ഒരു മതത്തേയും അതിന്റെ സ്ഥാപകരാരെന്നോ, അവര്‍ എന്തിനുവേണ്ടി നിലകൊണ്ടുവെന്നോ അവരുടെ സന്ദേശമെന്തെന്നോ നോക്കി ഞാന്‍ വിലയിരുത്താറില്ല. പക്ഷെ, അവരെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കും. അതിന്റെ അനുയായികളും വിശ്വാസികളും എങ്ങനെ പെരുമാറുന്നുവെന്ന് നോക്കും. ഇസ്ലാം മതാനുയായികളുടെ സമര്‍പ്പണഭാവമാണ് എന്നില്‍ മതിപ്പുണ്ടാക്കുന്നത്. അറേബ്യയില്‍ നിന്നും മധ്യേഷ്യയിലൂടെ സ്പെയിന് വരെ ഇസ്ലാം പടര്‍ന്നത് അല്‍ഭുതാവഹമാണ്. അത് കലയിലും ശാസ്ത്രത്തിലും ടെക്നോളജിയിലും എന്നുവേണ്ട, എല്ലാ മേഖലകളിലും ഇംഗ്ലീഷുകാരെക്കാള്‍ ഏറെ മുന്നിലായിരുന്നു. പക്ഷേ, ഇസ്ലാമിന്റെ ഇപ്പോഴത്തെ സ്ഥിതി നോക്കുക. അവര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഹിജാബാണോ, ബുര്‍ഖയാണോ ധരിക്കേണ്ടത് തുടങ്ങിയ നിസ്സാര പ്രശ്നങ്ങളിലാണ്. ഖുര്‍ആനിലും ഹദീസിലുമുള്ള യഥാര്‍ഥ പ്രശ്നങ്ങള്‍, വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും ആവശ്യകത, സ്ത്രീശാക്തീകരണം എന്നിവ മറന്നതായാണ് കാണുന്നത്. താജ്മഹല്‍ ഉള്‍പ്പെടെയുള്ള മുസ്ലിം ശവകുടീരങ്ങളില്‍ കാണുന്ന ഖുര്‍ആനിലെ രണ്ട് പ്രശസ്ത സൂക്തങ്ങള്‍ സൂറ യാസീന്‍ (പ്രവേശനകവാടത്തെ അലങ്കരിക്കുന്നത്) 'ആയത്തുല്‍ കുര്‍സി' (സിംഹാസനത്തിന്റെ വാക്യം) എന്നിവയാണ്. ഇത് രണ്ടിലും വെച്ച് പ്രശസ്തം 'ആയത്തുല്‍ കുര്‍സി'യാണ്. ഹദീസില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 'ലാ തസുബ്ബുദ്ധഹറ, ഹുവല്ലാഹു.' (സമയത്തെ പഴിക്കരുത് സമയം ഈശ്വരനാണ്) എന്ന വ്യാഖ്യാനമാണ്.
മുസ്ലിം അക്രമകാരികള്‍ കാരണമാണ് ലക്ഷക്കണക്കില് ഇന്ത്യക്കാര്‍ ഇസ്ലാം മതം സ്വീകരിച്ചതെന്ന പക്ഷപാതപരമായ ചരിത്ര വൃത്താന്തങ്ങള്‍ക്ക് വിപരീതമായി, യഥര്‍ഥത്തില്‍ സൂഫികളാണ് അവരെ നയിച്ചത്. ഒരാവശ്യവും മുന്നോട്ടുവെക്കാതെ സ്വന്തം കാഴ്ചപ്പാട് അടിച്ചേല്‍പ്പിക്കാതെ അവര്‍ ജനങ്ങളിലേക്ക് എത്തി. വാസ്തവത്തില്‍ വ്യത്യസ്ത വിശ്വാസങ്ങളുള്ള ജനങ്ങളിലേക്ക് അവര്‍ വര്‍ഗ-വര്‍ണ്ണങ്ങളെ ഭേദിച്ച് എത്തുകയായിരുന്നു. ഇതാണ് ആയിരങ്ങളെ ഇസ്ലാമിലേക്ക് അടുപ്പിച്ചത്. വടക്കെ ഇന്ത്യയില്‍ ഭക്തി പ്രസ്ഥാനത്തിലെ ഗുരുനാനാക്കും ഇതര സിക്ക് ഗുരുവര്യന്മാരെയും കബീര്‍, തുക്കാറാം എന്നിവരേയും സ്വാധീനിക്കാന്‍ മുസ്ലിം സൂഫികള്‍ക്ക് കഴിഞ്ഞു. അഞ്ചാമത്തെ സിക്ക് ഗുരുവായ ഗുരു അര്‍ജുന്‍ദേവ് സമാഹരിച്ച ഗുരുഗ്രന്ഥസാഹിബില്‍ മുസ്ലിം സ്തോത്രങ്ങള്‍ ഉള്‍പ്പെടുത്തി എന്ന അപൂര്‍വ കാഴ്ചയെക്കാള്‍ വലിയ മറ്റൊരു തെളിവില്ല. അമൃത്സറിലെ ഹര്‍മന്ദിര്‍സാഹിബിന്റെ തറക്കല്ലിട്ടതുപോലും ഖാദിരിയ്യ സില്‍സിലയിലെ സൂഫി മിയാന്‍മീര്‍ ആയിരുന്നു.