ജലക്ഷാമം രൂക്ഷമാവുകയും എവിടെയും വെള്ളവും ചൂടും സംസാര വിഷയമാവുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്. ഇപ്പോള്‍ ജലത്തെക്കുറിച്ചുള്ള ചിന്തക്കും ചര്‍ച്ചക്കും വളരെ പ്രാധാന്യമുണ്ട്.
ജലക്ഷാമം രൂക്ഷമാവുകയും എവിടെയും വെള്ളവും ചൂടും സംസാര വിഷയമാവുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്. ഇപ്പോള്‍ ജലത്തെക്കുറിച്ചുള്ള ചിന്തക്കും ചര്‍ച്ചക്കും വളരെ പ്രാധാന്യമുണ്ട്. പ്രപഞ്ചസ്രഷ്ടാവായ ദൈവം കനിഞ്ഞേകിയ മഹത്തായ അനുഗ്രഹമാണ് വെള്ളം. ഈ ഭൂമിയുടെ ഉപരിതലത്തില്‍ എഴുപത് ശതമാനവും വെള്ളമാണ്. ഒരു കുഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ അവന്റെ ശരീരത്തിലും എഴുപത് ശതമാനം വെള്ളമുണ്ടായിരിക്കും. മനുഷ്യന്‍ ഭൂമിയില്‍ ജനിക്കും മുമ്പ് തന്നെ ഇവിടെ വെള്ളമുണ്ട്. വെള്ളത്തില്‍നിന്നാണ് എല്ലാ ജീവികളും ഉത്ഭവിച്ചതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വെള്ളമില്ലാത്ത ഒരു ജീവിതം വിഭാവനം ചെയ്യാന്‍ പോലും മനുഷ്യന് കഴിയില്ല.
ഇത്രയും പ്രധാനപ്പെട്ട വെള്ളം അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹം തന്നെയാണ്. മനുഷ്യന്‍ അതിന് എത്രമാത്രം നന്ദി കാണിക്കണം. 'നോക്കൂ, നിങ്ങള്‍ കുടിക്കുന്ന വെള്ളം നിങ്ങളാണോ അത് മേഘത്തില്‍നിന്നിറക്കിയത്, അതോ നമ്മളോ?' - ഖുര്‍ആന്‍ മനുഷ്യനോട് ചോദിക്കുന്നു. വെള്ളത്തിന്റെ ഘടന, അവന്റെ സൃഷ്ടി വൈഭവത്തെ വിളിച്ചറിയിക്കുന്നതാണ്. കുട്ടികള്‍ സ്‌കൂള്‍ തലം മുതല്‍ അത് പഠിച്ചുകൊണ്ടിരിക്കുന്നു. പരീക്ഷണ ശാലയില്‍ അത് പരിശോധനക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു. സമുദ്രത്തിലെ വെള്ളം നിരാവിയായി മേലോട്ടുയര്‍ന്ന് പിന്നെ അത് മേഘക്കീറുകളായി പരിണമിച്ച് കാറ്റു മുഖേന കൂടിച്ചേര്‍ന്ന് മഴയായി വര്‍ഷിക്കുന്ന സംവിധാനം എത്ര വിസ്മയജന്യമാണ്! കടലിലെ വെള്ളം മനുഷ്യരുടെ വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലും എത്തിക്കാന്‍ അല്ലാഹു സ്വീകരിച്ച നടപടി. മഴ നിര്‍ജീവമായ ഭൂമിക്ക് ജീവന്‍ നല്‍കുന്നു; വിത്തുകള്‍ മുളപ്പിക്കുന്നു; പലതരം ചെടികളും കൃഷികളും നനക്കുന്നു; വിവിധ തരം പഴങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു; മനോഹരങ്ങളായ തോട്ടങ്ങളും കാനനങ്ങളും വളര്‍ത്തുന്നു- വെള്ളത്തെപ്പറ്റി ഇങ്ങനെ എത്രയോ വാക്യങ്ങളില്‍ ഖുര്‍ആന്‍ വിവരിക്കുന്നു.
അപ്പോള്‍ വെള്ളം ഈ ഭൂമിയിലെ അമൂല്യമായ പദാര്‍ഥമാണ്. മനുഷ്യന്‍ എന്തെല്ലാം കഴിവുകള്‍ ആര്‍ജിച്ചവനായാലും ഇവിടെ അല്ലാഹു ഒരുക്കിവെച്ച വെള്ളം ഉപയോഗിക്കാനല്ലാതെ, ഒരു തുള്ളി വെള്ളം പോലും സൃഷ്ടിക്കാന്‍ അവന് കഴിയില്ല. അതുപോലെ 'നിങ്ങളുടെ വെള്ളമങ്ങ് വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ശുദ്ധജലം കൊണ്ടുവന്ന് തരിക' എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. അപ്പോള്‍ ഈ വെള്ളം മനുഷ്യന്‍ എത്ര കരുതലോടെ ഉപയോഗിക്കണം.
വെള്ളത്തിന്റെ ഉപയോഗത്തിന് ഇസ്‌ലാം ഒരു സംസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 'ദുര്‍വ്യയം ചെയ്യരുത്; ധൂര്‍ത്തടിക്കരുത്' എന്നീ കല്‍പ്പനകള്‍ വെള്ളത്തിന്റെ കാര്യത്തിലും ബാധകമാണ്. പ്രാര്‍ഥനക്ക് അംഗശുദ്ധി വരുത്തുകയാണെങ്കിലും വെള്ളം അമിതമായി ഉപയോഗിക്കുന്നതിനെ പ്രവാചകന്‍ നിരോധിക്കുന്നു. ഒഴുകുന്ന പുഴയാണെങ്കില്‍ പോലും എന്ന് പ്രസ്താവിച്ച് വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കാനുള്ള ബോധം പ്രവാചകന്‍ നല്‍കുന്നു. പ്രവാചകന്റെ ഉപദേശങ്ങള്‍ മുന്നിലിരിക്കെ തന്നെയാണ് വെള്ളത്തിന് ദൗര്‍ലഭ്യം അനുഭവപ്പെടുന്ന ഈ കാലത്ത് പോലും യാതൊരു പ്രയാസവും കൂടാതെ ഒഴുക്കിക്കളയുന്നത്.
അടുക്കള കൈകാര്യം ചെയ്യുന്നവര്‍ എന്ന നിലയില്‍ വീടുകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ വെള്ളം കൈകാര്യം ചെയ്യേണ്ടിവരും. അടുക്കള ആവശ്യത്തിന് ധാരാളം വെള്ളം ആവശ്യമാണ്. എന്നാല്‍ വെള്ളത്തിന്റെ ഉപയോഗത്തിന് ഒരു ക്രമീകരണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ ധാരാളം വെള്ളം ലാഭിക്കാന്‍ കഴിയും. പാത്രങ്ങളും മറ്റും കഴുകി ഉപേക്ഷിക്കുന്ന വെള്ളം പോര്‍ച്ചിലെയും മറ്റും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും നനക്കാനുമെല്ലാം ഉപയോഗപ്പെടുത്താന്‍ കഴിയും. 'വസ്‌വാസ്' എന്ന മാനസികാവസ്ഥക്ക് അടിപ്പെട്ട ചിലര്‍ കുളിക്കാനും ശുചീകരണത്തിനും ധാരാളം വെള്ളം ഉപയോഗിക്കുന്നു. എത്ര വൃത്തിയാക്കിയാലും വൃത്തിയാവില്ല എന്ന തോന്നലിനടിപ്പെട്ടവരാണവര്‍. ഈ കാരണത്താല്‍ പ്രാര്‍ഥനക്കുള്ള അംഗശുദ്ധിക്ക് പോലും എത്രയോ വെള്ളമാണ് ഇവര്‍ ചെലവഴിക്കുന്നത്. ഇത്തരം മനോരോഗമുള്ളവരെ മനഃശാസ്ത്രവിദഗ്ധര്‍ പല നിര്‍ദേശങ്ങളും കൊടുത്ത് ചികിത്സിക്കാറുണ്ട്. പ്രവാചകനും പത്‌നി ആഇശയും ഒരേ പാത്രത്തില്‍നിന്ന് വെള്ളമെടുത്ത് ഒന്നിച്ച് കുളിച്ചിരുന്നുവെന്ന് ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.
പരിസ്ഥിതിക്ക് വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജലത്തിന്റെ തോത് ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. ജലസ്രോതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ദുഷ്‌ചെയ്തികള്‍ പ്രകൃതിയെ ബാധിക്കുമെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. മഴ കുറയാനുള്ള കാരണമായി പ്രകൃതിവാദികളും ശാസ്ത്രജ്ഞന്മാരും മനുഷ്യരുടെ അവിവേകം തന്നെയാണ് എടുത്ത് പറയുന്നത്.
ശുചിത്വം ആരോഗ്യ സംരക്ഷണ വിഷയത്തില്‍ വളരെ പ്രധാനമാണ് 'വൃത്തി വിശ്വാസത്തിന്റെ പകുതി' എന്നാണ് പ്രവാചകന്‍ പ്രസ്താവിച്ചത്. 'വൃത്തിയുള്ളവരെയാണ് ദൈവം ഇഷ്ടപ്പെടുക' - ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വൃത്തികേടുണ്ടാകുമ്പോഴാണ് വൃത്തിയാക്കുന്ന പ്രശ്‌നം ഉടലെടുക്കുന്നത്. ശരീരവും വസ്ത്രവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ഒരു സംസ്‌കാരം ചെറുപ്പം മുതലേ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്. അപ്പോള്‍ ജലത്തിന്റെ ഉപയോഗം വളരെ കുറക്കാന്‍ കഴിയും. ഇന്ന് ആരാധനാലയങ്ങളിലെ ശുചീകരണ മുറികളില്‍ പോലും 'വെളളം അമിതമായി ഉപയോഗിക്കരുത്' എന്ന് എഴുതിവെച്ചതായി കാണാം. പക്ഷേ, ഈ എഴുത്തെല്ലാം ആര് ശ്രദ്ധിക്കാനാണ്! 'വുദൂ' എടുക്കാന്‍ ആരംഭിക്കുമ്പോള്‍ തുറന്നിട്ട ടാപ്പ് പിന്നെ എപ്പോഴാണ് പൂട്ടുന്നത്. ആരാധനാലയങ്ങളിലെ വെള്ളം പൊതുവായതിനാല്‍ അത് എത്രയും ഉപയോഗിക്കാം എന്ന വിചാരമാണ് പലര്‍ക്കും. വെള്ളം എവിടെയാണെങ്കിലും അതിന്റെ യഥാര്‍ഥ ഉടമ അല്ലാഹുവാണ് എന്ന ബോധ്യത്തോടെയായിരിക്കണം അതിനെ നാം ഉപയോഗിക്കേണ്ടത്.
വേനല്‍ചൂടിന്റെ കാഠിന്യം കുറക്കാനോ, മഴയുടെ ദൗര്‍ലഭ്യം പരിഹരിക്കാനോ ഒന്നും മനുഷ്യന് കഴിയില്ല. വരള്‍ച്ച മനുഷ്യന്റെ നിയന്ത്രണത്തില്‍പെട്ട കാര്യമല്ല. എന്നാല്‍ മനുഷ്യന് ചെയ്യാന്‍ കഴിയുന്ന ഏക കാര്യം ജലോപയോഗത്തിന്റെ നിയന്ത്രണം ഒന്നു മാത്രമാണ്. ആവശ്യങ്ങള്‍ക്ക് മാത്രം വെള്ളം ഉപയോഗിക്കാനും ഉപയോഗിച്ച വെള്ളം തന്നെ പുനരുല്‍പാദന രീതിയില്‍ ഉപയോഗിക്കാനും കഴിയേണ്ടതുണ്ട്. വീട്ടില്‍ തന്നെ ഇതിനുള്ള ശ്രമം നടത്തണം. അലക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളം വെറുതെ മുറ്റത്തൊഴിക്കാതെ അത് തെങ്ങിന്‍ തുറകളിലോ പറമ്പുകളിലോ ഒഴുക്കിവിടുകയാണെങ്കില്‍ ചെടികള്‍ക്കും മറ്റും വേറെ ജലം ആവശ്യമായി വരില്ല. അതുപോലെ തന്നെ വീടുകളിലെ ബാത്ത്‌റൂം ഉപയോഗത്തിലും മറ്റും അല്‍പം ശ്രദ്ധവെച്ചാല്‍ ദിവസവും ടാങ്കില്‍ അടിച്ചുകയറ്റുന്ന വെള്ളം കുറച്ച് ദിവസത്തേക്ക് സൂക്ഷിച്ചുവെക്കാന്‍ കഴിയും. ബാത്ത് റൂമിലെ കുളി ഷവറില്‍നിന്നും ബാത്ത് ടബ്ബില്‍നിന്നും മാറ്റി ബക്കറ്റില്‍ വെള്ളം പിടിച്ചുവെച്ച് ഉപയോഗിക്കുകയാണെങ്കില്‍ ധാരാളം വെള്ളം ലാഭിക്കാം. ബാത്ത്‌റൂമിലെ ഫ്‌ളഷ് ടാങ്ക് അനാവശ്യമായി ഉപയോഗിച്ചും പൈപ്പുകള്‍ തുറന്നിട്ടും ധാരാളം വെള്ളം കളയുന്നത് കുട്ടികളുടെ ഒരു ഹോബിയാണ്. വെള്ളം കരുതിവെക്കേണ്ടതിന്റെ പ്രാധാന്യവും ജലദൗര്‍ലഭ്യത്തിന്റെ യാഥാര്‍ഥ്യവും കുട്ടികളെ ഓര്‍മപ്പെടുത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വെള്ളം കൊണ്ടുള്ള കളി ജീവിതം കൊണ്ടുള്ള തീക്കളിയാണെന്ന് കുഞ്ഞു മനസ്സിന് ബോധ്യപ്പെടും.