അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞിരിക്കുന്നു. അടിമ തന്റെ സഹോദരനെ സഹായിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം അവന്‍ അല്ലാഹുവിന്റെ സഹായത്തിലായിരിക്കും. (മുസ്‌ലിം)
കയ്യ്, കാല്, നാക്ക്, മൂക്ക്, ആയുസ്സ്, ആരോഗ്യം എല്ലാറ്റിന്റെയും ദാതാവ് ദൈവമാണ്. അവന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയവുമാണ്. അവ നമ്മുടേതാണെന്നത് മനുഷ്യന്റെ അവകാശവാദമാണ്. നമ്മുടേതായിരുന്നെങ്കില്‍ അവക്ക് രോഗമോ വേദനയോ ക്ഷയമോ മരണമോ സംഭവിക്കുമായിരുന്നില്ല. അങ്ങനെ സംഭവിക്കണമെന്നാഗ്രഹിക്കുന്ന ആരുമില്ല. അതോടൊപ്പം അതൊക്കെയും അനിവാര്യവുമാണ്. അതിനാല്‍ അവ നമ്മുടെതാണെന്ന വാദം തീര്‍ത്തും തെറ്റാണ്. തിരുത്തപ്പെടേണ്ട ഗുരുതരമായ അബദ്ധവും. ഉടമാവകാശം അല്ലാഹുവിനാണ്. ഉപയോഗിക്കാനനുമതി മനുഷ്യനും. എന്നാല്‍ അതും അനിയന്ത്രിതമല്ല. അല്ലാഹുവിന്റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണം. അവ ലംഘിക്കുന്നത് ഗുരുതരമായ തെറ്റും കുറ്റവുമാണ്. പരലോകത്ത് ശിക്ഷാര്‍ഹവും.
സമ്പത്തിന്റെ സ്ഥിതിയും ഇവ്വിധം തന്നെ. ദാതാവ് ദൈവമാണ്. തിരിച്ചെടുക്കുന്നതും അവന്‍ തന്നെ. ഉടമാവകാശം അല്ലാഹുവിനാണ്. അവന്റെ നിയമനിര്‍ദ്ദേശങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന കൈകാര്യകര്‍തൃത്വാവകാശം മാത്രമേ മനുഷ്യനുള്ളൂ. വിശ്വാസികളൊക്കെയും ഇതംഗീകരിക്കുന്നു. പക്ഷേ ഗൗരവപൂര്‍വ്വം പരിഗണിക്കുന്നവര്‍ വളരെ വിരളമാണ്. ഏറെ പേരും എല്ലാം തങ്ങളുടേതെന്നപോലെ കൈകാര്യം ചെയ്യുന്നു. അതിനാല്‍ പല രംഗത്തും പല വിശ്വാസിളും പ്രായോഗികമായി അവിശ്വാസികളെപ്പോലെ പെരുമാറുന്നു.
ജനം പലയിനമാണ്. പാവങ്ങള്‍, പണക്കാര്‍, ബുദ്ധിമാന്മാര്‍, മന്ദബുദ്ധികള്‍, കരുത്തന്മാര്‍, ദുര്‍ബലര്‍, ആരോഗ്യവാന്മാര്‍, രോഗികള്‍, പണ്ഡിതന്മാര്‍, പാമരന്മാര്‍ എല്ലാവരും മനുഷ്യരിലുണ്ട്. എല്ലാം അല്ലാഹുവിന്റെ നിശ്ചയവും ദാനവുമാണ്. അതിനാലവ നല്‍കപ്പെടുന്നതിലെ അന്തരം നഷ്ടമോ ലാഭമോ അല്ല. കാരണം അതൊക്കെയും പരീക്ഷണോപാധികള്‍ മാത്രമാണ്. ആയുസ്സും ആരോഗ്യവും അറിവും സമ്പത്തും ഓരോരുത്തര്‍ക്കും ലഭിച്ചതിന്റെ തോതനുസരിച്ചാണ് പരീക്ഷിക്കപ്പെടുക. വിജയം വരിക്കുന്നവര്‍ അനുഗ്രഹീതരാണ്. പാരാജിതര്‍ നിര്‍ഭാഗ്യവാന്മാരും.
സമയവും സമ്പത്തും ആയുസ്സും ആരോഗ്യവും നല്‍കപ്പെട്ടത് സ്വന്തത്തിനു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കു വേണ്ടി കൂടിയാണ്. അപരനുവേണ്ടി അവയൊക്കെ വിനിയോഗിക്കണമെന്നാണ് ദാതാവായ അല്ലാഹു ആവശ്യപ്പെടുന്നത്. അതിനാല്‍ സമ്പത്തുകൊണ്ടും ശരീരം കൊണ്ടും മറ്റുള്ളവരെ സഹായിക്കുന്നവരും സ്‌നേഹിക്കുന്നവരുമാണ് യഥാര്‍ഥ ദൈവ ദാസന്മാര്‍. പരീക്ഷണത്തില്‍ വിജയിക്കുന്നവരും പരലോക രക്ഷ പ്രാപിക്കുന്നവരും അവര്‍ തന്നെ.
സ്വന്തം സുഖങ്ങളെ കുറിച്ചുമാത്രം ചിന്തിക്കുന്നവരും അതിനായി മാത്രം ശ്രമിക്കുന്നവരും മലിന മനസ്സുകാരാണ്. അന്യരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അവര്‍ക്ക് അഗണ്യങ്ങളായിരിക്കും. തന്നെപ്പോലെ മറ്റുള്ളവരും സുഖസൗകര്യങ്ങളനുഭവിക്കേണ്ടവരും കഷ്ടപ്പാടുകളില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും രക്ഷപ്പെടേണ്ടവരുമാണെന്ന ബോധമുള്ളവര്‍ മറ്റുള്ളവരെ സഹായിക്കുന്നതിലും സേവിക്കുന്നതിലും വ്യാപൃതരാവുന്നു. അതിനാല്‍ അല്ലാഹു അവരെ അനുഗ്രഹിക്കുന്നു. തന്റെ സ്വര്‍ഗത്തില്‍ സ്ഥാനം നല്‍കി ആദരിക്കുന്നു.
സമൂഹത്തിനായി സ്വന്തം സുഖ സൗകര്യങ്ങള്‍ സമര്‍പ്പിക്കാന്‍ സന്നദ്ധരാകുന്നവര്‍ വളരെ വിരളമായിരിക്കും. അധികപേരും സ്വന്തത്തിന്റെ ശിഷ്ടം മാത്രം സമൂഹത്തിന് സമ്മാനിക്കുന്നവരായിരിക്കും. മനുഷ്യനൊരിക്കലും സ്വാര്‍ഥ വികാരങ്ങളുടെ അടിമയാകരുത്. അവയുടെ യജമാനനായിരിക്കണം. ഇതരരുടെ ദുഖങ്ങളും സന്തോഷ സന്താപങ്ങളും നേട്ടകോട്ടങ്ങളും തന്റെതായി അനുഭവപ്പെടുന്ന സാമൂഹിക ബോധമുള്ളവര്‍ക്കു മാത്രമേ സ്വാര്‍ഥമോഹങ്ങളുടെ തടവറയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കുകയുള്ളൂ. സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വയം അസ്വാതന്ത്ര്യം അനുഭവിക്കാനും യുദ്ധമില്ലാത്ത ലോകത്തിനായി അന്തരംഗം അടര്‍ക്കളമാക്കി അശാന്തിവരിക്കാനും വരുംതലമുറയുടെ വിജയത്തിനായി കഷ്ടനഷ്ടങ്ങള്‍ സഹിക്കാനും അത്തരക്കാര്‍ക്കേ കഴിയൂ. അവരുടെ ആധിക്യത്തിലാണ് സമൂഹത്തിന്റെ സമുന്നതിയും നാടിന്റെ നേട്ടങ്ങളും നിലകൊള്ളുന്നത്. നാമിന്നനുഭവിക്കുന്ന പല നേട്ടങ്ങളും സുഖസൗകര്യങ്ങളും സ്വാര്‍ഥത്തെ തോല്‍പിച്ച സാമൂഹിക ബോധത്തിന്റെ സംഭാവനകളത്രെ.
അന്യരുടെ സഹായവും സേവനവും ആവശ്യമില്ലാത്ത ആരുമില്ല. എന്തെങ്കിലും സഹായവും സേവനവും ചെയ്യാന്‍ കഴിയാത്തവരുമില്ല. സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്നവര്‍ അതു ചെയ്യണം. ശാരീരിക സേവനം സാധിക്കുന്നവര്‍ അതും. മറ്റുള്ളവരുടെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതു പോലും സേവനമാണ്. ഓരോരുത്തര്‍ക്കും എന്താണോ വേണ്ടത് അതാണ് നല്‍കേണ്ടത്. ദുഃഖിതനു വേണ്ടത് ആശ്വാസ വചനങ്ങളാണ്. അന്തഃസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവനാവശ്യം തന്റെ സങ്കടം കേള്‍ക്കുന്ന കാതുകളാണ്. രോഗിക്കു വേണ്ടത് പരിചരണവും പ്രാര്‍ഥനയുമാണ്. ഓരോരുത്തര്‍ക്കും വേണ്ടത് അവരവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കുന്ന സഹായവും സേവനവുമാണ്. അത് നല്‍കുന്നവരാണ് യഥാര്‍ഥ സേവകരും സഹായികളും. അങ്ങനെ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായമോ സേവനമോ ചെയ്യാന്‍ കഴിയാത്ത ആരുമുണ്ടാകില്ല. ആശ്വാസവചനങ്ങള്‍ക്ക് കാതോര്‍ക്കുന്നവരെയും തന്റെ പരാതികള്‍ കേള്‍ക്കാന്‍ കാതുകള്‍ കിട്ടാന്‍ കൊതിക്കുന്നവരെയും സഹായിക്കാന്‍ പരമ ദരിദ്രര്‍ക്കും രോഗികള്‍ക്കും പടുവൃദ്ധര്‍ക്കും വരെ സാധിക്കും. അങ്ങനെ ചെയ്യാനെങ്കിലും ഏവരും സന്മനസ്സ് കാണിക്കണം.
ഏറ്റം രുചികരമായ ആഹാരം കഴിച്ചാല്‍ ലഭിക്കുന്ന സന്തോഷം പരമാവധി നാലോ അഞ്ചോ മണിക്കൂറേ നിലനില്‍ക്കുകയുള്ളൂ. വിലപിടിച്ച വസ്ത്രം ധരിച്ചാലുണ്ടാകുന്ന ആഹ്ലാദവും അവ്വിധം തന്നെ. എന്നാല്‍ നിങ്ങള്‍ വീട്ടില്‍ നിന്നിറങ്ങി റോഡിലെത്തിയപ്പോള്‍ ഒരാള്‍ വാഹനാപകടത്തില്‍ പെട്ട് മരണവുമായി മല്ലടിക്കുന്നത് കണ്ടുവെന്ന് സങ്കല്‍പിക്കുക. അയാളെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത് ഭൗതികവാദിക്കു പോലും മരണം വരെ നീണ്ടു നില്‍ക്കുന്ന സന്തോഷവും സംതൃപ്തിയും സമ്മാനിക്കും. വിശ്വാസിക്ക് അനന്തമായ ആനന്ദവും.
കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ ഏവരുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന മധുരോദാരമായ സുന്ദരസ്മരണകള്‍ കഴിച്ച ആഹാരത്തിന്റെതോ ധരിച്ച വസ്ത്രത്തിന്റേതോ ഇരുന്ന കസേരയുടേതോ കിടന്ന കട്ടിലിന്റേതോ ഉറങ്ങിയ മുറിയുടെതോ താമസിച്ച വീടിന്റെതോ സഞ്ചരിച്ച വാഹനത്തിന്റെതോ ആയിരിക്കുകയില്ല. മറിച്ച് ചെയ്ത സേവനത്തിന്റേതും നല്‍കിയ സഹായത്തിന്റേതും സഹിച്ച ത്യാഗത്തിന്റേതുമായിരിക്കും. അവ മാതാപിതാക്കള്‍ക്കോ മക്കള്‍ക്കോ ജീവിത പങ്കാളികള്‍ക്കോ ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ അഗതികള്‍ക്കോ അനാഥര്‍ക്കോ അവശര്‍ക്കോ സമൂഹത്തിനോ നാട്ടിനോ ആദര്‍ശത്തിനോ എന്തിനായാലും ആര്‍ക്കായാലും ശരി ചെയ്തുകൊടുക്കുന്ന സഹായവും സേവനവും സുന്ദരസ്മരണകളായി എന്നെന്നും നിലനില്‍ക്കും.
ഇങ്ങനെ സേവനവും സഹായവും അത് നല്‍കുന്നവര്‍ക്ക് നിര്‍വൃതി നല്‍കുന്നു. അതിന്റെ ഗുണഭോക്താക്കള്‍ക്ക് ആശ്വാസം ലഭിക്കുന്നു. അവയെ സംബന്ധിച്ച് അറിവും വര്‍ത്തമാനം പോലും സുമനസ്സുകളില്‍ സത്‌വികാരം ഉണര്‍ത്തുന്നു. സച്ചരിതരായ ഖലീഫമാരും സമകാലികരും ചെയ്ത സേവനങ്ങള്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കു ശേഷവും ജനകോടികളെ പ്രചോദിപ്പിക്കുകയും സേവന തല്‍പ്പരരാക്കുകയും ചെയ്യുന്നു.
മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ കഥാകൃത്താണ് ടി. പത്മനാഭന്‍. അദ്ദേഹത്തിന്റെ പുതിയ പുസ്തകങ്ങളില്‍ ഒന്നിന്റെ പേരു തന്നെ 'ഖലീഫാ ഉമറിന്റെ പിന്മുറക്കാര്‍' എന്നാണ്. ഉമറുല്‍ ഫാറൂഖ് തന്റെ ഭരണകാലത്ത് പരമദരിദ്രയായ ഒരു സ്ത്രീക്കും കുട്ടികള്‍ക്കും ഗോതമ്പുമാവ് ചുമന്നുകൊണ്ടുപോയി കൊടുക്കുകയും ആഹാരം പാകം ചെയ്ത് കൊടുക്കുകയും ചെയ്ത സംഭവം പത്മനാഭനെ പ്രചോദിപ്പിച്ചപ്പോള്‍ അതൊരു മനോഹരമായ ലേഖനമായി മാറുകയും പതിനാറ് അധ്യായങ്ങളുള്ള പുസ്തകത്തിന്റെ ശീര്‍ഷകമായി തീരുകയും ചെയ്തു. ഉമറുല്‍ ഫാറൂഖിന്റെ സഹായവും സേവനവും മതവിശ്വാസിയല്ലാത്ത പത്മനാഭനില്‍ എന്നപോലെ അദ്ദേഹത്തിന്റെ വായനക്കാരിലും സത്കാരങ്ങള്‍ ഉണര്‍ത്തുന്നു.
സൃഷ്ടികളെല്ലാം അല്ലാഹുവിന്റെ ആശ്രിതരാണ്. അവര്‍ക്ക് ചെയ്യുന്ന സഹായവും സേവനവും അല്ലാഹു തനിക്കുള്ള സഹായവും സേവനവുമായാണ് പരിഗണിക്കുക. അതുകൊണ്ടുതന്നെ അതൊക്കെയും അതിമഹത്തായ ഉപാസനകളാണ്. പ്രവാചകന്‍ പറയുന്നു: 'സ്വന്തം സ്വത്ത് കൊണ്ട് ദരിദ്രനെ സാന്ത്വനിപ്പിക്കുകയും ശരീരം കൊണ്ട് ജനങ്ങളെ സേവിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥ സത്യവിശ്വാസി.' (ത്വഹാവി)
'ആരെങ്കിലും മറ്റൊരാളുടെ പ്രയാസം ലഘൂകരിച്ചുകൊടുത്താല്‍ അല്ലാഹു ഈ ലോകത്തും പരലോകത്തും അവന്റെ പ്രയാസം ലഘൂകരിക്കും.' (മുസ്‌ലിം)