ശബ്ദങ്ങള്‍ കേട്ടാണ് ഞാനുണര്‍ന്നത്. പുറത്തെ ടാറിടാത്ത ഞങ്ങളുടെ ഇടവഴിയില്‍ റിക്ഷകളുടെയും മോട്ടോര്‍ ബൈക്കിന്റെയും സൈക്കിള്‍ ബെല്ലിന്റെയും നിര്‍ത്താത്ത ശബ്ദങ്ങള്‍! അടുക്കളയില്‍നിന്ന് ഉമ്മാന്റെ ചിലമ്പിച്ച ശബ്ദത്തിലുള്ള പ്രാകലുകള്‍. കുഞ്ഞാറ്റയുടെ ചീമ്പിയുള്ള കരച്ചില്‍. എന്റെ തൊട്ടുതാഴെയുള്ള അനുജത്തിമാരുടെ തെറിവിളിയും അടിപിടിയും. ഞാന്‍ മടുപ്പോടെ എഴുന്നേറ്റു. ചിതലു പിടിച്ച് ദ്രവിച്ചു തുടങ്ങിയ ഞങ്ങളുടെ ജനാലക്കപ്പുറം നോക്കി നിന്നു.
മീന്‍കാരന്‍ മൊയ്തീനോട് ഉമ്മ വില പേശുകയാണ്. അമ്പത് രൂപയുടെ മീന്‍ ഉമ്മ ഇരുപത്തഞ്ചിന് വാങ്ങും. പാത്രക്കാരന്‍ ഗോപാലേട്ടനും പച്ചക്കറി മമ്മദും എന്തിന് മാക്‌സിക്കാരന്‍ മൊരടന്‍ രാജന്‍ വരെ ഉമ്മാക്ക് ശിരസ്സ് നമിച്ചു കൊടുത്തിട്ടുണ്ട്. വിചാരിച്ച പൈസക്ക് സാധനം കിട്ടിയില്ലെങ്കില്‍ ഉമ്മാക്ക് അന്ന് ഉറക്കം വരില്ല. ഉമ്മാന്റെ നാവിന് ഒടുക്കത്തെ നീളമാണെന്ന് നാട്ടുകാര് മുഴുവന്‍ പറയും. താന്തോന്നിയും തന്നിഷ്ടക്കാരിയുമാണ് ഉമ്മ. ഒന്നിനെയും പേടിയില്ല, ആരെയും ഗൗനിക്കില്ല. ചിരിക്കില്ല. ആഭരണങ്ങളണിയാത്ത മെല്ലിച്ച ശരീരവുമായി തല ഉയര്‍ത്തി അങ്ങനെ നടക്കും.
അപ്പുറത്തെ വീട്ടിലെ വനജ ഉമ്മയെ കാണുമ്പോള്‍ ആട്ടിത്തുപ്പും; 'മൊച്ച, പെണ്ണ്ങ്ങള്‍ക്കിത്രം വമ്പ് പാടില്ല.' വനജക്ക് മാത്രമല്ല ഞങ്ങളുടെ വീതിയില്ലാത്ത തെരുവില്‍ തിങ്ങിപ്പാര്‍ക്കുന്ന ആര്‍ക്കും ഉമ്മാനെ ഇഷ്ടമല്ല. ഇടവഴിയിലൂടെ അടക്കം പറഞ്ഞ് പോകുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ ഉമ്മ ഉറക്കെ പറയും:
'സൈനബ മൊച്ചയാ, തനി മൊച്ച, ന്നെ ആരും സ്‌നേഹിക്കണ്ടാ, ഞാനും ആരേം സ്‌നേഹിക്കൂലാ, അതോണ്ടല്ലേ ന്റെ പുയ്യാപ്ല ദുബായി പോയി ബേറെ പെണ്ണുംകെട്ടി പൊറ്ത്തത്.' എട്ടും പൊട്ടും തിരിയാത്ത കുഞ്ഞാറ്റയുടെ മുഖത്ത് നോക്കി ഉമ്മ കൊഞ്ഞനം കുത്തും.
'അനക്കൊക്കെ മൂന്ന് നേരം തിന്നാന്‍ തറ്ണ്ണ്ട് യീ സൈനബ, വല്ലോന്റേം എച്ചില് കഴ്കിക്ക്ട്ട്ണ നക്കാപിച്ചോണ്ട് ഇയ്യൊന്നും ചാവാണ്ട് കഴ്‌യിണ്ട്.... ഇല്ലോകത്തെ പ്രമാണിമാരാരും ഇങ്ങളെ പോറ്റൂല്ല... ഈ മൊച്ച സൈനബ തന്നെ വേണം. ആഹ്... ഈ മൊച്ച സൈനബല്ലാര്‍ന്നങ്കി എല്ലാരും പടിക്കും...' ഉമ്മ കുഞ്ഞാറ്റയെ ഒക്കത്തെടുത്ത് ആട്ടിത്തുപ്പും.
കുഞ്ഞാറ്റ ചിലപ്പോള്‍ കുഞ്ഞിപ്പല്ലുകള്‍ കാട്ടി പൊട്ടിച്ചിരിക്കും. ചിലപ്പോള്‍ ഭയപ്പാടോടെ ഉറക്കെ കരയും. 'അട്ടായിക്കല്ലടീ പന്നീ...' ഉമ്മ ഉറക്കെ മുരളും.
ഒമ്പത് മണിയാകുമ്പോഴേക്കും ഞങ്ങളുടെ ഇടിഞ്ഞ കൂരയിലെ ശബ്ദങ്ങള്‍ നിലക്കും. ഉമ്മയും കുഞ്ഞാറ്റയും തൈക്കണ്ടം ഹാജിയുടെ ബംഗ്ലാവിലേക്കും, സൗദയും ഷാനിമോളും സ്‌കൂളിലേക്കും ഞാന്‍ കോളേജിലേക്കും നീങ്ങും. കളിക്കാരൊഴിഞ്ഞ സര്‍ക്കസ് കൂടാരം പോലെ അത് മൂകമാക്കപ്പെടും. വൃശ്ചികക്കാറ്റ് വീശുമ്പോള്‍ കറുത്ത് ദ്രവിച്ച ഞങ്ങളുടെ മേല്‍ക്കൂരയുടെ പൊട്ടും പൊടിയും വനജയുടെ ഇന്റര്‍ലോക്ക് ചെയ്ത് ഭംഗിയാക്കിയ മുറ്റത്ത് ചെന്ന് വീണു.
'ദൈവമേ.... മൊച്ച സൈനബാനേ കൊണ്ട് തോറ്റു. ഈ കരിങ്കൂര ഇപ്പ മ്മടെ മേല് വീഴൂലോ...' വനജ നെഞ്ചത്തടിച്ച് പറയും.
അത് കേള്‍ക്കേണ്ട താമസം ഉമ്മ മാക്‌സി ഇടുപ്പില്‍ കുത്തി കുഞ്ഞാറ്റയെ ഒക്കത്തെടുത്ത് മുരളും:
'ആന്നേ, ഇഞ്ഞി എന്നാടി നെഗളിക്കാന്‍ തൊടങ്ങീത്, ന്റെ പെരേന്റെ വടക്കോര്‍ത്ത് എത്തറ എരന്ന് നിന്ന് ണ്ട്രീ ബനജേ.... അന്നൊക്കെ ഒര് മടീം കൂടാതെ പെരെല്ള്ളത് എട്ത്ത് തന്ന്ട്ടൂം ഇണ്ട് യീ സൈനബ. ഇപ്പൊ ഇജ്ജ് ബെല്ല്യ പത്രാസ്‌ക്കാരി...'
'ആന്നേ... പെണ്ണ്ങ്ങളായാ ഇത്രേം മൊച്ചത്തരം പാടില്ല, അന്റെ വമ്പ് ചെറ്‌തൊന്ന്വല്ല, അതോണ്ടെന്തായി. ബീരാന്‍ മാപ്ല ഇട്ടേച്ചും പോയി. പോരാത്തേന്ന് നാല് പെങ്കുട്ട്യോളും. ഒരാണ്‍തരി ണ്ടായാടീ അനക്ക്.' വനജ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് അകത്ത് കയറി 'ഠപ്പോ' എന്ന് വാതിലടക്കും.
ഉമ്മ അപ്പോള്‍ തൈക്കണ്ടം ഹാജിയുടെ വലിയ ഗേറ്റ് കടക്കുവോളം ഞങ്ങളെ പ്രാകും. പെറ്റതെല്ലാം പെണ്ണായിപ്പോയതില്‍ ഉമ്മാക്ക് ലജ്ജയും അപമാനവും വ്യസനവും സഹിക്കാന്‍ കഴിയുന്നില്ല. സമൂഹത്തിനും ഞങ്ങളെ സഹിക്കാന്‍ കഴിയുന്നില്ല. സമൂഹം ഞങ്ങള്‍ക്ക് തിന്നാന്‍ തര്ണില്ല. പിന്നെ ആര്‍ക്ക് എന്താ ചേതം! ചേതം വേണ്ടത് ഉമ്മാക്ക് മാത്രം. ഉമ്മയാണ് ഞങ്ങള്‍ക്ക് തിന്നാന്‍ തര്ണത്. ചേതം ഉമ്മാനെ മൊച്ചയാക്കി, മൊച്ച സൈനബയാക്കി. എങ്കിലും ഒരു നേരം പോലും ഞങ്ങള്‍ പട്ടിണി കിടന്നില്ല. വനജയുടെ മോളേക്കാളും തണ്ടും തടിയും ഞങ്ങള്‍ക്കുണ്ട്. ബുദ്ധിയുമുണ്ട്. പ്ലസ്ടുവിന് എനിക്ക് 96 ശതമാനം മാര്‍ക്കുണ്ട്. എനിക്ക് സൗന്ദര്യമുണ്ട്. ഗ്രഹണം ബാധിച്ച ചന്ദ്രനെന്ന പോലെ വിചിത്രമായ സൗന്ദര്യം! പക്ഷേ, ഇപ്പോള്‍ എനിക്ക് പഠനത്തില്‍ ശ്രദ്ധയില്ല, എന്റെ മനസ്സില്‍ ഭൂതവും വര്‍ത്തമാനവും ഇല്ല. കാണുന്നതിനോടെല്ലാം ദേഷ്യവും ക്രോധവുമല്ലാതെ മറ്റൊന്നും എനിക്കില്ല.
തൈക്കണ്ടം ഹാജിയുടെ വീട്ടില്‍ മൊച്ച സൈനബ പട്ടിയെ പോലെ കിതച്ച് പണിയെടുക്കും. അനായാസം ചെയ്യേണ്ട ജോലി പോലും അവള്‍ പ്രയാസത്തോടെ ചെയ്യും. തലേന്നത്തെ എച്ചില്‍പാത്രങ്ങള്‍ വൃത്തിയോടെ കഴുകും. വിറക് വെട്ടും. അടിച്ച് വാരി തുടക്കും. കുഞ്ഞാറ്റക്ക് വയറ് നിറയെ ഭക്ഷണം കൊടുക്കും. സൈനബ വയറ് നിറയെ തിന്നും. തൈക്കണ്ടം ഹാജി അപലക്ഷണത്തോടെ ചുഴിഞ്ഞുനോക്കുമ്പോള്‍ സൈനബ കൂടുതല്‍ മൊച്ചയാകും. ഉരുക്കിനേക്കാള്‍ ബലമുള്ള അവളുടെ നെഞ്ച് ഉയര്‍ത്തിപ്പിടിച്ച് 'ധൈര്യമുണ്ടെങ്കില്‍ ഒന്ന് തൊട്ട് നോക്കെടാ' എന്ന് വെല്ലുവിളിച്ച് ധൈര്യപൂര്‍വം നടക്കും. മോന്തിയാകുമ്പോള്‍ ഞങ്ങളുടെ വൃത്തിയില്ലാത്ത ഇടവഴിയിലൂടെ നടന്ന് പബ്ലിക് പൈപ്പില്‍നിന്ന് മുഖം കഴുകി മുനിഞ്ഞ് കത്തുന്ന ചിമ്മിനി വിളക്കിന്റെ വെളിച്ചമുള്ള ഞങ്ങളുടെ കൂരയിലേക്ക് കയറും. വീണ്ടും ഞങ്ങളുടെ കളിമണ്‍ ചുമരുകളില്‍ ശബ്ദങ്ങള്‍ പ്രതിധ്വനിക്കും. അടുക്കളയില്‍ പാത്രങ്ങള്‍ കലപില കൂടും. വടക്കേ പുറത്തെ തിണ്ണയിലിരുന്ന് ഞങ്ങള്‍ മക്കള്‍ സ്റ്റീല്‍ പാത്രത്തില്‍ ചോറ് ചൂടോടെ കഴിക്കും. ഉമ്മാന്റെ ചേമ്പ് താളിച്ചതും മാങ്ങാ ചമ്മന്തിയും കൂട്ടിക്കുഴച്ച്... ആഹാ.... ഒടുക്കത്തെ രുചിയാണ്.
വയറ് നിറച്ച്, കീറിയ പായത്തുമ്പിലേക്ക് ഞങ്ങള്‍ വീഴുമ്പോഴും അടുക്കളയില്‍ പാത്രങ്ങളുടെ ശബ്ദങ്ങള്‍ നിലക്കുകയില്ല. അടുക്കളയുടെ ഓരത്ത് പ്ലാസ്റ്റിക് ഷീറ്റില്‍ കുഞ്ഞാറ്റ ഉറങ്ങിയിരിക്കും. എല്ലാം കഴിഞ്ഞാല്‍ പുതപ്പുകെട്ട് തലയണയാക്കി ഉമ്മ കുഞ്ഞാറ്റക്കരികില്‍ ചുരുണ്ട് കിടക്കും.
ഈയിടെയായി എനിക്ക് തീരെ ഉറക്കമില്ല. കുഞ്ഞാറ്റ ചിണുങ്ങുന്നതും, അനിയത്തിമാര്‍ ഉറക്കത്തില്‍ എന്നെ 'പിരാന്തത്തീ' എന്ന് വിളിക്കുന്നതും ഞാന്‍ വ്യക്തമായി കേള്‍ക്കും. ഉറക്കത്തില്‍ കുഞ്ഞാറ്റ മൂത്രമൊഴിച്ച് കരഞ്ഞാല്‍ 'അട്ടായിക്കല്ലടീ പന്നീ' എന്ന് പറഞ്ഞ് ഉമ്മ കുഞ്ഞാറ്റയെ പച്ചക്കുടത്തിലെ വെള്ളത്തില്‍ കഴുകുന്നതും, പിന്നെ ബെഞ്ചില്‍ കിടത്തി ഉറക്കുന്നതും എല്ലാമെല്ലാം ഞാന്‍ കണ്ണടച്ച് കേട്ടു. നേരം വെളുക്കാന്‍ നേരത്താണ് പിന്നെ ഞാന്‍ ഉറങ്ങിപ്പോവുക. അതുകൊണ്ട് ഉണരാനും വൈകും. എനിക്ക് സുബ്ഹ് നഷ്ടപ്പെടും. നമസ്‌കരിക്കാത്തതിന് ഉമ്മ എപ്പോഴും എന്നെ തല്ലുമായിരുന്നു. പക്ഷേ, ഈയിടെയായി ഉമ്മ ഒന്നും പറയാറില്ല. എനിക്ക് പ്രായപൂര്‍ത്തിയായി. ഇനി എന്നെ നിര്‍ബന്ധിപ്പിക്കല്‍ ഉമ്മാന്റെ ബാധ്യതയല്ല. ഉമ്മ എന്നും കൃത്യമായി നമസ്‌കരിക്കും. അല്ലാഹുവും ഉമ്മയും തമ്മിലുള്ള ദൃഢമായ ബന്ധം പലപ്പോഴും ഞാന്‍ അത്ഭുതത്തോടെ ഓര്‍ക്കാറുണ്ട്. ഉമ്മാന്റെ ധൈര്യത്തിനും ആരോഗ്യത്തിനും ആധാരം ആ ശക്തി മാത്രമാണ്.
എഴുന്നേല്‍ക്കാന്‍ വൈകുമെങ്കിലും ഒരിക്കല്‍ പോലും എനിക്ക് 'പ്രസാദം ബസ്' നഷ്ടപ്പെട്ടിട്ടില്ല. കൃത്യസമയത്ത് ഞാന്‍ കോളേജിലെത്തും. പക്ഷേ, അന്നെനിക്ക് 'പ്രസാദം' നഷ്ടപ്പെട്ടു. ഞാനും അനിയത്തിമാരും അടിപിടി കൂടിയ ദിവസം. ഹേതു നിസ്സാരമായിരുന്നു. ഷാനിമോളും സൗദയും ഞങ്ങളുടെ പബ്ലിക് പൈപ്പില്‍നിന്നും ചുമന്ന് കൊണ്ടുവന്ന പച്ചക്കുടത്തിലെ മുഴുവന്‍ വെള്ളവും തലയിലൂടെ ഒഴിച്ച് ഞാന്‍ കുളിച്ചു. കുളി കഴിഞ്ഞിറങ്ങിയതേ ഓര്‍മയുള്ളൂ, ആരോ എന്റെ നനഞ്ഞ മുടി പിടിച്ച് പിന്നിലേക്ക് വലിച്ചു. മറ്റാരോ എന്റെ മുഖത്ത് കൂര്‍പ്പിച്ച നഖം കൊണ്ട് മാന്തി. ശരിക്കും വേദനിച്ചു!
'പിരാന്തത്തീ.... മടിച്ചിയാ, ... ഇഞ്ഞി, ആന മടിച്ചി, ഞാളെ ബെള്ളും മുയോനും മോന്തി... പിരാന്തത്തീ...'
'പ്രസാദം' നഷ്ടപ്പെടുമെന്നുള്ള ഏക കാരണം കൊണ്ട് ഞാന്‍ ക്ഷമിച്ചു. ഒരുവിധം അവരില്‍നിന്നു രക്ഷപ്പെട്ടോടിയപ്പോഴാണ് മനസ്സിലായത്, എന്റെ യൂണിഫോം കാണുന്നില്ല. അവരത് എവിടെയോ ഒളിപ്പിച്ചിരുന്നു. ഇത്തവണ എന്നിലെ പിരാന്ത് ഇളകി. തകരപ്പെട്ടിക്ക് മേല്‍ അടുക്കി വെച്ചിരുന്ന അവരുടെ പുസ്തകങ്ങള്‍ മുഴുവനും എടുത്ത് ഞാന്‍ അടുക്കളയിലേക്കോടി.
'ഇപ്പോ തീയ്യിലിടും, പിരാന്തത്തിയാ പറേണെ, ന്റെ യൂണിഫോം കിട്ടീല്ലേല്‍ ഇപ്പോ ഇടും.'
പിറകില്‍നിന്നും എന്റെ യൂണിഫോം പറന്നുവന്നു. ഞാന്‍ പുസ്തകങ്ങള്‍ നിലത്തിട്ട് യൂണിഫോമുമായി ഓടി.
ഉമ്മ ഞങ്ങളെ പ്രാകുന്നുണ്ടായിരുന്നു. കുഞ്ഞാറ്റ ചീമ്പല്‍ തുടങ്ങിയിരുന്നു. ഉമ്മാന്റെ 'അട്ടായിക്കല്ലടീ പന്നീ' തുടരെ തുടരെ കേട്ടുകൊണ്ടിരുന്നു. ഞാനപ്പോള്‍ എന്റെ ചെരുപ്പ് തെരയുകയായിരുന്നു. ഉമ്മറത്തെ മണ്‍കുടവും വെള്ളവും ഞാന്‍ തട്ടിത്തെറിപ്പിച്ചു. മണ്‍കുടം ഉരുണ്ടുരുണ്ട് വനജയുടെ മതിലിന്മേല്‍ ചെന്നവസാനിച്ച് രണ്ടായി പിളര്‍ന്നു. ഞാന്‍ കൂരക്ക് ചുറ്റും ഓടി. ഞങ്ങളുടെ വൃത്തിയില്ലാത്ത കൊട്ടത്തളത്തിലെ വെള്ളത്തില്‍ വാറ് പൊട്ടാറായ എന്റെ ചെരുപ്പ് പൊന്തിക്കിടന്നു. അതും വലിച്ചിട്ട് ഞാന്‍ ഇടവഴിയിലെ ശബ്ദങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയിലൂടെ പ്രസാദം ബസിനെ മനസ്സില്‍ കണ്ട് ഓടി. നിഷ്ഫലം! അങ്ങനെ ആദ്യമായി അത് സംഭവിച്ചു.
പ്രസാദം നഷ്ടപ്പെട്ടു!
കോളേജിലെത്തുമ്പോള്‍ പരീക്ഷ തുടങ്ങിക്കഴിഞ്ഞിരുന്നു. പരിപൂര്‍ണമായ നിശ്ശബ്ദത. അതിനേക്കാള്‍ നിശ്ശബ്ദമായി ഞാന്‍ പരീക്ഷാ ഹാളിന്റെ വാതില്‍ക്കല്‍ നിന്നു. ഭാനുമതി ടീച്ചര്‍ എന്നെ തീക്ഷ്ണമായി നോക്കി.
'ഇപ്പഴാണോ വര്‌ണേ...'
എല്ലാവരും എഴുത്ത് നിര്‍ത്തി ഒരേ പോലെ എന്നെ നോക്കി.
എനിക്കപ്പോള്‍ അല്‍പം ഗര്‍വ് തോന്നി. ഞാന്‍ തലയുയര്‍ത്തി.
ഈയ്യിടെയായി ഭാനുമതി ടീച്ചര്‍ എന്നെ ഒരുപാട് വഴക്ക് പറയാറുണ്ട്. അവര്‍ക്കെന്നെ ഇഷ്ടമല്ല.
'നീയ്യൊക്കെ എന്തിനാ പഠിക്കാന്‍ വര്‌ണേ..' ടീച്ചര്‍ ആവര്‍ത്തിച്ചു.
കൂട്ടുകാര്‍ എന്നെ അവഗണനയോടെ നോക്കി. അവരുടെ കണ്ണിലും വെറുപ്പ് പ്രത്യക്ഷപ്പെട്ടു. എന്നെ എല്ലാവരും വെറുക്കുന്നു.
'പ്ലസ് ടുവിന് 96 ശതമാനം മാര്‍ക്കോടെ പാസ്സായ കുട്ടിയല്ലേ നീയ്യ്... ആദ്യോക്കെ നന്നായി പഠിക്കേം ചെയ്‌തേര്‍ന്ന്. ഇപ്പോ എന്ത് പറ്റി... പഠിക്ക്ണില്ലാന്ന് മാത്രല്ല, ഒരുതരം ഗര്‍വ്...' ടീച്ചര്‍ പിറുപിറുത്തു.
ഞാന്‍ ഹാളിലേക്ക് കയറി ഇരുന്നു. എന്റെ കൈയില്‍ പേനയും മുന്നില്‍ കടലാസും ഉണ്ട്. എനിക്ക് എഴുതാനും ഒരുപാടുണ്ടായിരുന്നു. ഭൂമിയുടെ ഗോളാതിര്‍ത്തിയില്‍ തൂങ്ങിക്കിടക്കുന്ന സകലമാന വിഷയങ്ങളും എനിക്ക് കൈകാര്യം ചെയ്യാം. 'ഞാന്‍ മൊച്ച സൈനബയുടെ മോളാണ്' എന്നാണ് ഞാന്‍ തുടങ്ങിയത്. സൈനബാക്ക് എഴുത്തും വായനയും അറിയില്ല. എങ്കിലും സാരമില്ല. സൈനബാക്ക് ജീവിക്കാനറിയാം. കാരിരുമ്പിന്റെ മൂര്‍ച്ചയും കരുത്തുമുള്ളവള്‍. അങ്ങനെയുള്ള സൈനബാന്റെ മോളാണ് ഞാന്‍. എന്റെ പേര് നിങ്ങള്‍ കരുതുന്ന പോലെ സൈറ എന്നല്ല. ഞാന്‍ 'സൈറന്‍.' ആണുങ്ങളെപ്പോലെ ഷര്‍ടും പാന്റ്‌സും ധരിക്കാതെ, ചുണ്ടില്‍ സിഗററ്റ് പിടിപ്പിക്കാതെ പകുതി തേഞ്ഞ സൈക്കിളുമായി ഞാന്‍ പുറപ്പെടും. മൊച്ച സൈനബാന്റെ ഇടിഞ്ഞ കൂരയും കടന്ന് ഞങ്ങളുടെ വൃത്തിയില്ലാത്ത ഇടവഴിയും കടന്ന് പുറത്തെ ശബ്ദാഭമാര്‍ന്ന തെരുവും കടന്ന് 'മൊച്ച സൈനബാന്റെ പെണ്‍മക്കള്‍' എന്ന് ശബ്ദം പ്രതിധ്വനിക്കാത്ത ഭൂമിയുടെ കോണിലേക്ക്. സൈറ മരിച്ചു. ഇനി നിങ്ങള്‍ മൊച്ച സൈറയെ മാത്രമേ കാണൂ. മൊച്ച സൈറ നിങ്ങളെ പലതും പഠിപ്പിക്കും. ഭാഷയും സാഹിത്യവും സദാചാരവും ചരിത്രവും പുസ്തകങ്ങളിലല്ല, പകരം ജീവിതത്തിലാണ് എന്ന് ഞാന്‍ എന്റെ അധ്യാപകരെ പഠിപ്പിക്കും. വെറും സൈറയായി പുറത്തു പോയാല്‍ നിങ്ങളെന്നെ കൊത്തിക്കീറും. സദാചാരവാദികളും പ്രമാണിമാരും സമൂഹവും എന്നെ ദുര്‍ബലയാക്കും. അതുകൊണ്ട് ഞാന്‍ സ്വയം സൈറന്‍ ആകുന്നു. എനിക്ക് പൊട്ടിച്ചിരിക്കാന്‍ തോന്നുന്നു. നിങ്ങള്‍ക്കും വേണമെങ്കില്‍ എന്നെ 'മൊച്ച സൈറ' എന്ന് വിളിക്കാം. ഓര്‍ത്തോ.... ഞാന്‍ തിരിച്ചുവരും. ഞങ്ങളുടെ വൃത്തിയില്ലാത്ത ഇടവഴിയില്‍ താമസിക്കുന്ന തെണ്ടികളെയെല്ലാം ഞാന്‍ ഉയര്‍ത്തെഴുന്നേല്‍പിക്കും. ഭക്ഷണവും ധൈര്യവും കരുത്തും കൊടുത്ത് അവരെ ജീവിപ്പിക്കും. ഇനിയും ഒരുപാട് മൊച്ച സൈനബമാര്‍ ഉയര്‍ന്നുവരാന്‍ ഞാന്‍ ആഹ്വാനം ചെയ്യും. എന്നെ നിങ്ങള്‍ വിപ്ലവകാരിയെന്നോ വിലാപകാരിയെന്നോ വിളിച്ചേക്കാം. എനിക്കാരെയും പേടിയില്ല. മരണത്തെയും പേടിയില്ല. ആര്‍ക്കും എന്നോട് ഏറ്റുമുട്ടാം. വെല്ലുവിളികളേ, മൊച്ച സൈറ ഇതാ എത്തിക്കഴിഞ്ഞു.'
അങ്ങനെ എല്ലാ വിഷയങ്ങളിലും പരീക്ഷ ഞാനെഴുതി. ഉത്തരക്കടലാസ് കൊടുക്കുന്ന ദിവസം ഭവാനി ടീച്ചര്‍ സമനില നഷ്ടപ്പെട്ട പോലെ കിതച്ചുകൊണ്ട് പറഞ്ഞു: 'നാളെ രക്ഷിതാവിനേം കൊണ്ട് ക്ലാസില്‍ കയറിയാല്‍ മതി.' ഒരൊറ്റ വാക്ക്.
ഉമ്മ തൈക്കണ്ടം ഹാജിയുടെ വീട്ടിലേക്ക് കുഞ്ഞാറ്റയെയും കൊണ്ട് പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഞാന്‍ വിവരം പറഞ്ഞത്:
'ടീച്ചറ് ചെല്ലാന്‍ പറഞ്ഞു.'
'ഒപ്പിടാനോ...?'
'ഉം...'
'ഞാ വന്നോളാം... ജ്ജ് പൊയ്‌ക്കോ...'
ഞാന്‍ വരാന്തയില്‍ നിന്നു. ഭവാനി ടീച്ചര്‍ക്കും സൈമണ്‍ മാഷ്‌ക്കും രാധ ടീച്ചര്‍ക്കും ഒരുപാട് പറയാനുണ്ടാകും. ഉമ്മ ആദ്യമാണ് അധ്യാപകരോട് സംസാരിക്കാന്‍ പോകുന്നത്. ഉമ്മാക്ക് എന്തറിയാനാണ്!
കുറച്ച് കഴിഞ്ഞപ്പോള്‍ നീലയില്‍ കറുത്ത പുള്ളി സാരി വലിച്ചുടുത്ത മൊച്ച സൈനബ ഗേറ്റ് കടക്കുന്നത് ഞാന്‍ മുകളില്‍നിന്നും കണ്ടു. കുഞ്ഞാറ്റയെ ഒക്കത്തു വെച്ച്, പൊരിവെയിലത്ത് വാടാത്ത മുഖവുമായി മൊച്ച സൈനബ കയറി വന്നു.
ഉമ്മയെ കണ്ടതും ഭവാനി ടീച്ചര്‍ പറഞ്ഞ് തുടങ്ങി:
'സൈറക്ക് എന്താ പറ്റീത്. നന്നായി പഠിക്ക്ണ കുട്ട്യാര്‍ന്ന്. ഇപ്പോ ഒന്നും പഠിക്ക്ണില്ല്യാ... ഇല്ല്യാന്ന് മാത്രല്ല ഉത്തരക്കാടലാസില്‍ ന്താ എഴ്തിവെച്ചേക്ക്ണതെന്നറിയോ... ശുദ്ധ വിഡ്ഢിത്തരങ്ങള്‍. അവള് മൊച്ച സൈറയാവാന്‍ പോവാന്ന്. എന്റെ വിഷയം മാത്രല്ല ഇംഗ്ലീഷ് പേപ്പര്‍ നോക്കിയേ.. ഈ സംഗതി ഇംഗ്ലീഷ്‌ലാ എഴ്‌തേക്കണേ. ഒരു ഗ്രാമര്‍ മിസ്‌റ്റേക്കും ഇല്ല്യ. ചരിത്രം നോക്കിയേ.. മൊച്ച സൈറ ചരിത്രനായികയാവുന്നതെങ്ങനെ എന്ന വിഷയത്തില്‍ ഒരു ലേഖനം. കുട്ടിക്ക് എഴുതാനും പ്രകടിപ്പിക്കാനുമെല്ലാം നല്ല കഴിവുണ്ട്. പക്ഷേ, ഇങ്ങനേണോ പരീക്ഷ എഴുതുന്നത്. ഉമ്മക്ക് വിഷമം തോന്നരുത്. സൈറക്ക് മാനസികമായി എന്തോ വിഷമം ഉണ്ട് എന്നാണ് ഞങ്ങള്‍ടെ സംശയം. മീന്‍സ് സം സൈക്കോളജിക്കല്‍ പ്രോബ്ലംസ്. നല്ലൊരു ഡോക്ടറെ കാണിക്കുന്നതാവും നല്ലത്.'
മൊച്ച സൈനബ കുറച്ച് നേരം മിണ്ടാതെ നിന്നു. പിന്നെ സൈറയുടെ മുടിക്കുത്തില്‍ പിടിച്ചു വലിച്ച് പറഞ്ഞു:
'പന്നീ... അനക്ക് പിരാന്താണോടീ.. നാല് നേരം തിന്നാന്‍ തര്ണ കോലം നിക്കേ അറ്യു. ഇഞ്ഞി അന്നൊക്കെ ബരത്തം മാറ്റാന്‍ നടക്കണാ... പറേടീ...'
ഞാന്‍ പ്രതിമ പോലെ നിന്നു.
'അല്ലേലും സാറന്മാരേ ഞാളെപ്പോലുള്ളോര്‍ക്കെന്തിനാ പടിപ്പും ബിവരോം. ഓളിനി പടിക്കണ്ട, ന്റെ കൂടെ പണിക്ക് പോന്നോട്ടെ, ഞാളെയെന്നും ആര്‍ക്കും വേണ്ട. ന്റെ മക്കളെ നിക്ക് മാത്രം മതി. ഓളെ പിരാന്ത് ഞാന്‍ മാറ്റിക്കോളാം.'
മൊച്ച സൈനബാന്റെ കണ്ണില്‍ നീര് പൊടിയുന്നത് ആദ്യമായാണ് ഞാന്‍ കാണുന്നത്.
ഞാന്‍ നിശ്ചലയായി. എനിക്ക് ജീവനുണ്ടെന്നും ഞാനൊരു മനുഷ്യനാണെന്നും വികാരങ്ങളുണ്ടെന്നും ഞാനറിഞ്ഞു.
'ബാടി സൈറ, പടിപ്പൊക്കെ മദി.' ഉമ്മ എന്റെ കൈ വലിച്ച് പടിയിറങ്ങി.
അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല. ഉമ്മാന്റെ ഉച്ചത്തിലുള്ള തേങ്ങല്‍ എന്നെ നടുക്കിക്കൊണ്ടിരുന്നു. ഇരുട്ടില്‍ ഞാന്‍ കണ്ടു, ഉമ്മ കുഞ്ഞാറ്റയെ തുരുതുരാ ചുംബിക്കുന്നു.
'മൊച്ച സൈനബാന്റെ ചുംബനങ്ങള്‍'!!
ഉമ്മാക്ക് കരയാനറിയാം, ചുംബിക്കാനറിയാം.
'പടച്ചോനേ...' ഞാന്‍ വിളിച്ചു പോയി.
മൊച്ച സൈനബാന്റെ കണ്ണീര്‍ ഞങ്ങളുടെ വീടിനെ പൊള്ളിച്ചു. ഞങ്ങളുടെ വൃത്തിയില്ലാത്ത തെരുവിനെ പൊള്ളിച്ചു. തൈക്കണ്ടം ഹാജിയുടെ മാളികയെയും കൂറ്റന്‍ ആഢംബര ഹോട്ടലുകളെയും പൊള്ളിച്ചു. ഈ ഭൂമി മുഴുവന്‍ പൊള്ളിച്ചു.
സകലതും പൊള്ളിയടര്‍ന്നു.
എനിക്ക് ഉറക്കം വന്നില്ല. ഞാന്‍ ചടുലതയോടെ ചാടിയെഴുന്നേറ്റു. ഇനി എന്റെ ഊഴമാണ്. ഉള്ളില്‍ ഒരു മൊച്ച സൈറ മുളച്ചുപൊന്തുന്നതായി ഞാനറിഞ്ഞു. എവിടെയെങ്കിലും ഓടി രക്ഷപ്പെടാന്‍ ഞാന്‍ വെമ്പി. ഞങ്ങളുടെ ദ്രവിച്ചു തുടങ്ങിയ ഓലവാതില്‍ ശബ്ദമില്ലാതെ നീക്കി ഞാന്‍ പുറത്തു കടന്നു. രണ്ടാളടി പൊക്കത്തില്‍ ഞാന്‍ ഉയരം വെച്ചു. എന്റെ കൈകള്‍ക്ക് അപൂര്‍വമായ ശക്തി, മനസ്സിന് അപാരമായ ധൈര്യം. ഇരുട്ടിന്റെ നിശ്ശബ്ദതയില്‍ സര്‍വതന്ത്ര സ്വതന്ത്രയായി ഞാന്‍ ആകാശത്തേക്കുയര്‍ന്നു. അതുപോലെ താഴെ വന്നു. പിന്നെ ഞങ്ങളുടെ വൃത്തിയില്ലാത്ത തെരുവിനെ ബഹുദൂരം പിറകിലാക്കി ഞാന്‍ ഓടി. എനിക്ക് പലതും സ്വായത്തമാക്കണം. ഞാന്‍ പെണ്ണാണ്, മനുഷ്യനാണ്, വിപ്ലവകാരിയാണ്... ഞാന്‍ തിരിച്ചുവരും. തിരിച്ചുവരും.
പിറ്റേന്ന് പുലര്‍ച്ചെ ഞങ്ങളുടെ വൃത്തിയില്ലാത്ത ഇടവഴിയില്‍ നിറയെ ജനങ്ങള്‍ തിങ്ങിനിറഞ്ഞു. ഞങ്ങളുടെ കൂരയുടെ വാതില്‍ പകുതി ചാരി മൊച്ച സൈനബ തലകുനിച്ചിരുന്നു. ഷാനിമോളും സൗദയും അടക്കം പറഞ്ഞ് തേങ്ങി. കുഞ്ഞാറ്റ വിശന്ന് ഉറക്കെ കരഞ്ഞു.
വനജയും മക്കളും വിഷമത്തോടെ ഞങ്ങളെ കൂര ചാരി നിന്നു.
'പോലീസിനോട് പറഞ്ഞിട്ട്ണ്ട്, എവിടെ പോവാനാ...'
'അതിപ്പോ കിട്ടും' എന്നൊക്കെ ആളുകള്‍ പറഞ്ഞുകൊണ്ടിരുന്നു.
മൊച്ച സൈനബ വാതില് നീക്കി പുറത്തു വന്നു.
'ന്റെ പൊരേന്റെ മുന്നില് ആരും പഞ്ചായത്ത് കൂടണ്ട. എല്ലാവരും പോവീം. ന്റെ മോള് പോയേല് ആര്ക്കാ ചേതം. ആര്ക്കൂല്ല. ഞാനാ ഓള്‍ക്ക് തിന്നാന്‍ കൊട്ത്തീര്‍ന്നേ. ന്നി ന്‍ക്ക് മൂന്നാളെ നോക്കിയാ മദി. ഓള് കാലായി. ഓള്‍ക്ക് ജീവിക്കാന്ള്ളത് ഓള് ണ്ടാക്കും. അയ്‌ന്‌ള്ളെ തന്റേടോം കയിവും ഓള്‍ക്ക്ണ്ട്. മൊച്ച സൈനബ ന്ന് ബരെ പടച്ചോന്റെ മാര്‍ഗ്ഗം വിട്ട്ട്ടില്ല്യ. അദ് പോലത്തന്നെ ന്റെ മോളും. ന്‍ക്ക് ഒറപ്പാ ഓള്‍ക്ക് പടച്ചോന്ണ്ട്. ഒര്ത്തനും ന്റെ പെരേന്റെ മുന്നില് കള്ളക്കണ്ണീര് ഒയ്ക്കണ്ട. ഒന്നും കേക്കണ്ട ഞങ്ങള്‍ക്ക്.'
സൈനബ കുഞ്ഞാറ്റയെ ഒക്കത്തു വെച്ച് ആട്ടിത്തുപ്പി. പിന്നെ ഒന്നും സംഭവിക്കാത്ത മട്ടില്‍ തൈക്കണ്ടം ഹാജിയുടെ വീട്ടിലേക്ക് ചടുലമായി നടന്നു.