ആശാകിരണം നിരാശയിലാണ്ട് പോയ മനസ്സുകളെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ചു നടത്തുന്നതെങ്ങനെ എന്നറിയാനായിരുന്നു എന്റെ യാത്ര. എറണാകുളത്ത് കലൂരില്‍ നിന്നും പെരുമ്പോട്ട ജംഗ്ഷനിലെത്തി തൊട്ടടുത്ത ജനകീയ റോഡിലുള്ള റെസിഡന്‍ഷ്യല്‍ ഏരിയയിലെ
ആശാകിരണം നിരാശയിലാണ്ട് പോയ മനസ്സുകളെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ചു നടത്തുന്നതെങ്ങനെ എന്നറിയാനായിരുന്നു എന്റെ യാത്ര. എറണാകുളത്ത് കലൂരില്‍ നിന്നും പെരുമ്പോട്ട ജംഗ്ഷനിലെത്തി തൊട്ടടുത്ത ജനകീയ റോഡിലുള്ള റെസിഡന്‍ഷ്യല്‍ ഏരിയയിലെ ആ കൊച്ചു കെട്ടിടത്തില്‍ എത്തിച്ചേരാന്‍ സ്ഥലപരിചയമില്ലാത്തവര്‍ക്ക് അല്‍പം പ്രയാസം തന്നെ.
മാനസിക സംഘര്‍ഷമനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാന്ത്വനം നല്‍കുന്നതിനായി സ്ത്രീകളാല്‍ നടത്തപ്പെടുന്ന ഒരു സമാശ്വാസ കേന്ദ്രമാണ് ആശാകിരണം. തിരക്കേറിയ ജീവിതത്തിനിടയില്‍ മനസ്സില്‍ തിങ്ങിനിറയുന്ന വേദനകള്‍ പങ്കുവെക്കാന്‍, ഒന്ന് ക്ഷമയോടെ കേട്ടിരിക്കാന്‍ ഒരാളെ കിട്ടാത്തതാണ് മനസ്സുകളുടെ പിരിമുറുക്കത്തിലേക്കും വിഷാദരോഗത്തിലേക്കും ആത്മഹത്യാ ചിന്തയിലേക്കും നയിക്കുന്നതെന്ന് തിരിച്ചറിഞ്ഞതാണ് ഇത്തരം ഒരു സംരംഭത്തിലേക്ക് നയിച്ചത്.
'ഫ്രണ്ട്‌സ് ഫോറം' എന്ന പേരിലുള്ള വനിതാകൂട്ടായ്മയാണ് ആശാകിരണം നടത്തിക്കൊണ്ട് പോകുന്നത്. ആശാകിരണം ഡയറക്ടറായ നസീമ മാഡത്തിനുള്ള സമാശ്വാസ കേന്ദ്രത്തെക്കുറിച്ച് ചോദിച്ചാല്‍ ആദ്യം പറയുക. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന Befrienders International- നെക്കുറിച്ചാണ്. Be a friend അഥവാ ഒരു സുഹൃത്താവുക എന്നതാണ് അതിന്റെ അടിസ്ഥാനം.
ചരിത്രം വര്‍ത്തമാനത്തിന് ശക്തി പകരുമെന്ന സത്യം മനസ്സിലാക്കിയാവണം 1953ല്‍ ആംഗ്ലിക്കന്‍ വൈദികനായ ഛാഡ്‌ബേര, ബിഫ്രന്റേഴ്‌സ് ഇന്റര്‍നാഷണല്‍ തുടങ്ങുവാനുള്ള കാരണമെന്നാണ് നസീമത്ത വിവരിച്ചത്.
'കേള്‍ക്കുക' എന്നതു തന്നെയാണ് പ്രധാനം. ഒരു മനസ്സിനെ തൊട്ടറിയാനുള്ള മാര്‍ഗ്ഗം കുറ്റപ്പെടുത്തലോ വിചാരണയോ പരിഹാരം പ്രഖ്യാപിക്കലോ അല്ല, ആശ്വാസ കേന്ദ്രത്തില്‍ സംസാരിച്ചു തുടങ്ങുന്ന ആള്‍ ഉള്ള് തുറക്കുമ്പോള്‍ ഈ ലോകത്ത് മറ്റാരും അതറിയുന്നില്ല എന്നയാള്‍ക്ക് ഉറപ്പുണ്ട്. ഈ ഉറപ്പാണ് മനസ്സില്‍ കെട്ടിക്കിടക്കുന്ന സകലതും തുറന്നു പറയാന്‍ അയാളെ പ്രേരിപ്പിക്കുന്നത്. സംസാരത്തിനിടയില്‍ തന്നെ അലട്ടുന്ന യഥാര്‍ത്ഥ പ്രശ്‌നം പതിയെ തെളിഞ്ഞ് വരും. അതില്‍ ഒന്ന് ആവര്‍ത്തിച്ചാല്‍ പ്രശ്‌നത്തിന്റെ ആഴത്തിലേക്ക് അയാള്‍ ഊളിയിട്ടിറങ്ങുകയും സ്വയം പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യും.
ബിഫ്രണ്ടേഴ്‌സിന്റെ ഈ ട്രെയ്‌നിങ്ങ് മാന്വല്‍ ആണ് ആശാകിരണവും ഉപയോഗിക്കുന്നത്. പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരെ വിദഗ്ധരായ ആളുകള്‍ ഇന്റര്‍വ്യൂ നടത്തിയാണ് കൗണ്‍സലിങ്ങിനായി തെരഞ്ഞെടുക്കുന്നത്.
5 വര്‍ഷങ്ങള്‍ കൊണ്ട് സ്വന്തമായി കെട്ടിടമുണ്ടായത് വലിയ നേട്ടമാണെന്ന് നസീമത്ത പറഞ്ഞു. ചിന്താപരമായും വിദ്യഭ്യാസപരമായും ഒപ്പം സാമ്പത്തികമായും ഉന്നതിയില്‍ നില്‍ക്കുന്ന ഒരുകൂട്ടം സമുദായ സ്‌നേഹികളായ സ്ത്രീകളുടെ സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥ വിസ്മയിപ്പിക്കുന്നതാണ്.
2012 ഫെബ്രുവരിയില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി അംഗമായിരുന്ന ഡോക്ടര്‍ അമീനയുടെ പരിശ്രമത്തിലാണ് സംഘടനകള്‍ക്കതീതമായി സമുദായത്തിലെയും സമൂഹത്തിലെയും സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവെച്ച് മുസ്‌ലിം സ്ത്രീകളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഫോറം രൂപപ്പെട്ടത്. ആദ്യ പ്രസിഡന്റായ ഹംസ ഷംസുദ്ദീന്‍ എട്ട് മാസം നേതൃത്വം നല്‍കി. പിന്നീട് നസീമ മജീദ് പ്രസിഡന്റായി ചുമതലയേറ്റു.
ഇപ്പോള്‍ സുബൈദ റഹീം ആണ് ഫ്രണ്ട്‌സ് ഫോറത്തിന്റെ പ്രസിഡന്റ്. സെക്രട്ടറി അമീനയും.
വര്‍ഷത്തിലൊരിക്കല്‍ ജനറല്‍ ബോഡി ചേരുന്ന ഫ്രണ്ട്‌സ് വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിന് ഓരോ ജനറല്‍ ബോഡിയുടെ ചുമതല നിശ്ചയിച്ച് നല്‍കിയിരിക്കുന്നു. റെഫ്രഷ്‌മെന്റും ഗെയിമും എല്ലാമായി സജീവമായിത്തന്നെ. അതിനാല്‍ ജനറല്‍ ബോഡി നടന്നുവരുന്നു.
വിവിധ ശാക്തീകരണ പരിപാടികള്‍ ഫ്രണ്ട്‌സ് ഫോറം നടത്തിപ്പോരുന്നു. കൊച്ചി സണ്‍ റൈസ് പദ്ധതി പ്രദേശമായ തുരുത്തിയില്‍ ഉപയോഗിച്ച നല്ല വസ്ത്രങ്ങള്‍ വിതരണം ചെയ്തിരുന്നു. അശരണര്‍ക്ക് കൈത്താങ്ങാവുക എന്നതിനോടൊപ്പം സമുദായത്തിന്റെ അന്തസ്സ് ഉയര്‍ത്തുക, പ്രത്യേകിച്ച് സ്ത്രീകളുടെ കഴിവുകള്‍ വളര്‍ത്തുക എന്നതില്‍ എറണാകുളം ഫ്രണ്ട്‌സ് ഫോറം വലിയ വിജയം തന്നെയാണ്.
പ്രത്യേകിച്ച് സൗജന്യമായ സേവനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്ന രീതി തന്നെ ഒരു ശാക്തീകരണ പ്രവര്‍ത്തനവും സര്‍ഗാത്മകവുമാണ.് ആശാകിരണം നടത്തികൊണ്ടുപോകാനും അതിന് സ്വന്തമായി സ്ഥലം കണ്ടെത്തുവാനും സംഘടിപ്പിച്ച പരിപാടികള്‍ തന്നെ ഉദാഹരണം.
സ്വന്തമായി കെട്ടിടം വാങ്ങുന്നതിന് നടത്തിയ ഗാനമേള പരിപാടിക്ക് 500 രൂപമുതല്‍ 5000 രൂപവരെ നിരക്കിലാണ് ടിക്കറ്റ് വില്‍പന നടത്തിയത്. ഗാനമേള നടത്തി എ.ജെ ഹാളിന് ലഭിച്ച സൗജന്യവും ഗ്രൂപ്പിന്റെ സൗജന്യനിരക്കും അനുകൂല ഘടകങ്ങളായി. ഗായകന്‍ അഫ്‌നാസിന്റെ ഉമ്മ അസ്മയുടെ പ്രവര്‍ത്തനങ്ങളും സ്മരണീയമാണ്.
2013 ഫ്രണ്ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ്. വനിതകളുടെ സേവനസന്നദ്ധതക്ക് അംഗീകാരമായി കെട്ടിടത്തിന് വേണ്ടി വലിയൊരു തുകയും അദ്ദേഹം സംഭാവന നല്‍കി. 2014-ല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ഐ.പി.എസ്. നിശാന്ത് ഫ്രണ്ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. 2015-ല്‍ അന്നത്തെ കലക്ടറായിരുന്ന രാജമാണിക്യം ഐ.എ.എസ് ആണ് ഫ്രണ്ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. സമൂഹ മധ്യത്തില്‍ സമുദായത്തിന്റെ അന്തസ്സുയര്‍ത്തുന്നതായിരുന്നു ഈ മുസ്‌ലിം സ്ത്രീ കൂട്ടായ്മയുടെ ഓരോ പരിപാടിയും.
താജ് ഹോട്ടലിന്റെ ഷെഫ് മിസ്റ്റര്‍ റഷീദ് സൗജന്യമായി നടത്തിയ കുക്കറി ഷോ കാണാന്‍ 1000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. 90 പേര്‍ ആ പരിപാടിക്ക് ഹോട്ടലില്‍ എത്തിയപ്പോള്‍ ഫ്രണ്ട്‌സ് ഫോറത്തിന് ലഭിച്ച 90000 രൂപകൊണ്ട് വാങ്ങിയ പഴയ കെട്ടിടം ഭംഗിയായി ഒരുക്കി.
ഉള്ളവന്റെ കൈയില്‍ നിന്ന് ഫണ്ട് കണ്ടെത്തി സാധാരണക്കാരന് സൗജന്യമായി വിവിധ സൗകര്യങ്ങള്‍ നല്‍കുന്ന ഫ്രണ്ട്‌സ് ഫോറത്തിന്റെ രീതി അനുകരണീയമാണ്. വിവിധ വിഷയങ്ങളില്‍ സൗജന്യമായി വിദഗ്ദരുടെ ക്ലാസുകള്‍ സംഘടിപ്പിച്ച് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. ലിസണിങ്ങ്, ഡിപ്രഷന്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് പുറമേ സേഫ്റ്റി എഗയന്‍സ്റ്റ് സെക്‌സ്, ആല്‍കഹോള്‍, ഡ്രഗ്‌സ് തുടങ്ങിയ തലക്കെട്ടുകളില്‍ സ്‌കൂളുകളില്‍ വിദഗ്ദരുടെ ക്ലാസ്സുകള്‍ നല്‍കുന്നുണ്ട്.
ആദ്യകാലത്ത് എം.എസ്.എസിന്റെ കെട്ടിടത്തിലായിരുന്നു സമാശ്വാസ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഒരു വൊളണ്ടിയറുടെ കെട്ടിടത്തിലും അതിന് ശേഷം കറുകപ്പിള്ളി ജംഗ്ഷനിലെ തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ജനകീയ റോഡിലാണ് ആശാകിരണം സമാശ്വസകേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
കളമശ്ശേരി വട്ടേക്കുന്നത്ത് റോട്ടറി ക്ലബ്ബ് നടത്തുന്ന വയോജനങ്ങള്‍ക്കായുള്ള പകല്‍വീട് ആശാകിരണം പ്രവര്‍ത്തകര്‍ ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശിച്ച് പോരുന്നു. അവരോടൊപ്പം ചെലവഴിക്കുന്ന സമയം പ്രവര്‍ത്തകര്‍ക്ക് പുതിയ ഊര്‍ജ്ജം ലഭിക്കുന്നു. പ്രവര്‍ത്തകരോടൊപ്പം ഉല്ലാസത്തോടെ കളിചിരിയില്‍ ഏര്‍പ്പെടുന്ന വൃദ്ധജനങ്ങള്‍ക്കിടയില്‍ വിഷമം പിടിച്ചിരിക്കുന്നവരെ കണ്ടെത്തി വേണ്ട കൗണ്‍സലിങ്ങും നല്‍കുന്നു.
ആത്മഹത്യാ പ്രവണത ഇല്ലാതാക്കുക എന്നതും ആശാകിരണം നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്ന സാമൂഹ്യബാധ്യതയാണ്. സംസാരത്തില്‍ നിന്ന് ആത്മഹത്യാ പ്രവണത ബോധ്യപ്പെട്ട ഒരാളെ സൈക്യാട്രിക് വിഭാഗത്തിന് റഫര്‍ ചെയ്തതും ബന്ധുജനങ്ങളെ കാര്യം ബോധ്യപ്പെടുത്തിയതിനാല്‍ അവനെ രക്ഷിക്കാനായതും നസീമത്ത ഓര്‍ത്തെടുക്കുന്നു.
നഗരമധ്യത്തില്‍ ഒറ്റക്ക് താമസിക്കുന്ന വൃദ്ധജനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കിക്കൊണ്ട് അവരുടെ മനസ്സ് പോലെ ഷോപ്പിങ്ങിനും ജുമുഅക്കും ഡോക്ടറെ കാണാന്‍ പോകുന്നതിനും മറ്റും ഒപ്പം പോകാന്‍ കഴിയുന്ന ഒരു സംവിധാനത്തെക്കുറിച്ച് ഫ്രണ്ട്‌സ് ഫോറം ആലോചിക്കുന്നുണ്ട്. ഒന്ന് പല്ലെടുക്കാന്‍ പോകണമെങ്കില്‍ സുരക്ഷിതമായി പോയിവരാന്‍ ഒരുപാട് കാശുണ്ടായിട്ടും ഒരടുത്ത ബന്ധുവില്ലാത്തതിന്റെ കുറവ് വയസ്സുകാലത്ത് അവര്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണ്.
ആശ്വാസകേന്ദ്രത്തിന്റെ മേശപ്പുറത്ത് മനോഹരമായ വര്‍ണ്ണകടലാസില്‍ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഗിഫ്റ്റ് ബോക്‌സ് ചൂണ്ടിക്കാട്ടിയത് ഫ്രണ്ട്‌സ് ഫോറത്തിന്റെ സജീവ സാന്നിദ്ധ്യമായ സഫിയാഖാന്‍ ആണ്. ഏത് സ്വപ്‌നങ്ങളും സാക്ഷാല്‍ക്കരിക്കണമെങ്കില്‍ അടിസ്ഥാനപരമായി പണം വേണം. വിദേശ മലയാളികള്‍ ഉള്‍പ്പടെ ഒരുപാട് പേരുടെ അകമഴിഞ്ഞ സംഭാവനകളും ഈ സ്ത്രീ കൂട്ടായ്മക്ക് ശക്തിപകര്‍ന്നിട്ടുണ്ട്. ഈ ബോക്‌സില്‍ ഇടുന്ന ഓരോ സംഭാവനകളും തങ്ങള്‍ക്ക് വിലപ്പെട്ടതാണെന്ന് സഫിയാഖാന്‍ ഓര്‍മ്മിപ്പിച്ചു. ഫ്രണ്ട്‌സ് ഫോറത്തിന്റെ ജോയിന്റ് സെക്രട്ടറി പുതിയ ട്രഷറര്‍ - ഷീല വാഹിദ്, മെഹറുന്നിസ, ബീന അബ്ദുറഹിമാന്‍, ലിന്‍സ സലീം, ഫാത്തിമ ജലീല്‍, സോണിയ സിയാദ്, ആരിഫാ കൊച്ചു മൊയ്തീന്‍, സുഹ്‌റ ജബ്ബാര്‍ എന്നിവരും പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്.