ഇമാമിന്റെ വഅളും 'ഖമറുദ്ദീനും'

അഹ് മദ് ബഹ്ജത്ത്
മാർച്ച് 2024

റമദാനിലെ അസ്വര്‍ നിസ്‌കാരത്തിന് ശേഷം ഇമാമിന്റെ വക ഒരു സാരോപദേശമുണ്ട്. ഇമാമിന് ചുറ്റും ഞങ്ങള്‍ വട്ടമിട്ടിരുന്നു. വളരെ കുറച്ചാളുകളേ ഉള്ളൂ. അങ്ങാടിയില്‍ മിനിസ്‌കര്‍ട്ടുകാരിയുടെ ചുറ്റും കൂടിയവരുമായി, അല്ലെങ്കില്‍ സിനിമക്ക് ടിക്കറ്റെടുക്കാന്‍ വരിനിന്നവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തിയാല്‍ വളരെ ചെറിയൊരു സംഘം. ഇമാം ഞങ്ങള്‍ക്ക് ചുറ്റം ഒന്ന് കണ്ണോടിച്ചു. വിഷാദവും ക്ഷീണവും കലര്‍ന്ന നോട്ടത്തോടെ ഞങ്ങളുടെ പരിതാപകരമായ അവസ്ഥയില്‍ ചിന്താമഗ്നനായി. അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ ഭക്തിക്കൊപ്പം നിസ്സഹായതയും ഒരല്‍പം നിരാശയും പ്രകടമായിരുന്നു... അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ക്ലാസ് ആരംഭിച്ചു. 'തയമ്മുമി'നെ കുറിച്ചായിരുന്നു ക്ലാസ്. തയമ്മും (മണ്ണുകൊണ്ടുള്ള ശുചീകരണം) നിര്‍ബന്ധമാകുന്ന കാര്യങ്ങള്‍, കാരണങ്ങള്‍, അതിന്റെ അവസ്ഥകള്‍ ഒക്കെ വിശദീകരിക്കാന്‍ തുടങ്ങി. ഒന്നും ഒഴിയാതെ വിസ്തരിച്ച വിവരണം. ഞാനത് ആവോളം ശ്രദ്ധിച്ചു കേട്ടു... എന്നിട്ട് ചോദിക്കാന്‍ ആഞ്ഞു... അല്ല, ഇമാം അവര്‍കളേ, ഈ നൈല്‍ നദിയിലെ വെള്ളം മുഴുവന്‍ വറ്റിപ്പോയോ? തയമ്മും അല്ലാതെ ഒരു വിഷയവും നിങ്ങള്‍ക്ക് കിട്ടിയില്ലേ? എന്തുകൊണ്ടാണ് നിങ്ങള്‍ സന്ദര്‍ഭത്തിനനുസരിച്ചു ജനത്തോട് സംസാരിക്കാത്തത്? ഞങ്ങളുടെ ഗ്രാമത്തില്‍ പണ്ടൊരു ഇമാമുണ്ടായിരുന്നു... അയാളെപ്പോലെ തന്നെയാണ് ഈ ഇമാമും... അദ്ദേഹം വെള്ളിയാഴ്ച ഖുത്വുബയില്‍ നബിയുടെ ഹദീസ് ഉദ്ധരിച്ചു ജനത്തോട് സംസാരിക്കും: 'ആരെങ്കിലും ഈ ദുന്‍യാവില്‍ പട്ടുടുത്താല്‍ പരലോകത്ത് അയാള്‍ക്ക് പട്ടുവസ്ത്രം കിട്ടുകയില്ല... ആരെങ്കിലും ദുന്‍യാവില്‍ സ്വര്‍ണത്തളികയില്‍നിന്ന് ആഹാരം കഴിച്ചാല്‍ പരലോകത്ത് അയാള്‍ക്കതിന് ഭാഗ്യമുണ്ടാവുകയില്ല.' പാവം കര്‍ഷകത്തൊഴിലാളികള്‍, അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ മുഴുകി ചുണ്ട് നനക്കും. നബിയുടെ പേര് പറയുമ്പോഴൊക്കെ സ്വലാത്ത് ചൊല്ലും. പ്രസംഗം കഴിയുന്നതോടെ കീറിപ്പറിഞ്ഞ തങ്ങളുടെ മേലാടയും ശരീരത്തില്‍ ചുറ്റിപ്പിടിച്ചു പള്ളിയില്‍നിന്ന് പിരിഞ്ഞുപോകും പട്ടും... സ്വര്‍ണവും?!
തണുപ്പ് കാലത്ത് ധരിക്കുന്ന വസ്ത്രമില്ലാതിരിക്കുമ്പോഴാണ് ജനത്തോട് പട്ടുവസ്ത്രത്തെയും സ്വര്‍ണത്തെയും കുറിച്ചുള്ള ലാത്തിയടി. ഇവിടെയിതാ മറ്റൊരാള്‍ തയമ്മുമിനെക്കുറിച്ചു പ്രസംഗിക്കുന്നു. മരുഭൂമിയില്‍ വസിക്കുന്നവരല്ല അവരുടെ ശ്രോതാക്കള്‍... അവരാരും മരുഭൂമിയില്‍ സഞ്ചരിക്കുന്നുമില്ല. അങ്ങനെയുള്ള ആളുകളുടെ മധ്യത്തില്‍വെച്ചാണ് തയമ്മുമിനെക്കുറിച്ചുള്ള നെടുങ്കന്‍ സംസാരം... വെള്ളത്തിന്റെ ധാരാളിത്തം കൊണ്ട് ഈ ആളുകളൊക്കെ ടാപ്പും തുറന്നിട്ട് പോവുകയാണ്... സ്വന്തം വീട്ടിലെ വാട്ടര്‍ ടാപ്പെങ്ങാനും കേടുവന്നാല്‍ അത് വാഷര്‍ പിടിപ്പിച്ചു നന്നാക്കിയില്ലെങ്കില്‍ ഇവര്‍ക്ക് ഇരിക്കപ്പൊറുതി ഉണ്ടാകില്ല.

കുട്ടിക്കാലത്ത്, ഞങ്ങളുടെ ഗ്രാമത്തിലെ പള്ളിയില്‍ നടക്കാറുള്ള സായാഹ്ന മതപഠന ക്ലാസില്‍ എനിക്ക് വലിയ കമ്പമായിരുന്നു. ഒരു വിചിത്ര മനുഷ്യനായിരുന്നു അവിടത്തെ ഇമാം. വലിയ ഇടങ്ങേറുകാരനായതിനാല്‍ ഗ്രാമത്തില്‍ അയാള്‍ പ്രസിദ്ധനായിരുന്നു. ഒപ്പിടാത്ത പരാതിയില്‍ പ്രകോപിതരാകുന്നവരെ എളുപ്പം അയാള്‍ ശരിയാക്കുമായിരുന്നു... ക്രയവിക്രയങ്ങള്‍ക്കായി കമ്പോളത്തില്‍ പോയാല്‍ മടങ്ങുന്ന വഴിക്ക് അയാള്‍ പോസ്റ്റോഫീസില്‍ കയറും. അവിടെനിന്ന് മൂന്ന് ഷീറ്റ് സ്റ്റാമ്പ് വാങ്ങും.
എന്റെ വാപ്പ അയാളോട് ചോദിക്കും: മൗലവീ, എന്തിനാണ് ഈ സ്റ്റാമ്പുകള്‍?

അപ്പോള്‍ അയാള്‍ പറയും: "പരാതികള്‍ എഴുതുമ്പോള്‍ ഉപകാരപ്പെടും.. മുദ്രയില്ലാത്ത പരാതികള്‍ തിരിഞ്ഞു നോക്കില്ല."
പരാതിയില്‍ അയാള്‍ മുദ്ര പതിക്കും. എന്നാല്‍ ഒപ്പിടുകയില്ല. ഗ്രാമമുഖ്യന്നും നാട്ടുമൂപ്പന്നും കൃഷി ഇന്‍സ്പെക്ടര്‍ക്കും ഓഫീസര്‍മാര്‍ക്കും എത്ര പരാതികളാണയാള്‍ അയച്ചതെന്നോ! ഞങ്ങളുടെ നാട്ടില്‍ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നിയമനം കിട്ടിയാല്‍ അയാളുടെ മേലാളന്‍ ആരാണെന്ന് ചോദിച്ചറിയും. എന്നിട്ട് കീശയില്‍നിന്ന് പഴകി ദ്രവിച്ച നോട്ടുബുക്ക് എടുത്ത് അതില്‍ അത് കുറിച്ചിടും. ആ ഉദ്യോഗസ്ഥനെ കുറിച്ചുഒപ്പിടാതെ ആരുടെ പേരിലാണ് പരാതി അയക്കേണ്ടതെന്നറിയാനാണത്....

അയാള്‍ കര്‍ഷകരോട് സ്വര്‍ണത്തളികകളെയും അതില്‍ ആഹാരം കഴിക്കുന്നതിന്റെ വിലക്കിനെയും കുറിച്ചു പ്രസംഗിക്കുമായിരുന്നു. ശരീരത്തില്‍ ചൊറി പോലുള്ള കാരണമുണ്ടെങ്കിലല്ലാതെ പട്ടുടുപ്പ് ധരിക്കുന്നതിന്റെ അഹിതത്വത്തെപ്പറ്റി ഗീര്‍വാണം നടത്തും. അതാണ് പൂര്‍വഗാമികളുടെ നടപടിയെന്ന് ഉല്‍ബോധനം നടത്തും... കൊട്ടാരക്കെട്ടുകളുടെയും സര്‍ക്കാരിന്റെയും ഗ്രാമമുഖ്യന്മാരുടെയും മേയര്‍മാരുടെയും കാലിനടിയില്‍ ചതച്ചരക്കപ്പെടുന്ന അവരോട് അഹങ്കാരത്തിന്റെ ദൗഷ്ട്യത്തെക്കുറിച്ച് ഗിരിപ്രഭാഷണം ചെയ്യും.
ഈ പള്ളിയിലെ ഇമാമും ഞങ്ങളുടെ ഗ്രാമത്തിലെ ആ പഴയ ഇമാമിനെപ്പോലെത്തന്നെയായിരുന്നു... ഇവരിരുവരും എന്നില്‍ മറ്റൊരാളുടെ ഓര്‍മയുണര്‍ത്തി.. അസ്ഹറില്‍ ഞാന്‍ പ്രസംഗം കേള്‍ക്കാറുണ്ടായിരുന്ന അയാളുടെ പേര് ശൈഖ് അബ്ദു റബ്ബുഹു എന്നായിരുന്നു. അയാളുടെ മുഴുവന്‍ പേര് എനിക്കറിഞ്ഞുകൂടാ... എന്നാലും അയാളുടെ സായാഹ്ന ദര്‍സ് കഴിഞ്ഞാല്‍ അറിയാതെ ഞാന്‍ അയാളുടെ അരികത്തെത്തി കൈമുത്തിപ്പോകും... അയാളുടെ പ്രസംഗത്തില്‍ അഗാധമായൊരു ആശ്വാസം എനിക്കനുഭവപ്പെട്ടിരുന്നു... ഇസ്ലാമിന്റെ സംരക്ഷണത്തില്‍ അസ്ഹറിനെപ്പോലെ ഭദ്രമായ മറ്റൊരു കോട്ടയുമില്ല... ഏറ്റവും പ്രാചീനമായ ഇസ്ലാമിക സര്‍വകലാശാല... ചരിത്രത്തിലുടനീളം ഏറ്റവും ശ്രേഷ്ഠരായ പണ്ഡിതന്മാരെയും രക്തസാക്ഷികളെയും സംഭാവന ചെയ്ത സ്ഥാപനം.

ശൈഖ് അബ്ദു റബ്ബിന്റെ നേരെ അകൈതവമായ ബഹുമാനാദരവുകള്‍ തോന്നിയിരുന്നു. സൗജന്യമായിട്ടായിരുന്നു അദ്ദേഹം ക്ലാസ് നടത്തിയിരുന്നത്. ആരോടും അതിന് പ്രതിഫലം വാങ്ങിയിരുന്നില്ല. വലിയൊരു ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ഇസ്ലാമിന്റെ കാതലും യാഥാര്‍ഥ്യവും അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. അന്നന്ന് ഞങ്ങളെ അലട്ടിയിരുന്ന പ്രശ്നങ്ങളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ആ വാക്കുകള്‍ അനായാസം ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ ഇറങ്ങിച്ചെന്നു. കാരണം, ഉത്തമബോധ്യത്തോടെയുള്ളതായിരുന്നു ആ സംസാരങ്ങള്‍. അവ ഹൃദയത്തില്‍നിന്ന് പുറപ്പെട്ടു വന്നവയായിരുന്നു. പാഠശാലകളില്‍ പോകാത്ത ആയിരക്കണക്കിനാളുകളുടെ പാഠശാലയാണ് മസ്ജിദ് എന്നാണ് ശൈഖ് അബ്ദു റബ്ബു വിശ്വസിച്ചിരുന്നത്. ഖുര്‍ആനാണ് മുസ്ലിമിന്റെ നിത്യ വ്യവഹാരമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. മുസ്ലിമാണെങ്കില്‍ അല്ലാഹുവിന്റെ വേദത്തില്‍നിന്ന് ഒരു സൂക്തം അറിയുകയും മറ്റൊരു സൂക്തത്തിലേക്ക് കടക്കുന്നതിന് മുമ്പ് അതിന്റെ അര്‍ഥം ഗ്രഹിച്ച് അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്ന നിലപാടുകാരനായിരുന്നു അദ്ദേഹം. ഒരു നബിവചനം ഉദ്ധരിച്ചുകൊണ്ടായിരുന്നു എപ്പോഴും അദ്ദേഹം ക്ലാസ് അവസാനിപ്പിച്ചിരുന്നത്. ഇപ്പോഴും ഞാനത് ഓര്‍ക്കുകയാണ്.

'അബൂസഈദില്‍ ഖുദ് രി (അല്ലാഹുവിന്റെ സംപ്രീതി അദ്ദേഹത്തിനുണ്ടാകട്ടെ) റിപ്പോര്‍ട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ ദൂതര്‍ (അല്ലാഹുവിന്റെ അനുഗ്രഹം തിരുമേനിക്കുണ്ടാകട്ടെ) കാലികളെ പുല്ലുതീറ്റിക്കുമായിരുന്നു. വീട് അടിച്ചുതൂക്കും.... ചെരിപ്പിന്റെ കേടുപാടുകള്‍ നന്നാക്കും... പിന്നിയ വസ്ത്രം തുന്നിക്കൂട്ടും.... ആട്ടിനെ കറക്കും... ഭൃത്യന്റെ കൂടെ ആഹാരം കഴിക്കും... അയാള്‍ ക്ഷീണിക്കുമ്പോള്‍ ധാന്യം പൊടിക്കാന്‍ ഒപ്പം കൂടും... അങ്ങാടിയില്‍നിന്ന് സാധനങ്ങള്‍ ഏറ്റിവരാന്‍ നാണിച്ചിരുന്നില്ല... ധനികന്നും ദരിദ്രന്നും ഹസ്തദാനം ചെയ്യും.... കണ്ടുമുട്ടുന്ന ആളെ ആദ്യം അഭിവാദ്യം ചെയ്യും... വിരുന്നിന് ക്ഷണിക്കപ്പെട്ടാല്‍ ഏറ്റവും നിലവാരം കുറഞ്ഞ കാരക്കയാണെങ്കിലും അതിലൊന്നും ഒരു നീരസവും കാണിച്ചിരുന്നില്ല. ജീവിതച്ചെലവൊക്കെ വളരെ കുറഞ്ഞതായിരുന്നു. കിട്ടിയതുകൊണ്ട് തൃപ്തിപ്പെടും... മൃദുല സ്വഭാവി.... മാന്യന്‍... വശ്യമായ പെരുമാറ്റം.... പ്രസന്നവദനന്‍... പൊട്ടിച്ചിരിയില്ല... മന്ദസ്മിതം മാത്രം... ദുഃഖമുണ്ടായാലും മുഖം ചുളിക്കുകയില്ല... വിനീതന്‍... എന്നാല്‍ ആര്‍ക്കും താണുകൊടുക്കുകയുമില്ല.... ഉദാരന്‍. എന്നാല്‍ ധൂര്‍ത്തൊട്ടില്ലതാനും.... മൃദുല ഹൃദയന്‍... എല്ലാ മുസ്ലിംകളോടും കരുണയുള്ളവന്‍... ഒരിക്കലും വയറ് നിറച്ചു ഏമ്പക്കമിടില്ല... ഹലാലായതിലേക്കല്ലാതെ കൈനീളുകയില്ല...

സംസാരത്തില്‍നിന്ന് വിരമിക്കുമ്പോള്‍ ഇരു കണ്ണുകളും തടവി ശൈഖ് അബ്ദു റബ്ബു പതുക്കെ പറയും: ''നബിതിരുമേനി മരിക്കുമ്പോള്‍ സ്വന്തം കുടുംബത്തിന് ആഹാരം വാങ്ങാന്‍ തന്റെ മേലങ്കി ഒരു യഹൂദന്റെ അടുത്ത് പണയത്തിലായിരുന്നു.''
അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ബഹുമാന്യനായ പ്രവാചകന്റെ ചിത്രം അവതരിപ്പിച്ചുകൊണ്ട് ശൈഖ് അബ്ദുറബ്ബു ഞങ്ങളോട് ചോദിക്കും: ''നമ്മളും നബിതിരുമേനിയും എവിടെ കിടക്കുന്നു!'' ജീവിച്ചിരിപ്പുണ്ടെങ്കിലും മരിച്ചിരിക്കയാണെങ്കിലും ശൈഖ് അബ്ദുറബ്ബിന്റെ മേല്‍ അല്ലാഹുവിന്റെ കരുണയുണ്ടാകട്ടെ... പള്ളിയിലെ വാട്ടര്‍ടാപ്പ് പൊട്ടി വെള്ളം ചാലിട്ടു നീളത്തില്‍ ഒഴുകുമ്പോഴാണ് തയമ്മുമിനെക്കുറിച്ചു ഇപ്പോഴത്തെ ഇമാമിന്റെ നീണ്ട ഗീര്‍വാണം... അതൊരു ചെറിയ പ്രളയമായി മാറി പ്രവഹിച്ചുകൊണ്ടിരിക്കെ അതില്‍ ഇമാം മുങ്ങിപ്പോയെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയി.

ഓ... ഖമറുദ്ദീന്‍* വാങ്ങാന്‍ പോയ എന്റെ സ്നേഹിതന്‍ എത്തിയിട്ടുണ്ട്. അയാളുടെ കണ്ണുകള്‍ എന്നെ പരതുകയാണ്.. അവസാനം പെട്ടെന്നയാള്‍ എന്നെ കണ്ടെത്തി... പോയപോലെ മടങ്ങിവന്നിരിക്കുകയാണ് അയാള്‍... കൈയില്‍ ഖമറുദ്ദീന്‍ കാണുന്നില്ല.... അയാള്‍ എന്റെ അരികിലിരുന്നു. ഞാന്‍ പതുക്കെ ചോദിച്ചു:
'എന്തേ, ഖമറുദ്ദീന്‍ വാങ്ങാതെ വന്നത്?''
കിതച്ചുകൊണ്ട് അയാള്‍ പറഞ്ഞു: ''കഴിയൂലേ... എനിക്ക് കഴിയൂലേ... മൂന്ന് മണിക്കൂറാണ് ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റില്‍ ഞാന്‍ ക്യൂ നിന്നത്.... ഖിയാമം നാളിലെ തിരക്കാണവിടെ... സുയിപ്പോട് സുയിപ്പ് തന്നെ... എന്തൊരാഭാസമാണിത്?''
''എന്നിട്ടെന്തായി യൂസുഫേ?'' ഞാന്‍ ചോദിച്ചു.
''ഒരു എന്നിട്ടുമില്ല മുന്നിട്ടുമില്ല...'' യൂസുഫ് പറഞ്ഞു: 'വില്‍പനക്കാരുടെ അടുത്തെത്താന്‍ ഒരു പഴുതിനായി ഏറെ ശ്രമിച്ചെങ്കിലും ഞാന്‍ തീര്‍ത്തും പരായജയപ്പെട്ടു. ഒന്നാലോചിച്ചു നോക്കിയേ.... മൂന്ന് മണിക്കൂറാണ് ഞാനവിടെ കെട്ടിത്തൂങ്ങിനിന്നത്. എന്നിട്ടും ഒരു റോള്‍ പോലും ഖമറുദ്ദീന്‍ എനിക്ക് കിട്ടിയില്ല.''

ഞാന്‍ തല താഴ്ത്തിയിരുന്നു. എന്താണ് ഇനി വീട്ടുകാരോട് പറയുക? എന്റെ സ്നേഹിതന്‍ നിശ്ശബ്ദനായി... ഞാനും മൗനിയായി. ഞങ്ങളുടെ പ്രശ്നം പരിഹാരമില്ലാതെ അപ്പടി കിടന്നു. ഖമറുദ്ദീനെ കുറിച്ചു ചോദിക്കുമ്പോള്‍ എന്റെ ശ്രീമതിയോട് ഞാന്‍ ഇനി എന്താണ് പറയുക? എന്റെ പുരുഷാധിപത്യം ഉപയോഗിച്ചു ഈ വിഷയകമായ എല്ലാ ചര്‍ച്ചകളും എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിന് എനിക്ക് ഉത്തരവിടാം... അല്ലെങ്കില്‍ ഖമറുദ്ദീന്‍ ഹറാമാണെന്നോ അനഭിലഷണീയമാണെന്നോ പറയാം... അതൊരു ചതിയാണെന്നും... അതാണെന്നും.... ഇതാണെന്നുമൊക്കെ പറയാം... ഞാന്‍ എന്ത് പറഞ്ഞാലും അവള്‍ വിശ്വസിച്ചു കൊള്ളും. പക്ഷേ, എന്റെയും എന്റെ മനസ്സാക്ഷിയുടെയും ഇടയില്‍പെട്ട് ഞാന്‍ ഇതികര്‍ത്തവ്യതാ മൂഢനായി... ഖമറുദ്ദീന്‍ കൊണ്ടുകൊടുക്കാമെന്ന് ഞാന്‍ അവളോട് വാക്ക് പറഞ്ഞതാണ്. വാക്ക് പറഞ്ഞാല്‍ അന്തസ്സുള്ളവനെ സംബന്ധിച്ചേടത്തോളം അതൊരു കടമാണ്....

എന്റെ സ്നേഹിതന്‍ ഒരു സൂത്രം പറഞ്ഞു തന്നു: ''ഖമറുദ്ദീന്റെ നിറവും രുചിയുമുള്ള ഒരു സാധനമുണ്ടാക്കാന്‍ ഒരു വഴിയുണ്ട്. ഓറഞ്ച് ജ്യൂസ് ഉണ്ടാക്കുക. എന്നിട്ടു അല്‍പം കാരറ്റ് ജ്യൂസും സ്റ്റാര്‍ച്ചും ചേര്‍ത്ത് ഖമറുദ്ദീനെപ്പോലെ തിളപ്പിക്കുക.... തിളച്ചശേഷം അത് തളികയില്‍ വിളമ്പുക... അതിന് മുകളില്‍ കുറച്ചു മുന്തിരി വിതറുക. കോര്‍പറേറ്റ് ഷോപ്പുകളില്‍ കിട്ടുന്ന കറുത്ത ഉണക്ക മുന്തിരി. ഏതാണ്ട് ഖമറുദ്ദീന്റെ രുചിപോലെ ഒരു മാതിരി രുചിയുള്ള ഖമറുദ്ദീന്‍ ഡിഷ് അതോടെ റെഡിയാകും. ഖമറുദ്ദീനാണെന്ന് കരുതി അത് കഴിച്ചു അല്‍ഹംദു ലില്ലാഹ് എന്ന് പറയുക.''
ഞാന്‍ എന്റെ സ്നേഹിതനോട് പറഞ്ഞു: 'ആദിയിലും അന്ത്യത്തിലും അല്ലാഹുവിന് സ്തുതി... പക്ഷേ, ഇത് ഖമറുദ്ദീന്റെ വ്യാജനല്ലേ?''
എന്റമ്മോ... ഖമറുദ്ദീന്‍ എന്ന് വിളിക്കുന്ന ഈ 'മഖ്ലൂഖി'നെ കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി.
പത്ത് വര്‍ഷം മുമ്പ് വരെ ഒരു വിലയുമില്ലാത്ത സാധനമായിരുന്നു ഇത്... അന്നത് ഒന്നുമല്ലായിരുന്നു... പിന്നെ പത്ത് വര്‍ഷത്തിനകം അതിന്റെ നിലവാരം ഉയരാന്‍ തുടങ്ങി... അങ്ങനെ ആളുകള്‍ അതിന്റെ വ്യാജനെ ഉണ്ടാക്കുന്ന നിലവാരത്തോളം ഇപ്പോള്‍ അതെത്തി... അതാണെങ്കില്‍ ഇത്ര കാലത്തിനിടക്ക് ക്രിയാത്മകമായ ഒന്നും ചെയ്തിട്ടുമില്ല.... ഭാഗ്യത്തിന്റെ ഒരു കളിയേ....
വിവ: വി എ കബീർ

 

* റമദാനിലെ ഒരു പ്രത്യേക ഈജിപ്ഷ്യന്‍ മധുര പലഹാരം: 
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media