയുമ്പോഴേക്കും ചെറുതായി പഴുത്തുപൊട്ടി രണ്ടു മാസമാവുമ്പോഴേക്കും അവിടെ ഒരു പാടായി നിലനില്‍ക്കും. ബി.സി.ജി കുത്തിവെപ്പ് എടുത്തതിന്റെ അടയാളമായി അതിനെ കണക്കാക്കും.

ഒ.പി.വി- വായയില്‍ തുള്ളിമരുന്നായി നല്‍കുന്ന പോളിയോ രോഗം പ്രതിരോധിക്കാനുള്ള വാക്‌സിന്‍. എല്ലാവര്‍ക്കും സുപരിചിതമായ പള്‍സ് പോളിയോ ദിനത്തില്‍ നല്‍കുന്ന അതേ മരുന്ന്. കുഞ്ഞിന് ജനിച്ചയുടനെ ഒരു ഡോസും 6,10,14 ആഴ്ചകള്‍ പ്രായമുള്ളപ്പോള്‍ മൂന്നു ഡോസുകളും നല്‍കുന്നു.

ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍- ഹെപ്പറ്റൈറ്റിസ് ബി എന്ന വൈറസ് കാരണമുള്ള ഹെപ്പറ്റൈറ്റിസ് ബി മഞ്ഞപിത്തവും അതുമൂലമുണ്ടായേക്കാവുന്ന കരളിന്റെ സങ്കീര്‍ണതകളും തടയാനുള്ളതാണ് ഈ കുത്തിവെപ്പ്. അമ്മയിലുണ്ടായേക്കാവുന്ന വൈറസ് മറുപിള്ള വഴി കുഞ്ഞിന്റെ ശരീരത്തില്‍ പ്രവേശിച്ച് കുഞ്ഞിനു ഹെപ്പറ്റൈറ്റിസ് രോഗമുണ്ടാവുന്നത് തടയാന്‍ ഇതുവഴി സാധിക്കും. ബി.സി.ജിക്കൊപ്പം ജനിച്ചയുടനെ ഇടതു കാലിലെ പേശിയിലാണ് ഇത് കുത്തിവെക്കുന്നത്.
പെന്റാവാക്- ഡിഫ്ത്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ്, ഹീമോഫിലസ് ഇന്‍ഫ്ളുവെന്‍സ ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നിവ തടയാനുള്ളത്. 6,10,14 ആഴ്ചകളില്‍ ഇടതു കാലിന്റെ പേശിക്കകത്താണ്
പെന്റാവാക് പ്രാഥമിക ഡോസുകള്‍ നല്‍കുന്നത്.

ന്യൂമോക്കോക്കല്‍ വാക്‌സിന്‍

സ്‌ട്രെപ്ടോകോക്കസ് ന്യുമോണിയ എന്ന ബാക്ടീരിയ കാരണം ചെവിയില്‍ പഴുപ്പ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് (തലച്ചോറിനെ ആവരണം ചെയ്യുന്ന പാളിയുടെ അണുബാധ), കൂടാതെ എല്ല്, സന്ധികള്‍, ഹൃദയം, വൃക്ക എന്നിവയുടെ അണുബാധ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, പെരിട്ടോണൈറ്റിസ്  (ആന്ത്രസ്തര വീക്കം) ഉണ്ടാവാം. അസുഖം പിടിപെട്ടു ചികില്‍സിച്ചാലും കേള്‍വിക്കുറവ്, അന്ധത, ബലക്കുറവ്, അപസ്മാരം, ബുദ്ധിമാന്ദ്യം എന്നീ സങ്കീര്‍ണതകള്‍ 20-30% കുട്ടികളെയെങ്കിലും ആജീവനാന്തം വേട്ടയാടാം. ഈ മാരക രോഗാണുവിനെ ആട്ടിയോടിക്കാനാണ് ന്യൂമോക്കോക്കല്‍ വാക്‌സിന്‍.

ആദ്യ ഡോസ് പെന്റാവാലന്റ് വാക്‌സിന്റെ കൂടെയാണ് P.C.V-10 ആദ്യ ഡോസ് കൊടുക്കുന്നത്. മൊത്തത്തില്‍ മൂന്നു ഡോസുകള്‍. ഒന്നര മാസം, മൂന്നര മാസം പ്രായത്തിലും ഓരോ ഡോസ് വീതവും അതു കഴിഞ്ഞു ഒമ്പതാം മാസത്തില്‍ മീസില്‍സ് കുത്തിവെപ്പിനൊപ്പവും ഒരു ഡോസും. വലതു കാലിന്റെ തുടഭാഗത്താണ് P.C.V-10 കുത്തിവെക്കുന്നത്.

റോട്ട - 5 വയസ്സിനു താഴെയുള്ള കുട്ടികളില്‍ വയറിളക്കം കാരണം എറ്റവും കൂടുതല്‍ മരണങ്ങള്‍ക്കിടയായിരുന്ന റോട്ട വൈറസിനെ പ്രതിരോധിക്കാനുള്ള തുള്ളി മരുന്ന്. ഇതും പെന്റാവാകിനും ഒപിവിക്കുമൊപ്പം ഓരോ മാസം ഇടവിട്ട് മൂന്നു ഡോസുകള്‍ കൊടുക്കും.
ഐ. പി. വി- പോളിയോ തടുക്കാനുള്ള കുത്തിവെപ്പ്. 6,14 ആഴ്ചകളില്‍ വലതുകൈയിലെ തൊലിക്കടിയിലാണ് ഐ.പി.വി നല്‍കുന്നത്.
എം ആര്‍ വാക്‌സിന്‍ - മീസില്‍സ് (അഞ്ചാം പനി), റുബെല്ല എന്നീ അസുഖങ്ങളെ പ്രതിരോധിക്കാന്‍.

അഞ്ചാം പനി കാരണം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന പ്രശ്നം വയറിളക്കത്തിന്റെ ഭാഗമായുള്ള നിര്‍ജലീകരണവും ചെവിയില്‍ പഴുപ്പും ആണ്. ഈ പഴുപ്പ് യഥാവിധം ചികില്‍സിച്ചില്ലെങ്കില്‍ മെനിഞ്ചൈറ്റിസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. വിറ്റാമിന്‍ എയുടെ കുറവും വ്യത്യസ്ത തരത്തിലുള്ള ശ്വാസകോശ രോഗങ്ങളും ഈ അസുഖത്തിന്റെ ഭവിഷ്യത്തുകളാണ്.

എന്നിരുന്നാലും അഞ്ചാം പനി കാരണമുള്ള മരണങ്ങള്‍ സംഭവിക്കുന്നതിന്റെ പ്രധാന വില്ലന്‍ ന്യുമോണിയ തന്നെ.
അഞ്ചാം പനി വന്നു മാറിയാലും ശരീരത്തില്‍ അവശേഷിക്കുന്ന വൈറസ് ഒളിഞ്ഞുനിന്നു ഭാവിയില്‍ വീണ്ടും അസുഖങ്ങള്‍ വരുത്താം.
വളരെ അപൂര്‍വമായി വര്‍ഷങ്ങള്‍ക്ക് ശേഷം തലച്ചോറിനെ ഗൗരവമായി ബാധിക്കുന്ന അസുഖങ്ങള്‍ക്ക് ഇത് കാരണമാവാറുണ്ട്.
ഗര്‍ഭാവസ്ഥയില്‍, പ്രത്യേകിച്ച് ആദ്യത്തെ മൂന്നു മാസം റുബെല്ല കാരണമുള്ള അണുബാധ അമ്മയ്ക്കുണ്ടായാല്‍ ജനിക്കുന്ന കുഞ്ഞിന് കാര്യമായ വൈകല്യങ്ങളുണ്ടാകാം. ബുദ്ധിമാന്ദ്യം, ജന്മനായുള്ള ഹൃദയവൈകല്യങ്ങള്‍, കണ്ണിനു തിമിരം, കേള്‍വിക്കുറവ് എന്നിവയാണ് ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. അല്ലെങ്കില്‍ ഗര്‍ഭമലസിപ്പോവുകയുമാവാം.

പത്തു മാസം പ്രായമാകുമ്പോള്‍ വലതുകൈയിലെ തോളില്‍ തൊലിക്കടിയിലാണിത് കുത്തിവെക്കുന്നത്.
ഒരു വയസ്സ് വരെ നല്‍കുന്ന ഇത്രയും പ്രതിരോധ കുത്തിവെപ്പുകളില്‍ വെച്ച് മാരകമായ അഞ്ച് അസുഖങ്ങളെ തടുക്കുന്ന പെന്റാവാക് കാരണം മാത്രമേ ഏറിയാല്‍ രണ്ടു ദിവസം പനിയും വേദനയും ഉണ്ടാവുകയുള്ളൂ.

മറ്റേത് പനിയെയും ചികില്‍സിക്കുന്നതു പോലെ കുഞ്ഞിന്റെ തൂക്കമനുസരിച്ച് ആറു മണിക്കൂര്‍ ഇടവിട്ട് പാരസെറ്റമോള്‍ കൊടുത്താല്‍ മതിയാവും.
കാലിലെ വേദനയും രണ്ടു ദിവസം കൊണ്ട് മാറും.
അവിടം ചൂട് പിടിക്കുകയോ തടവുകയോ ചെയ്യരുത്.
മറ്റു ബുദ്ധിമുട്ടുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വൈദ്യസഹായം തേടുക.
ചെറിയ ജലദോഷം, കഫക്കെട്ട് എന്നിവയൊന്നും പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നതിന് തടസ്സമല്ല.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media