ദരിദ്ര പശ്ചാത്തലത്തില്‍ നിന്നും പഠിച്ചുവളര്‍ന്ന് എഞ്ചിനീയറായി ഇപ്പോള്‍ സാമ്പത്തികമായി നല്ല നിലയിലെത്തിയ
ദരിദ്ര പശ്ചാത്തലത്തില്‍ നിന്നും പഠിച്ചുവളര്‍ന്ന് എഞ്ചിനീയറായി ഇപ്പോള്‍ സാമ്പത്തികമായി നല്ല നിലയിലെത്തിയ എന്റെ ഒരു സുഹൃത്തുമായി സംസാരിക്കവെ അവന്‍ ഒരു വലിയ പ്രശ്‌നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു. ജീവിതത്തിന് ഇപ്പോള്‍ ഒരു കുറവുമില്ല. പക്ഷെ ഒന്ന് ആസ്വദിക്കണം, ആഘോഷിക്കണം, എന്നു വിചാരിച്ചാല്‍ അത് എളുപ്പമാവില്ല. മുമ്പ് അത് വളരെ എളുപ്പമായിരുന്നു. ഒരു കിലോ കയമ അരിയും ഒരു കോഴിയും വാങ്ങിയാല്‍ ആഘോഷത്തിനുള്ള വകയായി. ഇപ്പോള്‍ ഇതെല്ലാം നിത്യ ജീവിതത്തിന്റെ ഭാഗമായതുകൊണ്ട് ഇതുകൊണ്ടൊന്നും ആഘോഷിക്കാന്‍ കഴിയുന്നില്ല. ഇതല്ലാതെ ജീവിതത്തില്‍ ഇപ്പോള്‍ പ്രയാസങ്ങള്‍ ഒന്നുമില്ല.
ഈ പ്രതിസന്ധിയില്‍ നിന്നാണ് വിനോദ വ്യവസായം തഴച്ചുവളരുന്നത്. വിനോദ വ്യവസായത്തിന്റെ ആരോഗ്യകരമായ സാധ്യതയെ നിഷേധിക്കുന്നില്ല. പക്ഷെ ആസ്വാദനത്തിന്‍െയും ആനന്ദത്തിന്റെയും നാം വേണ്ടത്ര ഉപയോഗപ്പെടുത്താത്ത ഒരു വലിയ സാധ്യത നമ്മുടെ മുമ്പിലുണ്ട്. അത് പ്രകൃതിയാണ്. ആനന്ദരാഹിത്യത്തെ മറികടക്കാനോ കൂടുതല്‍ അനുഭൂതികള്‍ നുകരാനോ ആയി ഇപ്പോള്‍ വ്യാപകമായി യാത്രകള്‍ നടത്തപ്പെടുന്നുണ്ട്. ആ യാത്രകള്‍ പ്രകൃതിയെ കൂടുതല്‍ അറിയാന്‍ വേണ്ടിയുള്ളവയാണ്. ചെലവേറിയ കൂടുതല്‍ സമയമാവശ്യപ്പെടുന്ന ശാരീരിക ശേഷി കൂടുതല്‍ വേണ്ട ഇത്തരം യാത്രകള്‍ എല്ലാവര്‍ക്കും പ്രാപ്യമായിക്കൊള്ളണമെന്നില്ല. തന്റെ ചുറ്റുമുള്ള പ്രകൃതിയെ ബോധപൂര്‍വ്വം അറിഞ്ഞ് ആസ്വദിക്കാന്‍ തീരുമാനിച്ചാല്‍ അനുഭൂതിയുടെ പുതിയ ഉറവിടം നമുക്ക് തുറന്നുകിട്ടും. സൗജന്യമായി കിട്ടുന്ന ആനന്ദമാണ് പ്രകൃതി.
മനുഷ്യാവിഷ്‌കാരങ്ങള്‍ അനുഭവിച്ചുകഴിഞ്ഞാല്‍ മടുക്കും. ദിവ്യാവിഷ്‌കാരമായ പ്രകൃതി ഒരിക്കലും നമുക്ക് മടുക്കുകയില്ല. പുഴയിലോ കുളത്തിലോ നീന്തിക്കുളിച്ചിട്ട് മടുത്തുപോയവരുണ്ടോ? നിത്യപരിചയത്തിനിടയിലും നിത്യനൂതനത്വം കാത്ത്‌സൂക്ഷിക്കാന്‍ കഴിയുന്ന വിസ്മയമാണ് പ്രകൃതി. നമുക്ക് ചുറ്റുമുള്ളതിനെ ഇങ്ങനെ നാം എത്ര അളവില്‍ അനുഭവിച്ചിട്ടുണ്ട്.
വൈദ്യുത വെളിച്ച പ്രളയത്തിനിടയില്‍ നാം എത്ര പേര്‍ നിലാവു കാണാറുണ്ട്. പെയ്യുന്ന മഴയെ മണ്ണില്‍ പിടിച്ചുനിര്‍ത്താനാവാതെ കടലിലേക്കൊഴുകിപ്പോവുന്നതിനെക്കുറിച്ച് നാം വേവലാതിപ്പെടാറുണ്ട്. മഴയെ നാം എത്രപേര്‍ സ്വന്തം ശരീരത്തില്‍ അനുഭവിക്കാറുണ്ട്. തൃശൂരില്‍ നിലാവത്തിരിക്കുന്ന ഒരു സൃഹൃദ് സംഘമുണ്ട്. വയനാട്ടിലേക്ക് മഴയാത്ര സംഘടിപ്പിക്കുന്ന സംഘവുമുണ്ട്. ദൂരെ സ്ഥലങ്ങളില്‍ നാം ഒറ്റക്കും കുടുംബത്തെക്കൂട്ടിയുമൊക്കെ സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്. തൊട്ടടുത്തുള്ള ഒരു പാടശേഖരത്ത് വൈകുന്നേരം ചെന്നിരുന്ന് നോക്കൂ. ആസ്വാദ്യകരമായ പലതും അവിടെ കാണാനാവും. എത്ര നിലാവുകള്‍ നാമറിയാതെ നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്നു. കടലിന്റെ അപാരതയോളം മനുഷ്യനെ വിസ്മയഭരിതരാക്കുന്ന മറ്റൊന്നുമില്ലെന്ന് തോന്നുന്നു. കടല്‍ പ്രക്ഷുബ്ധമാണ്. തിരയടങ്ങിയ കടലില്ല. പക്ഷെ ആ പ്രക്ഷുബ്ധത നോക്കിയിരിക്കുമ്പോള്‍ നാം ശാന്തരാവുകയാണ് ചെയ്യുന്നത്. ആ അലതല്ലലിന് ദിവ്യമായ താളമുണ്ടെന്ന് നമുക്കറിയാം. ഏറ്റവും ബോറിംഗ് ആയ യാത്ര വിമാനയാത്രയും ഏറ്റവും അനുഭൂതി നിറഞ്ഞ യാത്ര കപ്പല്‍ യാത്രയുമാണെന്ന് പ്രമുഖ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ ഒരു സംഭാഷണത്തില്‍ പറഞ്ഞിരുന്നു. ഇത്തിരി സാഹസികത ഉണ്ടെങ്കില്‍ കപ്പലില്ലാതെ തന്നെ കടല്‍ യാത്രക്ക് ചെറിയ ചെറിയ ഒരുപാട് സാധ്യതകള്‍ ഉണ്ട്. കടല്‍ കൂടെ കളിക്കാന്‍ വിളിക്കുന്നതായി നമ്മുടെ തന്നെ ഉള്ളിലെ ഓരോ കുട്ടിക്കും തോന്നാറില്ലേ? നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ ഒരു കുട്ടി ഉറങ്ങിക്കിടക്കുന്നുണ്ട്. മരവിച്ചു നില്‍ക്കുന്നുണ്ട്. മാവുകണ്ടാല്‍ വലിഞ്ഞു കയറാനും, കുളം കണ്ടാല്‍ ചാടിക്കുളിക്കാനും തോന്നുന്ന ഒരു കുട്ടി, എല്ലാ കുട്ടികളും പ്രകൃതിയുടെ കുട്ടികളാണ്. നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ നാം വിളിച്ച് ഉണര്‍ത്തുക. ചുറ്റിലുമുള്ള ആസ്വാദനത്തിന്റെ വലിയ ലോകം അവന്‍/അവള്‍ നമുക്ക് കാണിച്ചുതരും.
കോഴിക്കോട്ടെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശോഭീന്ദ്രന്‍ മാസ്റ്റര്‍ നടത്തിയ ഒരു മഴ ആസ്വാദനത്തിന്റെ അനുഭവത്തെക്കുറിച്ച് പി.എം ദാസ് എഴുതുന്നുണ്ട്. തുടര്‍ച്ചയായി മഴയുള്ള കര്‍ക്കിട മാസത്തിലെ ദിവസങ്ങളിലൊന്നില്‍ ഒരു വൈകുന്നേരം ഒരു മണിക്കൂര്‍ നേരം മഴയെ വരവേല്‍ക്കാന്‍, ആദരിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകരും കവികളും ഒക്കെയടങ്ങുന്ന അമ്പതിലേറെ ആളുകള്‍ പച്ചപിടിച്ച മഴ നനഞ്ഞ് തണുത്ത കുന്നിന്‍പുറത്ത് ഒത്തുചേര്‍ന്നു. മഴ ധ്യാനത്തിനു മുമ്പായി ശോഭീന്ദ്രന്‍ മാഷ് ആമുഖമായി പറഞ്ഞു. മഴയെ നാം ഭയപ്പെടേണ്ടതില്ല. മഴവെള്ളം തീര്‍ത്തും ശുദ്ധമാണ്. നല്ലതാണ്. മഴയുമായുള്ള സമ്പര്‍ക്കം വീണ്ടെടുക്കാന്‍ സാധിച്ചാല്‍ മനുഷ്യനിലെ ആദിപ്രകൃതിയുടെ സ്വാഭാവികമായ പ്രതലവുമായി സ്വരൈക്യമുണ്ടാക്കാന്‍ കഴിഞ്ഞേക്കും. മുങ്ങിക്കളി, നീന്തല്‍ മഴകൊണ്ടുള്ള വയല്‍പണി ഇതില്‍ നിന്നെല്ലാം അകന്നുപോയവരാണ് നാം. മഴയെ, വെള്ളത്തെ, മണ്ണിനെ, നേരറിയാന്‍ അനുഭവിക്കാന്‍ മഴധ്യാനമല്ല വയല്‍പണിയാണ് വേണ്ടത്. നനഞ്ഞ മണ്ണ് സാന്ത്വനത്തിന്റെ, ജീവന്റെ മാതൃസത്തയാകുന്നു. (ജീവിതഗാനം: പി.എന്‍ ദാസ്, മഴശ്രുതി.) ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗമായ കൊണ്ടോട്ടി സ്വദേശി അനസ് എടത്തൊടി ഒരഭിമുഖത്തില്‍ പറയുന്നുണ്ട്, 'പ്രണയമാണ് ലോകത്തിലെ ഏറ്റവും തീവ്രമായ അനുഭവമെന്ന് പറയുന്നവരുണ്ട്. മലപ്പുറത്ത് വന്ന് മഴയത്ത് ചളിപ്പന്ത് കളിക്കാത്തതുകൊണ്ടാണ് അവര്‍ക്ക് അങ്ങനെ തോന്നുന്നത്.'
നാം എത്രപേര്‍ നിലാവിനെ അനുഭവിക്കുന്നു. മുഴുവനായറിയുന്നു എന്ന ചോദ്യം പി.എന്‍ ദാസ് മഴശ്രുതി എന്ന പ്രസ്തുത അധ്യായത്തില്‍ തന്നെ ചോദിക്കുന്നുണ്ട്.
ആകാശം കാണാന്‍ ഭാഗ്യമുള്ള ഏക ജീവിയാണ് മനുഷ്യന്‍. ആകാശത്തിലേക്ക് നോക്കാന്‍ കഴിയുന്ന രൂപത്തിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. തീര്‍ന്നില്ല. നിങ്ങള്‍ ആകശത്തിലേക്കു നോക്കുന്നില്ലേ അതെങ്ങനെ ഉയര്‍ത്തപ്പെട്ടു എന്ന് ആലോചിക്കുന്നില്ലേ എന്ന് മനുഷ്യരോട് ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്.
ആകാശ നിരീക്ഷണത്തില്‍ പത്ത് ഗുണങ്ങളുണ്ടെന്ന് പണ്ഡിതന്മാര്‍ പറഞ്ഞതായി ഇമാം ഗസ്സാലി ഉദ്ധരിക്കുന്നുണ്ട്. മനോവിഷമം ലഘൂകരിക്കപ്പെടും. ശങ്കകള്‍ കുറയും. ഭീതി ഇല്ലാതാകും. ദൈവസ്മരണ ഉണരും. ദൈവത്തോടുള്ള വണക്കം വര്‍ധിക്കും. അധമ വിചാരങ്ങള്‍ അപ്രത്യക്ഷമാകും. വിഭ്രാന്തി ഇല്ലാതാകും. കമിതാക്കള്‍ക്ക് മനശാന്തി ലഭിക്കും. സ്‌നേഹിതന്മാര്‍ പരസ്പരമിണങ്ങും. എല്ലാറ്റിനും പുറമെ പ്രാര്‍ഥിക്കുന്നവര്‍ക്ക് ഖിബ്‌ലയാണ് ആകാശം. (ദൈവാസ്തിക്യത്തിന്റെ ഭൗതിക ദൃഷ്ടാന്തങ്ങള്‍. ഇമാം ഗസ്സാലി) പി.എന്‍ ദാസ് എഴുതുന്നു 'ആകാശത്തെപ്പോലെ സാന്ത്വനിപ്പിക്കാന്‍ കഴിയുന്ന ഒന്നുമില്ല. കടുത്ത ദുഃഖമുണ്ടായാല്‍ ആകാശത്തേക്ക് നോക്കിക്കിടന്നാല്‍ മതി. കണ്ണ് തുറന്നുവെച്ച് ആകാശത്തിന്റെ അനന്തസീമയിലേക്ക് നോക്കിയിരിക്കുമ്പോള്‍ ആകാശത്തിനപ്പുറമുള്ള ഏഴ് ആകാശങ്ങളെ, മനസ്സില്‍ ഒതുങ്ങാത്ത അതിന്റെ അനന്തതയെ, നിശ്ശബ്ദതയെ, നിശ്ശൂന്യതയെ ഒഴിഞ്ഞ മനസ്സുമായി നോക്കിയിരിക്കുമ്പോള്‍ ആകാശം പകര്‍ന്നുതരുന്ന സ്‌നേഹം, സാന്ത്വനം, സുഖം എത്രയെന്ന് പറയാനാവില്ല (ജീവിതഗാനം ആകാശ ശ്രുതി)
ആനന്ദമില്ലായ്മയില്‍ അസ്വസ്തതപ്പെടുന്നവരേ ആനന്ദം തേടി അകലങ്ങളില്‍ പോകുന്നവരേ അകലെ യാത്രകളുടെ വിപുല സാധ്യതകളെ തള്ളിക്കളയാതെ തന്നെ പറയട്ടെ നാം ഇനിയും തൊട്ടുനോക്കാത്ത കോരിക്കുടിക്കാത്ത ആനന്ദത്തിന്റെ ഒരുപാടുറവിടങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. പ്രഭാതത്തിന്റെ സൗന്ദര്യം അനുഭവിക്കാതെ നമുക്ക് വിശ്വാസ ജീവിതം നയിക്കാനാവില്ല. വിശ്വാസിയുടെ ജീവിതം ആരംഭിക്കുന്നത് സൂര്യന്‍ ഉദിച്ച ശേഷമല്ല സൂര്യോദയത്തിനു മുമ്പാണ്.