മുന്‍ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവും മാനേജ്മെന്റ് പരിശീലകനുമായ
ആഷിക്ക് കെ.പി പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവെക്കുന്നു
പരീക്ഷക്കാലം തുടങ്ങാറായി. പരീക്ഷ എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഭീതിയാണ്. പരാജയം ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് കാരണം. വര്‍ഷം മുഴുവന്‍ പഠിച്ചത് വിലയിരുത്തുന്ന ഒരു ഉപാധി എന്ന നിലയിലും, ഭാവി പഠനത്തെ പരീക്ഷയുടെ റിസള്‍ട്ട് സ്വാധീനിക്കും എന്നതിനാലും പരീക്ഷ ഒരു ആധിയായി നിലനില്ക്കുന്നു. പരീക്ഷകള്‍ ഇപ്പോഴും ഇതേ രീതിയില്‍ തുടരേണ്ടതുണ്ടോ, പഠനത്തോടൊപ്പം ചേര്‍ന്നു പോകേണ്ടതല്ലേ വിലയിരുത്തല്‍, ഓര്മ മാത്രം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിന് എന്ത് പ്രസക്തി തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ പരീക്ഷയെ ശാസ്ത്രീയമായി അപഗ്രഥിക്കുമ്പോള്‍ ഉയര്‍ന്ന് വരും.
പല വികസിത രാജ്യങ്ങളും എഴുത്ത് പരീക്ഷകളും ഓര്മ മാനദണ്ഡമാക്കിയുള്ള പരീക്ഷകളും നിര്‍ത്തിക്കഴിഞ്ഞു. ഓപ്പണ്‍ ബുക്ക് പരീക്ഷകളും പഠനത്തോടൊപ്പമുള്ള വിലയിരുത്തലുകളും സമഗ്രമായ ചര്‍ച്ചകളും വാഗ്വാദങ്ങളും നാടകങ്ങളും റിപ്പോര്‍ട്ടുകളും പോലുള്ള പല രീതികളും പല വികസിത രാജ്യങ്ങളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഡി.പി.ഇ.പി സമ്പ്രദായം നടപ്പിലാക്കിയതു മുതല്‍ കേരളത്തിലും പിന്നീട് സി.ബി.എസ്.ഇയും ഒക്കെ ചെറിയ രീതിയില്‍ ഇത്തരം ഫോര്‍മേറ്റീവ് അസെമെന്റിന് സ്ഥാനം നല്‍കിയിട്ടുണ്ട്. എന്നാല്‍, എഴുത്തു പരീക്ഷയുടെ പ്രാധാന്യവും മാര്‍ക്കും ഇപ്പോഴും അതേ രീതിയില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. ഏതായാലും നിലവിലെ പരീക്ഷകളെ എങ്ങനെ അസ്വസ്ഥത ഇല്ലാതെയും ആശങ്കയില്ലാതെയും നേരിടാം എന്നതാണ് നാം ഈ പരീക്ഷാ കാലയളവില്‍ ചിന്തിക്കേണ്ടത്.
പരീക്ഷകള്‍ നാം പഠിച്ച കാര്യങ്ങളില്‍നിന്ന് മാത്രമുള്ള വിലയിരുത്തലായിരിക്കും. പരീക്ഷക്ക് വരാവുന്ന ചോദ്യങ്ങള്‍ മനസ്സിലാക്കുകയും അത് ശാന്തമായി ചിന്തിച്ചു പരിഹാരം കണ്ടെത്താന്‍ മനസ്സിനെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. പരീക്ഷാ ഹാളില്‍ ഉത്തരങ്ങള്‍ എഴുതുമ്പോഴും ഇത് തന്നെയാണ് മുഖ്യം. ഒരു വിഷയം കൃത്യവും വ്യക്തവുമായി പഠിക്കുകയും സ്വന്തമായി അതിന്റെ നോട്ട് തയ്യാറാക്കുകയും വീണ്ടും ഒന്നോ രണ്ടോ ആവൃത്തി വായിച്ചു ഹൃദ്വിസ്ഥമാക്കുകയും ചെയ്താല്‍ ആ വിഷയം ഏത് രീതിയില്‍ എങ്ങനെ ചോദിച്ചാലും ഉത്തരം എഴുതാന്‍ കഴിയും. അതിനുള്ള ആത്മവിശ്വാസം ഉണ്ടാകും. എല്ലാ ചോദ്യങ്ങളും ഒരുമിച്ചു വായിച്ചു ഒരേസമയം ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കും. അത്, ഒന്നും എഴുതാതിരിക്കാനുള്ള സാധ്യതയായി മാറും. അതുകൊണ്ട് പരീക്ഷയെ നേരിടാനുള്ള മാനസിക തയ്യാറെടുപ്പ് ഉണ്ടാക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. ഒരു പാത്രത്തില്‍ പലതരത്തിലുള്ള ധാരാളം വിഭവങ്ങള്‍ കൊണ്ടുവെച്ചാല്‍ എല്ലാം കൂടി എന്തു ചെയ്യും എന്ന് ചിന്തിക്കുന്നതിനു പകരം, ഓരോന്നെടുത്ത് ആസ്വദിച്ച് കഴിച്ചാല്‍ സ്വാദും കിട്ടും വയറും നിറയും എന്നതുപോലെ പരീക്ഷാ ചോദ്യങ്ങളെ അഭിമുഖീകരിക്കുക.
എല്ലാ ചോദ്യങ്ങളും ഒരേപോലെയാവില്ല. 30 ശതമാനം ലളിതവും 30 ശതമാനം ശരാശരിയും ബാക്കി ഉയര്‍ന്ന നിലവാരമുള്ള ചോദ്യങ്ങളുമായിരിക്കും. അതുകൊണ്ട് പെട്ടെന്ന് ചെയ്യാന്‍ കഴിയുന്നത് വേഗം ചെയ്ത് പിന്നീട് ബാക്കി ഓരോന്നായി മനസ്സിലാക്കി ചെയ്യുമ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ കഴിയും. പരീക്ഷയും പഠനവും ഈ രീതിയില്‍ മുന്നോട്ടു കൊണ്ടുപോവുക. കൃത്യമായ തയ്യാറെടുപ്പ് പരീക്ഷക്ക് മുമ്പ് നടത്തണം.
അധ്യാപകരോട്
പാഠഭാഗങ്ങള്‍ എല്ലാ കുട്ടികള്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പഠിപ്പിക്കുക. അതിനുള്ള മുന്നൊരുക്കങ്ങളും വിലയിരുത്തലും സാമഗ്രികളും തയ്യാറാക്കി മാത്രമേ പഠനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ പാടുള്ളൂ.
പഠനത്തിന്റെ ഭാഗം തന്നെയാണ് വിലയിരുത്തല്‍. പഠനപ്രക്രിയയില്‍ വരുന്ന തകരാറുകള്‍ കുട്ടിയുടെ പരീക്ഷയെ ബാധിക്കുമെന്നും കുട്ടിയെക്കാള്‍ ഇവിടെ അധ്യാപകനാണ് വിലയിരുത്തപ്പെടുന്നത് എന്നും അധ്യാപകര്‍ മനസ്സിലാക്കണം.
കുട്ടികള്‍ ബുദ്ധിപരമായി വ്യത്യസ്തരാണ്. പലതരം പ്രശ്നങ്ങള്‍ അവര്‍ക്കുണ്ട്. അവ തിരിച്ചറിഞ്ഞ് അതിനെ എങ്ങനെ അഭിമുഖീകരിക്കാം എന്ന് നേരത്തെ തന്നെ മനസ്സിലാക്കി പരിഹാരമാര്‍ഗങ്ങള്‍ കൈകൊള്ളണം.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ സഹായിക്കാന്‍ അവര്‍ക്ക് അനുയോജ്യമായ പഠന രീതികളും പഠന സഹായികളും റിസോഴ്സ് ടീച്ചറുടെ സേവനങ്ങളും മെന്ററിങ് പിയര്‍ ലേണിംഗ് പോലുള്ള രീതികളും അവലംബിക്കാം.
പാഠഭാഗങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പഠിക്കാനും കൃത്യമായി ആവര്‍ത്തിക്കാനും സമയം ലഭിക്കുന്നു എന്നും അധ്യാപകര്‍ ഉറപ്പുവരുത്തണം.
ഒറ്റയടിക്ക് പാഠഭാഗങ്ങള്‍ എടുത്തുതീര്ത്ത് മുന്നോട്ടുപോകുന്ന രീതി ഉണ്ടാവരുത്.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.
ഗ്രൂപ്പുകളായി തിരിച്ച് പഠന നിലവാരം പുലര്‍ത്താത്ത കുട്ടികളെ പ്രത്യേകമായി പഠിപ്പിച്ച് ആത്മവിശ്വാസം നല്കി എല്ലാ കുട്ടികളെയും വിജയത്തിലെത്തിക്കാനാണ് ശ്രമിക്കേണ്ടത്.
കുട്ടികളില്‍ അനാവശ്യമായ ടെന്‍ഷനോ പരാജയ ഭീതിയോ ആത്മവിശ്വാസമില്ലായ്മയോ ഒരു കാരണവശാലും പരീക്ഷാ സമയത്ത് ഉണ്ടാകാതെ നോക്കണം.
ആയാസരഹിതമായി പരീക്ഷയെ അഭിമുഖീകരിക്കാന്‍ അവരെ പ്രേരിപ്പിക്കണം.
കുട്ടികള്‍ക്ക് എപ്പോഴും ബന്ധപ്പെടാവുന്ന രീതിയിലുള്ള സ്നേഹവും ആത്മവിശ്വാസവും സപ്പോര്‍ട്ടും നല്‍കണം.
കുട്ടികളോട്
പരീക്ഷ പഠനത്തിന്റെ ഭാഗമാണെന്ന് ഓര്‍ക്കുക.
പഠനം സമയബന്ധിതമായി മാറ്റാനും പൂര്‍ത്തിയാക്കാനുമുള്ള തയ്യാറെടുപ്പ് നേരത്തെ തന്നെ നടത്തുക.
കൃത്യമായ ടൈംടേബിള്‍ തയ്യാറാക്കുക.
ടൈംടേബിള്‍ അനുസരിച്ച് രണ്ടോ മൂന്നോ ആവൃത്തി പഠിക്കാന്‍ സമയം ഉണ്ടാകും എന്ന് ഉറപ്പുവരുത്തുക.
ഒരു കാരണവശാലും സ്റ്റഡി ടൈംടേബിളില്‍ എഴുതിയ സമയത്ത് മറ്റൊരു പ്രവര്‍ത്തനവും നടത്താന്‍ പാടില്ല.
ഒരിക്കല്‍ വായിച്ചതിന് ശേഷം ആവശ്യമായ ചെറിയ കുറിപ്പുകള്‍ തയ്യാറാക്കുക.
കണക്കു പോലെയുള്ള ചെയ്തു പഠിക്കേണ്ട വിഷയങ്ങള്‍ ചെയ്തു തന്നെ പഠിക്കുക.
പഠനത്തിനിടയില്‍ കൃത്യമായ വിശ്രമ വേളകള്‍ ഉണ്ടാവണം.
7/8 മണിക്കൂറുകള്‍ ഉറങ്ങുക.
മൊബൈല്‍ ഫോണ്‍ പരീക്ഷ കഴിയുന്നതുവരെ കൈകൊണ്ട് തൊടില്ല എന്ന പ്രതിജ്ഞ എടുക്കണം.
രക്ഷിതാക്കളോട്
കുട്ടികളോടൊപ്പം ഒരു കൂട്ടായി നില്ക്കുക.
പഠന സൗകര്യങ്ങള്‍ ഒരുക്കുക.
പഠനസമയം മുഴുവന്‍ അതിനുവേണ്ടി ചെലവഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പിന്നാക്കം നില്ക്കുന്ന കുട്ടികളെ കൂടുതല്‍ ടെന്‍ഷന്‍ ആക്കാതെ ആത്മവിശ്വാസം നല്‍കുക.
പരീക്ഷാ സമയത്ത് മറ്റൊരു കാര്യത്തിലും കുട്ടികളെ ഇടപെടാന്‍ സമ്മതിക്കുകയോ അവരെ മറ്റെന്തെങ്കിലും ഏല്‍പ്പിക്കുകയോ ചെയ്യരുത്. കുറ്റവും കുറവും പറഞ്ഞ് അവരെ പഴി ചാരരുത്.
യാതൊരു സമ്മര്‍ദവും ഉണ്ടാക്കരുത്.
മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് നിരുത്സാഹപ്പെടുത്തരുത്.
മതിയായ ഉറക്കം, ഭക്ഷണം എന്നിവ ഉറപ്പുവരുത്തുക.
പരീക്ഷാ തലേന്ന് നേരത്തെ തന്നെ ഉറങ്ങുക.
ഹാള്‍ടിക്കറ്റ്, പഠന സാമഗ്രികള്‍ എന്നിവ ബാഗില്‍ വെച്ചു എന്ന് ഉറപ്പാക്കുക.
തയ്യാറെടുപ്പുകള്‍
പാഠഭാഗങ്ങള്‍ മുഴുവന്‍ ടെക്സ്റ്റ് ആയോ നോട്ട് ആയോ ഉണ്ട് എന്ന് ഉറപ്പുവരുത്തുക.
പഠന സമയത്ത് പുസ്തകങ്ങള്‍ക്ക് വേണ്ടിയോ പഠന സാമഗ്രികള്‍ക്കു വേണ്ടിയോ പരക്കം പായരുത്.
എത്ര ദിവസമാണ് ഇനി പരീക്ഷക്ക് ഉള്ളത് എന്ന് മനസ്സിലാക്കി കൃത്യമായ ടൈംടേബിള്‍ തയ്യാറാക്കുക.
സമയബന്ധിതമായി ഓരോ വിഷയത്തിനും ദിവസവും ഇത്ര മണിക്കൂര്‍ എന്ന രീതിയില്‍ നല്കി ഒന്നോ രണ്ടോ ആവൃത്തി എല്ലാ വിഷയങ്ങളും പഠിക്കുക.
ആ സമയം മറ്റൊരു കാര്യത്തിനും ഉപയോഗിക്കാതെ അതേ രീതിയില്‍ തന്നെ പഠിച്ചാല്‍ ടെന്‍ഷന്‍ ഇല്ലാതെയും സമ്മര്‍ദം ഇല്ലാതെയും പഠിക്കാം.
പരീക്ഷയെ അസ്വസ്ഥതയോടെയും ആശങ്കയോടെയും അല്ല കാണേണ്ടത്. അതിനെ മത്സരബുദ്ധിയോടെ കാണുക. ഭാവിയില്‍ നാം സുരക്ഷിതമായി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു വാതിലിലേക്കുള്ള ചവിട്ടു പടികളാണ് ഇത് എന്നുള്ള ധാരണയാണ് ഉണ്ടാവേണ്ടത്.