പുരോഗമനവാദിയാകണമെന്നുള്ളവര്‍ക്ക് ഇപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാം.
പുരോഗമനവാദിയാകണമെന്നുള്ളവര്‍ക്ക് ഇപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാം.
എനിക്ക് പറയാനുള്ളത് ഇതാണ്. മനുഷ്യചരിത്രം പുരോഗതിയുടെ ചരിത്രമാണ്. അത് നിഷേധിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.
ഓര്‍ത്തുനോക്കൂ. പണ്ടത്തെ ഗുഹാവാസികളെപ്പോലെയല്ലല്ലോ നമ്മള്‍. ഏത് ഗുഹയിലാണ് ടി.വിയും ഇന്റര്‍നെറ്റുമുണ്ടായിരുന്നത്? എന്തിന് ഏതെങ്കിലും ഗുഹയുണ്ടോ ബാത്ത് അറ്റാച്ച്ഡ് ആയിട്ട്? എ.സി? വൈഫൈയും വാട്ട്‌സാപ്പും?
പണ്ടൊക്കെ ഒരു ഗുഹാവാസിക്ക് കല്യാണം കഴിക്കണമെന്ന് തോന്നിയാല്‍ എന്തൊരു മെനക്കേടായിരുന്നു! അതുകൊണ്ട് സ്വന്തം ഗുഹഅടച്ച് പുറത്തിറങ്ങി നടക്കണം.
കേട്ടാല്‍ എന്തെളുപ്പം എന്ന് തോന്നാം. വാതിലടച്ച് താക്കോല്‍ തിരിക്കുന്ന പുരോഗതി ഇല്ലാത്ത കാലമാണെന്ന് മറക്കരുത്. ഗുഹ അടക്കാന്‍ വലിയ കരിങ്കല്ലോ മരത്തടിയോ വലിച്ചുകൊണ്ട് വന്ന് ഇടണം. ക്വാറി പൊട്ടിക്കലും മരം മുറിക്കലും സാങ്കേതിക വിദ്യ ഈസിയാക്കിയ ഇക്കാലമല്ല അത് എന്നും ഓര്‍ക്കുക.
അങ്ങനെ ഗുഹയില്‍നിന്ന് പുറത്തിറങ്ങി നടന്ന് നടന്ന് നടന്ന് അടുത്ത ഗുഹയിലെത്തണം. പെണ്ണന്വേഷിക്കണം.
ചിലപ്പോള്‍ അവിടെ അന്വേഷിക്കാന്‍ വീട്ടുകാരുണ്ടാകില്ല. അവര്‍ ആണന്വേഷിക്കാന്‍ തൊട്ടടുത്ത ഗുഹയിലേക്ക് പോയതാവും: മരത്തടിയും കരിങ്കല്ലും കൊണ്ട് അടച്ചുപൂട്ടിയ ശേഷം.
അല്ലെങ്കില്‍ അവര്‍ കുന്തമെല്ലാമെടുത്ത് ഇരതേടാനിറങ്ങിയതാവും. (അല്ലാതെ അക്കാലത്തുണ്ടോ റോഡിനപ്പുറത്ത് ഹോട്ടല്‍ ഡി പാരീസും ഇപ്പുറത്ത് ടേസ്റ്റി റസ്റ്ററന്റും വളവിനപ്പുറത്ത് ബേക്കറിയും?)
അങ്ങനെ, ആളില്ലാത്ത ഗുഹവിട്ട് അടുത്തതിലേക്ക്. പിന്നെ അടുത്തതിലേക്ക്. ആളുണ്ടെങ്കിലും പെണ്ണുണ്ടാകണമെന്നില്ല. ഉണ്ടെങ്കിലും ഇഷ്ടമാകണമെന്നില്ല: മാസങ്ങളെടുത്ത് ഒടുവില്‍ ഉറപ്പിച്ചു എന്ന് കരുതുക.
എങ്ങനെ കത്തടിക്കും?
കത്തില്‍ എന്ത് വിലാസമെഴുതും?
ഏത് ഹാളില്‍ കല്യാണം നടത്തും?
റിസപ്ഷന് ആളുകളെ എങ്ങനെ ക്ഷണിക്കും?
ആര്, എങ്ങനെ, ഫോട്ടോ എടുക്കും?
അതാണ് പറഞ്ഞത്, ഇന്ന് നമ്മള്‍ ഒരുപാട് പുരോഗമിച്ചിട്ടുണ്ടെന്ന്.
പെണ്ണുകാണാന്‍ സ്‌കൈപ്പ്.
ക്ഷണമയക്കാന്‍ വാട്ട്‌സാപ്പ്.
സമ്മാനം വാങ്ങാന്‍ ഫ്‌ളിപ്കാര്‍ട്ട്.
ഇതെല്ലാറ്റിനുമായി ഒരു മൊബൈല്‍.
സല്‍ക്കാരം നടത്താന്‍ കേറ്ററേഴ്‌സ്. നേരിട്ട് പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് വിഭവങ്ങള്‍ ഓണ്‍ലൈനായി വീട്ടിലെത്തിക്കുകയുമാവാം.
*** *** ***
പുരോഗമന വിവാഹത്തെപ്പറ്റി വിശദമാക്കാം.
ആലോചന തുടങ്ങുന്നു. മാട്രിമോണിയല്‍ സൈറ്റിലേക്ക് വലതുപാസ്‌വേഡ് വെച്ച് ചോദിക്കുന്ന പണമടച്ച് കടക്കുന്നു. തരാതരം പ്രൊഫൈലുകള്‍ ക്ലിക്ക് ചെയ്യുന്നു. ഇന്ററസ്റ്റ് എക്‌സ്പ്രസ് ചെയ്ത് വാട്ട്‌സാപ്പ് നമ്പര്‍ ടെക്സ്റ്റ് ചെയ്യുന്നു.
മറുപടി വരാനുള്ള ഇടനേരത്തില്‍ തല്‍ക്കാലം ലോഗൗട്ട് ചെയ്ത് ഷട്ട്ഡൗണ്‍ ചെയ്ത്, ബേക്കറിയില്‍ ഓര്‍ഡര്‍ ചെയ്തുവരുത്തിയ ബര്‍ഗറിലേക്ക് പല്ലുകള്‍ ആഴ്ത്തുന്നു.
വലതുകൈകൊണ്ട് ബര്‍ഗറിനെ ബഹുമാനപൂര്‍വം തലോടിക്കൊണ്ട് ഇടതുതള്ളവിരലില്‍ വാട്ട്‌സാപ്പിലേക്ക് പെയ്തുകൊണ്ടിരിക്കുന്ന പുതിയ വരവുകള്‍ തോണ്ടിത്തോണ്ടി നോക്കുന്നു.
ഒന്നാമത്തെ ബര്‍ഗര്‍ തീരുമ്പോഴേക്കും വിവാഹോലോചനക്കുള്ള മറുപടി വാട്ട്‌സാപ്പില്‍ വന്നുവീണിരിക്കും.
അതെടുത്ത് ഉചിതമായ തീരുമാനമെടുക്കാം. ശ്രമം വിജയിച്ചില്ലെങ്കില്‍ അടുത്ത ബര്‍ഗറെടുത്ത് ഇതെല്ലാം ആവര്‍ത്തിക്കാം.
കുപ്പിവെള്ളം കൈപ്പാടകലെ ഇരിക്കട്ടെ. മറുതലക്കല്‍ നിന്ന് സമ്മതമറിയിച്ചാലുണ്ടാവുന്ന ഷോക്ക് മറികടക്കാന്‍ അത് ഉപകരിക്കും.
*** *** ***
ആലോചന കഴിഞ്ഞു. ഏകദേശം ഉറപ്പിക്കാറായി. മൊത്തം ചെലവ് രണ്ട് മണിക്കൂറും മൂന്ന് ബര്‍ഗറും. ഇനി പെണ്ണുകാണല്‍ മാത്രം ബാക്കി. ഇതിനും സീറ്റില്‍ നിന്ന് ഇളകേണ്ടതില്ല.
വൈവാഹികം സൈറ്റിലെ ഓട്ടോമേറ്റഡ് പെണ്ണുകാണല്‍ ആപ്പ് ക്ലിക്ക് ചെയ്യുക.
ആപ്പില്‍ ആദ്യത്തെ ചോദ്യം തെളിയും. ആണുകാണലോ അതോ പെണ്ണുകാണലോ? -ഇവിടെ രണ്ടാമത്തെ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുന്നു.
കാണല്‍ ചടങ്ങ് സ്‌കൈപ്പിലാണെങ്കില്‍ ഒന്ന് അമര്‍ത്തുക. വാട്‌സാപ്പില്‍ വിഡീയോ ഓഡിയോ ഫോര്‍മാറ്റിലെങ്കില്‍ രണ്ട് അമര്‍ത്തുക. നേരിട്ടെങ്കില്‍ മൂന്ന് അമര്‍ത്തുക. (മൂന്നാമത്തേതിന്, സീറ്റ് വിട്ട് എഴുന്നേല്‍ക്കേണ്ടി വരുമെന്ന് ഓര്‍ക്കുക. ഓക്കെയെങ്കില്‍ ഒന്ന് അമര്‍ത്തുക. പറ്റില്ലെങ്കില്‍ രണ്ട് അമര്‍ത്തുക)
ഇവക്കു പുറമെ ഫേസ്ബുക് ചാറ്റ്, ഗൂഗ്ള്‍ ഹാങ്ങൗട്ട് തുടങ്ങിയ ഓപ്ഷനുകളും ചിലതില്‍ ലഭ്യമാണ്.
നേരിട്ടല്ലാതെ കാണുമ്പോള്‍, കാര്യങ്ങള്‍ പരസ്പരം തുറന്നു പറയാന്‍ എളുപ്പമാണെന്ന് അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഈയിടെ നടന്ന ഒരു വാട്ട്‌സാപ്പ് പെണ്ണുകാണല്‍ ഇതാ ഇങ്ങനെയായിരുന്നു.
ഫോട്ടോയില്‍ വാട്ട്‌സാപ്പില്‍ കൈമാറുന്നു. പെണ്‍തലക്കല്‍ നിന്ന് വരുന്നു ആദ്യത്തെ ഫീഡ് ബാക്ക്.
- കുരങ്ങന്‍
ഇപ്പറഞ്ഞത് നല്ലതോ ചീത്തയോ എന്ന് തീര്‍ച്ചയാക്കാന്‍ ഇങ്ങേയറ്റത്തെ ചെറുക്കന് പ്രയാസം. കാരണം മുമ്പത്തെ കാണലില്‍ മറ്റൊരു മൃഗത്തിന്റെ പേരായിരുന്നു വിശേഷണമായി കേട്ടത്. അയാള്‍ തിരിച്ച് ഒരു പര്യായപദമയക്കുന്നു. 'വാനര'. തുടര്‍ന്ന് മര്‍ക്കടന്‍, ആള്‍ക്കുരങ്ങ്, ഗോറില്ല, ഒറാങ്ങ് ഉട്ടാന്‍ തുടങ്ങിയ പദങ്ങള്‍ പരസ്പരം കൈമാറിയശേഷം അവര്‍ അന്തിമതീരുമാനത്തിലെത്തുന്നു.
ഇത്തരം വൈജ്ഞാനിക സംവാദങ്ങള്‍, മുഖത്തോടുമുഖമാകുമ്പോള്‍ സാധ്യമല്ലെന്ന് വ്യക്തമാണല്ലോ.
*** *** ***
കല്യാണനടത്തിപ്പിന് ഇവന്റ് മാനേജ്‌മെന്റ്ുകാരെ കിട്ടും. കലാപരിപാടികള്‍, അലങ്കാരം, പ്രഭാഷണം തുടങ്ങി വിരുന്നുകാരെ വരെ അവര്‍ എത്തിച്ചുതരും. ജന്മദിനാഘോഷങ്ങള്‍, ചരമവാര്‍ഷികങ്ങള്‍, വിവാഹവാര്‍ഷികങ്ങള്‍, കുടുംബസംഗമങ്ങള്‍ മുതലായ എന്തും അവര്‍ നടത്തിത്തരും. ജനിക്കുക, മരിക്കുക തുടങ്ങിയ പ്രാഥമിക കര്‍മങ്ങളേ നമ്മള്‍ ചെയ്തുകൊടുക്കേണ്ടതുണ്ട്.
തെരഞ്ഞെടുപ്പില്‍ ജാഥക്ക് ആളെ എത്തിച്ച് തരും. പ്രതിഷേധറാലികള്‍ മൊത്തം തന്നെ നടത്തിത്തരും. മുദ്രാവാക്യങ്ങളും പ്രചാരണ ഗാനങ്ങളും എങ്ങനെ വേണമെങ്കിലും ഉണ്ടാക്കിത്തരും.
നിങ്ങളൊന്നുമറിയാതെ തന്നെ നിങ്ങളുടെ പേരില്‍ പുസ്തകമിറക്കിത്തരും. നിരൂപണങ്ങള്‍ സംഘടിപ്പിക്കും.
സല്‍ക്കാരങ്ങളുടെ കാര്യം പറയേണ്ട. ഏതുവിഭവവും റെഡി. (ചൈനീസിന് ഒന്ന് അമര്‍ത്തുക, വടക്കേ ഇന്ത്യന് രണ്ട് അമര്‍ത്തുക... വെജിറ്റേറിയന് ഒന്ന് അമര്‍ത്തുക) ആതിഥേയനും അതിഥികളും ഒട്ടും അധ്വാനിക്കേണ്ട.
പാചകം, വിളമ്പല്‍, വൃത്തിയാക്കല്‍ എല്ലാം ചെയ്തു കിട്ടും. തീന്‍മേശക്ക് ചുറ്റും ചുൡയാത്ത ഉടുപ്പിട്ട് നിങ്ങളെല്ലാമിരിക്കുമ്പോള്‍ നിങ്ങളെപ്പറ്റി വെളുത്ത ഉടുപ്പിട്ട റോബോട്ട് പുരോഹിതന്മാരെപ്പോലെ കേറ്ററര്‍മാര്‍ വിഭവങ്ങളുമായി ഒഴുകി നടക്കും. പുരോഗതി തന്നെ.
പുരോഗതിയുടെ അടുത്തഘട്ടം എങ്ങനെയാവും? വെക്കേണ്ട, വിളമ്പേണ്ട, തിന്നാല്‍ മതി എന്ന് ഇപ്പോഴത്തെ സ്ഥിതി. ഇനി വെക്കേണ്ട, വിളമ്പേണ്ട തിന്നുകപോലും വേണ്ട എന്നാവാം.
തിന്നുക എന്ന ജോലിക്കും ക്വട്ടേഷനെടുക്കാമത്രെ. ജീവിതം തന്നെ പുറം കരാര്‍ തൊഴിലാകുമ്പോള്‍ എല്ലാം ശുഭം.