നാല് മക്കളില്‍ മൂത്തവളായിരുന്നു പെങ്ങള്. അവളെ പുന്നാരിച്ചൊന്നുമല്ല ഞങ്ങള്‍ വളര്‍ത്തിയത്. അതിനുള്ള സാമ്പത്തിക ഭദ്രതയൊന്നും അക്കാലത്ത് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ചിരുന്നില്ല. ആവതുള്ള കാലത്ത് ഉപ്പാന്റെ ചെറിയ വരുമാനത്തിന്റെ തണല്‍പറ്റിയാണ് വലിയൊരു കുടുംബം കഷ്ടിച്ച് ജീവിച്ചുവന്നത്. അതുകൊണ്ട് പഠിക്കാനൊന്നും അവള്‍ക്കായില്ല. നല്ല ഉടുപ്പോ, മുഷിയാത്ത പുസ്തകങ്ങളോ ഉണ്ടായിരുന്നില്ല. വയറു മുറുക്കിയുടുത്താണ് പെങ്ങള് ഇക്കാലമത്രയും ജീവിച്ചത്.
ഒരു മഴക്കാലത്ത് ആകെ കരഞ്ഞുകലങ്ങിയ കണ്ണുകളുമായ് വീട്ടിലേക്ക് കയറിവന്ന പെങ്ങള് പിന്നീട് ഒരിക്കലും സ്കൂളിലേക്ക് പോയില്ല. മദ്റസ പഠനവും അതോടെ അവസാനിച്ചു. ഉടുത്ത പാവാടയില്‍ പേടിച്ചു മൂത്രമൊഴിച്ചതിന്റെ ലക്ഷണം ഉമ്മയാണ് കണ്ടുപിടിച്ചത്. ഉസ്താദിന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടികൊടുക്കാനാവാതെ സംഭവിച്ചതാണ്. ഒരര്‍ത്ഥത്തില്‍ പഠിക്കാനൊന്നും അവളത്ര മിടുക്കിയായിരുന്നില്ല. അല്പം ബുദ്ധിക്കുറവുണ്ടെന്ന് പറയുന്നതാവും നേര്. അതവളുടെ വാക്കിലും നോക്കിലും പ്രകടമായിരുന്നു. പ്രായപൂര്ത്തിയായികഴിഞ്ഞിട്ടും ഒറ്റക്കവള്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. എല്ലാവരും ഉറങ്ങുമ്പോള്‍ അവള് മാത്രം ഉണര്‍ന്നിരിക്കുന്ന എത്രയോ രാവുകള്‍ ഞങ്ങള്‍ കണ്ടു.
കാലം കുറെ കഴിഞ്ഞിട്ടും അവളുടെ ബുദ്ധിയിലോ പെരുമാറ്റത്തിലോ വലിയ മാറ്റമൊന്നും കണ്ടില്ല. വിവാഹപ്രായം കഴിഞ്ഞിട്ടും അവള് വീട്ടിലിരിക്കേണ്ടി വന്നു. ഏറ്റവും മനോഹരമായി അവള് ചിരിച്ചത് അന്നാണ്. കിടപ്പാടത്തിന്റെ ഒരു ഭാഗം വിറ്റ് അവളെ കല്ല്യാണം കഴിച്ചുവിട്ടത് വെറുതെ ആയെന്ന് ഒരു കൊല്ലം കഴിഞ്ഞ് ബോധ്യമായി. ആഭരണങ്ങളൊന്നുമില്ലാതെ ഒരു പകല്‍ അവള് കയറിവന്നു. അവളോടൊത്തു വന്ന പുതിയാപ്ലയുടെ വീട്ടുകാര്‍ അവളെക്കുറിച്ചുള്ള പരാതികളുടെ കെട്ടഴിച്ചത് വെറുതെ കേട്ടിരുന്നത് ഇന്നും ഓര്‍മ്മയുണ്ട്. ഒന്നും നേരാംവണ്ണം അറിയില്ല. കുറച്ച് തിന്നണം. പിന്നെ ഒറ്റക്കിരുന്ന് വര്‍ത്തമാനം പറയണം. അവര്‍ പറയുന്നതിലും കാര്യമുണ്ടാവണം. പെങ്ങളെക്കുറിച്ച് ഞങ്ങള്ക്കറിയുന്നതിനേക്കാള് അവര്‍ക്കറിയില്ലല്ലോ. മകള്‍ ഒരു കുഞ്ഞിന്റെ കൈയും പിടിച്ച് കയറിവരുമെന്ന് സ്വപ്നം കണ്ട ഉമ്മ കരഞ്ഞു പ്രാകിയ വാക്കുകള്‍ക്ക് ഇരുതലമൂര്ച്ചയുണ്ടായിരുന്നു അന്ന്.
പിന്നെയും മൂന്ന് കൊല്ലം കഴിഞ്ഞാണ് അവളെ മറ്റൊരാള്‍ വിവാഹം ചെയ്യുന്നത്. ഇതെങ്കിലും നേരെയാവുമെന്ന് പലരും കരുതി. എന്നാല്‍ എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ബുദ്ധിക്കുറവുള്ള ഒരു പെണ്ണിനെ പോറ്റാന്‍ ഏതൊരു മനുഷ്യനാണ് സാഹസം കാട്ടുക. അഥവാ അങ്ങനെ സംഭവിച്ചാല്‍ അയാളുടെ വീട്ടുകാര്‍ക്ക് അതിഷ്ടമാകുമോ? ഇല്ലെന്നു തന്നെ കാലം തെളിയിച്ചു. അവള് രണ്ടാമതും വിധവയായി. ഞങ്ങള്‍ നാല് ആണ്മക്കള്ക്കിടയില് ഒരു അധികപ്പറ്റുപോലെ ജീവിക്കാന്‍ വിധിക്കപ്പെട്ടവളായി. മുറ്റമടിച്ചും, മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കിയും, അടുപ്പത്തെ അരിക്കലത്തിനോട് കലഹിച്ചും അവള് പിന്നെയും മുതിര്‍ന്നു.
ഇന്നവള്‍ക്ക് 55 വയസ്സായി. അതിനിടയില്‍ മൂന്ന് വിവാഹങ്ങള്‍ക്ക് അവള് നിന്നുകൊടുത്തു. ഇപ്പോഴും ഒരു വിവാഹമെന്ന് കേട്ടാല്‍ പെങ്ങളുടെ മുഖം പ്രസന്നമാകും. കുടുംബത്തില്‍ ഒരു വിവാഹമുണ്ടെന്നറിഞ്ഞാല് അവള് നേരത്തെ അവിടെയെത്തും. വരനോടൊപ്പം ഇറങ്ങിപ്പോവുന്ന പെണ്ണിനെ സാകൂതം നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു പക്ഷേ, ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് അവള് തന്നെത്തന്നെ പ്രതിഷ്ടിക്കുകയാവാം.
വരാന്തയില്‍ കുട്ടികള്‍ പുസ്തകം വായിക്കുമ്പോള്‍ വാതില്‍ മറഞ്ഞു നിന്ന് അവള് കേട്ടുനില്ക്കും. ചിലപ്പോള്‍ ചില പുസ്തകങ്ങള്‍ തേടിപ്പിടിച്ചെടുത്ത് വായിക്കാന്‍ പറയും. പഠിക്കാന്‍ കഴിയാത്തതിന്റെ സങ്കടം ആരോടെന്നില്ലാതെ പരാതിപ്പെടും. ഒരിക്കല്‍ മകന്റെ നോട്ടുപുസ്തകത്തില്‍ നിന്നും കടലാസ് പറിച്ചെടുത്ത് അവള് കാറ്റില്‍ പറത്തി. മറ്റു ചിലപ്പോള്‍ അലക്കി രസിച്ചു. അതൊക്കെ എന്തിനായിരുന്നുവെന്ന് ഞാനിപ്പോഴും ആലോചിക്കാറുണ്ട്.
ഈയിടെ പെങ്ങള് എന്ന പേരില്‍ ഞാനൊരു കവിത എഴുതി. ആ കവിത ഞാനവള്‍ക്ക് വായിച്ചു കേള്‍പ്പിച്ചു. കവിത കേട്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടില്ലെന്ന് നടിച്ചു. കവിത അച്ചടിച്ചുവന്ന മാസിക അവള് എവിടെയോ കാത്തുവെച്ചിട്ടുണ്ട്. ഞാനില്ലാത്തപ്പോള്‍ അവളത് ഗൂഢമായി വായിക്കുന്നുണ്ടാകും. അവളുടേതായ ഭാഷയില്‍, തീര്‍ച്ച.
ശശികുമാര്‍ ചേളന്നൂര്‍